Sunday 3 March 2019

പ്രണയ ശൈശവും ബാല്യവും


രാജിയോട് ഞാൻ എന്തിനാണ് ഇത് പറയുന്നതെന്ന് ചോദിക്കരുത്. എന്റെ പ്രായം ഏഴു വയസ്. ഞാൻ കൃത്യമായി ഓർക്കുന്നു. ചൂണ്ടലിലെ സ്നേഹ വിദ്യാലയത്തിൽ മൂന്നാം ക്‌ളാസിൽ പഠിക്കുന്നു. പഠിക്കുന്നുവെന്ന് പറയുന്നതിനേക്കാൾ ആർക്കും ശല്യമില്ലാതെ ഒരുമൂലയിലിരുന്ന് സമയം കളയുന്നുവെന്നതാണ് കൂടുതൽ ശരി.  

പഠിത്തത്തിൽ മോശമാണെന്ന് ടീച്ചർമാർക്ക് മനസ്സിലായാൽ പിന്നെ നന്നായി പഠിച്ചാലും അംഗീകരിക്കില്ല. ഒരിക്കൽ മുപ്പതാമനായിരുന്ന എനിക്ക്; സാമൂഹ്യ പാഠത്തിൽ നല്ല മാർക്ക് ലഭിച്ചു. ഉത്തരക്കടലാസുകൾ എനിക്ക് തരുന്നതിനിടയിൽ ടീച്ചർ എന്റെ മാർക്ക് വീണ്ടും കൂട്ടി നോക്കി. പാമ്പ് മാളത്തിൽ നിന്നും തലയുർത്തി നോക്കുന്ന താളത്തിലാണ് ടീച്ചർ എനിക്ക് ലഭിച്ച മാർക്ക് വീണ്ടും കൂട്ടി നോക്കിയത്. എന്നിട്ടും ബോധ്യമാവാതെ എന്റെ പപ്പയുടെയും മമ്മിയുടെയും പേരും അവരുടെ ജോലികളും ചോദിച്ചതിന് ശേഷമാണ് എനിക്ക് കിട്ടിയ മാർക്ക് ശരിയാണെന്നു ടീച്ചർക്ക് ബോധ്യപ്പെട്ടുള്ളുവെന്നു എനിക്ക് തോന്നിപ്പോയി. അതും ഒരു നാണവുമില്ലാതെ എന്റെ മുന്നിൽവെച്ച് തന്നെ ടീച്ചർക്ക് അത് ചെയ്യേണ്ട കാര്യമുണ്ടോ? ഒരു ചെറിയ കാര്യം അംഗീകരിക്കാൻ ഇത്രയും ബുദ്ധിമുട്ടുണ്ടോ രാജി? ഒറ്റ നോട്ടത്തിലെന്നെ മനസിലാക്കിയ നീ ബുദ്ധിമതിയാണ്. മനസാണ് പ്രപഞ്ചം. 

അന്നത്തെ ക്ലാസിലെ മിടുക്കിയായിരുന്നു ലിൻസ.  അന്ന് നടന്നൊരു സംഭവം ഞാൻ നിനക്ക് വേണ്ടി ഓർത്തെടുക്കുകയാണ്. രാജി, എന്റെ ശൈശവം നിനക്ക് മുന്നിൽ ഞാൻ തുറന്നിടുന്നത് നീ എന്നെ അറിയുന്നതിനല്ല. എന്റെ സ്വപ്നരചനയുടെ തുടക്കം സ്വയം അറിയുന്നതിനാണ്. വലിയ വട്ടത്തിനുള്ളിലെ, ചെറിയ വട്ടത്തിനുള്ളിലെ, അതിനുള്ളിലെ ചെറിയ ചെറിയ വട്ടത്തിനുള്ളിലെ ഒരു കൊച്ചു ചിത്രം. ഒരിക്കൽ അവൾ എന്റെ ബാഗിൽ നിന്നുമൊരു നോട്ടുപുസ്തകമെടുത്ത് മുടങ്ങിപ്പോയ ദിവസത്തെ വിഷയങ്ങൾ  കുറിച്ചെടുത്തു. നന്നായി പഠിക്കുന്ന രണ്ടു മൂന്നു പേര് വേറെയുള്ളപ്പോൾ അവളെന്തിന് എന്റെ നോട്ട് പുസ്തകം എടുത്തുവെന്നത് ഞാൻ ചിന്തിച്ചു. ഇത്രയും മിടുക്കി ഒന്നും പഠിക്കാത്ത എന്റെ നോട്ട് പുസ്തകം പകർത്തിയെഴുതുന്നതിന് തിരഞ്ഞെടുത്തതിൽ എനിക്ക് അഭിമാനം തോന്നിയെന്ന് പറയേണ്ട കാര്യമില്ലല്ലോ. 

