എന്റെ
പേര് റിമസെൻ. വലിയ ഒരു കുടുംബത്തിലെ
കൊച്ചുമകൾ. എന്റെ അമ്മയുടെ കുടുംബത്തിൽ അവർ ആറ് മക്കൾ. നാല് ആണ്മക്കളും രണ്ട്
പെൺമക്കളും. അച്ചായന്മാർ എല്ലാവരും നല്ല തണ്ടും തടിയുമുള്ള സിനിമ ഗുണ്ടകളെപ്പോലെ
തോന്നിക്കുന്ന ശരീരമുള്ളവർ. പക്ഷേ ഭയപ്പെടേണ്ട കാര്യമൊന്നുമില്ല. എല്ലാവരും നല്ല സ്വഭാവമാണ്. നല്ല ഭയമുള്ളവരാണ്. പക്ഷേ
ഭയമുള്ള അവരുടെ മുഖം കണ്ടാൽ കള്ളന്മാർപോലും ഭയപ്പെടും. വേനലവധിക്കാലത്ത്
മൂവാറ്റുപുഴയിലെ കുടുംബവീട്ടിൽ ഞങ്ങൾ
ഒത്തുകൂടും. ഞാനും അമ്മയും അനുജനും കൽക്കട്ടയിൽ നിന്നും പറന്നെത്തും. അമ്മയുടെ
ചേച്ചിയും മക്കളും ബോംബെയിൽ നിന്നുമെത്തിചേരും. പിന്നെ ഒരു മേളമാണ്.
വലിയ
പോക്കറ്റ് മണി ലഭിക്കുന്നതാണ് ഞങ്ങളുടെ മറക്കാൻ കഴിയാത്ത ഏറ്റവും വലിയ അനുഭവം.
കൽക്കട്ടയിൽ ഡാഡിയും അമ്മയും വലിയ പിശുക്കാണ്. മുവാറ്റുപുഴയിൽ ഒന്നിനും ഒരു
കുറവില്ലാത്ത സ്ഥലമാണ്. രാത്രി പത്തുമണിയായാൽ ഇച്ചായന്മാർ പല കാറുകളിലായി
വീട്ടിലെത്തും. ഞങ്ങളുടെ കളികൾ തുടങ്ങാനുള്ള സമയമാണ്. എല്ലാവരും വശത്തെ മുറിയിൽ
കയറും. എല്ലാവരുടെയും കയ്യിൽ ഓരോ ചാക്ക് കാണും. അത് നിറയെ ഓരോ ബാറുകളിൽ നിന്നും
കിട്ടുന്ന ഡെയിലി കളക്ഷനാണ്. എല്ലാവരും കൂടി ഓരോ ചാക്കുകളും തുറന്നു മുറിയിൽ പരത്തിയിടും.
നാലുപേരും ചുറ്റുമിരുന്ന് കാശെണ്ണി തുടങ്ങും. ഇപ്പോളാണ് ഞങ്ങളുടെ കളി കൃത്യമായി
ആരംഭിക്കുന്നത്. ഞങ്ങൾ അവർ കാശെണ്ണുന്ന
മുറിയുടെ ചുറ്റും ശബ്ദമുണ്ടാക്കി ഓടിക്കളിക്കും. ആദ്യമൊക്കെ ഞങ്ങളെ ഒഴിവാക്കാനായി
അവർ അഞ്ചോ പത്തോ രൂപ തരുമായിരുന്നു. ദിവസങ്ങൾ കഴിഞ്ഞപ്പോൾ
ബഹളംവെക്കാതിരിക്കാൻ ഞങ്ങളുടെ
അവകാശമായിത്തന്നെ ഇച്ചായന്മാർ കാശ് തരാൻ തുടങ്ങി. അതോടെ കാര്യങ്ങൾ എളുപ്പമായി.
കാലങ്ങൾ കഴിഞ്ഞപ്പോൾ ഇച്ചായന്മാർ ഞങ്ങളെ കാണുമ്പോഴേക്കും കുറച്ചു കാശ് തരും. ഒരു
പക്ഷെ അവർതന്നെ എന്തിനാണ് ഞങ്ങൾക്ക് പൈസ തരുന്നതെന്ന് മറന്നു തുടങ്ങി കാണണം.
