Thursday 23 April 2020

1960 - എഞ്ചിനീയർ സാർ പ്രസവിച്ചൂട്ടാ...


വറീതേട്ടൻ അഞ്ച് വയസുള്ള മകൻ ടോമിയെയും ഒമ്പത് വയസുള്ള മകൾ സോമിയെയും കൂട്ടി പുറത്തിറങ്ങി. കവലയിൽ എത്തിയപ്പോൾ ഒരു സിഗരറ്റിനു വേണ്ടി പോക്കറ്റ് തപ്പി. സിഗരറ്റ് വലിച്ചിട്ട് ഒരു പുക പോലും ഇത് വരെ അകത്തേക്ക് എടുത്തിട്ടില്ല. എന്നാലും അന്ന് മാറ്റത്തിന്റെ പതാക സിഗരറ്റിന്റെ പുക തന്നെയായിരുന്നു. കവലയിൽ സിഗരറ്റ് വലിച്ചു നിൽക്കുന്നത്  ഓരോ നാട്ടിലും ഏറ്റവും അറിവ് കൂടുതലുള്ളവരാണ്. അറിവിന്റെയും പത്രാസിന്റെയും  ചിന്ഹനമാണ് അക്കാലത്ത് സിഗരറ്റ്. നാട്ടിൽ ഉണ്ടാക്കുന്ന ബീഡിയെക്കാളും വിലയും കൂടുതലാണ്. കാര്യം ഉള്ളിൽ രണ്ടുമൊന്ന്  തന്നെയാണെങ്കിലും രണ്ടും ഒന്നല്ലല്ലോ. പനയ്ക്കൽ കടയിൽ എല്ലാ തരക്കാർക്കുമുള്ള ഗവെർന്മെന്റ് അംഗീകൃത  ചെറിയ ദുശീല സൗകര്യങ്ങൾ ലഭ്യമാണ്. കടയിലെത്തിയതും വറീതേട്ടൻ ഒരു പാക്കറ്റ് സിഗരറ്റ്, അവകാശ ഭക്ഷണം പോലെ ചോദിച്ചു.  "ടാഡേവി ഒരു പനാമ എടുത്തേ..."
മകൻ ടോമി അപ്പനോടൊപ്പം പറഞ്ഞു, "ഒരെണ്ണം എനിക്കും വേണം." സോമി അനുജൻ ടോമിയുടെ തലയിൽ തട്ടി. ടോമിയുടെ അനുകരണ ചോദ്യം ഡേവിയയെയും വറീതിനെയും ഒരേ പോലെ ചിരിപ്പിച്ചു.  "മോനെ ഇത് സിഗരറ്റ് ആണ്... വലുതായിട്ട് വലിക്കാം."
ടോമി വിട്ടുകൊടുത്തില്ല "എനിക്കെന്തെങ്കിലും വേണം." വറീത് ചിരിച്ചു. "നാരങ്ങാ മുട്ടായി മതിയോ ?"  ടോമി ഗൗരവത്തിലായി "വേണ്ട..."  വറീത് ഉറക്കെ പറഞ്ഞു  "ഡേവി, എന്ന പിന്നെ ആ പുതിയ പോപ്പിൻസ് എടുത്തോ വലുത് എടുത്തോ."  ഡേവി  ശരിവെച്ചു തുടർന്നു "ബോംബെയിൽ ഇറങ്ങിയിട്ടേ ഉള്ളു... സ്പെഷ്യലായി ഇവിടേക്ക് വരുത്തിയതാണ്... ശരിക്ക് മാർക്കെറ്റിൽ ഇറങ്ങിയിട്ടില്ല. രണ്ടെണ്ണം എടുക്കട്ടെ"
“യ്യോ വേണ്ട വേണ്ട സ്പെഷ്യൽ സാധനം... ഒരെണ്ണം മതി, ബാക്കിയുള്ളോർക്കും വേണ്ടേ. രണ്ട് പേർക്ക് കഴിക്കാൻ ഇതൊക്കെ മതി.”
“മ്മ്‌ടെ എഞ്ചിനീയർ സാർ പ്രസവിച്ചൂട്ടാ.” ഡേവി തുടർന്നു. സംസ്ഥാനത്തെ അഞ്ചാമത്തെ വനിത എൻജിനീയറായ തന്റെ കുഞ്ഞനുജത്തിയെ കുറിച്ച് ഡേവി അഭിമാനത്തോടെ പറഞ്ഞു. “രക്ഷപ്പെട്ടു,  പാന്റ്സ് ഇട്ടപ്പ അമ്മ പേടിച്ചതാണ്.”
മകൾ സോമി വറീതിനോട് സ്വകാര്യമായി ചോദിക്കാൻ ആംഗ്യം കാണിച്ചു."നീ ഉറക്കെ പറയ്." വറീത് കവലയിലെ മറ്റുള്ളവർ കേൾക്കെ പറഞ്ഞു. സോമി വളരെ പതുക്കെ പറയാൻ ശ്രമിച്ചപ്പോൾ വറീത് തല താഴ്ത്തി മകളുടെ അടുത്തേക്ക് ചെവി വട്ടം പിടിച്ചു. "എഞ്ചിനീയറുമാർ പ്രസവിക്കോ അപ്പാ ?"
പതുക്കെയാണെങ്കിലും ഡേവി അത് കേട്ടു. "അതെന്നെയാണ് മോളെ ന്റെ അമ്മേടെയും സംശയം..."

ഗോലി സോഡാ

നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ പലരും ഗോലി സോഡാ കഴിക്കുന്നത് കണ്ട് , ഗോലി സോഡാ കഴിക്കണമെന്ന് മോഹം തോന്നി തുടങ്ങിയിരുന്നു. പിന്നെ കാണുന്നത് സെവൻ...