Wednesday, 28 December 2016

ഭൂമദ്ധ്യരേഖയിലെ വീട്


ഒരു പുതിയ പുസ്തകം ഞാൻ വായിച്ചു. ഭൂമദ്ധ്യരേഖയിലെ വീട് എന്ന നോവലിന് മലയാള സാഹിത്യത്തിൽ ഒരു സവിശേഷ സ്ഥാനമുണ്ടായിരിക്കും എന്നാണ് എന്റെ മനസ് പറയുന്നത്. വായിച്ചു കഴിഞ്ഞ പുസ്തകങ്ങൾ, പൂർത്തിയാക്കത്ത കഥകൾ, കുടുംബ ബന്ധങ്ങൾ അല്ലെങ്കിൽ തന്റെ വിസ്മയ ലോകം എന്ന് പറയാവുന്ന ഗ്രാമം; ഇവ ഉപേക്ഷിച്ചു പോലീസിൽ ചേരാൻ പോയ കെ.യു ജോണി/മജോറി എന്ന വിപ്ലവകാരി ചില സമയങ്ങളിൽ ചെറുപ്രായത്തിൽതന്നെ വീടുവിട്ടു സന്യാസത്തിനു പോകുന്ന മനുഷ്യരുടെ അവസ്ഥയെ എന്നെ ഓർമ്മിപ്പിച്ചു.

 

നീയും മാധവൻ കുട്ടിയും ചേർന്നല്ലേ ഗുവേരയുടെ To Taina’ എന്ന ഗീതകം കോളേജ് മാഗസിനിൽ എഴുതിയത്? നിന്റെ വിയർപ്പിന് വയനാടിന്റെ മണമാണ്. വിധിദിനത്തിൽ നീ പിതാക്കളുടെ ശവകുടീരങ്ങളിൽ തിരിച്ചെത്തുകതന്നെ ചെയ്യും.

 

ഈ പുസ്തകം തലമുറകളുടെ കഥ തന്നെയാണ്.  പക്ഷേ എനിക്ക് ഇത് കേവലം വയനാട്ടിൽ കുടിയേറിപാർത്ത തലമുറകളുടെ മാത്രം കഥയുമല്ല. വയനാടൻ കുടിയേറ്റ കഥകളുടെ സാഹസികത പറയുന്നതുമല്ല. ഒരു പക്ഷേ ആൽബർട്ട് കാമസിന്റെ "ദി ഫസ്റ്റ് മാൻ" എന്ന പുസ്തകത്തിൽ കോർമെറി എന്ന നായകൻ, 29  വയസിൽ യുദ്ധത്തിൽ മരണമടഞ്ഞ സ്വന്തം അച്ഛൻന്റെ കുഴിമാടത്തിനു മുന്നിൽ നിൽക്കുമ്പോൾ അനുഭവിച്ച തീവ്രവൈകാരികത മജോറിയും ബാണാസുരസാഗറിൽ അനുഭവിച്ചുകാണണം. ജലസമാധി എന്ന ആദ്യ അദ്ധ്യായം കോർമെറിയുടെ കുഴിമാടം പോലെയാണ്. ഡാമിന് വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ട കുടുംബം എത്രയോ വർഷങ്ങൾക്കു ശേഷം തന്റെ പുതിയ തലമുറയുടെ കൂടെ  അതെ ഡാമിലൂടെ യാത്ര ചെയ്യുമ്പോൾ സ്വന്തം വീട് നിലനിന്നിരുന്ന സ്ഥലത്തു എത്തിയപ്പോൾ ഉണ്ടായ അനുഭവം വിസ്മയം തന്നെയാണ്.

 

പ്രണയിക്കേണ്ടത് വിപ്ലവത്തെയാണ് മജോറി. നിന്നെപോലെയുള്ള ഭീരുക്കൾ വിപ്ലവത്തിന്റെ പാതയിൽ പൂക്കൾ മാത്രം സ്വപ്നം കാണുന്നവരാണ്. അവർക്ക് വാക്കു പാലിക്കാൻ കഴിയാറുണ്ടോ?”

