അന്നെനിക്ക്
മൂന്നര വർഷത്തെ പ്രവർത്തി പരിചയമുണ്ട്. നല്ല ആത്മവിശ്വാസത്തോടെ ഞാൻ ഇന്റർവ്യൂ മുറിയിലേക്ക് കടന്നു ചെന്നു. ആദ്യ റൗണ്ടാണ്. വലിയൊരു
കമ്പനിയിൽ ജോലിയുള്ളതുകൊണ്ട് എവിടെയും അങ്ങനെ കയറി ചെല്ലാം. ‘നിങ്ങൾ വേണമെങ്കിൽ എന്നെ എടുത്തോളൂ; എനിക്ക് പട്ടിണിയൊന്നുമില്ല’ അതാണെന്റെ ശരീരഭാഷ. ചോദ്യങ്ങൾ തുടങ്ങിയതോടെ ഉള്ളിലെ ആത്മവിശ്വാസം മുഴുവാനയും ഒലിച്ചു പോയി. എങ്കിലും ഞാൻ അത് പുറത്ത് കാണിച്ചില്ല. വീബിയും വീസിയും (ടെക്നിക്കൽ വാക്കുകൾ) തമ്മിലുള്ള അന്തരങ്ങൾ എങ്ങനെ? അതും ഇതും
തമ്മിലുള്ള വത്യാസം? ഇതും അതും
തമ്മിലുള്ള വ്യത്യാസം? അങ്ങനെ അയാൾ എന്നോട് ഒരു സ്നേഹവുമില്ലാതെ വളരെ വേഗത്തിൽ ഇരുപത് ചോദ്യങ്ങളെങ്കിലും ചോദിച്ചു കാണണം. ഒന്നിനും എനിക്ക് ഉത്തരം അറിയില്ലായിരുന്നു. ഒന്നോ രണ്ടോ ഉത്തരങ്ങൾ ഒഴിച്ച് എല്ലാം വളരെ കൃത്യമായി അറിയില്ലെന്നുത്തരം പറഞ്ഞു. ആദ്യമൊക്കെ അറിയില്ലെന്ന് ഞാൻ പതുക്കെയാണ് ഉത്തരം
പറഞ്ഞത്. പിന്നെ ആത്മവിശ്വാസത്തോടെ ഞാൻ പറയാൻ തുടങ്ങി; "അറിയില്ല." "അറിയില്ല." അതിനു ശേഷം അയാളോട് തീർത്തു പറഞ്ഞു "ഇനി ഇത്തരം ചോദ്യങ്ങൾ ചോദിച്ചാൽ എനിക്കുത്തരം അറിയില്ല. ചോദിച്ചിട്ട് ഒരു ഫലവുമില്ല. ഞാൻ ചെയ്ത കാര്യങ്ങളെ കുറിച്ച് ചോദിക്കുക." അത് പറഞ്ഞപ്പോൾ അയാൾ എന്റെ മുഖത്തേക്ക് രൂക്ഷമായൊന്നു നോക്കി. അതിനു ശേഷം പുറത്ത് കാത്ത് നില്ക്കാൻ പറഞ്ഞു.
എന്നെ
രണ്ടാം റൗണ്ടിൽ ഇന്റർവ്യൂ ചെയ്യുന്ന ആർക്കിടെക്ട് ഭീകരന്റെ അടുത്തേയ്ക്ക് പറഞ്ഞയച്ചു. ചെയ്ത കാര്യങ്ങളെ കുറിച്ച് ചോദിയ്ക്കാൻ പറഞ്ഞത് ആദ്യത്തെയാൾക്ക്
ഇഷ്ടപ്പെട്ടില്ല എന്നത് വ്യക്തമാണ്; ഞാൻ ചിന്തിച്ചു. 'എങ്കിൽ നീയൊന്നു ആർക്കിടെക്ട് ഭീകരന്റെ അടുത്ത് നീ ചെയ്ത മഹാകാര്യങ്ങളൊക്കെയൊന്ന് പറയ്; ഞാനൊന്നു കാണട്ടെ.'
അതായിരുന്നു ആദ്യത്തെയാളുടെ മുഖഭാവം. രണ്ടാം റൗണ്ടിൽ ഭീകരന്റെ അടുത്തെത്തിയപ്പോൾ; ഭീകരൻ അത്ര ഭീകരനായിരുന്നില്ല. കുറച്ചു
സ്നേഹം ഉള്ള മനുഷ്യനായിരുന്നു. എങ്കിലും ഒരു മണിക്കൂർ എന്നെ വിസ്താരം നടത്തി. മുൻ കമ്പനിയിൽ ചെയ്ത കാര്യങ്ങൾ ഞാൻ വിസ്തരിച്ചു പറഞ്ഞു. അതിനെ സംബന്ധിച്ചു നിരവധി ചോദ്യങ്ങൾ ആർക്കിടെക്ട്
ഭീകരൻ എന്നോട് ഉയർത്തികൊണ്ടിരിന്നു. അങ്ങനെ രണ്ടു
മാസത്തിന് ശേഷം ഞാൻ രണ്ടാമത്തെ ജോലിയിൽ കയറി.
അവിടെയെത്തിയപ്പോൾ എന്നെ ആദ്യം ഇന്റർവ്യൂ ചെയ്ത നാണം
കെടുത്തിയ ആളെ ഞാൻ തേടിപ്പിടിച്ചു.
അയാളോട് ഞാൻ ചോദിച്ചു; "തൊണ്ണൂറ്റിയഞ്ചു
ശതമാനം ചോദ്യത്തിനും ഞാൻ അറിയില്ല എന്നാണ് ഉത്തരം പറഞ്ഞത്. പിന്നെ എന്തിനാണ് രണ്ടാം റൗണ്ടിലേക്ക് എന്നെ കടത്തി വിട്ടത് ?"
അയാൾ ചിരിച്ചു. "എനിക്ക് നല്ല ഓർമ്മയുണ്ട്. അന്ന് ഞാൻ മുപ്പത് പേരെ ഇന്റർവ്യൂ ചെയ്തിരുന്നു. നിങ്ങൾ മാത്രമായിരുന്നു വ്യത്യസ്തം."
എനിക്ക് മനസിലായില്ല. "എന്ത് വ്യത്യസ്തം? അറിയില്ല എന്ന് ഞാൻ തുടർച്ചയായി പറഞ്ഞതോ?"
അയാളെന്നോട്
മറുപടി പറഞ്ഞു "അറിയില്ലെന്നറിയുന്നത് വലിയ അറിവാണ്. "
No comments:
Post a Comment