Sunday, 27 February 2022

ഗോലി സോഡാ

നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ പലരും ഗോലി സോഡാ കഴിക്കുന്നത് കണ്ട് , ഗോലി സോഡാ കഴിക്കണമെന്ന് മോഹം തോന്നി തുടങ്ങിയിരുന്നു. പിന്നെ കാണുന്നത് സെവൻസ് ഫുട്ബോൾ കളിക്കാർക്ക് സ്ഥിരമായി കൊടുക്കുന്ന ഗോലി സോഡയാണ്. ഇടവേളയായാൽ രണ്ടു മൂന്ന് പെട്ടികൾ മൈതാനത്ത് ഇറക്കി വെക്കും. ഗോലി സോഡാ മോഹം രണ്ടു മൂന്ന് വർഷം മനസ്സിൽ കൊണ്ട് നടന്നു. പിന്നെ എട്ടാം ക്ലാസ് കാലഘട്ടത്തിലെപ്പോഴോ ഞാനും ഗോലി സോഡാ കഴിച്ചതായി ഓർക്കുന്നു. പിന്നെ രണ്ടു മൂന്ന് വർഷം ഇടയ്ക്ക് ഗോലി സോഡാ കഴിക്കുന്നത് ശീലമായിരുന്നു. ഇടയ്ക്ക് എന്ന് പറയുമ്പോൾ ആഴ്ചയിൽ ഒരിക്കൽ. പിന്നീട് അത് ഗോൾഡ് സ്പോട് എന്ന മറ്റൊരു പാനീയത്തിലെത്തി. അധിക കാലമൊന്നും നീണ്ടു നിന്നില്ല. പത്താം ക്ലാസ് കഴിഞ്ഞപ്പോൾ ഷൈനുമായുള്ള സൗഹൃദം  തുടങ്ങിയതോടെ അത് പൈനാപ്പിൾ , നാരങ്ങാ ജ്യുസ് തുടങ്ങിയ പാനീയങ്ങളിലേക്ക് വഴിമാറി. അയാൾക്ക് ജ്യുസുകളോടായിരുന്നു കമ്പം. ഇടയ്ക്ക് സിഗരറ്റും വീഢിയും വെറുതെ പുകച്ചു നോക്കിയതായും ഓർക്കുന്നു. കഞ്ചാവും ബ്രൗൺ ഷുഗറും ശ്രമിച്ചു നോക്കിയിട്ടില്ല. കണ്ടാലും തിരിച്ചറിയില്ല.

പ്രേമം ഭ്രാന്താണ് - പഴയ ഡയറിയിൽ നിന്നും

സ്വന്തമായ എഴുത്തുകൾ അല്ലാതെ മറ്റൊന്നും ഉപയോഗിക്കാൻ താല്പര്യമുണ്ടായിരുന്നിലെങ്കിലും അടിയന്തര സാഹചര്യങ്ങളിൽ  ഓ.ൻ.വി സഹായിക്കുമെന്ന് കരുതി. പരാജയത്തെ മറികടക്കാൻ ചെറിയ വിദ്യകൾ. അതിനായി ചില ഗാനങ്ങൾ.  ഒന്നിന് പുറകെ ഒന്നായി ഇരുപത് മലയാള മെലഡി പാട്ടുകൾ ഞാൻ അവൾക്ക് അയച്ചുകൊണ്ടിരുന്നു.  ഹിന്ദിയും തമിഴും ആസ്വദിക്കുന്നവളായത് കൊണ്ട് ഇടയിൽ ചില ഹിന്ദിയും തമിഴും. 

ആദ്യ പഞ്ച് സോങ് കൊടുത്തു നോക്കി....

"ഒരു നറുപുഷ്പമായ് എൻ നേർക്കു നീളുന്ന

 മിഴിമുനയാരുടേതാവാം. ഒരു മഞ്ജുഹർഷമായ് എന്നിൽ തുളുമ്പുന്ന

 നിനവുകളാരെയോർത്താവാം.അറിയില്ലെനിക്കറിയില്ല.."

പിന്നെ ഓരോന്നായി ഞാൻ അവൾക്ക് എറിഞ്ഞുകൊടുത്തു ...

"വാതിൽ പഴുതിലൂടെ എൻ മുന്നിൽ കുങ്കുമം..."

"ഒരു ദളം മാത്രം..."