 

പല തവണ ഇതേ ചോദ്യം എന്നെയും തേടിയെത്തുന്നു. സ്വയം കണ്ടെത്തൽ നടത്തുന്ന എഴുത്തുകാരനെ ഞാനും അറിയുന്നു. സ്നേഹ ബന്ധങ്ങളെ നിരസിച്ചുകൊണ്ടു ഒരു വിപ്ലവവും നിലനിൽക്കില്ല എന്ന് പറയുന്നിടത്തു സ്നേഹം തന്നെയാണ് ഏറ്റവും വലിയ വിപ്ലവം എന്ന് കഥാകാരൻ ഓർമ്മിപ്പിക്കുന്നു. ഒരു പക്ഷേ തന്റെ കഴിവുകേടായി മറ്റു സുഹൃത്തുക്കൾ കാണുന്നു എന്നത് അദ്ദേഹം പ്രായോഗിക ചിന്തയോടെ നേരിട്ടെങ്കിലും വെറുപ്പിനെ തോൽപ്പിക്കാൻ വിപ്ലവത്തിനേക്കാൾ സ്നേഹത്തിനു കഴിയും എന്നതു തന്നെയാണ് കഥാകാരന്റെ ചിന്ത എന്ന് ഞാൻ വിശ്വസിക്കുന്നു. മജോറി എന്ന നായകൻ അസ്തമിക്കുന്നില്ല. ഭൂമദ്ധ്യരേഖയിൽ സൂര്യൻ എപ്പോഴും കത്തിജ്വലിക്കും. ഐ സല്യൂട്ട് കെ. യു ജോണി

Wednesday, 21 December 2016

കർമ്മഗതി - സാനു മാഷിന്റെ ആത്മകഥ
പീ.വി കൃഷ്ണൻ നായർ സാറിന്റെ അവലോകനത്തേയും മറികടന്ന് സാനു മാഷിന്റെ കർമ്മഗതി എന്ന ആത്മകഥ ഞാൻ വായിച്ചു. ചില ഭാഗങ്ങൾ പഠിച്ചു  എന്ന് പറയുന്നതായിരിക്കും കൂടുതൽ ശരി.  എന്താണ് ഞാൻ ഇവിടെ രേഖപ്പെടുത്തേണ്ടത്? ഇത് മലയാളം സാഹിത്യം പഠിക്കുന്ന വിദ്യാർത്ഥികൾക്കു കോളേജുകളിൽ നിർബന്ധമായും പഠിപ്പിക്കേണ്ട പുസ്തകം. സാഹിത്യ രംഗത്ത് പ്രവർത്തിക്കുന്നവർ വായിച്ചിരിക്കേണ്ട ആത്മകഥ. എന്തിനാണ് ഞാൻ ഇങ്ങനെ കാര്യം പറയാതെ  കഷ്ടപ്പെടുന്നത്? നമ്മൾ മനുഷ്യർ ആണെന്ന ബോധം മനസിൽ സ്വയം ഉറപ്പിക്കണമെന്ന ആഗ്രഹമുള്ള എല്ലാവരും വായിച്ചിരിക്കേണ്ട പുസ്തകം. വളരെ ചെറുപ്പത്തിൽ തന്നെ മാനവികബോധത്താൽ പ്രചോദിതരായി നീതിയുക്തമായ പരിവർത്തനം സ്വപ്നം കണ്ട സാനുമാഷിനെ  ഞാൻ അടുത്തറിയുന്നു. മനുഷ്യൻ എന്ന അടിസ്ഥാനത്തിൽ എല്ലാവരെയും ആദരിക്കാൻ പഠിക്കാതെ ലോകത്തിൽ മനുഷ്യത്വം പുലരുകയില്ല എന്ന അടിസ്ഥാനചിന്തകളാൽ നിർവചിക്കപ്പെട്ട ഈ പുസ്തകം  സങ്കുചിതമായ ജാതി-മത ചിന്തകൾക്ക് മീതെ ഓരോ വായനക്കാരനെയും കൊണ്ടെത്തിക്കുന്നു. ബാക്കി നിങ്ങളുടെ വായനക്ക് വിട്ടു തരുന്നു....   

