Monday 4 March 2019

പ്രേമം


അവളുടെ തൂവാല എനിക്കിഷ്ടമായിരുന്നു. സുന്ദരിപ്രാവെന്നും കൊണ്ടുവരുന്ന തൂവാലകൾ വെള്ള നിറമുള്ളവയായിരുന്നു. അതിൽ ചുളിവുകൾ ഉണ്ടാകാറില്ല. എപ്പോഴും കയ്യിൽ ചുരുട്ടി പിടിച്ചിട്ടും തൂവാലകൾ ചുളിയാത്തത്‌ അവളുടെ മനസിന്റെ നന്മകൊണ്ടാണെന്ന് ഞാൻ വിശ്വസിച്ചു. അവൾ ചുണ്ടുകൾക്ക് മീതെയുള്ള വിയർപ്പ് ഒരു പ്രത്യേക രീതിയിൽ ഒപ്പിയെടുക്കുന്നത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. അതൊരു ആധുനിക ശൈലിയാണെന്ന് വിഢിയായ ഞാൻ വിശ്വസിച്ചു. ചില ലോക സുന്ദരികൾ അങ്ങനെ തൂവാല ഉപയോഗിക്കുന്നത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. ഇത് കേട്ട്  സഹോദരി എന്നെ കളിയാക്കി ചിരിച്ചു. ലിപ്സ്റ്റിക് തൂവാലയിൽ പടരാതിരിക്കാൻ അവൾ ശ്രമിച്ചതായിരിക്കുമെന്ന് എന്നെ പഠിപ്പിച്ചു. അതൊരു പുതിയ അറിവായിരുന്നു.  പക്ഷേ, ഞാൻ വിട്ടുകൊടുത്തില്ല. അത് ഒരു പ്രത്യേക രീതി തന്നെയെന്ന് പറഞ്ഞുകൊണ്ട് ഞാൻ പ്രാവിന് വേണ്ടി വാദിച്ചു. വളരെ പെട്ടന്ന് സഹോദരി തന്റെ ബാഗെടുത്ത് ഒരു വെള്ള തൂവാലയെന്നെ കാണിച്ചു. സഹോദരി വർഷങ്ങളായി വെള്ള തൂവാല അങ്ങനെ ഉപയോഗിച്ചിട്ടും എന്തുകൊണ്ട് കണ്ടില്ലെന്ന ചോദ്യത്തിന് ഞാൻ ഉത്തരം പറഞ്ഞില്ല. അവളുടെ മൂക്കട്ട നിറഞ്ഞ തൂവാല കണ്ടാലും മനോഹരമാണെന്ന് എന്നെപ്പോലെയുള്ളവർ പറയുമെന്ന് പറഞ്ഞു സഹോദരി അവസാനത്തെ വെടിയും ഉതിർത്തപ്പോൾ ഞാൻ പ്രാവിന്റെ തൂവാലയെ കുറിച്ച് സംസാരിക്കുന്നത് അവസാനിപ്പിച്ചു.

 

