വികസനത്തെ കുറിച്ച് നമ്മൾ എന്നും സംസാരിക്കും. ദശലക്ഷ കണക്കിന് വയസ്സ് പ്രായമുള്ള ഭൂമിയിൽ നമ്മുടെ പ്രവർത്തന ജീവിത സമയമായ എഴുപതോ എൺപതോ വർഷങ്ങൾ എത്രയോ ചെറുതാണ്.
പലകാര്യങ്ങളിലും നമുക്ക് വേഗം പോര എന്ന തോന്നൽ ഉണ്ടാകുമെന്നത് സ്വാഭാവികമാണ്. ഏതു രംഗത്തെ വികസനമായാലും ഇനിയും ഒരുപാട് വർഷം ഈ ഭൂമി മനുഷ്യർക്ക് വസിക്കേണ്ടതാണ് എന്ന ചിന്ത ഉള്ളിൽ ഉണ്ടെങ്കിൽ അത് വലിയ കാര്യമാണ്.
നാറാണത്തു വികസന ഭ്രാന്ത് - ചെറുകഥ
നീണ്ടു പരന്നു പച്ചപുൽത്തകിടിപോലെ
കിടക്കുന്ന നെൽപ്പാടം. ഹരിദാസൻ കരയിൽ നിന്ന് വീക്ഷിച്ചു. നൂറു ഏക്കർ നിലവും ഇരുപത്തിയേഴു
ഏക്കർ കരഭൂമിയും സ്വന്തമായിട്ടുണ്ട്. എല്ലാം നോക്കി നടത്തുന്നത് ഗോപാലൻ വൈദ്യരാണ്.
ഹരിദാസൻ മൂന്ന് വർഷം കൂടുമ്പോൾ വന്നുപോകും. ഡല്ലാസിൽ സ്ഥിര താമസം. വിവാഹം
കഴിച്ചിരിക്കുന്നത് റഷ്യക്കാരിയെ. കഴിഞ്ഞ തവണ റഷ്യക്കാരിയുമായി നെൽപ്പാടത്തു
നൃത്തം ചെയ്താണ് തിരിച്ചു പോയത്. ഇത്തവണ ഒറ്റക്കാണ് യാത്ര. വിദേശത്തു നിന്ന് സ്ഥിരതാമസത്തിനു
ഒരു തിരിച്ചു വരവില്ല എന്ന് ഹരിക്ക്
അറിയാം.
"വൈദ്യരെ നമുക്ക് ഈ 127 ഏക്കർ
പ്രപഞ്ചത്തിൽ ഒരു മലയുടെ കുറവുണ്ട്." ഹരിദാസൻ ദീർഘ നിശ്വാസത്തോടെ പറഞ്ഞു.
"അത് ഇവിടെ എന്തിനാ? അഞ്ചു കിലോമീറ്റർ
കിഴക്കോട്ടു പോയാൽ പൂമലയുണ്ട്. പിന്നെ ഒരുപാട് കുന്നുകളുമുണ്ട്. അത് പോരെ?" വൈദ്യർ
തിരിച്ചറിവ് നൽകി.
"പോരാ വൈദ്യരെ.. നമ്മുടെ പാടത്തു ഒരു മലയുടെ കുറവുണ്ട്." ഹരിദാസൻ
മുഖം ചുളിച്ചു.
"മോനെ… അത്ര പൂതിയുണ്ടെങ്കിൽ
ഒരു കുന്നു പോരെ?"
"കുന്ന് മതി. ഒരു
ചെറിയ കുന്ന്. കരയോട് ചേർന്ന് ഒരു കുന്നു പണിതാൽ രസമായിരിക്കും. കുന്നിൽ ഇരുന്നു
പാടത്തേക്കു നോക്കാമല്ലോ?"
“ഇവിടെ ഇരുന്നു നോക്കിയാൽ
എന്താ കുഴപ്പം?"
"അത് പറ്റില്ല
വൈദ്യരെ കുന്നിൻ മീതെ തന്നെ വേണം. അതാണ് അതിന്റെ ഒരു ഇത്." ഹരിദാസൻ വാശിയോടെ
പറഞ്ഞു.
"എത്ര
ദിവസം വേണം, ഒരു ചെറിയ കുന്നു
പണിയാൻ?"