Sunday, 27 November 2016

പെൺമയം - നോവൽ


പെൺമയം എന്ന നോവൽ  എന്റെ സുഹൃത്ത് ഷൈൻ ഷൗക്കത്തലി എഴുതി പുസ്തകമായി പബ്ലിഷ് ചെയ്ത ആദ്യ നോവലാണ്. ഇദ്ദേഹത്തിന്റെ ലേഖനങ്ങളും കഥകളും പല മാഗസിനുകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലളിതമായ രചന ശൈലി.  എന്റെ നോട്ടത്തിൽ ഷൈൻ ഷൗക്കത്തലി ഒരു ഫെമിനിസ്റ്റ് ആണ്. സമൂഹത്തിൽ അഞ്ച് വ്യത്യസ്‍ത സ്ത്രീകളുടെ ചലനാത്മകമായ ഇടപെടലുകൾ എങ്ങനെയെന്ന് വിവരിക്കുന്നതാണ് ഈ നോവൽ.

മണ്ണിന്റെയും കൃഷിയുടെയും സോഫ്റ്റ്‌വെയർ ജോലിയുടെയും ഇടയിൽ അതീജീവനത്തിന്റെ ഉപാധികൾ തേടിക്കൊണ്ടിരിക്കുന്ന യുവാവിന് ജീവിതത്തിന്റെ മുന്നോട്ടുള്ള യാത്രയിൽ പ്രേരക ശക്തിയാവുന്ന ഉഷ എന്ന സ്ത്രീയും, കിരൺ ബേദിയുടെ ആരാധികയായ പോലീസുകാരി സുധയും, ചൂഷണത്തിനെതിരെ പ്രതികരിക്കുന്ന മൃദുലയും, നിസ്സഹായ സ്ത്രീ എന്ന തോന്നൽ ഉളവാക്കുമ്പോഴും ക്ഷമയുടെയും സ്നേഹത്തിന്റെയും പ്രതീകമായി വർത്തിക്കുന്ന സുമയ്യ എന്ന സ്ത്രീയും യഥാർത്ഥത്തിൽ സമൂഹത്തിൽ വരുത്തുന്ന മാറ്റത്തിന്റെ അതിചാലക ശക്തിതന്നെയാണെന്ന് വായനക്കാരെ ഓർമ്മിപ്പിക്കുന്നു. ഷൈൻ യാത്ര തുടങ്ങിയിട്ടേയുള്ളൂ എന്നറിയാം; ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ ഷൈൻ എന്ന യുവ എഴുത്തുകാരന് കഴിയട്ടെയെന്ന് ഞാൻ ആശംസിക്കുന്നു.

Saturday, 29 October 2016

ഡോക്ടർ പി.വി കൃഷ്ണൻനായർക്ക് എന്റെ സല്യൂട്ട്...

സാനുമാഷിന്റെ കർമ്മഗതി എന്ന പുസ്തകം വായിക്കാൻ എടുത്തിട്ട് രണ്ടു മാസമായി. പക്ഷേ, തുടക്കത്തിൽ ഡോക്ടർ പി.വി കൃഷ്ണൻനായരുടെ അവലോകനം വായിച്ചതിനു ശേഷം, ഒരു ചെറിയ പ്രശ്നം ഞാൻ നേരിടുന്നു. വീണ്ടും വീണ്ടും പി.വി യുടെ അവലോകനം വായിച്ചു അദ്ദേഹത്തിന്റെ ഒരു ആരാധകനായി മാറിയെന്നു പറയാതെ തരമില്ല. പുസ്തകങ്ങളുടെ തുടക്കത്തിൽ വലിയ അവലോകനങ്ങൾ പാടില്ലെന്ന് ആരോ പറഞ്ഞ് കേട്ടിട്ടുണ്ട്. ശരിയാണ് എന്റെ വായന സാനുമാഷിൽ എത്താൻ ഡോക്ടർ പി.വി സമ്മതിക്കുന്നില്ല. ഞാൻ പി.വി യുടെ എഴുത്തിൽ കുടുങ്ങി കിടക്കുകയാണ്. ഡോക്ടർ പി.വി കൃഷ്ണൻനായർക്ക് എന്റെ സല്യൂട്ട്...