"ആരോ വിരല്‍ മീ..ട്ടിമനസ്സിന്‍.. മണ്‍വീണയില്‍....ഏതോ മിഴിനീരിന്‍ ശ്രുതി

മീ..ട്ടുന്നു മൂ..കം...."

"കൂട്ടിൽ നിന്നും മേടിവന്ന ...."

"ഓർമ്മകൾ ഓടിക്കളിക്കുവാനെത്തുന്നു.."

"പൊൻവീണേ.."

“ശ്രീരാഗമോ തേടുന്നു നീ..”

"ശ്യാമ മേഘമേ നീ .."

"ചിന്ന ചിന്ന ആശൈ..

"പുതു വെള്ളൈ മഴൈ ...

"നറുമുഖനെ നറുമുഖനെ ...

"പാടറിയെ പടിപ്പറിയെ പള്ളിക്കൂടം താനറിയെ

"ചൗദ്വി  ക ചാന്ദ് ഹോ യാ ആഫ്താബ് ഹോ .. ജോ ബി ഹോ തും.."

"ദോ ദിൽ മിൽ രഹെ ഹെ...."

"വോ ശ്യാം കുച്ച് അജീബ് ദി യെ .."

അവസാന രജനികാന്ത് പഞ്ചായി  ഒരെണ്ണം കൂടി  ഇട്ടു കൊടുത്തു.

"അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ..."

അതും കൂടി കേട്ടതോടെ ഒരിക്കലും കാണാതിരിക്കാനും കേൾക്കാനും അവൾ എന്നിൽ നിന്നും ഓടി മറഞ്ഞു. പ്രേമം അസഹനീയമാണ്. ഭ്രാന്താണ്.

എല്ലാം കഴിഞ്ഞപ്പോൾ തോന്നി അവൾക്ക് വേണ്ടത് ഇതൊന്നുമല്ല ...

അപ്പടി പോഡ് പോഡ് പോഡ് .....

Saturday, 26 February 2022

കന്യാസ്ത്രീ മഠവും സിനിമയും

 

ഡിഗ്രിക്ക് ശേഷം, എന്റെ ആദ്യ സിനിമ ശ്രമത്തിൽ, സംവിധായകൻ അനിൽ അഞ്ച് വർഷം കഴിഞ്ഞു തിരിച്ചു വരാൻ പറഞ്ഞ കാര്യം ഞാൻ ജൂലി ചേച്ചിയോട് പറഞ്ഞിരുന്നു. ചേച്ചി പറഞ്ഞു: "ഈ കന്യാസ്ത്രി മഠത്തിൽ ചേരാൻ പോകുന്ന പെൺകുട്ടികളോട് ഇങ്ങനെ പറയാറുണ്ട്. അത്ര ശക്തമായ ദൈവവിളി ഉണ്ടെങ്കിലേ അവിടെ ചേരാൻ പോകാവൂ എന്നാണ്." ചിലപ്പോൾ അതുപോലെയായിരിക്കും സിനിമയും. എന്നാൽ അതിനും അഞ്ച് വർഷം മുമ്പ് അടൂരിനെ കുറിച്ച് മാത്രം സംസാരിച്ചു സെയിന്റ് തോമസ് കോളേജിലും തേക്കിൻ കാട് മൈതാനത്തും നടക്കാൻ എനിക്ക് പ്രമോദിനെ കൂട്ട്കിട്ടി. രണ്ടു പേരുടെയും ലക്‌ഷ്യം പൂനെ ഫിലിം ഇൻസ്റ്റിട്യൂട്ട്. ചെയ്യുമ്പോൾ മിനിമം അടൂർ ലെവലിൽ ചെയ്യണം;  അല്ലെങ്കിൽ ചെയ്യരുത്. താടി, സഞ്ചി, കാജാ ബീഡി തുടങ്ങിയ കാര്യങ്ങൾ ഉണ്ടായിരുന്നില്ല. ഇടയ്ക്ക് ഞാൻ തമാശയായി ചോദിക്കും അത് വേണ്ടി വരുമോ. രണ്ടുപേരും പൊട്ടിച്ചിരിക്കും. ആ ചർച്ചകൾ  കഴിഞ്ഞു ക്ലാസ് കട്ട് ചെയ്ത് ആദ്യം കണ്ട സിനിമ ഇഞ്ചക്കാടൻ മത്തായി ആൻഡ് സൺസ്. ഒരു പക്ഷെ പ്രീഡിഗ്രി രണ്ടാം വർഷമായിരിക്കും. ജീവിതത്തിൽ ആദ്യമായി ക്ലാസ് കട്ട് ചെയ്ത് കണ്ട സിനിമയായത്കൊണ്ട് പേര് മറന്നിട്ടില്ല. അവനു എന്നേക്കാൾ കൂടുതൽ സിനിമകൾ കണ്ടു പരിചയമുണ്ട്. നഗരവുമായി അടുത്ത് കഴിയുന്നവർക്ക് അറിവ് കൂടുതലാണല്ലോ. നമ്മൾ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്ന സിനിമകൾ എല്ലാം തട്ടിപ്പാണ്. എങ്കിലും കാണാം, അടൂരിനെ പഠിക്കാൻ ശ്രമിച്ചതുകൊണ്ട് ഇഞ്ചക്കാടൻ മത്തായി സിനിമ കാണാതിരുന്നില്ല.

