ജോലിയിൽ
കയറി മൂന്ന് വർഷമായി. കമ്പനിയിൽ പുതിയ ടെക്നിക്കൽ ജോലികളായതുകൊണ്ട് മറ്റു കാര്യങ്ങളിൽ അധികം ശ്രദ്ധിക്കാതെ എന്നെ ഏൽപ്പിച്ച ജോലി ഞാൻ ചെയ്തുകൊണ്ടിരുന്നു. റാത്തോഡ് ശ്രീവാസ്‌തവ മാനേജർ ആണ്. സാധാരണയായി സംസാരിക്കുന്ന രീതിയിലല്ല ഇന്നത്തെ സംഭാഷണം. ഇന്ന് വളരെ ഉറക്കെയാണ് സംസാരിക്കുന്നത്.
എല്ലാവരോടും അത് ചെയ്യണം ഇത് ചെയ്യണമെന്ന് പറഞ്ഞു നടക്കുന്നുണ്ട്. എന്തൊക്കൊയോ
വലിയ ജോലികൾ ചെയ്യുന്നതായി ഭാവിച്ചു അയാൾ സംസാരിച്ചു കൊണ്ടിരുന്നു. അയാളുടെ സ്ഥിരം
ശീലമല്ല. ഈ കഴിഞ്ഞ ഒരു വർഷവും അയാൾ ഇങ്ങനെ സംസാരിക്കുന്നത് ഞാൻ കണ്ടിട്ടില്ല. അയാൾ പറഞ്ഞില്ലെങ്കിലും അവർ നന്നായി ജോലി ചെയ്യുന്നുണ്ട്. എന്റെ അടുത്ത് എത്തിയ അയാൾ പതുക്കെ എന്തോ ചോദിച്ചു മുന്നോട്ട് പോയി.
ഞങ്ങൾ തമ്മിൽ മൂന്ന് വർഷത്തെ പരിചയമുണ്ട്. അത് കൊണ്ട് അയാൾ ഉറക്കെ പറഞ്ഞഭിനയിച്ച നാടകം എന്റെ മുമ്പിൽ കാണിച്ചില്ല. മറ്റു പലരും പുതിയ ജോലിക്കാരാണ്. അവരുടെ മുന്നിലാണ് അയാൾ നാടകം കളിച്ചത്. അതിന്റെ അർത്ഥം ആലോചിക്കുന്നതിന് മുമ്പ് തന്നെ കാര്യങ്ങൾ എനിക്ക് മനസിലായി. ഈമിയ ലീഡർ (ഒരു വലിയ ഗ്രൂപ്പ് ) അന്ന് ജോലി സ്ഥലം സന്ദർശനം നടത്തുന്നു. അവിടെ മറ്റു നേതാക്കന്മാരെല്ലാം എത്തിയിട്ടുണ്ട്. അവരുടെ മുന്നിൽ ചില കളികൾ. അയാൾ ചെയ്തത് തെറ്റല്ല. അവരുടെ ആത്മവിശ്വാസത്തിന്
വേണ്ടിയുള്ള ചില സൂത്രങ്ങൾ.
ഇത് മറ്റൊരു ഓർമയിലേക്ക് എന്നെ കൊണ്ടുപോയി. പണ്ട് വീട്ടിലെ പറമ്പു കിളച്ചു വൃത്തിയാക്കാൻ ജോലിക്കാരെ ഏൽപ്പിച്ചിരുന്നു. നാലോ അഞ്ചോ പേര് കൈക്കോട്ടുമായി ഗ്രൂപ്പ് ഡാൻസ് കളിക്കുന്ന പോലെ പറമ്പു ഉഴുതു മറിക്കും. കവുങ്ങും തെങ്ങും ഇടകലർന്ന് നിൽക്കുന്നതുകൊണ്ട് ട്രാക്ടർ ഉപയോഗിച്ചു ഉഴുതുമറിക്കാൻ കഴിയില്ല. പപ്പാ വീട്ടിലുണ്ടെങ്കിൽ നാല്
മണിയാകുമ്പോൾ അവർക്ക് ചായ കൊടുക്കാനായി അവരുടെ അടുത്തേക്ക് പോകുന്ന രംഗം ഓർമ്മ
വന്നു. ചായ കൊടുക്കാനായി കൈ നീട്ടിയാൽ അവർ അത് അവിടെ വെക്കാൻ പറയും. പിന്നെ അഞ്ചു
മിനിറ്റ് മുതലാളിയെ കാണിക്കാനുള്ള കിള തുടങ്ങും. ഓരോ തവണ കിളക്കുമ്പോഴും അവരുടെ
ജീവൻ പോകുന്ന ശബ്ദം കേൾക്കാം. അഞ്ച് പേരൊരുമിച്ചു കിളക്കുമ്പോൾ അവരുടെ ശ്വാസോച്ഛാസം
ദ്രുത താളത്തിലുള്ള ഗാനപോലെയായി മാറും. ഒരു ദിവസത്തെ ഭക്ഷണത്തിനു വേണ്ടിയുള്ള
കിളയാണ്. ചില സംഘ നൃത്തങ്ങൾ പതിയെ തുടങ്ങി പിന്നെ ദ്രുത താളത്തിലായി മാറി വീണ്ടും
പതിയെ അവസാനിക്കും. ജോലികൾ അവർക്ക് ജീവിതം നൃത്തം തന്നെ. ഉറക്കെ സംസാരിച്ച എന്റെ ടെക്ക്
കമ്പനിയിലെ മാനേജർ റാത്തോഡും അതേ നൃത്തം തന്നെയാണ് ചെയ്തത്.
No comments:
Post a Comment