Monday, 10 October 2016

N. K ദേശം കവിതകൾ


വിറയാർന്ന വിരലുകളെ കൂട്ടിപ്പിടിച്ചു N. K ദേശം എന്ന വലിയ കവിയെ കുറിച്ച് ഞാൻ ഇതെഴുതുന്നു. ആലുവ ദേശം എന്ന സ്ഥലത്തെ എന്റെ ജീവിതം വലിയ ഭാഗ്യം തന്നെയാണ്. ഇന്നലെ ഞാൻ കേരളത്തിലെ, ഒരു പക്ഷേ, ലോകത്തിലെ തന്നെ; ഏറ്റവും വലിയ കവിത സ്വർണ്ണഖനിയുടെ മുന്നിൽ അല്പസമയം ചിലവഴിച്ചു. അദ്ദേഹത്തിന്റെ പ്രസിദ്ധീകരിച്ച കവിതകളും, പ്രസിദ്ധീകരിക്കാത്ത നൂറു കണക്കിന് കവിതകളും ഇന്നലെ അദ്ദേഹം എനിക്ക് സമ്മാനിച്ചു. ഒരുപാട് സമയം അദ്ദേഹത്തിന്റെ വിവിധ കവിതകളിലൂടെ കണ്ണോടിച്ചു. എനിക്ക് ഇന്നലെ ഉറങ്ങാൻ കഴിഞ്ഞില്ല. കവികളിലെ സാക്ഷാൽ രാജശില്പി വൈലോപ്പിള്ളി ഇങ്ങനെ എഴുതി "ഇത്തിരിയസൂയയുണ്ടെനിയ്ക്കിച്ചങ്ങാതിയോടിത്ര കൈപ്പുണ്യം ശ്ലോകം തീർക്കുവാനാർക്കുണ്ടിപ്പോൾ". വൈലോപ്പിള്ളി അങ്ങനെ പാടിയതിൽ എനിക്ക് അത്ഭുതമില്ല. എന്നാൽ കേരള സാഹിത്യലോകം വേണ്ട രീതിയിൽ ദേശം എന്ന കവിയെ ആദരിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ എനിക്ക് ചെറിയ പരിഭവമുണ്ട്. ഒരു ദിവസം കൊണ്ട് എന്റെ ഒരു ചെറിയ നീരീക്ഷണം ഇങ്ങനെയാണ്. കേരളത്തിലെ ഏറ്റവും പ്രശസ്തരായ ഓരോ കവികളെയും നിങ്ങൾ എടുത്തു വായിച്ചു പഠിക്കുക. ഞാൻ പറയുന്നത് നിങ്ങൾ വിശ്വസിക്കേണ്ട.  സുഗതകുമാരിയുടെ കവിതകൾ ആത്‌മവേദനയിൽ ചാലിച്ച വരികൾ എന്ന് വിശേഷിക്കുമ്പോൾ, കുഞ്ചൻ നമ്പ്യാരും ചെമ്മനം ചാക്കോയും ഹാസ്യത്തിന്റെ മേഖലയിൽ. ഓ..വിയുടെ കാവ്യ ഭംഗിയെ കുറിച്ച് നമ്മൾ സംസാരിക്കുമ്പോൾ, എഴുത്തച്ഛൻ എഴുതിയത് ഭക്തി ഭാവന ഉൾപ്പെടുന്ന കവിതകൾ. ഇങ്ങനെ നമ്മൾ ഓരോ കവികളെ കുറിച്ചും ബ്രാൻഡ് (Style) ചെയ്ത് അവരുടെ യശസ്സ് നമ്മൾ ആഘോഷിച്ചു. എന്നാൽ എല്ലാ ഗണത്തിലുംപെടുന്ന കവിതകൾ എഴുതുന്ന N.K ദേശത്തിനെ ഒരു ബ്രാൻഡിലും ഒതുക്കാൻ കഴിയില്ല. നമ്മൾ ഇതുവരെ വായിച്ചിട്ടുള്ള എല്ലാ മഹാകവികളുടെയും ആഘോഷങ്ങൾക്ക് ഒപ്പമോ, ഒരുപക്ഷേ അതിലും മീതെയാണ് N.K ദേശത്തിന്റെ സ്ഥാനം. ഈ ഒക്ടോബര് 31നു, 80 വയസ്സ് ആഘോഷിക്കുന്ന ദേശത്തിനു എന്റെ ആശംസകൾ. ആലുവ ദേശത്തിന്റെ പേരിൽ അദ്ദേഹത്തെ ഒരിക്കൽക്കൂടി ഞങ്ങൾ ആദരിക്കുന്നു. ഭാരതത്തിലെ ഏറ്റവും പരമോന്നത കവിബഹുമതികൾ, വൈകിയെങ്കിലും അദ്ദേഹത്തെ തേടിയെത്തട്ടെ എന്ന് ആശംസിക്കുന്നു.