അവളുടെ വീടെനിക്ക് ഇഷ്ടമാണ്. തൃശൂർ കാഞ്ഞാണി റൂട്ടിൽ മനപ്പടിയിൽ താമസിക്കുന്നെനിക്ക് അഞ്ച് കിലോമീറ്റർ അകലെയുള്ള അവളുടെ അന്തിക്കാടുള്ള  വീട്  കൃത്യമായി എവിടെയാണെന്നും അറിയാമായിരുന്നെങ്കിലും  സ്ഥലമറിയാത്തവനെ പോലെ  ഞാൻ പല ഇടവഴികളിലൂടെയൊക്കെ അതിരാവിലെ  ഓടിക്കൊണ്ടിരുന്നു. കേരളത്തിൽ ഏറ്റവും അധികം ഊടുവഴികളുള്ള സ്ഥലമായിരിക്കണം മനപ്പടി-അന്തിക്കാട് ഇടനാഴി. ഊടുവഴികളുടെ ഇടനാഴി. ഒരിക്കൽ ഒരു സൈക്കിളെടുത്ത്  അവിടെയുള്ള ഊടുവഴികളിലൂടെ ഞാൻ വെറുതെ കറങ്ങി നടന്നു. പുള്ളിലെ ഗ്രാമത്തിൽ നിന്നും അന്തിക്കാടെത്തണമെങ്കിൽ എളുപ്പവഴിയുണ്ട്. വഴിയരികിൽ നിന്നിരുന്ന പല പ്രായമായ സ്ത്രീകളോടും ഞാൻ അവളുടെ വീട് ചോദിച്ചു. അവളുടെ പേര് അറിയാവുന്നവർ ഒരിടത്തും  ഉണ്ടായിരുന്നില്ല. എങ്കിലും ഒരു പരിചയവും ഉണ്ടാകാനിടയില്ലാത്ത പലരോടും ഞാൻ അവളെ കുറിച്ച് ചോദിച്ചു. അവളുടെ വീടിനെ കുറിച്ചും ചോദിച്ചു. അവിടുത്തെ പഞ്ചയാത്ത് പ്രസിഡന്റ് സത്യേട്ടനെ വഴിയിൽ കണ്ടുമുട്ടി. ഞാൻ വന്ന എളുപ്പവഴിയെ കുറിച്ച് പറഞ്ഞ് സത്യേട്ടന്റെ ശ്രദ്ധ തിരിച്ചു. സത്യേട്ടൻ എന്റെ ഉദ്ദേശം തിരിച്ചറിയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു.  കാറ് പോകുന്ന നല്ല ഒന്നാന്തരം വഴിയാണ് പുള്ളിൽ നിന്നും അന്തിക്കാടേക്കുള്ള വഴിയെന്നും അദ്ദേഹം പറഞ്ഞു. കുണ്ടും കുഴിയും നിറഞ്ഞ വഴിയിലൂടെ സൈക്കിൾ ഓടിച്ചു വന്നെനിക്ക് സത്യേട്ടന്റെ വാക്കുകൾ കേട്ടപ്പോൾ വിഷമമായില്ല. അതും അവളുടെ നാട്ടുകാരുടെ നമ്മയായി മാത്രമേ ഞാൻ കരുതിയുള്ളൂ. അവളുടെ വീടും നാടും എന്തെങ്കിലും കാരണം പറഞ്ഞു ഇഷ്ടപ്പെടണം.  അവളുടെ വീടിന്റെ അടുത്തെത്തിയപ്പോൾ അവളുടെ ബന്ധുക്കളെ ഞാൻ കണ്ടു. അതോടെ അവളെ കുറിച്ച് ചോദിക്കുന്നത് ഞാൻ അവസാനിപ്പിച്ചു. അവൾ പുറത്തേക്ക് വരുന്ന സമയം നോക്കി ഒരു മാസിക മുറ്റത്തേക്ക് എറിഞ്ഞു കൊടുത്തു. ആകാംഷയോടെ അവൾ എന്നെ എത്തിനോക്കാൻ ശ്രമിച്ചു. അവളുടെ ആകാംഷ നിറഞ്ഞ മുഖം കാണുവാൻ ഞാൻ എത്രമാത്രം പണിപ്പെടുന്നുവെന്ന് എനിക്ക് തന്നെ ബോധ്യപ്പെട്ടു തുടങ്ങി. അവളുടെ ഏറ്റവും ഭംഗിയുള്ള രസമാണ് ആകാംഷ. അതിനു വേണ്ടി കുറച്ചു കഷ്ടപ്പെട്ടാലും കുഴപ്പമില്ലെന്ന ചിന്ത എന്റെ ഉറക്കം കെടുത്തി. അങ്ങനെ അവൾ നടന്ന വഴികളും നാടിനെയും വീടിനെയും ഞാൻ ഇഷ്ടപ്പെട്ടു തുടങ്ങി.