അതിനിടെ ഒരു വിരുതൻ ഏഷണിയായി എന്റെ അടുക്കൽ വന്നു. "ജോൺ ദേ നിന്റെ ബാഗിൽ നിന്നുമൊരുത്തി ചോദിക്കാതെ നോട്ട് പുസ്തകം എടുത്തു. അവൾക്ക് നിന്നോട് ചോദിച്ചിട്ട് എടുക്കാമായിരുന്നില്ലേ?" ഞാൻ കേട്ടില്ല എന്ന ഭാവത്തിൽ ഇരുന്നു. അവൾ എന്റെ നോട്ട് പുസ്തകം  എടുക്കുന്നത് ഞാൻ കണ്ടിരുന്നുവെന്നതാണ് സത്യം. അവളുടെ ശുഷ്‌കാന്തി കണ്ടപ്പോൾ ചോദ്യം ചെയ്യാതെ നോക്കിനിന്നു. പിന്നെ എന്റെ സ്ഥിരം കസേരയിൽ പോയിരുന്നു. അൽപ്പ സമയത്തിന് ശേഷം, നേരെത്തെ ഏഷണി പറഞ്ഞ ചെക്കൻ; നാലഞ്ച് മുട്ടാളൻ ചെക്കന്മാരായി വന്നെന്നെ  വീണ്ടും ചൊടിപ്പിച്ചു കൊണ്ടിരുന്നു. ഞാൻ ഒഴിഞ്ഞു മാറി. അവസാന ശ്രമത്തിനായി ഒരിക്കൽകൂടി അവർ എന്റെ അടുത്ത് വന്നു. "എന്നാലും അവൾ ഒരു പെൺകുട്ടിയല്ലേ. ഇങ്ങനെ ചോദിക്കാതെ നോട്ടു പുസ്തകം എടുക്കുകയെന്ന് പറഞ്ഞാൽ ശരിയാകില്ല. നീ എന്താ ഒന്നും ചോദിക്കാത്തത് ?"

അവരുടെ സമ്മർദ്ദത്തിന് വഴങ്ങി ഞാൻ ദേഷ്യം അഭിനയിച്ചേക്കാമെന്നു കരുതി കയ്യിലുള്ള ഇരുമ്പു സ്ലേറ്റും പൊക്കിപ്പിടിച്ചു അവളുടെയടുത്ത് ചെന്നു. എന്തോ പറയുന്നതിനിടയിൽ ഞാൻ വീശിയ സ്ലേറ്റ് അവളുടെ തലയിൽകൊണ്ടു മുറിഞ്ഞു. അവൾ  കരച്ചിൽ തുടങ്ങി. അതോടെ ഞാൻ ആകെ വിഷമത്തിലായി. അവളെ സ്ളേറ്റ് കൊണ്ട് അടിക്കണമെന്നു ഞാൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. ഞാൻ വെറുതെ ചോദിക്കുകയാണെന്നു അവൾക്ക് മനസിലായില്ല. നോട്ട്പുസ്തകമെടുത്ത കുറ്റബോധത്തിൽ അവൾ സ്വയം ഒരു തടുക്കൽ ശ്രമം നടത്തിപ്പോയതാണ്. അതുമല്ലെങ്കിൽ പെട്ടന്നുള്ള ഒരു സ്വാഭാവിക പ്രതികരണം. ഏതായാലും ഞാൻ അടിച്ചുവെന്ന് പറഞ്ഞ് കരഞ്ഞുകൊണ്ട് അവൾ സ്വന്തം കുറ്റബോധത്തെ ഇല്ലാതാക്കി.  

കുറച്ചു ദിവസത്തിനുള്ളിൽ ഒരു ക്വിസ് മത്സരം നടന്നു. ടീച്ചർ ഞങ്ങളുടെ ക്ലാസിനെ രണ്ടു ഭാഗമാക്കി തിരിച്ചു. മത്സരത്തിൽ അവൾ എന്റെ എതിർവശത്തായിരുന്നു. സാധാരണയായി ഒരാൾ ഒരു ചോദ്യം മറുവശത്തെ ഏറ്റവും അറിവില്ലാത്ത ഒരാളോട് ചോദിക്കുകയെന്നതാണ് പോയിന്റ് ലഭിക്കാനുള്ള അവിടുത്തെ  വിജയതന്ത്രം. ടീച്ചർ എന്നോട് ആദ്യ ചോദ്യം ചോദിക്കാനായി ആവശ്യപ്പെട്ടു. ഞാൻ ആ ചോദ്യം ലിൻസയോട് തന്നെ ചോദിച്ചു. ടീച്ചർ, എന്നെ നോക്കി ചിരി തുടങ്ങി. ഞാൻ ഒരു വിഢിയാണെന്നു ടീച്ചർ കരുതികാണണം. പക്ഷേ ലിൻസ  സന്തോഷവതിയായി ഉത്തരം പറഞ്ഞു. അവളുടെ തലയിൽ തുരുമ്പ് കയറിയ ഇരുമ്പ് സ്ലേറ്റ്കൊണ്ട് ഞാനുണ്ടാക്കിയ മുറിവ് അവളുടെ പൊട്ടിച്ചിരിയിലും സന്തോഷത്തിലും ഉണങ്ങിയെന്നു ഞാൻ സമാധാനംകൊണ്ടു. അവളുടെ സന്തോഷം എന്നെ ആനന്ദിപ്പിക്കുന്നുവെന്ന കണ്ട ടീച്ചറുടെ മുഖത്തെ പുച്ഛഭാവം പറഞ്ഞറിയിക്കാൻ കഴിയാത്ത നിഗൂഢാനന്ദത്തിലേക്കും വഴിമാറി.