Saturday, 24 September 2016

OSHO :- Creativity: unleashing the forces of within


When Osho says: “creativity is the greatest rebellion in existence” I have to completely agree with his phrase. You can be creative only if you are an individual, you cannot create as part of mob. The mob psychology is uncreative. It lives dragging life. It knows no dance, no song, no joy, it is mechanical, he stated in the book “Creativity: unleashing the forces of within”. It is true that creative people selected a vagabond or bohemian life to renounce respectability for their creative work. In the current world a creative person don’t need to do the same. He says, individual needs to be free from collective mind.

My experience of being in super-conscious and conscious creative streaks while writing and then shifting to daily operational consciousness does not require bohemian life. As he stated, I would agree that Bohemianism was a reaction to tell society that “we creative people are different” Recently Balachandran Chullikkad, the famous Malayalam poet explained, how stupid it was propagating such a view in 1970’s and early 80s. John Abraham could be a product of such a celebration. Streaks of creativity could very well hit like waves to a naturally creative person, if he is willing to introspect and fly like a bird in the sky or tides in the ocean. It is possible from my own experience; Of course, one might need reclusive time and space from mob/media distractions for certain periods. But that is true for all creative jobs, even if you are a scientist or a mathematician or an artist; only the environment differs.

“Humanity has come to cross roads. We have lived one dimensional life.” Personally, I love that 3Cs from this book. Consciousness, Compassion and Creativity. As Meditative as Buddha, As Loving As Krishna, As Creative as Michelangelo. He continued, these are three dimensions of your life: being, feeling and action. ‘Action’ contains creativity, all kinds of creativity – music, architecture, science and technology, poetry, painting etc. ‘Feeling’ contains aesthetic – love and beauty and ‘being’ contains meditation, awareness and consciousness

Wednesday, 17 August 2016

ആൽഫ - നോവൽസ്വയം കണ്ടെത്തിലിൻറെ ഭാവനാപരമായ പുതിയ അവതരണമാണ് ഈ നോവൽ. എനിക്കിഷ്ടപ്പെട്ടു. ചെറിയ പുസ്തകമായതു കൊണ്ട് തന്നെ ഒറ്റ ഇരിപ്പിൽ വായിച്ചു തീർക്കാൻ കഴിഞ്ഞു. വേണമെങ്കിൽ വലിയ വായനക്കാരെ സന്തോഷിപ്പിക്കാൻ ഒരു പാട് എഴുതാൻ കഴിയുമായിരുന്ന വിഷയം ചുരുക്കി എഴുതിയെന്നു ഒരു അഭിപ്രായം ആ പുസ്തകത്തിന്റെ അവസാന ഭാഗത്തു ശ്രദ്ധിച്ചു.