 

അവളുടെ കുടകൾ എനിക്കിഷ്ടമാണ്. മെറൂൺ അല്ലെങ്കിൽ തവിട്ട് നിറത്തിലുള്ള കുടകളാണ് അവൾ ഉപയോഗിക്കാറുള്ളത്. ഞാനും രണ്ടും കുടകൾ അതെ നിറത്തിൽ വാങ്ങിച്ചു. മനപ്പടിയിലെ കടക്കാരൻ എനിക്കായ് കറുത്ത നിറമുള്ള കുടയാണ് ആദ്യമെടുത്തു തന്നത്. തവിട്ട് നിറത്തിലുള്ള കുട വേണമെന്ന് പറഞ്ഞപ്പോൾ കടക്കാരൻ സഹോദരിക്കായിരിക്കുമല്ലേയെന്നു ഉച്ചത്തിൽ ആത്മഗതം ചെയ്തു. അമ്മയ്ക്കാണെന്ന് ഒരു നുണ ഞാൻ അപ്പോൾ തന്നെ അയാളോട്  പറഞ്ഞു. വയസ്സായവർ കൂടുതലും കറുപ്പ് നിറമുള്ള കുടകളാണ് ഉപയോഗിക്കുന്നതെന്ന് പറഞ്ഞ കടക്കാരനോട് 'അമ്മയിപ്പോൾ പ്രായം കുറയ്ക്കാൻ നടക്കുകയല്ലേയെന്നും' പറഞ്ഞ് ഞാൻ രക്ഷപ്പെട്ടു. അവളുടെ ബന്ധുക്കൾ സുന്ദരിമാരും സുന്ദരന്മാരുമായി തോന്നിയതിൽ ഒരു പ്രത്യേകതയും ഞാൻ കണ്ടില്ല. അവളുടെ രണ്ടു സഹോദരിമാരും സുന്ദരിമാരായിരുന്നു. പക്ഷേ അവളുടെ വീടിനു ചുറ്റും  ഗുണ്ടകളെ പോലെ നടക്കുന്ന അവളുടെ മൂന്ന് സഹോദരമാരെ എനിക്കിഷ്ടമല്ലായിരുന്നു. ജനസംഖ്യ നിയന്ത്രണം നടത്തുന്ന കാലഘട്ടത്തിൽ ഏഴു പേരടങ്ങുന്ന അവളുടെ കുടുംബം എനിക്ക് പുതുമയായിരുന്നു. ഒരു ദിവസം വേഷം മാറി കേബിൾ റ്റി.വി കമ്പനിക്കാരനായി ഞാൻ അവളുടെ വീട്ടിൽ കയറി. പുതിയ ചാനൽ ഓഫറുകളെ കുറിച്ച് ഞാൻ അവളുടെ സഹോദരനോട് സംസാരിച്ചുകൊണ്ടിരുന്നു. അവൾ പുറത്തേയ്ക്ക് വരുമെന്ന പ്രതീക്ഷയിൽ എന്റെ സംസാരം നീട്ടികൊണ്ടിരുന്നു. അവളുടെ കണ്ണടകൾ എനിക്കിഷ്ടമായിരുന്നു. വീടിനകത്ത് കണ്ണടകളും, പുറത്ത് പോകുമ്പോൾ കോണ്ടാക്ട് ലെൻസുമാണ് അവൾ ഉപയോഗിച്ചിരുന്നത്. കണ്ണടകൾ വെച്ചുള്ള അവളുടെ ശൈലി കാണാൻ മോഹിച്ച് കേബിൾ ടീവിയെ കുറിച്ച് പഠിച്ചത് മാത്രം ബാക്കിയായി. ഗുണ്ടകളെ പോലെയുള്ള സഹോദരൻമാർ എന്നോട് കേബിൾ ടീവിയെ കുറിച്ച് സംസാരിച്ച്‌ വധിച്ചുകൊണ്ടിരുന്നു. അവസാനം അവളെ കാണുന്നതിന് വേണ്ടി ഒരു ഗ്ലാസ് വെള്ളം ചോദിച്ചു. അവൾ മുറിയിൽ നിന്നും പുറത്തേക്ക് വരുന്നതിനു മുമ്പേ സഹോദരൻ അവളുടെ കയ്യിൽ നിന്നും ഗ്ലാസ് വാങ്ങി എനിക്ക് കൈമാറി. കുപ്പിവളകൾ കിലുങ്ങുന്ന അവളുടെ കൈകൾ ഞാൻ കണ്ടു. ഞാൻ അവളുടെ കണ്ണടകൾ എത്ര മാത്രം ഇഷ്ടപ്പെട്ടിരുന്നുവെന്ന് എങ്ങനെ യെങ്കിലും അറിയിക്കണം.

