Monday 10 December 2018

അധ്യാപകർ പറഞ്ഞ കഥ – ഓർമ്മകളിൽ നിന്ന്


സ്കൂളിൽ പഠിക്കുമ്പോൾ പീ.ടി മാസ്റ്റർ ക്ലാസ്സിലേക്ക് വരുന്നത് വളരെ സന്തോഷമായിരുന്നു. ഒന്നാമത്തെ കാര്യം, ആ പീരിയഡ് ടീച്ചർ ക്ലാസെടുക്കാൻ വരില്ലെന്നത് തന്നെയാണ്. രണ്ടാമത്തെ കാര്യം പീ.ടി മാസ്റ്റർ ആരെയും ചീത്ത പറയാറില്ല. മൂന്നാമത്തെ കാര്യം, അദ്ദേഹം ദയ കാണിച്ചാൽ എല്ലാവർക്കും ഫുട്ബോൾ ഗ്രൗണ്ടിലേക്ക് ഓട്ട പ്രദക്ഷിണം നടത്താം. അതുമല്ലെങ്കിൽ അദ്ദേഹം നല്ലൊരു കഥ പറയും. കഥയെന്നു പറയുമ്പോൾ അത് ഒരു വല്ലാത്ത വിവരണമായിരിക്കും. ആ കഥ നടക്കുന്ന സ്ഥലത്ത്;  കാലത്ത്; ജീവിതം ഉഴുതു മറിച്ച അനുഭവസമ്പത്ത്‌ അദ്ദേഹം കഥ പറച്ചിലിൽ പുറത്തെടുക്കും. യുദ്ധമാണെങ്കിൽ യോദ്ധാവ്.  ക്രൈം സ്റ്റോറിയെങ്കിൽ പോലീസ് ഉദ്യോഗസ്ഥൻ.  അസാധാരണമായ കഥ പറച്ചിൽ വൈഭവം. ആ കഥകൾ ശ്രദ്ധിക്കാത്ത ഒരു വിദ്യാർത്ഥിയും ഉണ്ടാകില്ല.  ഇടയ്ക്ക് ചില അവിശ്വസനീയമായ കാര്യങ്ങൾ കഥയുടെ ഭാഗമായി അവതരിപ്പിക്കുമ്പോൾ എന്റെ അടുത്തിരുന്നിരുന്ന ആൽഫ്രഡ് "പുളു കൂടുന്നുണ്ട്" എന്ന് പറയുന്നതും കേൾക്കാം. പുളു കഥകൾ പറയാൻ ആൽഫ്രഡും മിടുക്കനാണ്. ഈ കഥ പുളുവാണോ എന്നെനിക്കറിയില്ല. എങ്കിലും ഞാൻ ആസ്വദിച്ച കഥയാണ്.  രണ്ടാം ലോക മഹായുദ്ധ കാലത്ത് ;  (അത് കേൾക്കുമ്പോൾ തന്നെ എനിക്ക് ആവേശം വരും; യുദ്ധത്തിൽ പങ്കെടുത്ത്‌ മരണമടഞ്ഞ വ്യക്തികളും അവരുടെ കുടുംബാംഗങ്ങളും പത്തു വയസുള്ള ഒരു കുട്ടിയുടെ ചരിത്രാവേശമായി കണക്കാക്കി എന്നോട് ക്ഷമിക്കണം. നിങ്ങൾക്ക് ഒരു സന്തോഷവുമില്ലെന്നറിയാം.) അതെ, രണ്ടാം ലോക മഹായുദ്ധ കാലത്ത് ജർമ്മൻ ചാര സംഘടനയുടെ ഒരു പ്രധാന പടത്തലവനായിരുന്നു ഇനോവർ. വിൻസ്റ്റൺ ചർച്ചിലിനെ വധിക്കാൻ ഹിറ്റ്ലറിൻറെ ആൾക്കാർ ഇനോവറിനെ  ചുമതല ഏൽപ്പിച്ചു. ചർച്ചിലിനെ വധിച്ചാൽ ബ്രിട്ടന് മേൽ ആധിപത്യം സ്ഥാപിക്കാമെന്ന് ഹിറ്റ്ലറിൻറെ ആൾക്കാർ സ്വപ്നം കണ്ടുവെന്നാണ് പറയപ്പെടുന്നത്.