ഈ പുസ്തകം തരുന്ന തിരിച്ചറിവ് ഒരു വരിയിൽ ഒളിഞ്ഞു കിടക്കുന്നുണ്ട്. തികഞ്ഞ കാപട്യത്തിലൂന്നി നിൽക്കുന്ന മനുഷ്യനെ നന്മയിലേക്ക് നയിക്കാനായി വ്യാസൻ മുതൽ മാർക്സ് വരെയുള്ളവർ ശ്രമിച്ചതെല്ലാം പരാജയപ്പെട്ടതിനു കാരണമിതാണ്. മനുഷ്യമനസ്സിലെ തിന്മയുടെയും സ്വാർത്ഥതയുടെയും അംശം മനസിലാക്കാതെ സാമ്പത്തിക സാമൂഹിക നീതി ലഭിച്ചാൽ സമത്വസുന്ദരമായ ഒരു സമൂഹം നിലവിൽ വരുമെന്ന് തെറ്റി ധരിച്ചതാണ്; എല്ലാ തത്വശാസ്ത്രങ്ങളുടെയും പോരായ്മ.

ഈ പുസ്തകം അവലോകനം ചെയ്ത ഷാജി ജേക്കബ് ഇങ്ങനെ എഴുതി; അതീത ഭൂതകാലത്തേക്കുള്ള മടക്കയാത്ര ഏറ്റവും വലിയ നേട്ടമായി കണ്ടത് ദാർശനികൻ റൂസോയാണ്.  "പ്രകൃത്യാ മനുഷ്യൻ നല്ലവനാണ്. പക്ഷെ സമൂഹവും സംസ്കാരവും അവനെ ചീത്തയാക്കുന്നു." എന്റെ അഭിപ്രായത്തിൽ, ഒരു പക്ഷേ, റൂസോയുടെ ദാർശനികതക്കും മീതെ നിൽക്കുന്നതാണ് രാമകൃഷ്ണന്റെ ആൽഫ എന്ന മലയാളം നോവൽ. മറ്റു സാങ്കേതിക അഭിപ്രായങ്ങൾക്കു ഈ നോവലിന്റെ കാര്യത്തിൽ ഒരു പ്രസക്തിയും ഞാൻ കാണുന്നില്ല. രാമകൃഷ്ണന്റെ ഈ നോവൽ ആഴത്തിലുള്ള ചിന്തയും മനോഹരമായ ഭാവനയും കൂടി ചേർന്ന അതിമനോഹര  കവിത തന്നെയാണ്.

Monday, 18 July 2016

ദുബായ്പ്പുഴ - അവലോകനംഅവലോകനം - അവലോകനങ്ങൾ നടത്തി പരിചയമില്ല. ഒരു ചെറിയ ശ്രമം. പുസ്തകങ്ങൾ വായിക്കുന്ന സമയത്തു എഴുതുന്ന നോട്സ് വെച്ചു  ഞാൻ എഴുതിയതാണ് - തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക -  പിതൃതുല്യനായ കൃഷ്ണദാസ് സാറിന്റെ ആദ്യ പുസ്തകമായ ദുബായ്പ്പുഴയിൽ നിന്ന്  എന്റെ പുതിയ  സംരംഭം, ആരംഭിക്കട്ടെ ----
 
