Sunday 15 January 2017

സംസ്കാരം നേരിടുന്ന വെല്ലുവിളികൾ


വടക്കാഞ്ചേരി എങ്കക്കാട് എന്ന ഗ്രാമത്തിൽ നിറച്ചാർത്ത്-2017 എന്ന പരിപാടിയിൽ സംസ്‍കാരം നേരിടുന്ന വെല്ലുവിളികൾ എന്ന സെമിനാറിൽ പങ്കെടുക്കുന്നതിന് മുമ്പ് അതിനെ കുറിച്ച് എന്തെങ്കിലും എഴുതണം എന്ന ആഗ്രഹ പൂർത്തീകരണത്തിനായി മാത്രം എഴുതിയ വരികൾ.

എന്താണ് സംസ്കാരം എന്ന് നിർവചിക്കാതെ അതിനെ കുറിച്ച് എഴുതുകയോ പറയുകയോ ബുദ്ധിമുട്ടാണ്. സംസ്കൃത പദമായ സംസ്കാര എന്ന വാക്കിൽ നിന്നാണ് സംസ്‍കാരം മലയാളത്തിൽ എത്തിയത്. സംസ്‍കാരം എന്ന സംസ്‌കൃത പദത്തിന് 'കൂടിചേർന്ന'  അല്ലെങ്കിൽ 'അടങ്ങിയ'  എന്ന അർത്ഥമാണുള്ളത്. അതായത് വിവിധ ചിന്തകളുടെ, രീതികളുടെ, വിശ്വാസങ്ങളുടെ, മൂല്യബോധങ്ങളുടെ കൂടിച്ചേരൽ. എല്ലാം അടങ്ങിയത് എന്ന അർത്ഥം അങ്ങനെ രൂപപ്പെട്ടു. 

 പുരാതന റോമൻ പ്രഭാഷകൻ സിസെറോ "Cultivation of soul" എന്ന ആശയത്തെ കുറിച്ച് സംസാരിച്ചാണ് ഇംഗ്ലീഷിൽ "culture" എന്ന വാക്ക് ഉണ്ടായത്. അറിവും, വിശ്വാസവും, കലയും, മൂല്യങ്ങളും, നിയമങ്ങളും, മനുഷ്യൻ സ്വായത്തമാക്കിയിട്ടുള്ള മറ്റു കഴിവുകളും ജീവിത രീതികളും കൂടിചേർന്ന് മനുഷ്യന് ചുറ്റും വലിയ ഒരു സ്വഭാവ വളയം രൂപപ്പെടുത്തും. ആ വളയത്തിന്റെ പ്രഭാവത്താൽ മനുഷ്യന്റെയും സമൂഹത്തിന്റെയും സ്വഭാവം രൂപീകരിക്കപ്പെടും. അതിനനുസരിച്ചു അവനും സമൂഹവും പെരുമാറും. അത് കാണുമ്പോൾ നമ്മൾ പറയും, അത് അയാളുടെ സംസ്കാരമാണ്. സമൂഹത്തിന്റെ സംസ്കാരമാണ്. അവിടെയും "put together"  എന്ന വാക്കും "cultivate", കൃഷി ചെയ്യുക എന്ന അർത്ഥവും കൂടിചേർന്നിട്ടുണ്ട്. നല്ലതിനെ കൃഷി ചെയ്യുക എന്ന ഒരു ചിന്തയിലേക്ക് അത് നമ്മളെ നയിക്കും.

അങ്ങനെയായിരിക്കണം പുതിയ ഒരു അർത്ഥം ആ വാക്കിനുണ്ടായത്. സംസ്കരിക്കുക എന്ന പദത്തിന് നവീകരിക്കുക ശുദ്ധിയാക്കിയെടുക്കുക എന്ന അർത്ഥത്തിലേക്കു ഇങ്ങനെ രൂപാന്തരം സംഭവിച്ചതാവണം. സംസ്കാരം തന്നെ സംസ്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. അടുത്ത ചോദ്യം എന്താണ് സംസ്കരിക്കേണ്ടത്? ആരാണ് സംസ്കരിക്കേണ്ടത്? എങ്ങിനെയാണ് സംസ്കരിക്കേണ്ടത്? പലതിന്റെയും ആകെതുകയാണ് സംസ്‍കാരം. അതുകൊണ്ടു തന്നെ എല്ലാ മേഖലയിലും നവീകരണം ആവശ്യമാണ്. എവിടെ തുടങ്ങും എന്നതാണ് അടുത്ത് ചോദ്യം. ഇവിടെയാണ് ഭൂമിയെ കണ്ണാടിയായും, സ്വയം കണ്ണാടിയായും ആദ്യം പ്രവർത്തിക്കേണ്ട കലാസാഹിത്യ രംഗത്തെ പ്രവർത്തകരും മാധ്യമ പ്രവർത്തകരും വളരെയധികം ജാഗ്രത കാണിക്കേണ്ടത്. 