 

അവളുടെ നോട്ടം എനിക്കിഷ്ട്മായിരുന്നു. അവളുടെ സ്നേഹത്തോടെയുള്ള നോട്ടം മാത്രമല്ല ദേക്ഷ്യത്തോടെയുള്ള നോട്ടത്തെയും ഞാൻ ഇഷ്ടപ്പെട്ടിരുന്നു. അവൾ കണ്ണുകൾ ഒരു പ്രത്യേക രീതിയിൽ ചീമികൊണ്ടു ദേഷ്യം പ്രകടിപ്പിക്കുമായിരുന്നു. കൂട്ടുകാരോട് ദേഷ്യം അഭിനയിക്കുന്നതാണെന്ന് അവൾ തന്നെ പറയുന്നതും ഞാൻ കേട്ടിട്ടുണ്ട്. അദൃശ്യനായി ആരോ അവളെ പിന്തുടരുന്നവെന്ന് അവൾ മനസിലാക്കി തുടങ്ങി കാണണം. ഒരിക്കൽ എന്നെ കണ്ടുപിടിക്കുന്നതിന് വേണ്ടി അവൾ ഇടവഴിയിലൂടെ നടക്കുമ്പോൾ കുറച്ച് പിന്നിലായി നടക്കാൻ മറ്റൊരു തോഴിയെ ഏർപ്പാടാക്കി. അവളെ ആരാണ് പ്രത്യേകമായി പിന്തുടരുകയും ശ്രദ്ധിക്കുകയും ചെയ്തതെന്ന് മനസിലാക്കാൻ അവൾ നടത്തിയ ഒരു കളിയായിരുന്നു. അത് അകലെനിന്ന് മനസിലാക്കിയ ഞാൻ അവളുടെ പിന്നിൽ തോഴിമാരുള്ളപ്പോൾ ആ വഴി പോകാതെയായി. പനങ്കുല പോലെയാണ് അവളുടെ കമ്മലുകൾ. ആദ്യമായാണ് ഞാൻ അത്തരം കമ്മലുകൾ കാണുന്നത്. ഒരിക്കൽ ഇടവഴിയിലെ മരത്തിൻ മുകളിൽ കയറിയിരുന്ന് അവളുടെ ക്ലോസപ്പ് ഫോട്ടോ എടുത്ത് കമ്മലുകളുടെ ചിത്രം മാത്രം വെട്ടിയെടുത്ത്‌ എന്റെ ആൽബത്തിൽ ഒട്ടിച്ചുവെച്ചു.  തേനീച്ചക്കൂടുപോലുള്ള മുടി അവളുടെ നെറ്റിപട്ടമായി ഞാൻ ചിത്രം വരച്ചു. കോളേജിലെ ക്ലാസ്സിൽ ഇരിക്കുമ്പോൾ അവൾ വരയ്ക്കാൻ  ഉപയോഗിക്കുന്ന പെൻസിലുകൾ ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. അതിന്റെ പിന്നിലെ റോസ് റബ്ബറിന് മുല്ലപ്പൂവിന്റെ സുഗന്ധമായിരുന്നു.

 