ദുബായ്പ്പുഴ  കഥ തുടങ്ങുന്നത് ഒരു വഞ്ചിയിൽ ഇരുന്നു ഗോപുരങ്ങളെ നോക്കി കാണുന്ന രണ്ടു മനുഷ്യരുടെ ചിത്രവുമായിട്ടാണ്. ഗൃഹാതുരത്വം നിറഞ്ഞ ഓർമകളുടെ വലിയ ഒരു ചെപ്പിന്റെ പുറമെയുള്ള തോട് പൊളിച്ചുകൊണ്ടു; പല തലങ്ങളുള്ള ജീവിത യാത്രയുടെ തുടക്കം ആദ്യ പേജിൽ തന്നെ വായനക്കാരനെ അറിയിക്കുന്നുണ്ട്. മരുഭൂമിയുടെ കഥക്ക് ദുബായ്പ്പുഴ എന്ന പേരിട്ടത്, ജീവിതത്തിൽ അനുഭവിച്ച ചൂടിനെ ശമിപ്പിക്കുന്നതാണ് എന്ന ഒരു ചിന്ത എന്നിലുണ്ട്. 'പുഴയിലേക്ക് തുറക്കുന്ന ജാലകങ്ങളും വാതിലുകളുമുള്ള ഗൃഹാങ്കണങ്ങൾ എവിടെ?... പ്രവാസത്തിന്റ അനാഥത്വം തികട്ടി വന്നപ്പോഴക്കെ സ്വാന്തനമേകാൻ ദുബായ്പ്പുഴ ഉണ്ടായിരുന്നു….' എന്ന വരികൾ അത് അടിവരയിട്ടു പറയുന്നുണ്ട്. തുടക്കത്തിൽ തന്നെ ഒരു  ജോസഫേട്ടൻ കടന്ന് വന്നു. അതു വായിച്ചപ്പോൾ 80-തുകളിലെ ലിയോൺസിനെ സ്വയം മനസിൽ കണ്ടത് പിന്നീട് വായിച്ച വരികൾ കാരണമാണ്. "ഈ അറബി നാട്ടിൽ ലോകത്തിന്റെ എല്ലാ കോണുകളിൽ നിന്നും വരുന്ന ജനങ്ങളുണ്ട്. എന്നാൽ സോഷ്യലിസ്റ് ലോകത്തിൽനിന്നു ഒരു പൗരനെയെങ്കിലും കാണിച്ചു തരാമോ?"  അഭിമാനത്തോടെ ആ വാചകം ജോസഫേട്ടനായി സ്വയം പറഞ്ഞു നോക്കിയതിനു ശേഷം, സോവിയറ്റ് തകർച്ചയെ കുറിച്ച് പറഞ്ഞപ്പോൾ, ഇത്തരം ധാരണകൾ, മലയാളി മനസിൽ നിന്നു മാഞ്ഞു പോയ  90-കൾ എന്നെ ഓർമ്മപ്പെടുത്തി.    ഈ ധാരണ മാറിയെങ്കിലും മലയാളിയുടെ സ്വതബോധ രൂപീകരണ പശ്ചാത്തലം 70-തുകളിലും ഒരു പരിധി വരെ 80-തുകളിലും ഒന്ന് തന്നെയായിരുന്നുവെന്നു അഭിമാനത്തോടെ പറയട്ടെ. 90-നു ശേഷം മാനസിക രൂപം കൈകൊണ്ട കേരളത്തിലെ പ്രാണികൾക്കു ഇതു അവകാശപ്പെടാൻ കഴിയില്ല. “കാലത്തിന്റെ ഒഴുക്കിൽ മൂല്യവും സംസ്കാരവും പുനരാഖ്യാനത്തിനു വിധേയമാകുന്നുവെന്നു വായിച്ചു സ്വയം സമാധാനം കൊണ്ടു.”