ജയറാം മാസ്റ്റർ കൃത്യമായി ഞങ്ങൾ രണ്ടുപേരെയും കയ്യോടെ പിടിച്ചു. അച്ഛനെ വിളിക്കാതെ ക്ലാസ്സിൽ കയറേണ്ടന്ന് ആദ്യം പറഞ്ഞു. മാഷിന്റെ മുമ്പിൽ നിന്ന് പരുങ്ങുമ്പോൾ എങ്ങനെയോ വിൻസെന്റ് മാഷിന്റെയും ജോൺ മാഷിൻെറയും ബന്ധുവെന്ന കാര്യം അറിഞ്ഞു, അതോടെ മാഷിന് കൂടുതൽ ആവേശമായി. മുഖം കണ്ടപ്പോൾ പാവമെന്ന് തോന്നിയതുകൊണ്ടാവും അച്ഛനെ വിളിക്കുന്നതിൽ നിന്നും പെട്ടന്ന് അദ്ദേഹം പിന്മാറി, ഇനി ആവർത്തിക്കരുതെന്ന് താക്കീത് തന്നു. അല്ലെങ്കിലും ക്ലാസ് കട്ട് ചെയ്യാതെ തന്നെ സിനിമ കാണാൻ അവസരമുള്ളതുകൊണ്ട് അതൊരു പ്രശ്‌നമായി അന്നേരം തോന്നിയില്ല. അച്ഛനെ (പപ്പയെ ) വിളിച്ചാലും ക്ലാസ് കട്ട് ചെയ്യാതെ സിനിമ കണ്ടാൽ പോരെ എന്നല്ലാതെ മറ്റൊന്നും സംഭവിക്കില്ലെന്ന് എനിക്കറിയാമായിരുന്നു.

അടൂരും പൂനെയും എന്റെ ചിന്തകളിൽ വല്ലാതെ മാറ്റം വരുത്തി. അത് പ്രമോദിനോട് അന്ന് അത്ര കാര്യമായി പറയാൻ പോയില്ല. സിനിമ അവിടെ നിൽക്കട്ടെ, നോവൽ നടക്കട്ടെ. പ്രീഡിഗ്രി കഴിഞ്ഞതും രണ്ടുമാസം കൊണ്ട് മരണ വേഗതയിൽ നോവൽ എഴുതി തീർത്തു. പക്ഷെ എന്നിലെ അടൂരും ശ്രീനിയും ഉണർന്നു. രണ്ടു ധർമ്മമാണ് സിനിമയ്ക്ക് ഉള്ളത്, സിനിമയ്ക്ക് മാത്രമല്ല ഏത് കലയ്ക്കും. ആദ്യ ധർമ്മം  ആൾക്കാരെ രസിപ്പിക്കണം. പിന്നെ അത് മനുഷ്യരെ ചിന്തിപ്പിക്കണം. എന്റെ നോവൽ പൂർത്തിയായി. സാജനെ വായിച്ചു കേൾപ്പിക്കാൻ ഒരു ശ്രമം നടത്തി.  പിന്നീടുള്ള വായനയിൽ അത് എന്നെ  തന്നെ രസിപ്പിച്ചില്ല. അത് മാത്രമല്ല, എനിക്ക് തന്നെ മനസിലാവുന്നില്ലെന്നവസ്ഥയും. സ്വയം ഇഷ്ടപെടാത്ത ഒരു കാര്യം മറ്റൊരാൾക്ക് എങ്ങനെ ഇഷ്ടപ്പെടും. ആ നോവൽ അങ്ങനെ ചാരമായി. ഡിഗ്രി കഴിഞ്ഞു പൂനെയിൽ ചേരാതിരുന്നതിൽ (അല്ലെങ്കിൽ അങ്ങനെയൊരു വഴി )എന്നെ വഞ്ചകനെന്ന് പ്രമോദ് വിളിച്ചു കൊണ്ടിരുന്നു. അയാളും മറ്റൊരു വഴിയിലൂടെ യാത്ര തുടർന്നു. 