പ്രേമിച്ചു നടക്കുന്നവരെ കോഴികൾ എന്ന് നാട്ടു വിശേഷണം ഉള്ളതുകൊണ്ട് അവളുടെ വീടിന്റെ മുന്നിൽ സൈക്കിളുമായി എല്ലാവർക്കും മനസിലാകും വിധം ഞാൻ കറങ്ങി തിരിഞ്ഞില്ല. കോഴി വിളിയുടെ കാര്യം പറഞ്ഞപ്പോൾ ശരിക്കുള്ള കോഴികളുടെ കഥയും ഓർമ്മ വന്നു. പണ്ട് വീട്ടിൽ കോഴികളെ വളർത്തിയിരുന്നു. അവിടെയുള്ള ഭൂരിഭാഗം വീടുകളിലും ഒരു ചെറിയ കോഴിക്കൂടും പത്തോ ഇരുപതോ കോഴികളെയും വളർത്തുന്നത് സാധാരണ കാര്യമായിരുന്നു. എന്റെ വീട്ടിലെ കോഴിക്കൂടിൽ കോഴികൾ കയറുന്നത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. ഏതാണ്ട് മൂന്ന് ചവിട്ട് പടികൾ കയറിയാൽ മാത്രമേ കോഴിക്ക് കൂട്ടിൽ കയറാൻ കഴിയുകയുള്ളൂ. എല്ലാ കോഴികളും കോഴി കുട്ടികളും കൃത്യം ആറു മണിക്ക് കൂട്ടിൽ കയറും. ഇത് കൃത്യമായി അവർ ചെയ്യുന്നത് എന്നെ അത്ഭുതപ്പെടുത്തിയിരുന്നു. എന്നാൽ അടുത്ത വീട്ടിലെ ചില ചാത്തൻ കോഴികൾ പിടകോഴികൾ കൂട്ടിൽ കയറുന്നത് വരെ കാത്തു നിൽക്കും. ഒരു ചാത്തൻ കോഴി ഒന്നോ രണ്ടോ പിടക്കോഴികളുമായി പിടക്കോഴികളുടെ വീട്ടിലേക്ക് ഏതാണ്ട് അഞ്ചരയാകുമ്പോൾ എത്തി ചേരും. പിന്നെ കുറച്ച് നേരം കൂടിനും ചുറ്റും കൊത്തി കൊറിച്ച് നടക്കും. പൂവൻ കോഴി ഈ പിടയുടെ പിന്നാലെ അടിവെച്ച് നടക്കുന്നത് കാണാം. അഞ്ചേ മുക്കാലാകുമ്പോൾ പിടക്കോഴി കോഴിക്കൂടിന്റെ ആദ്യ സ്റ്റെപ്പിൽ കയറി പോകാറായെന്ന ചിന്ഹങ്ങൾ പൂവങ്കോഴിക്ക് കൊടുത്തു തുടങ്ങും. ഇന്നത്തെ ദിവസം നന്നായെന്ന ചില ഏമ്പക്കങ്ങൾ വിടുന്നതും കാണാം. അഞ്ചേ അമ്പതാകുമ്പോൾ കോഴിക്കൂടിന്റെ രണ്ടാമത്തെ പടിയിൽ കയറി നിൽക്കും. പിന്നെ ‘പോകു പോകു’ എന്ന ശബ്ദം കേട്ടുതുടങ്ങും. കൃത്യം ആറുമണിക്ക് പിടക്കോഴി കൂട്ടിൽ കയറും. അതേ സമയത്തു തന്നെ പൂവൻ കോഴി സ്വന്തം വീട്ടിലേക്ക് കുതിച്ചു പായും. ചെറുപ്പക്കാർ  യമഹ ബൈക്ക് എടുത്തു പറക്കുന്നതുപോലെയാണ് പൂവൻ കോഴിയുടെ സ്വന്തം കൂട്ടിലേക്കുള്ള  ഓട്ടം. ഇത് അറിയാവുന്നതുകൊണ്ട് അവളുടെ വീടിന്റെ മുന്നിൽ സൈക്കിളും ബൈക്കും ഓടിച്ചുള്ള കളികൾ അധികം  നടത്താൻ ഞാൻ തയ്യാറായില്ല. അവൾക്കും അത് ഇഷ്ടമാകില്ല. കാരണം അവൾ ഞാൻ തന്നെയാകുന്നു. 

No comments:

Post a Comment

ഗോലി സോഡാ

നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ പലരും ഗോലി സോഡാ കഴിക്കുന്നത് കണ്ട് , ഗോലി സോഡാ കഴിക്കണമെന്ന് മോഹം തോന്നി തുടങ്ങിയിരുന്നു. പിന്നെ കാണുന്നത് സെവൻ...