ഗോർഫക്കാൻ പട്ടണത്തിൽ എത്തിയ വിശേഷം ഒരു യാത്ര വിവരണ മാണെങ്കിലും അതു മാത്രം ഒരു നോവൽ എഴുതാൻപോന്ന അനുഭവം അദ്ദേഹത്തിന് നൽകിയിട്ടുണ്ട് എന്നെനിക്കുറപ്പാണ്. കൂട്ടം തെറ്റിയ കുട്ടിയെന്നു ഒരു അദ്ധ്യായത്തിനു പേരുണ്ടെങ്കിലും അതിനേക്കാൾ ചേർന്നത് ഒറ്റപ്പെട്ടുപോയ മനുഷ്യന്റെ ഭയാശങ്കകൾ സൂചിപ്പിക്കുന്ന മറ്റ് ഏതെങ്കിലും പേരായിരിക്കാം എന്നാണ് വായനക്കാരനെന്ന  നിലയിൽ എനിക്ക് അനുഭവപ്പെട്ടത്. മരുഭൂമിയിലെ നടത്തത്തിനിടയിൽ മരീചിക,  ദാസ് സാറിനു  പുഴയായി തോന്നിയെങ്കിൽ; തനിക്ക് മരീചിക, പുഴ  മാരീചനായും തോന്നി. ഞാൻ അതിനെ മാരീചനെന്നു വിളിക്കും. ഒരു പക്ഷേ, രാമായണത്തിൽ നിന്നും ഉത്ഭവം കൊണ്ട ആ വാക്ക് ഏറ്റവും പ്രകടമാകുന്നത് മരുഭൂമിയിൽ തന്നെയാണ്. വർഷങ്ങളുടെ തിരശ്ശീലകൾക്കപ്പുറത്ത് നാടൻ പെണ്ണിനെപ്പോലെ കൊളോണിയൽ മുഖഭാരം പേറി നിൽക്കുന്ന ഷാർജ എന്ന തുടക്കം ആ അദ്ധ്യായത്തിന്‌ ഉചിതമായി. കൊളോണിയൽ ഭീകരതയെ കുറിച്ചു പറയുമ്പോഴും വിവിധ കമ്മ്യൂണിസ്ററ് വിപ്ലവങ്ങളെ കുറിച്ചു പ്രതിപാദിക്കുമ്പോൾ അദ്ദേഹം അഭിമാനം കൊണ്ടിരുന്നുവെന്നത് വളരെ പ്രകടമായി ഈ അദ്ധ്യായം വിളിച്ചു പറയുന്നുണ്ട്.

അബുദാബിയിൽ കോർണിഷ് കടപ്പുറമാണ് കൃഷ്ണദാസ് സാറിന്റെ ഓർമ്മകളെ പിന്നീട്  ഉത്തേജിപ്പിക്കുന്നത്. ഞങ്ങൾ സംസാരിച്ചിട്ടുള്ള ഒരു അവസരത്തിലും കഷ്ടപ്പാടിന്റെയോ  ദുഃഖ കാലഘട്ടത്തെയെ കുറിച്ച് അദ്ദേഹം എന്നോട് സംസാരിച്ചിട്ടില്ല. ഞാൻ എഴുതുന്ന പുസ്തകത്തെ കുറിച്ചോ അല്ലെങ്കിൽ എഴുതിയ പുസ്തകത്തെ കുറിച്ചോ പറയും. എഴുത്തുകാരൻ തന്നെ സ്വന്തം പുസ്തകത്തെ  മാർക്കറ്റ് ചെയ്യണം. ഇതു പുതിയ കാലമാണ് . മാതൃഭൂമിയൊന്നും എളുപ്പമല്ല. ഇടക്ക് പറയും ലിയോൺസിന് അറിയാമല്ലോ. പ്രത്യേകിച്ചു അവരും ഒരേ പണി ചെയ്യുന്നവർ. അങ്ങനെ വളരെ കുറച്ചു സമയമേ ഞങ്ങൾ സംസാരിച്ചിട്ടുള്ളൂ. ഒരു കാര്യം സന്തോഷപൂർവം പറയാം. മൂന്നാം ലോകങ്ങളിലെ മനുഷ്യരെക്കുറിച്ചുള്ള എന്നു തുടങ്ങുന്ന വരികളിൽ പറഞ്ഞിട്ടുള്ള പുസ്തകങ്ങൾ ഞാൻ വായിക്കുന്നത് ദുബായ്പ്പുഴ വായിച്ചതിനു ശേഷമാണ്. പ്രത്യേകിച്ച് മാർക്കേസും കാമുവും. സുവർണ്ണഗീതികളിലെ ദുഃഖാർത്തനായ കവിയെപ്പോലെ അപഹരിക്കപ്പെട്ട ഒരു കാലഘത്തിനു മുമ്പിൽ ഞാൻ ഇരിക്കുന്നുവെന്നു അദ്ദേഹം പറയുമ്പോൾ, ഈ ഓർമ്മകൾ  അദ്ദേഹത്തിന്റെ നൊസ്റ്റാൾജിക്  റൊമാൻസായി തന്നെ ഞാൻ കാണുന്നു.  മലയാളത്തിലെ നല്ല ഓർമ്മപ്പുസ്തകം. തീർച്ചയായും വായിക്കുക