 

സ്‌കൂൾ ഇല്ലാത്ത  ദിവസങ്ങൾ പ്രിയൂർ മാവിന്റെ ചുവട്ടിൽ. വേറെ വഴിയില്ലല്ലോ. പപ്പയും മമ്മിയും വീട്ടിൽ എത്തുമ്പോൾ നേരം വൈകും. അടുത്ത വീട്ടിൽ വല്യമ്മയും ചേച്ചിമാരും ഉണ്ടെന്ന ധൈര്യത്തിൽ ജോലിക്ക് പോകുന്ന അവർക്ക് ഞാൻ ബുദ്ധിമുട്ട് ഉണ്ടാക്കാറില്ല. എന്നോടൊപ്പം കളിക്കാൻ പ്രിയൂർ മാവിന്റെ ചുവട്ടിൽ ആയിരം പേരെങ്കിലും കാണുമല്ലോ. രാജി, അവർ ആരൊക്കെയായിരിക്കുമെന്ന ചിന്തയിലേക്ക് നീ ഓടിയോടി തളരേണ്ട. അവർ എപ്പോഴും മാവിന്റെ ചുവട്ടിൽ തന്നെ കാണും. സ്നേഹം അന്വേഷിക്കുന്ന ആയിരം ഉറുമ്പുകൾ. ഈ ലോകത്തു ഏറ്റവും ചിട്ടയോടെ വരി വരിയായി നടക്കുന്നവർ. കൊച്ചു മധുരങ്ങൾ കൈമാറി ഇടക്കൊന്നു മിണ്ടിയും മുട്ടിയും അവർ വരി തെറ്റാതെ പോയിക്കൊണ്ടിരിക്കും.  

ഉറുമ്പുകളെ നോക്കിയിരിക്കുന്ന കളിയെ കുറിച്ചാണ് ഞാൻ പറഞ്ഞത്. അവരുടെ സഞ്ചരിക്കുന്ന വരികൾക്കിടയിൽ എന്റെ കൈകൊണ്ടു ഞാൻ ഒരു ചെറിയ വര വരക്കും. മനുഷ്യന്റെ ഗന്ധം കിട്ടിയാൽ അവർ സംശയത്തോടെ ആ വരക്ക് മുമ്പേ അവർ നിൽക്കും. പിന്നെ ഒരുവൻ ആ വരയിൽ കാലൊന്നു വെച്ച് നോക്കും. എതിരെ വരുന്ന ഉറുമ്പിനും അതോടെ ധൈര്യം ലഭിക്കും. അവനും കാലുകൾ മുന്നോട്ട് വെച്ച് കുഴപ്പമില്ലായെന്നു ഉറപ്പു വരുത്തും. ഇപ്പോൾ തോന്നുന്നു ദിവസവുമുള്ള എന്റെ ഈ കളിയിൽ ഉറുമ്പുകളെന്നെ എത്രയോ വട്ടം ശപിച്ചു കാണണം. ലക്ഷ്യമില്ലാതെ നടക്കുന്ന കുഞ്ഞുറുമ്പുകളെ ഞാൻ ശ്രദ്ധിക്കാറില്ല. അവ ഇക്കിളി ഉറുമ്പുകളാണ്. പുളിയൻ ഉറുമ്പുകളുടെയെടുത്ത്  ഞാൻ കളിക്കാൻ നിൽക്കാറില്ല. എങ്കിലും കളിക്കിടയിൽ ഈ ഭൂമി മുഴുവൻ അവരുടേതാണെന്ന് ഓർമ്മപ്പെടുത്തിയെന്നെ  കടിച്ച് വേദനിപ്പിക്കും. വേദനിപ്പിക്കുന്ന പുളിയൻ ഉറുമ്പുകളിൽ നിന്നും ഞാൻ സ്ഥലം മാറിയിരുന്നു പുതിയ ചിട്ടക്കാരായ ഉറുമ്പുകളെ കണ്ടെത്തും. ചിട്ടയില്ലാത്ത എനിക്ക് ചിട്ടയുറുമ്പുകളോട് അസൂയയാണോ. അസൂയയല്ല.  നമുക്കില്ലാത്ത കാര്യങ്ങൾ കണ്ടാൽ ഉറുമ്പുകളോടും ചെറിയ കുശുമ്പ് തോന്നുമല്ലോ. 

ഇടയ്ക്കു വല്യമ്മയോ ചേച്ചിയോ എത്തി നോക്കും. മമ്മിക്കുള്ള ധൈര്യം അവർക്കില്ലല്ലോ. ഏഴു വയസുകാരൻ വിജനമായ പറമ്പിൽ മാവിന്റെ ചുവട്ടിൽ തന്നെയിരുന്നു കളിക്കുന്നുവെന്ന ചിന്ത അവർക്ക് കുഴപ്പമുണ്ടാക്കിയിട്ടല്ല. പല സാധ്യതകൾ ഉണ്ടല്ലോ. വല്ല ഭ്രാന്തി പട്ടികൾ വന്നു കുട്ടിയെ കടിച്ചേക്കാമെന്നത് ഒരു സാധ്യതയാണ്.  അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഭിക്ഷക്കാർ തട്ടിക്കൊണ്ടുപോകാമെന്നത് മറ്റൊരു സാധ്യത. അതുകൊണ്ടു ഇടയ്ക്കു അവർ എന്റെ അടുത്ത് വന്നു എന്തെങ്കിലും ചോദിച്ചിട്ട് തിരിച്ചു പോകും. പലപ്പോഴും ഉച്ചക്കെന്നെ നിർബന്ധിച്ചു ഉറങ്ങാൻ വിളിക്കും. ഉറങ്ങുന്നത് എനിക്കിഷ്ടമില്ലെന്നു അറിയാവുന്ന വല്യമ്മയും ചേച്ചിമാരും ചില ശ്രമങ്ങൾ നടത്തി തിരിച്ചുപോകും.  