ആൽഫ്രഡ് ശബ്ദം താഴ്ത്തി പറഞ്ഞു. ഇങ്ങനെ ഒരു സംഭവമേ ഉണ്ടായിട്ടില്ല. മാഷിന്റെ ഈ കഥയിലെ ആദ്യ പുളുവാണ്.”

ഏതായാലും ചുമതല വളരെ ലളിതമായിരുന്നു. ചർച്ചിലിനെ വെടിവെച്ചു കൊല്ലുക. ചർച്ചിൽ മരിച്ചുവെന്ന് ഉറപ്പു വരുത്തുക.

ഒരാളെ കൊന്നാൽ എങ്ങനെ രാജ്യം കീഴടക്കും?” ആൽഫ്രഡ് എന്റെ ചെവിയിൽ പറഞ്ഞു.

 

മാസ്റ്റർ അത് മനസിലാക്കിയെന്നു തോന്നുന്നു. ഉടനെ അനുബന്ധ കഥ അദ്ദേഹം പറഞ്ഞു. പല തവണ ചർച്ചിലിനെ വധിക്കുന്നതിനു പലരും ശ്രമിച്ചിരുന്നു. ചോക്കലേറ്റിൽ ബോംബ് വെച്ച് നടത്തിയ ശ്രമങ്ങൾ പരാജപ്പെട്ടതിനു ശേഷമാണ് അവസാനം ഇനോവരെ പ്രത്യേക തരത്തിലുള്ള തോക്ക് ഏൽപ്പിക്കുന്നത്.  ഇനി നേരിട്ട് കൃത്യം നടത്തണം. അതിനു ശേഷം ഹിറ്റ്ലറിനെ അവിടെ നിന്ന് തന്നെ വിവരം അറിയിക്കണം. വേഷം മാറി കാര്യങ്ങൾ നടത്താൻ കഴിവുള്ള ഇനോവർ എന്ന ചാരൻ  ചർച്ചിലിനെ വധിക്കുന്നതിനായി പുറപ്പെട്ടു.  ലണ്ടനിൽ എത്തിയ ശേഷം ഏതാണ്ട് മൂന്നു വർഷം പലവിധ പ്രവർത്തനങ്ങൾ നടത്തി പാചകക്കാരന്റെ വേഷത്തിൽ ചർച്ചിലിന്റെ കൊട്ടാരത്തിൽ കയറിപ്പറ്റി. നിങ്ങൾ ഒരു കാര്യം മനസിലാക്കണം, ഹിറ്റ്ലർ ഒരു വിഡ്ഢിയല്ല. അദ്ദേഹം ഇനോവരെ തിരഞ്ഞെടുത്തത് അദ്ദേഹം ബ്രിട്ടീഷ്‌കാരുടെ പോലെ ഇംഗ്ലീഷ് സംസാരിക്കുന്നത്കൊണ്ടാണ്. ആൽഫ്രഡ്‌ വീണ്ടും പറഞ്ഞു. അടുത്ത പുളു. ഇത് വെറും അഡ്ജസ്റ്റ്മെന്റ് കഥ.” കാര്യം പാചക ശാലയിൽ കയറിപ്പറ്റിയെങ്കിലും ഇന്നോവർക്ക് ചർച്ചിലിനെ നേരിട്ട് കാണാൻ സാധിച്ചിരുന്നില്ല. ആറു മാസത്തെ ശ്രമഫലമായി ചർച്ചിലിനു ഇഷ്ടമുള്ള ഭക്ഷണങ്ങൾ എന്താണെന്ന് ഇനോവർ മനസിലാക്കി. നമ്മൊളൊക്കെ കരുതുന്ന പോലെ വെറുതെ ചർച്ചിലിന്റെ അടുത്തേക്ക് കയറി ചെല്ലാൻ ആർക്കും സാധിക്കില്ല. പിന്നെയും മാസങ്ങൾ കഴിഞ്ഞു ചർച്ചിലിനു ഇഷ്ടമുള്ള ലാംപ് ഫ്രൈ ഉണ്ടാക്കുന്ന വിദ്യ ഇനോവർ പഠിച്ചെടുത്തു. പ്രധാനപ്പെട്ട കുക്കിന്റെ അടുത്ത് ചർച്ചിലിനു ലാമ്പ് ഫ്രൈ ഉണ്ടാക്കി കൊടുക്കാനുള്ള ആഗ്രഹം ഇനോവർ അറിയിച്ചു. നിരവധി തവണ ലാംപ് ഫ്രൈ ഉണ്ടാക്കി മടുത്ത ചീഫ് ഷെഫ് ഇനോവരോട് സമ്മതം മൂളി. അങ്ങനെ ഒരിക്കൽ 1942 -ഡിസംബറിലെ ഒരു ഞായറാഴ്ച കാലത്ത് ഇനോവർ ഉണ്ടാക്കിയ ലാംപ് ഫ്രൈ ചർച്ചിലിന്  വിളമ്പി. ക്രിസ്തുമസ് കാലമായതുകൊണ്ട് ഞായറാഴ്ചകളിൽ ചർച്ചിൽ ബംഗ്ളാവിലെ ഭക്ഷണം കഴിക്കുക പതിവായിരുന്നു. ആൽഫ്രഡ്‌ എന്റെ ചെവിയിൽ പറഞ്ഞു ഇത് മാഷിന്റെ അഡ്ജസ്റ്റ്മെന്റ്