Friday, 25 February 2022

ഉയര പ്രശ്നം

ഉയരത്തിന്റെ കാര്യത്തിൽ ഒരിക്കലും എനിക്കൊരു അപകർഷതാബോധം ഉണ്ടായിരുന്നില്ല. എങ്കിലും കൂടെ നടക്കുമ്പോൾ അവൾക്കൊരു അപകർഷതാബോധം വരുമോയെന്ന ചിന്തയിൽ ഒരു കോമാളിയെപ്പോലെ ഉയരം കൂട്ടാൻ ഇരുപത്തിയഞ്ചാം വയസിൽ പോളിലും മുറിയിലെ പാരപ്പെറ്റിലും  തൂങ്ങി ചില അഭ്യാസങ്ങൾ ചെയ്തുനോക്കി. അതൊക്ക ചെറുപ്പത്തിൽ ചെയ്യേണ്ട കാര്യമാണെന്ന് കുഞ്ഞിക്കുട്ടൻ ഉപദേശിച്ചു. ചൈനയിൽ ഉയരം കൂട്ടുന്ന ചില മരുന്നുകൾ ഉണ്ടെന്നു കേൾക്കുന്നു ഞാൻ അവനോട് പറഞ്ഞുനോക്കി. ചൈനയിൽ ജോലിക്ക് വേണ്ടി ഉയരം കൂട്ടാൻ  കാൽ മുറിച്ചു ഓപ്പറേഷൻ ചെയ്യുന്ന ആൾക്കാർ വരെയുണ്ട്. അയ്യോ ഓപ്പറേഷൻ വേണ്ട. ചെറിയ എന്തെങ്കിലും ഒരു ഏർപ്പാട് വഴി കാര്യങ്ങൾ തീർപ്പാക്കാൻ കഴിയില്ല അല്ലേ.... എനിക്ക് ഉയരം ആഗ്രഹമുണ്ടായിട്ടല്ല. കുഞ്ഞിക്കുട്ടൻ പകുതി നിസ്സഹായതയോടെ പകുതി കള്ള ചിരിയോടെ എന്നെ നോക്കി....ഇടയ്ക്ക് സ്വയം പറയും, അവളും അവളുടെ ഉയരവും, അവള്  പോയി തുലയട്ടെ.....  

Tuesday, 22 February 2022

പണത്തിന്റെ മൂല്യം /Value of money - My View

പത്ത് രൂപയുടെ വില പത്ത് രൂപ തന്നെയാണ്. എന്നാൽ ചില സമയങ്ങളിൽ അതിന്റെ മൂല്യങ്ങളിൽ മാറ്റം വരാറുണ്ട്. പത്ത് രൂപയ്ക്ക് നിങ്ങൾക്ക് മിട്ടായി വാങ്ങിക്കാം. ചിലപ്പോൾ പത്ത് രൂപയുടെ ഒരു ഫോൺ കാൾ ഒരാളുടെ ജീവൻ രക്ഷിക്കാം, അല്ലെങ്കിൽ കുറെ പേരുടെ ജീവൻ. പണത്തിന്റെ മൂല്യം അത് ഉപയോഗിക്കുന്ന സാഹചര്യംപോലെയാണെന്ന് അറിയാത്ത ആരെങ്കിലും ഈ ഭൂമിയിൽ ഉണ്ടോ ?