സ്വയം ഒതുങ്ങികൊണ്ട് തന്റെ കൈവിരൽ കൊണ്ടും കാൽ വിരൽകൊണ്ടും മാവിൻ ചുവട്ടിൽ ലോകത്തെ കണ്ടെത്തിയ നിന്റെ ജോണിന് ഉച്ചക്ക് ഉറങ്ങാൻ കഴിയില്ല. രാത്രിയിലും കഴിയില്ല. ഇതിനിടയിൽ ഓടി നടക്കുന്ന ഭ്രാന്തിപ്പട്ടികളെ കാണുമ്പോൾ ഞാൻ ശബ്ദമില്ലാതെ ഉറക്കെ കരയാറുണ്ട്. വല്യപ്പൻ ഇടക്ക് എത്തി നോക്കുന്നത് എന്റെ ശബ്‌ദമില്ലാത്ത ആ കരച്ചിൽ കേട്ടിട്ട് തന്നെയാകണം. രാജിയെപ്പോലെ ഞങ്ങൾ തമ്മിൽ ടെലിപ്പതിക് സംഭാഷണം ഉണ്ടെന്നു ചിലപ്പോൾ തോന്നാറുണ്ട്. ഞാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ മാത്രമേ വല്യപ്പൻ സംസാരിക്കാറുള്ളു. തിരിച്ചും അങ്ങനെ തന്നെയാണ്. കൂടുതലും മൗനമാണ്. എന്റെ നിസ്സംഗതയിലും എന്റെ അലറി കരച്ചിൽ അനുഭവപ്പെടാൻ തക്കവിധം ബുദ്ധിരാക്ഷസനായിരുന്നു വല്യപ്പൻ. പപ്പയെയും മമ്മിയെയും ഒരുപാട് ആഗ്രഹങ്ങളുമായി ഞാൻ ബുദ്ധിമുട്ടിച്ചിട്ടില്ല. ആഗ്രഹങ്ങളെ നീട്ടിവെക്കാൻ പഠിപ്പിക്കുന്ന രണ്ടുപേരുടെ ഇടയിൽ വളർന്നതുകൊണ്ട് ആഗ്രഹങ്ങൾ പറയുകയെന്നത്‌ ഞാൻ മറന്നു പോയിരുന്നു. ആഗ്രഹിക്കാൻപോലും ഗതിയില്ലാതെ നിരവധിപേരുടെ ജീവിതകഥകൾ കേൾക്കുന്നതുകൊണ്ടു അത് ഒരു കുഴപ്പമായി തോന്നിയിട്ടില്ല. "പട്ടിണി കിടന്നു പല്ലിളിച്ചു കാണിക്കുന്നവരെ കാണുമ്പോൾ മാത്രമേ നിങ്ങൾ എത്ര ഭാഗ്യവാന്മാരെന്ന് മനസിലാകൂ" പപ്പയുടെ ബൈബിൾ വചനങ്ങൾ.   

രാജി, ഇപ്പോൾ തോന്നുന്നു ഉച്ചക്ക് ഉറങ്ങാൻ കഴിയാത്ത വല്യമ്മയും ചേച്ചിമാരും ഞാൻ കാരണം മനസമാധാനം നഷ്ടപ്പെട്ട ഉറുമ്പുകളെപോലെ തന്നെയായിരിന്നിരിക്കാം. മമ്മി ജോലി കഴിഞ്ഞു ഉച്ചതിരിഞ്ഞു അവരുടെ ഗേറ്റിൽ വരുന്നതുവരെ ഇടക്കുള്ള അവരുടെ ഇടവിട്ടുള്ള  എത്തിനോട്ടം തുടർന്ന് കൊണ്ടിരിക്കും. മമ്മി ഗേറ്റ് തുറന്നാൽ അവർക്കും ഉറുമ്പുകൾക്കും ആശ്വാസമാണ്. എനിക്ക് ആകെയുള്ള ആശ്വാസം മമ്മിയുടെ ബാഗിലുള്ള ചുവന്ന മിക്സ്ചറാണ്. ഇടക്ക് ഓടി വരുന്ന ഭ്രാന്തി പട്ടികളെ ഞാൻ കാണാഞ്ഞിട്ടല്ല. എനിക്ക് പട്ടി, പൂച്ച വർഗ്ഗങ്ങൾ കുറച്ചു അകലെ നിൽക്കുന്നതാണ് ഇഷ്ടം. പ്രിയൂർ മാവിന്റെ വട്ടത്തിൽ എനിക്ക് ഒളിച്ചു നിൽക്കാൻ കഴിയുമെന്ന വിശ്വാസമാണ് പട്ടി ഭയത്തെ ഒഴിവാക്കിയത്. വൈകാരികമായ ഒറ്റപ്പെടലുകൾ നേരിടുമ്പോൾ കേൾക്കുന്ന സ്ഥിരം ഉറപ്പുകൾ എല്ലാവരെയും പോലെ എനിക്കും ലഭിക്കാറുണ്ട്. ശൈത്യകാലം വന്നാൽ വസന്തകാലം അകലെയല്ലല്ലോ. ഇനിയും മഴക്കാലം വരുമല്ലോ. അത് കഴിയുമ്പോൾ വരുന്ന ശരത്കാലമാണല്ലോ ഏറ്റവും നല്ല കാലം. രാജി, ഇന്നത്തെ കാലഘട്ടത്തിൽ കാലാവസ്ഥ വ്യതിയാനങ്ങൾ മൂലം ഇങ്ങനെയൊരു ഉറപ്പ് തരാൻ പോലും കഴിയുന്നില്ലല്ലോയെന്നത്  നിന്നെപ്പോലെ എന്നെയും വേദനിപ്പിക്കുന്നു.  