നല്ല കാഴ്ചകളും നല്ല ചിന്തകളും നവീകരണ ശക്തിയായ നല്ല വാക്കുകൾ സൃഷ്ടിക്കുന്നു. തിരിച്ചും നല്ല വാക്കുകൾ നല്ല കാഴ്ചകളും നല്ല ചിന്തകളും ഉണ്ടാക്കുന്നു. നല്ല ചിന്തകൾ നല്ല വാക്കുകളും നല്ല കാഴ്ചകളും തന്നു കൊണ്ടിരിക്കുന്നു. ഇങ്ങനെ പരസ്പരപൂരകങ്ങളായ എന്നാൽ എളുപ്പം മനസിലാക്കാൻ കഴിയാത്ത ഒരു ബർമുഡ ത്രികോണമാണ് ഈ ലോകം. മാധ്യമങ്ങളിൽ പലപ്പോഴും വ്യക്തിപരമായി ചെളിവാരിയെറിയുന്നതു നമ്മൾ കണ്ടിട്ടുണ്ട്. കഥകളിലും സിനിമകളിലും അസഭ്യ ഭാഷ ഉപയോഗിക്കുന്നതും നമ്മൾ കണ്ടിട്ടുണ്ട്. ജീവിതത്തിൽ നിന്നും പകർത്തിയെഴുതുന്നു എന്നാണ് അതിനുള്ള ന്യായീകരണം. പത്രങ്ങളുടെ ആദ്യ പേജെങ്കിലും മൂല്യബോധത്തോടെ വായിക്കാൻ കഴിയണമെന്നത് നമ്മുടെ ആഗ്രഹമാണ്. അങ്ങനെ കഴിയുന്നുണ്ടോ എന്ന ചോദ്യം നമ്മൾ സ്വയം ചോദിക്കേണ്ടതാണ്. ആരാണ് മൂല്യബോധം തീരുമാനിക്കുന്നത് എന്നത് തന്നെയാണ് ഏറ്റവും വലിയ വെല്ലുവിളി…! 

കഴിഞ്ഞ 2000 വർഷം എടുത്താൽ പലതരം അധിനിവേശങ്ങൾ നമ്മുടെ സംസ്കാരത്തെയും മൂല്യബോധത്തെയും പുനർനിർവചനം നടത്തിയിട്ടുണ്ട്. കൊളോണിയലിസം പല രാജ്യങ്ങളിലും സ്വാധീനം ചെലുത്തിയിട്ടുണ്ട്. അത് ലിബറലിസം അല്ലെങ്കിൽ ആവിഷ്കാര സ്വാതന്ത്ര്യം ആയി തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ അധിനിവേശത്തെ സ്വീകരിച്ചു അതിന്റെ നിറങ്ങളിൽ അത്തരം സ്വാധീനത്തിന്റെ അടിമകളായി മാറിയവരുണ്ട്. അതിനെ സംശയത്തോടെ വീക്ഷിക്കുന്നവരുണ്ട്. അതിന്റെ സ്വാധീന ചുറ്റുപാടുകൾ എന്ന യാഥാർത്ഥ്യത്തിൽ ജീവിക്കുമ്പോഴും അതിന്റെ ശരി തെറ്റുകളെ കൃത്യമായി വേർതിരിച്ചു കാണുന്നവരുണ്ട്. അങ്ങനെ കാണുമ്പോൾ അതിനെ അസഹിഷ്ണതയോടെ വീക്ഷിക്കുന്നവരുമുണ്ട്. അതുപോലെ തന്നെ സാംസ്കാരിക പ്രവർത്തകർ തന്നെ ഇത്തരം അടിമത്തബോധത്തിലേക്ക് ഒരു യുക്തിയുമില്ലാതെ എത്തിപ്പെടുന്നു എന്നത് വേദനയോടെ കാണുന്നവരുമുണ്ട്.

No comments:

Post a Comment

ഗോലി സോഡാ

നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ പലരും ഗോലി സോഡാ കഴിക്കുന്നത് കണ്ട് , ഗോലി സോഡാ കഴിക്കണമെന്ന് മോഹം തോന്നി തുടങ്ങിയിരുന്നു. പിന്നെ കാണുന്നത് സെവൻ...