Who does not know the value of money? It's the same ten rupees you buy chocolates, it may be the same ten rupees you might use to make a telephone call to save a person's life. (or many)

Friday, 26 November 2021

ടാലന്റ് കിട്ടാനില്ലത്രെ

ഒരു കമ്പനിയിൽ ജോലിക്കുള്ള ഇന്റർവ്യൂ നടക്കുന്നു. ഉത്തരം പറയുന്ന വ്യക്തിക്ക് ജോലി ലഭിക്കാനുള്ള എല്ലാ യോഗ്യതയുമുണ്ടെന്ന് അയാളുടെ സംസാരം അടുത്ത മുറിയിൽ ഇരുന്ന് കേട്ട എനിക്ക് കൃത്യമായി ബോധ്യപ്പെട്ടു. പക്ഷെ ഇന്റർവ്യൂ ചെയ്യുന്ന വ്യക്തി ഇയാളെ എടുക്കാതിരിക്കാൻ എന്താണ് മാർഗം എന്ന രീതിയാണ് ചോദ്യങ്ങൾ ചോദിക്കുന്നത്. അവിടെ ഈ വള്ളിയുടെ അർത്ഥം എന്താണ്. ഈ പുള്ളിയുടെ അർത്ഥം എന്താണ്. ഉന്നതമായി മാർക്ക് വാങ്ങി, ഒരു വലിയ കമ്പനിയിൽ ജോലിയും ലഭിച്ച് നാല് വർഷം ഒരു രംഗത്ത് ജോലി ചെയ്ത വ്യക്തിയോട് അതിനേക്കാൾ രണ്ടു വർഷം കൂടുതലുള്ള ഒരാൾ ചോദ്യങ്ങൾ ചോദിക്കുന്നത് കേട്ടപ്പോൾ സഹതാപം തോന്നി. അത് ഞാൻ ക്ഷമിച്ചു. ചോദ്യങ്ങൾ ആർക്കും ചോദിക്കാം. ചോദ്യങ്ങൾ ചോദിക്കുന്നത് തെറ്റല്ല.  അവസാനം അവന് ഒരു വിവരവുമില്ല എന്ന് ഇന്റർവ്യൂ ചെയ്ത ആൾ അവിടെ ഇരുന്ന് പറഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി. ആ ജോലി ചെയ്യാൻ വേണ്ടതിൽ കൂടുതൽ ബുദ്ധിയും അറിവും ആ വ്യക്തിക്ക് ഉണ്ടെന്ന് എനിക്ക് ബോധ്യപ്പെട്ടു.

ഒരു പക്ഷെ, ആ വിഷയത്തിൽ,  ഇന്റർവ്യൂ ചെയ്യുന്ന വ്യക്തിയേക്കാൾ കൂടുതൽ അറിവുണ്ടെന്ന് പറഞ്ഞാലും തെറ്റില്ല. ഉത്തരങ്ങൾ പറഞ്ഞ സമീപനത്തിൽ ഒരു തെറ്റും എനിക്ക് കണ്ടു പിടിക്കാനായില്ല. ശബ്ദം, ഭാഷ, ശൈലി എല്ലാം കിറു കൃത്യം. ആകെയുള്ള തെറ്റ്, ഉത്തരം പറഞ്ഞയാൾ ചോദിച്ചയാളെക്കാൾ കുറച്ചുകൂടി കാര്യക്ഷമതയുള്ളവനാണെന്നത് മാത്രമായിരുന്നു.  

കുടിയന്റെ സ്റ്റേജ് തമാശ എനിക്ക് ഓർമ്മ വന്നു. "എന്റെ സുഹൃത്തുക്കളെ തനിക്ക് അറിയില്ല...അതുകൊണ്ട് "

എൻ്റെ കൂടെയുള്ള ഒരുവൻ പറഞ്ഞു "അത് വലിയ തെറ്റാണു, ചിലർക്ക്. യു ഡോണ്ട് ഗെറ്റ് ഇറ്റ് "

"എന്തെങ്കിലുമാകട്ടെ എന്റെ കാര്യമല്ല. അയാളുടെ ടീം അയാളുടെ ജോലി." ഞാനും മറുപടി പറഞ്ഞു.

"കഴിവുള്ളവരെ എടുത്താൽ തലവേദനയാണ്." കൂട്ടുകാരൻ മറുപടി പറഞ്ഞു.

"പിന്നെ മറ്റേ വർത്തമാനം പറയരുത്..."

"ഏത് ?"

"ടാലന്റ് കിട്ടാനില്ലെന്ന ഉടായിപ്പ്..."

"അതൊക്ക അങ്ങനെ നടക്കും. പൊതുജനം ബഹുവിധം."