ആ പ്രായത്തിൽ മറ്റു കളികൾ കളിച്ചിട്ടില്ലെന്നല്ല. ഇഷ്ടിക ഉരുട്ടി പ്രൈവറ്റ് ബസ് ഓടിച്ചു കളിക്കുക, അടയ്ക്ക ക്രിക്കറ്റ്ബോളായി സങ്കൽപ്പിച്ചു കളിക്കുക, അങ്ങനെപോകുന്നു കളികൾ. ഡോക്ടറും രോഗിയുമായി അഭിനയിച്ച്‌ കളിക്കാത്ത കുട്ടികൾ ഉണ്ടാകില്ലല്ലോ. പ്രധാനജോലി ഡോക്ടറുടെ ഓപ്പറേഷൻ ആണ്. എല്ലാവരും ഒരു വട്ടം ഡോക്ടർ ആകും. അപ്പോൾ രോഗി മാവിന്റെ ചുവട്ടിൽ കിടക്കും. മരച്ചില്ല കൊണ്ട് മറച്ചു ഹോസ്പിറ്റൽ റൂം തയ്യാർ. എന്തെങ്കിലും വള്ളികൾ കഴുത്തിലിട്ട്, ഒന്ന് നെഞ്ചത്തു പരിശോധിക്കും. പിന്നെ ട്രൗസറിന്റെ സിബ് മാറ്റി തെങ്ങിന്റെ ഈർക്കിലികൊണ്ട് ഒന്ന് തൊട്ടു നോക്കും. ഒരു മിനിറ്റ് കൊണ്ട് ആ കളിയുടെ ജിജ്ഞാസ തീരും. ട്രൗസറിനുള്ളിൽ എന്തെന്ന് അറിയാനുള്ള കുട്ടികാലത്തെ ജിജ്ഞാസയോ, അതോ കാണുന്ന ഓരോ കാര്യങ്ങളെയും അനുകരിക്കാനുള്ള ത്വരയോ ആയിരിക്കാം അന്നത്തെ കളികളുടെ അടിസ്ഥാനം. ഒരിക്കൽ മമ്മിയുടെ ശകാരം കേട്ടതിനു ശേഷം ഡോക്ടർ കളി അവസാനിപ്പിച്ചു. 

സ്ഥിരമായി എന്റെ മുടിവെട്ട് നടത്തുന്ന ആ മെലിഞ്ഞ മുടിവെട്ടുകാരനെ എനിക്ക് ഇഷ്ടമായിരുന്നില്ല. കുറച്ചു വെട്ടിയാൽ മതിയെന്ന് അയാളോട് പറഞ്ഞാൽ പിന്നെ ഒരു രോമവും ബാക്കി കാണില്ല. എന്തോ ദേഷ്യമുള്ളപോലെ മുടി വെട്ടി തീർക്കും. കത്രിക കയ്യിൽ ഉണ്ടെന്ന അഹങ്കാരമല്ലാതെ മറ്റൊന്നും അയാളുടെ മുഖത്ത് പ്രകടമായിരുന്നില്ല. വേദനിപ്പിക്കുന്ന രീതിയിൽ തല അവർ തിരിക്കും. എന്റെയാണ് തലയെന്ന ബോധം അയാൾക്കില്ല. ഞാൻ പറയേണ്ട കാര്യമില്ലല്ലോ. ബ്യൂട്ടിപാർലർ നടത്തുന്നവർ ബോസ്സിയാണെന്നു നീ പറയുന്നതെന്ന് ഞാൻ കേട്ടിട്ടുണ്ട്. ഡെന്റിസ്റ്റുകളും അങ്ങനെ തന്നെ. നമ്മുടെ തലയിലും മുഖത്തും കത്രിക വെക്കുന്ന അവരെ ആ സമയത്തു ബഹുമാനിച്ചു മിണ്ടാതിരിക്കുന്നതാണ് നല്ലത്. അവരുടെ തൊഴിലിൽ നമ്മൾ അഭിപ്രായം അധികം പറയുന്നത് അവർക്കിഷ്ടമില്ലായിരിക്കും.   

ഞാൻ ശൈശവത്തിൽനിന്നും ബാല്യത്തിലേക്ക് കാലെടുത്തു വെച്ചു. എന്റെ കാലുകൾക്ക് ഇപ്പോൾ ഉറപ്പുണ്ട്. നിന്നിലുള്ള പ്രതീക്ഷയിൽ ഞാൻ വളരെയധികം ചിട്ടയുള്ളവനായിമാറി. കൃത്യമായ സമയത്തു ഉറക്കം. കൃത്യമായ സമയത്തു ഭക്ഷണം. നിന്റെ സ്നേഹത്തിന്റെ ബാല്യത്തിന് അസാധാരണമായ ശക്തിയുണ്ട്. ഞാൻ ഉറക്കെ കരയാറില്ല. ഒറ്റപ്പെട്ടുവെന്ന ചിന്തയില്ല. എന്റെ അച്ഛനും അമ്മയുമായി മാറിയ നീ എന്റെ ചുറ്റിലുമുണ്ടെന്ന വിശ്വാസം. ചില സമയങ്ങളിൽ നിന്റെ പേര് എഴുതിവെച്ച് ആ വാക്കുകളിൽ ഞാൻ ഉമ്മ വെക്കാറുണ്ട്. മഷി പുരണ്ട ചുണ്ടുകൾ മറച്ചു പിടിച്ചു ഓടുമ്പോൾ മധുര പലഹാരങ്ങൾ മോഷ്‌ടിച്ചു ഓടുകയാണെന്നു എന്റെ മമ്മി തെറ്റി ധരിച്ചിട്ടുണ്ടാകാം. 