ഓരോ തവണ നേന്ത്രപ്പഴം കഴിക്കുമ്പോഴും പുറത്തെ ഒരു മുറിയെ കുറിച്ച്
ഇച്ചായന്മാർ പറയാറുണ്ട്. അവിടെ കയറണമെങ്കിൽ പുക കളയുന്ന യന്ത്രം ഉപയോഗിക്കണം. പുക കളയാതെ മുറിയിൽ കയറിയാൽ മരണം സംഭവിക്കാനുള്ള സാധ്യതയെ കുറിച്ച്
പറയുന്നത് ഞങ്ങൾ ശ്രദ്ധിച്ചിട്ടുണ്ട്. ഞങ്ങൾ
കുട്ടികൾക്ക് ഇതൊരു അത്ഭുതമായിരുന്നു. പുക
കളഞ്ഞതിനുശേഷം രണ്ടു മണിക്കൂർ കഴിഞ്ഞിട്ടാണ് പഴുത്ത നേന്ത്രപ്പഴം ആ മുറിയിൽനിന്നും
പുറത്ത് കൊണ്ടുവരുന്നതെന്ന് ഞങ്ങളോട് പറഞ്ഞിരുന്നു.
അതിനടത്തുള്ള മോട്ടോർ ഉപയോഗിച്ചു എങ്ങനെയോ കാര്യം സാധിക്കുന്നു. ഓരോ വർഷം കഴിയുന്തോറും
അത് മനസിലാക്കാനുള്ള ഞങ്ങളുടെ ആകാംഷ വളർന്നുകൊണ്ടിരുന്നു. നാല് വർഷം മുമ്പ് ഇച്ചായന്മാർ
മോട്ടോർ പ്രവർത്തിക്കുന്നത് ഞങ്ങൾ ഒളിഞ്ഞു നിന്ന് നീരിക്ഷിച്ചു. പൈപ്പിൽ നിന്നും വെള്ളം
പുറത്തേക്ക് വരുന്നതുകണ്ട് എനിക്ക് സംശയമായി. മോട്ടോർ പ്രവർത്തനം കഴിഞ്ഞപ്പോൾ ഞങ്ങൾ
ആ മുറിയുടെ അടുത്തേക്ക് പോയി. വാതിൽ പതുക്കെ തുറന്നു. കാര്യം ശരിയാണ് അപ്പോൾ പുകയുണ്ടായിരുന്നില്ല.
ഇരുട്ടുള്ള മുറിയിൽ ഞങ്ങൾ സ്വിച്ച് പരതി നോക്കി. ചുമരിൽ പരതുന്നതിനിടയിൽ മരവാതിൽ കൈകളിൽ
തടഞ്ഞു. അത് പതുക്കെ തുറന്നു. ഉണങ്ങിയ വെറ്റില
മുറുക്കാൻകെട്ടുകൾ. അത് കൈകൊണ്ട് മാറ്റി പിന്നിലേക്ക്
കൈകൾ നീട്ടി. പെട്ടന്ന് മുറിയിൽ ലൈറ്റ് തെളിഞ്ഞു. മുന്നിൽ നാളികേരം കൂട്ടിയിട്ടത്പോലെ കിടക്കുന്ന നോട്ടുകെട്ടുകൾ. എനിക്ക് ഭയമായി. ഞാൻ പിന്നിലേക്ക് തിരിഞ്ഞു. പിന്നിൽ എല്ലാം
നോക്കികൊണ്ട് കണ്ണ് തുറുപ്പിച്ച് ഇച്ചായൻ നിൽക്കുന്നു. കാര്യങ്ങൾ വളച്ചു കെട്ടാതെ ഇച്ചായൻ
പറഞ്ഞു “ഈ മുറിയെ കുറിച്ച് പുറത്ത് പുറത്ത് പറയരുത്. കൂടുതൽ ചോദ്യങ്ങൾ വേണ്ട.” അഞ്ചോ
പത്തോ പോക്കറ്റ് മണി കിട്ടുന്നത് അതോടെ അവസാനിച്ചു. കൊച്ചു കൊച്ചു വികൃതി സന്തോഷങ്ങളും അവസാനിച്ചു. പിന്നെ നേന്ത്രക്കായ
പുകക്കുന്ന മുറിയുടെ കാര്യം ഇച്ചായന്മാർ പറയാറില്ല. ഓരോ തവണ നേന്ത്രപ്പഴം കഴിക്കുമ്പോഴും
ഞങ്ങൾ ഇച്ചായന്മാരെയൊന്നു നോക്കി പേടിപ്പിക്കും.
No comments:
Post a Comment