 
ഏതായാലും ചർച്ചിൽ ലാമ്പ് ഫ്രൈ കഴിച്ചു. അദ്ദേഹത്തിന് അന്നത്തെ ലാംപ് ഫ്രൈ വളരെ ഇഷ്ടപ്പെട്ടു. ചീഫ് കുക്കിനെ വിളിച്ച്  രുചി വ്യത്യാസത്തെ കുറിച്ച് ചോദിച്ചു. പ്രധാന കുക്ക് ഭയന്നു. അയാൾ ഒന്നും ആലോചിക്കാതെ ഇത് പുതിയ കുക്ക് ഇനോവർ ഉണ്ടാക്കിയതാണെന്ന് ചർച്ചിലിനോട്  പറഞ്ഞു. എങ്കിൽ ഇനോവരെ ഉടനെ കാണണമെന്നായി ചർച്ചിൽ. ഭക്ഷണം കഴിച്ചു ഓഫീസ് റൂമിനു അടുത്തുള്ള വിശ്രമമുറിയിലേക്ക് ചർച്ചിൽ പോകുന്നത് ചീഫ് ഷെഫ് ശ്രദ്ധിച്ചു. അയാൾ ഓടി ഇനോവരെ കാര്യം ധരിപ്പിച്ചു. ചർച്ചിൽ വളരെ സന്തോഷവാനാണെന്നും ഇനോവരെ കാണാൻ ആഗ്രഹിക്കുന്നുവെന്നും അറിയിച്ചു. ഇനോവർ തന്റെ മുറിയിലേക്ക് പോയി നല്ല വസ്ത്രങ്ങൾ അണിഞ്ഞു ചർച്ചിലിന്റെ റൂമിലേക്ക് പോയി. പോക്കറ്റിൽ രഹസ്യമായി തന്റെ റിവോൾവറും ഇനോവർ കരുതിയിരുന്നു. രണ്ടു വർഷം അവിടെ ജോലി ചെയ്തത് കൊണ്ട് ഇന്നോവരുടെ പോക്കെറ്റ്  സെക്യൂരിറ്റി ഗാർഡുകൾ അന്ന് ശ്രദ്ധിച്ചില്ല. ആൽഫ്രഡ് മൂളി ഇത് വൻ പുളു.റൂമിലേക്ക് എത്തിയ ഇനോവർ കട്ടിലിൽ കിടക്കുന്ന രൂപം ശ്രദ്ധിച്ചു. അത് വെറും തലയിണകളാണെന്നു അതിബുദ്ധിമാനായ ഇനോവർ മനസിലാക്കി; അതുകൊണ്ട് അയാൾ റിവോൾവർ പുറത്തേക്കെടുത്തില്ല. റൂമിനോട് ചേർന്നുള്ള ഓഫീസ് മുറിയിൽ അയാൾ സാവധാനം കാലെടുത്തു വെച്ചു. കസേരയിൽ പുറം തിരിഞ്ഞു ഇരുന്ന ചർച്ചിലിനെ വധിക്കാൻ കിട്ടുന്ന ആദ്യ അവസരം.  