രാജി, മറ്റൊരു രസകരമായ കാര്യം ഞാൻ നിന്നോട് പറയട്ടെ. ഞങ്ങൾക്ക്  ഒരു സെക്കന്റ് ഹാൻഡ് പ്രീമിയർ പദ്മിനി കാർ ഉണ്ടായിരുന്നു. അതിനു റേസിംഗ് മത്സരങ്ങളിൽ പങ്കെടുക്കുന്ന കാറുകളുടെ ശബ്ദമായിരുന്നു. ആ കാറിന്റെ ഉള്ളിലെ പെട്രോൾ മണം മറ്റൊരു കാറിലും ഉണ്ടായിരുന്നില്ല. ഓരോ മനുഷ്യനും ഓരോ മണമെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. അന്നൊക്കെ പള്ളിയിൽ കാറിൽ പോകുന്നത്  വലിയ മാനക്കേടായിരുന്നു. പള്ളിയിൽ ആകെയൊരു  അംബാസഡർ കാർ മാത്രമേ ഉണ്ടാകാറുള്ളൂ. നാണക്കേടുകൊണ്ടായിരിക്കണം പള്ളി കോംപൗണ്ടിനും പുറത്താണ് മിക്കവാറും  കാർ പാർക്ക്   ചെയ്തിരുന്നത്. ഒരു പക്ഷേ പള്ളിയിലെ പ്രാർത്ഥനയിൽ തടസമുണ്ടാകാതിരിക്കണമെന്ന ചിന്തയും അതിലുണ്ടാകാം; അങ്ങനെയാണ് പപ്പയുടെ കൂട്ടുകാർ ചിന്തിച്ചത്. എല്ലാവരും നടന്നോ അല്ലെങ്കിൽ സൈക്കിളിലോ വരുമ്പോൾ ഞങ്ങൾ കാറിൽ വന്നിറങ്ങുമ്പോഴുള്ള നാണക്കേട് തന്നെയാണ് യഥാർത്ഥ കാരണം; ഒരു തരം ഒറ്റപ്പെടൽ. ഇലവൻ സ്റ്റാർസ് ക്ലബ്ബിൽ പപ്പയ്ക്ക് ചീട്ടും ക്യാരംസും കളിക്കാൻ  സൗകര്യത്തിനു വേണ്ടിയെന്നാണ് പുറത്ത് കാർ പാർക്ക് ചെയ്യുന്നതിനെ കുറിച്ച് മമ്മി പറഞ്ഞത്. അതായിരിക്കും സത്യം.  കുട്ടികളാരും  ഞങ്ങളെ അതിന്റെ പേരിൽ കളിയാക്കാറൊന്നുമില്ല. സ്‌കൂളിൽ കാറ് വരുമ്പോൾ ജോണിന്റെ പപ്പ വന്നുവെന്നു പറഞ്ഞു കുട്ടികൾ എന്റെ ചുറ്റുമോടി ബഹളം ഉണ്ടാക്കാറുണ്ട്. സ്‌കൂൾ കോമ്പൗണ്ടിലെത്തിയാൽ ഹോൺ അടിക്കരുതെന്നു ഞാൻ തന്നെ പപ്പയോട് പറയാറുണ്ട്. മ്യൂസിക്കുള്ള ഹോൺ ആ കാറിനു മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു. ദിവസവും സിനിമ താരങ്ങളെ പോലെ കുട്ടികളെന്നെ യാത്രയാക്കുന്നത് നാണക്കേട് തന്നെയായിരുന്നു.  എന്തിനാണ് നാണക്കേടെന്ന് ആലോചിച്ചു നീ തല പുകക്കേണ്ട.  കാറിൽ വരുമ്പോഴുള്ള സ്വീകരണവും  യാത്രയപ്പും എനിക്ക് ഇഷ്ടപ്പെടാഞ്ഞിട്ടല്ല ഞാൻ നാണക്കേടിനെ കുറിച്ച് പറഞ്ഞത്; പരാജയത്തിന്റെ ദിവസവും ഉടനെ ഉണ്ടാകുമെന്നു എനിക്കറിയാമായിരുന്നു. പള്ളിയിൽ ഏറ്റവും കൂടുതലാൾക്കാർ വരുന്ന ദിവസം പദ്മിനി കാറൊന്നു അസൂഖം അഭിനയിക്കും. പപ്പാ കുറെ താക്കോൽ പിടിച്ചു തിരിപ്പിക്കും. കുറച്ചു കഴിയുമ്പോൾ ബാറ്ററി ഉറക്കത്തിലാവും. പിന്നെയാണ് ഞങ്ങളുടെ തലവേദന. കുട്ടികളായ ഞങ്ങൾ പുറത്തിറങ്ങി കാർ തള്ളി തുടങ്ങും. സഹായ മനസ്സുള്ളവർ കൈ വെക്കും. നൂറുകണക്കിനാൾക്കാർക്കിടയിലൂടെ കാർ തള്ളി മുന്നോട്ട് കൊണ്ടുപോകുന്നത് ഒരു പ്രത്യേക അനുഭവം തന്നെയാണ്.   