"അത് ഇപ്പൊ, നമ്മൾ ഒരു നൂറു
പേരെ വെച്ച് ഒരു കുളം ഉണ്ടാക്കുന്നു. കുളത്തിലെ മണ്ണ് കൂട്ടിയിടുന്നു. അപ്പോൾ
കുളവുമായി കുന്നുമായി. അത് പോരെ ?.. പിന്നെ
ലോറിക്ക് മണ്ണടിക്കാം."
"അത് മതി"
"മോൻ പോകുന്നതിനു
മുമ്പ് ഞാൻ ശരിയാക്കി തരാം... നൂറു പേരുടെ പണി 30 ദിവസം..." വൈദ്യർ സമ്മതിച്ചു.
"അത് കൊള്ളാം; അമേരിക്കയിൽ വലിയ
സാമ്പത്തിക മാന്ദ്യം വരുമ്പോൾ പുതിയ വലിയ ഇൻഫ്രാസ്ട്രക്ടർ പണികൾ തുടങ്ങി വെക്കും.
അങ്ങനെ പുതിയ തൊഴിൽ ഉണ്ടാകും. ഇവിടെ നൂറു പേർക്ക് കുന്നുപണി ഉണ്ടാക്കിയല്ലോ. ഇതാണ്
ഡെവലപ്പ്മെന്റ്.”
“അത് ശരിയാണ്. പക്ഷേ കുന്നിന്റെ
ആവശ്യമുണ്ടോ?”
“ഇവിടെ ഈ പാടത്തു കുന്നില്ലല്ലോ...?"
“ഒന്ന് കിഴക്കോട്ട് മാറിയാൽ
കുന്നുണ്ടല്ലോ" ഹരിദാസനു മനസ് മാറാൻ വൈദ്യർ അവസരം കൊടുത്തു.
ഹരിദാസൻ ഇന്ത്യൻ പര്യടനം
ആരംഭിച്ചു. ഇനി എപ്പോൾ തിരിച്ചു വീട്ടിലേക്കു എന്നത് ഒരു ചോദ്യചിന്ഹമാണ്. ഏതായാലും
കൃത്യമായി പണി ആരംഭിച്ചു. ഭാഷയറിയാത്ത നൂറുപേരെ കൂലിക്കു വിളിച്ചു. നൂറു പേരും
കുന്തവും കുട ചക്രവുമായി കിളച്ചു മറിച്ചു. പാടത്തേക്കു മുഖമായുള്ള ഭാഗം കുന്ന്
ഉയർന്നു. 50
മീറ്റർ
നീളമാണ് പറമ്പിൽ നിന്നും പാടത്തേക്കുള്ള മുഖഭാഗം. കുറെ മണ്ണ് പാടത്തുനിന്ന്
കോരിയെടുത്തു ഉയർത്തി. പിന്നെ ആവശ്യത്തിനുള്ള മണ്ണ് ഒരുപാട് ലോറികൾ കൊണ്ട് തട്ടി.
ലോറികളുടെ നിര അയൽവാസികൾക്ക് വലിയ ശല്യമായി തുടങ്ങി. അങ്ങനെ ഒരു ചെറിയ കുന്നു
പൂർത്തിയായി.
തിരിച്ചെത്തിയ ഹരിദാസൻ
സന്തോഷം കൊണ്ട് തുള്ളിച്ചാടി. കുറച്ചു നേരത്തെ നീരിക്ഷണത്തിനു ശേഷം ചോദിച്ചു
"ഇനി ഇപ്പൊ പാടത്തേക്ക് എങ്ങനെയാണ് നമ്മൾ ഇറങ്ങി നടക്കുക."
"അത് കുന്നു കയറി
ഇറങ്ങിയാൽ മതിയല്ലോ?" വൈദ്യർ സമാധാനിപ്പിച്ചു.
"എന്നാലും അത്
ശരിയായില്ല." ഹരിദാസൻ മുഖം ചുളിച്ചു.
“പേടിക്കേണ്ട...നമ്മുക്ക് ഒരു
ഒരു വലിയ തുരങ്കം പണിയാം."
"വൗ... അത് നല്ല
ആശയമാണ്... ഒരു തുരങ്കത്തിന്റെ കുറവ് ഇവിടെയുണ്ട്."
"ശരിയാണ്; തൊഴിൽ ഇല്ലായ്മ
പ്രശ്നം തീർക്കുകയും ചെയ്യാം..." വൈദ്യർ അവിടെ നിന്ന് ഹരിദാസന് മുഖം
കൊടുക്കാതെ തിരിച്ചു നടന്നു.