പണ്ട് പണ്ടൊരു
കാലത്തു പന്ത് കളിച്ചു ഒരുപാട് ട്രോഫികൾ പപ്പയ്ക്ക് കിട്ടിയിട്ടുണ്ടെന്ന് മമ്മി
പറഞ്ഞു കേട്ടിട്ടുണ്ട്. പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോസ് കണ്ടിട്ടുള്ളതുകൊണ്ട്
ഞങ്ങൾ മക്കൾക്ക് ഒരു പരിധിവരെ അത് വിശ്വാസമായിരുന്നു. എങ്കിലും ചില സമയങ്ങളിൽ
ഭാര്യക്ക് ഭർത്താവിനോടുള്ള ബഹുമാനക്കൂടുതൽകൊണ്ട് പറയുന്നതാണെന്ന് തോന്നാറുണ്ട്. ഞങ്ങൾ
അതൊക്കെ ‘ഗുണ്ടാണെന്നു’ പറഞ്ഞു ചൊടിപ്പിക്കുമ്പോൾ പപ്പയ്ക്ക് കിട്ടിയ പൊടിപിടിച്ച നൂറിലധികം
പഴയ സെർട്ടിഫിക്കറ്റുകൾ പുറത്തെടുത്തു കുട്ടികളായ ഞങ്ങളെ ഭയപ്പെടുത്തും... എന്നാൽ ട്രോഫികൾ എവിടെയെന്നതായി ഞങ്ങളുടെ അടുത്ത
സംശയം. "ആകെ ഒരു ട്രോഫി മാത്രമേ ഷോകേസിൽ കണ്ടിട്ടുള്ളൂ...ബാക്കി എവിടെ?"
ഞങ്ങളുടെ ഈ സംശയത്തിന് മമ്മി പറഞ്ഞ
മറുപടി കിട്ടിയ ട്രോഫികൾ വെക്കാൻ സ്ഥലമില്ലാതെ മറ്റു ടൂര്ണമെന്റുകൾക്കു
സംഭാവന ചെയ്തുവെന്നാണ്. ഏതായാലും ബാക്കിയുള്ള ഒരു ട്രോഫി വെച്ചാണ് മമ്മി ഞങ്ങളെ പ്രോത്സാഹിപ്പിച്ചിരുന്നത്.
പത്താം ക്ലാസ്സു വരെ എനിക്ക് ഒരു ട്രോഫിയും കിട്ടിയില്ല എന്നത് അക്കാലത്തു ഒരു വലിയ
ദുഃഖമായിരുന്നു. എങ്കിലും പപ്പയുടെ ഒരു മുഷിഞ്ഞ ട്രോഫിവെച്ച് ഒരുപാടുകാലം ഞങ്ങളെ
പ്രോത്സാഹിപ്പിച്ചിരുന്നുവെന്നത് ജീവിതത്തെ മുന്നോട്ട് നയിക്കുന്ന വലിയ
ദർശനമായിട്ടാണ് വളർന്നു വന്നപ്പോൾ ഞാൻ പിന്നീട് വീക്ഷിച്ചത്.
ഇനി
കാര്യത്തിലേക്കു കടക്കാം. ഇത് അടുത്ത കാലത്തു പപ്പാ പറഞ്ഞു കേട്ട കഥയാണ്. കുടുംബ
സുഹൃത്തുക്കളുടെ സംഗമത്തിൽ ജോയ് മാഷിനെ കുറിച്ച് (Rtd Prof St. Thomas College) അത് വരെ അവിടെ ആർക്കും അറിയാത്ത ഒരു കാര്യം പപ്പാ പറഞ്ഞു. ജോയ്മാഷ്
ചെറുപ്പകാലത്ത് ആ പഞ്ചായത്തിലെ
ഏറ്റവും നല്ല ഗോൾ കീപ്പർ ആയിരുന്നുവെന്നാണ് ആ വെളിപ്പെടുത്തൽ. 76 വയസ്സ് പ്രായമുള്ള ഒരു വ്യക്തിയുടെ കഴിഞ്ഞ 20
വർഷത്തെ സുഹൃത്തുക്കൾക്ക് അറിയാത്ത ഒരു രഹസ്യം പപ്പാ പുറത്തു വിട്ടു. എല്ലാവരും
അത്ഭുതപ്പെട്ടു. ജോയ്‌മാഷ് ആഹ്ലാദത്തോടെ പഴയ കാര്യങ്ങൾ അയവിറക്കാൻ തുടങ്ങി.
മാഷിന്റെ ഒരു പഴയ സംശയം പൊടി തട്ടിയെടുത്തത് അന്നാണ്. അവർക്ക് പതിനാറോ പതിനേഴോ
വയസ് പ്രായമുള്ളപ്പോൾ ബൂട്ട്സ് ഇട്ടു പന്ത് കളിച്ചിരുന്ന രണ്ടു പേര് മാത്രമേ അവിടെ
ഉണ്ടായിരുന്നുള്ളു. സമ്പന്ന കുടുംബങ്ങളിലുള്ള കുട്ടികൾക്ക്
പോലും അന്ന് ബൂട്ട്സ് ഉണ്ടായിരുന്നില്ല. ഇന്ത്യൻ ടീം ബൂട്സ് ഇടാതെയാണ് അക്കാലത്ത് ഒളിംപിക്‌സ്
ഫുട്ബാൾ കളിച്ചത്.
എവിടെ
നിന്നെങ്കിലും പപ്പ 'ഒപ്പിച്ചു' എടുത്തായിരിക്കും എന്നാണ് ജോയ് മാഷ് അന്ന് കരുതിയത്. 60 വർഷം
പഴക്കമുള്ള ആ സംശയം തീർത്തത് 3 മാസം മുമ്പാണ്. പന്തുകളിയോടുള്ള പ്രാന്തുകൊണ്ട്, പപ്പയുടെ വാശി
സഹിക്കാൻ കഴിയാതെ ആക്കാലത്തു (1958-60 ) 8
രൂപ വിലയുള്ള ബൂട്സ് പപ്പയുടെ അമ്മ വാങ്ങി കൊടുത്തുവെന്നാണ് പപ്പ പറഞ്ഞ മറുപടി. എല്ലാവരുടെയും
സംശയവും പ്രശ്നവും ആ എട്ടു രൂപ തന്നെയാണ്. എങ്ങനെ എട്ട് രൂപ ബൂട്സിനു വേണ്ടി 'അമ്മ അന്ന്
കൊടുത്തു. എങ്ങനെ അമ്മയെ പറഞ്ഞു സമ്മതിപ്പിച്ചു ? 8
രൂപ എന്ന പ്രശ്നത്തെ പപ്പാ മറികടന്നതു, പറമ്പിൽ പണി ചെയ്തു കൊണ്ടായിരുന്നു. പറമ്പു
പണിക്കാർക്ക് കൊടുക്കുന്ന കൂലി തനിക്കും വേണം എന്നതായിരുന്നു പപ്പയുടെ ഡിമാൻഡ്.
അന്ന് ബൂട്സിനു വേണ്ടി വാശിപിടിച്ചു പറമ്പിൽ പണിക്കാർക്കൊപ്പം പണിയെടുത്ത വ്യക്തി
ബ്രസിലീലിൽ ജനിച്ചിരുന്നെങ്കിൽ,
30 വർഷം ജോലി ചെയ്ത KSEB-ക്ക്
ഒരു നഷ്ടവും സംഭവിക്കില്ലായിരുന്നുവെന്നാണ് എന്റെ ഒരു ഇത്....
No comments:
Post a Comment