Thursday, 29 October 2020

എങ്കിലും എന്റെ ഡീഗോ...!!

ടീവി കാണാൻ തുടങ്ങിയ കാലത്ത്  എന്റെ ആദ്യ ഫുട്ബോൾ ഹീറോ ഡീഗോ മറഡോണ തന്നെയായിരുന്നു. ആദ്യ കുട്ടിയോടുള്ള സ്നേഹം കൂടുതലായിരിക്കും എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. അങ്ങനെ ചെയ്യുന്നത് തെറ്റായിരിക്കാം. എങ്കിലും ഡീഗോ തന്നെ.

അദ്ദേഹത്തോടൊപ്പം പന്ത് കളിച്ച പ്ലാറ്റിനിയെയും, ഗാരി ലിനേക്കറെയും, റൂഡ് ഗല്ലിറ്റ്നെയും, മാർക്കോ വാൻ ബാസ്റ്റൻ തുടങ്ങിയവരുടെ കളിയും ഇഷ്ടപ്പെട്ടിരുന്നു.

റൊമാരിയോ,ക്ലിൻസ്മാൻ,റൊണാൾഡോ,ബാജിയോ,സിദാൻ,റൂണി,മെസ്സി,ക്രിസ്ത്യാനോ തുടങ്ങിയവർ വന്നെങ്കിലും അതിൽ തന്നെ മെസ്സിയും റൊണാൾഡോയും മറ്റുള്ളവരെക്കാൾ ഗോൾ സ്കോറിങ്ങിലും ഡ്രിബ്ബിളിങ്ങിലും മുന്നിലായെങ്കിലും ഡീഗോ ഒരു പ്രത്യേക വികാരം തന്നെയാണ്. പെലെയുടെ പഴയ കളികൾ പിന്നീട് ടീവിയിൽ കണ്ടപ്പോൾ അദ്ദേഹത്തിന്റെ വന്യമായ ഗോൾ സ്കോറിങ്ങും ഡ്രിബിളിംഗും കാണാഞ്ഞിട്ടല്ല. യോഹാൻ ക്രഫിനെ മറക്കുന്നില്ല.

ഒരു പക്ഷെ മേൽപ്പറഞ്ഞ എല്ലാ കളിക്കാരും മൈതാനത്തിന്റെ ഏത് ഭാഗത്തും പ്രതിഭകൊണ്ടും പരീശീലനത്തിന്റെ നൈരന്ത്യര്യം കൊണ്ടും  വിസ്ഫോടനം സൃഷ്ടിക്കാൻ കഴിവുള്ളവരാകാം. എല്ലാവരിൽ നിന്നും മറഡോണയെ വേറിട്ട് നിറുത്തുന്ന ഒരു പ്രത്യേകതയുണ്ട്. മൈതാനത്ത് പ്രവചിക്കാൻ സാധ്യമല്ലാത്ത കവിതകൾ  രചിക്കുന്നവൻ. മെസ്സിയുടെ ചലനങ്ങൾ എതിരാളികൾക്ക് മനസിലാക്കാം. അതുകൊണ്ട് പ്രയോജനമൊന്നുമില്ല. അറിഞ്ഞാലും പിടിച്ചു കെട്ടാൻ നാല് പേരെ നിയോഗിക്കേണ്ടിവരുന്നു. അതിനുള്ളിൽ നിന്നും കുതറിമാറി പിന്നെയും സ്കോർ ചെയ്യുന്നു. റൊണാൾഡോയും അങ്ങനെ തന്നെ.

അവിടെയാണ് മറഡോണയുടെ വ്യസ്തത. ഗോളുകളുടെ എണ്ണം കുറവാണെങ്കിലും; മറഡോണയുടെ നീക്കങ്ങൾ  പ്രവചിക്കാൻ നിങ്ങൾക്ക് സാധ്യമല്ല. ജന്മദിനത്തിൽ  അദ്ദേഹത്തെ കുറിച്ച് രണ്ടു വരികൾ എഴുതിയപ്പോൾ എന്റെ മനസിന് നല്ല സുഖം. 

ഗോലി സോഡാ

നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ പലരും ഗോലി സോഡാ കഴിക്കുന്നത് കണ്ട് , ഗോലി സോഡാ കഴിക്കണമെന്ന് മോഹം തോന്നി തുടങ്ങിയിരുന്നു. പിന്നെ കാണുന്നത് സെവൻ...