എട്ടാം വയസിൽ നടന്ന ഒരു കൊച്ചു സംഭവം ഞാൻ നിന്നോട് പറയട്ടെ. ചൂണ്ടൽ തിരുമല ദേവസ്വം ഗ്രൗണ്ടിൽ പന്ത് കളി നടക്കുന്നു. കാശ് വെച്ചുള്ള കളിയാണ്. മനസിലായില്ലേ? ടിക്കറ്റ് എടുത്താൽ മാത്രമേ കളി കാണാൻ കഴിയൂ. ചുറ്റും ഓല കൊണ്ട് മറച്ചിട്ടുണ്ട്. ഒരു ചെറിയ കവുങ്ങ് ഗ്യാലറി. മുന്നിൽ കസേരകൾ. പപ്പ എല്ലാ കളികളുടെയും ടിക്കറ്റ് എടുത്തിട്ടുണ്ട്. സീസൺ ടിക്കറ്റെന്നാണ് ഞങ്ങൾ പറയുക. ക്വാർട്ടർ സെമി മത്സരങ്ങൾ എന്തായാലും കാണാൻ ഞാൻ പോകാറുണ്ട്. മലപ്പുറം സൂപ്പർ സ്റ്റുഡിയോ ആലുവ ലക്കി സ്റ്റാർ ഫുട്ബാൾ മത്സരം. കസേരയിൽ ഞങ്ങൾ സ്ഥലമുറപ്പിച്ചു. അതിനിടയിൽ ഒരു കമ്മിറ്റിക്കാരൻ ഒരു വെളുത്ത സ്ത്രീയുമായി അവിടെ വന്നു. അവർ ടിക്കറ്റ് എടുക്കാതെ ഓസിനു കയറിയതാണ്. ശക്തൻ തമ്പുരാൻ പാലസ് കാണാൻ വന്ന വിദേശ വനിത. അവർ ടിക്കറ്റ് എടുക്കുന്നതിനെ കുറിച്ച് സംസാരിക്കുന്നതു കേൾക്കാം. എന്നാൽ ശിങ്കിടി പോൾ അവരോടു അതിന്റെ ആവശ്യമില്ലെന്ന് പറയുന്നതും കേട്ടു. ശിങ്കിടി പോൾ ഞങ്ങളുടെ അടുത്ത് വന്നു ഗ്യാലറിയിൽ കയറി ഇരിയ്ക്കാൻ ആവശ്യപ്പെട്ടു. ഗ്യാലറിയെന്ന് കേട്ടപ്പോൾ ഞങ്ങൾക്ക് സന്തോഷമായി. പക്ഷേ ശിങ്കിടിയുടെ വർത്തമാനം ഞങ്ങൾക്ക് ഇഷ്ടപ്പെട്ടില്ല. "ടടാ നിങ്ങളൊക്കെ പിള്ളേര് ഇവിടെ കേറി ഇരിക്കാ... പോടാ പോടാ അവിടെ ഗ്യാലറിയിൽ പോയി ഇരിക്കെടാ....." അതെനിക്ക് ഇഷ്ടപ്പെട്ടില്ല. ഒരു വെളുത്ത മദാമയെ കണ്ടപ്പോ ശിങ്കിടിക്ക്  പോളിന് ഞങ്ങൾ 'ഫൂ'. ഞാൻ ശ്രദ്ധിച്ചത് അയാളുടെ അടിമത്ത ബോധമാണ്. അതിനു ശേഷം ഞങ്ങളുടെ മേലുള്ള കുതിര കയറ്റം. ഇത് രണ്ടും എനിക്ക് ഇഷ്ടപ്പെട്ടില്ല.  

ചില കളികൾക്കിടയിൽ ഗ്യാലറിയിൽ ഇരിക്കുമ്പോഴും നിന്നെ കുറിച്ചുള്ള ചിന്തയാൽ ഞാൻ സ്വപ്നം കണ്ടിരുന്നുപോയിട്ടുണ്ട്. ജനക്കൂട്ടത്തിനു നടുവിൽ ഏകനായി നിന്നെ ഞാൻ ചുംബിച്ചുകൊണ്ടിരുന്നു. പൂവൻ കോഴി പിടക്കോഴിയുടെ  കഴുത്തിന് പിന്നിൽ ചുംബിക്കുന്ന പോലെ. അതിനു ശേഷം ഞാൻ പിടക്കോഴിയായി അഭിനയിച്ചു. നീ പൂവൻകോഴിയെ പോലെ എന്നെ പിന്നിൽ നിന്നും ചുംബിച്ചു. നിനക്കതിൽ താല്പര്യമില്ലായിരുന്നു. എങ്കിലും നിന്റെ ചുംബനത്താൽ എന്റെ ആറാമിന്ദ്രിയം തുറന്നു. 'കൊല്ലെടാ അവനെ' എന്ന് ആക്രോശിക്കുന്ന ജനക്കൂട്ടത്തിന്റെ ആരവത്തിൽ ഞാൻ സ്വപ്നത്തിൽ നിന്നും ഉണർന്നു. പന്തുകളിക്കാരോട് സ്നേഹം കൂടുമ്പോൾ ഗ്യാലറി ബഹളം വെക്കുന്നതിനിടയിൽ പറയുന്നതാണ് 'കൊല്ലെടായെന്നു' എങ്കിലും അത് എന്നോട് തന്നെയാണോയെന്നു താൻ ചില നിമിഷങ്ങളിൽ ചിന്തിച്ചു പോയിട്ടുണ്ട്. 