അയാൾ റിവോൾവർ പുറത്തേക്കെടുത്തു. ചർച്ചിലിന്റെ തല ലക്ഷ്യമാക്കി ഉന്നം പിടിച്ചു. ചുറ്റും ആരുമില്ല. കാഞ്ചി വലിച്ചാൽ ചർച്ചിൽ അവിടെ അവസാനിക്കും. എങ്കിലും ഇനോവർ കാഞ്ചി വലിച്ചില്ല. ഇനോവർ ഒന്ന് ചുമച്ചു ശബ്‍ദം ഉണ്ടാക്കി. ചർച്ചിൽ എഴുന്നേറ്റു. അദ്ദേഹം തിരിഞ്ഞ് ഇനോവരെ അത്ഭുതത്തോടെ നോക്കി. മരണത്തെ മുഖാമുഖം കാണുകയാണെങ്കിലും വിൻസ്റ്റൺ ചർച്ചിൽ പുഞ്ചിരിച്ചു. ഒരു ചോദ്യം അദ്ദേഹം ചോദിച്ചു. "അപ്പോൾ നിങ്ങൾ എന്നെ വധിക്കാൻ വന്നതാണെല്ലേ?"  ഇനോവർ ഉന്നം പിടിച്ചുതന്നെ അനങ്ങാതെ നിന്നു. മരിക്കുന്നതിന് മുമ്പ് ചർച്ചിൽ തന്റെ അവസാന ചോദ്യം ചോദിച്ചു. "താങ്കൾ എന്നെ കൊല്ലാൻ തന്നെ വന്നതാണോ? എന്താണ് താങ്കൾക്ക് ലഭിക്കുന്ന പ്രതിഫലം ?"  ആ ചോദ്യത്തിന്റെ ശക്തിയിലെന്നോണം ഇനോവർ തന്റെ റിവോൾവർ താഴെയിട്ടു. പിന്നാലെ വന്ന രണ്ടു സെക്യൂരിറ്റി ഗാർഡുകൾ ഇനോവരെ അറസ്റ്റ് ചെയ്തു. തന്റെ മുന്നിൽ നിൽക്കുന്നത് ചർച്ചിലിന്റെ ഡ്യുപ് ആണെന്ന് ഇനോവർ മനസിലാക്കിയ നിമിഷമാണ് അയാൾ തന്റെ റിവോൾവർ താഴെയിട്ടത്. ഇനോവർ അങ്ങനെയാണ്. വേണമെങ്കിൽ ഒരു ദേഷ്യത്തിന് ആ നാടകക്കാരനെ വധിക്കാമായിരുന്നു. അത് ഉണ്ടാക്കുന്ന നാണക്കേടിനേക്കാൾ അയാൾ ആസ്വദിച്ചത് ആയുധം വെച്ച് കീഴടങ്ങലായിരുന്നു.

No comments:

Post a Comment

ഗോലി സോഡാ

നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ പലരും ഗോലി സോഡാ കഴിക്കുന്നത് കണ്ട് , ഗോലി സോഡാ കഴിക്കണമെന്ന് മോഹം തോന്നി തുടങ്ങിയിരുന്നു. പിന്നെ കാണുന്നത് സെവൻ...