എന്റെ ഭക്ഷണ രീതികളെ കുറിച്ച് എപ്പോഴും പരാതികൾ കേൾക്കാറുണ്ട്. എത്ര വലുതായെന്ന് പറഞ്ഞിട്ടെന്താണ്  കാര്യം? മമ്മി ഉണ്ടാക്കി തരുന്ന ചായ ഞാൻ അരിച്ചിട്ടാണ് കുടിക്കാറുള്ളത്. ഈ പ്രായത്തിലും ഞാൻ അത് തുടരുന്നുണ്ട്. ചെറുപ്പം മുതലേയുള്ള ശീലമാണ്. ചായയിൽ പാടയുള്ളതു എനിക്കിഷ്ടമായിരുന്നില്ല. എന്നെ പാല് കുടിപ്പിക്കാൻ പാലിൽ ബോണിറ്റ പൊടിയിട്ട് ചായയാണെന്നു പറഞ്ഞു പറ്റിക്കാറുണ്ട്. പാൽ എനിക്കിഷ്ടമായിരുന്നില്ല. അത് കണ്ടുപിടിച്ചപ്പോൾ ചായ ഉണ്ടാക്കി തരുന്നത് കാണിച്ചു തരുമായിരുന്നു. പക്ഷേ, എന്റെ കണ്ണ് തെറ്റിയാൽ അതിൽ പാലിന്റെ പാട കാണുമെന്നത് എന്നിൽ സംശയം ജനിപ്പിച്ചിരുന്നു. അതുകൊണ്ട് എനിക്ക് ചായ അരിച്ചിട്ട് കിട്ടിയാൽ അത് ഒരു തവണകൂടി അരിക്കാതെ ഞാൻ കുടിക്കാറില്ല. പാല് കുടിപ്പിക്കാൻ എല്ലാ അമ്മമാരും മജിഷ്യൻസ് പോലെ തന്ത്രങ്ങൾ ഉപയോഗിക്കാൻ സാധ്യതയുണ്ടല്ലോ. അതുകൊണ്ട് തന്നെ എന്റെ മുന്നിൽ വെച്ച് അരിച്ചാലും ഞാൻ ഒന്നുകൂടി അരിക്കും. വെള്ളം പോലും കിട്ടാതെ കഷ്ടപ്പെടുന്ന മനുഷ്യർ ഉണ്ടെന്ന് അറിയാഞ്ഞിട്ടല്ല. എന്റെ പഴയ ദുർവാശികൾ നീ അറിയുന്നതിന് ഞാൻ എഴുതിയെന്നേയുള്ളൂ. നല്ല പച്ചക്കറികൾ അടങ്ങിയ കറികൾ കഴിക്കുന്നതിനു മമ്മി എനിക്ക് പോക്കറ്റ് മണി തരാറുണ്ട്. എനിക്ക് തീരെ ഇഷ്ടമില്ലെന്ന് കണ്ടാൽ പോക്കറ്റ് മണി കൂട്ടി തരും. പ്രത്യേകിച്ച് വഴുതനങ്ങ കറി എന്നെക്കൊണ്ട് കഴിപ്പിക്കുന്നതിന് കൂടുതൽ പോക്കറ്റ് മണി താരാറുണ്ട്. എനിക്കിഷ്ടപ്പെട്ടു തുടങ്ങിയെന്നു കണ്ടാൽ പോക്കെറ്റ് മണി തരുന്നത് അവസാനിപ്പിക്കും. അങ്ങനെയാണ് ഞാൻ എല്ലാ പച്ചക്കറികളും കഴിക്കാൻ തുടങ്ങിയത്. മമ്മിയുടെ പോക്കറ്റ്മണി സൂത്രം എന്റെ പച്ചക്കറി വിരോധം അവസാനിപ്പിച്ചുവെന്നത് സത്യമാണ്. പക്ഷെ ചായ അരിക്കുന്നത് ഇല്ലാതാക്കാൻ ഒരു പോക്കറ്റ് മണിക്കും കഴിഞ്ഞിട്ടില്ല. ഞാൻ അഭിമാനത്തോടെ ഈ പ്രായത്തിലും തുടരുന്നു. മുള്ളുള്ള മീൻ ഞാൻ കഴിക്കാറില്ല. എല്ലുള്ള കോഴിക്കറിയും  എനിക്കിഷ്ടമായിരുന്നില്ല. ഇപ്പോഴും ഞാനത് തുടരുന്നു. നല്ല ദശയുള്ള മീൻ തിരഞ്ഞെടുക്കും. യഥാർത്ഥ നോൺ വെജിറ്റേയേറിൻ മുള്ളുള്ള മീനും എല്ലുള്ള ഇറച്ചിയും കഴിക്കുന്നവരെന്നാണ് എന്റെ ചേച്ചി പറയുന്നത്. അതാണ് ആരോഗ്യത്തിനു നല്ലതെന്ന് ഞാനും കേട്ടിട്ടുണ്ട്. ഇതൊക്കെ ശരിയാണോ രാജി? പറഞ്ഞാൽ അവസാനിക്കാത്ത എന്റെ ബാല്യകാല സ്മരണകൾ.

No comments:

Post a Comment

ഗോലി സോഡാ

നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ പലരും ഗോലി സോഡാ കഴിക്കുന്നത് കണ്ട് , ഗോലി സോഡാ കഴിക്കണമെന്ന് മോഹം തോന്നി തുടങ്ങിയിരുന്നു. പിന്നെ കാണുന്നത് സെവൻ...