ഒരു കമ്പനിയിൽ ജോലിക്കുള്ള ഇന്റർവ്യൂ
നടക്കുന്നു. ഉത്തരം പറയുന്ന വ്യക്തിക്ക് ജോലി ലഭിക്കാനുള്ള എല്ലാ യോഗ്യതയുമുണ്ടെന്ന്
അയാളുടെ സംസാരം അടുത്ത മുറിയിൽ ഇരുന്ന് കേട്ട എനിക്ക് കൃത്യമായി ബോധ്യപ്പെട്ടു. പക്ഷെ
ഇന്റർവ്യൂ ചെയ്യുന്ന വ്യക്തി ഇയാളെ എടുക്കാതിരിക്കാൻ എന്താണ് മാർഗം എന്ന രീതിയാണ് ചോദ്യങ്ങൾ
ചോദിക്കുന്നത്. അവിടെ ഈ വള്ളിയുടെ അർത്ഥം എന്താണ്. ഈ പുള്ളിയുടെ അർത്ഥം എന്താണ്. ഉന്നതമായി
മാർക്ക് വാങ്ങി, ഒരു വലിയ കമ്പനിയിൽ ജോലിയും ലഭിച്ച് നാല് വർഷം ഒരു രംഗത്ത് ജോലി ചെയ്ത
വ്യക്തിയോട് അതിനേക്കാൾ രണ്ടു വർഷം കൂടുതലുള്ള ഒരാൾ ചോദ്യങ്ങൾ ചോദിക്കുന്നത് കേട്ടപ്പോൾ
സഹതാപം തോന്നി. അത് ഞാൻ ക്ഷമിച്ചു. ചോദ്യങ്ങൾ ആർക്കും ചോദിക്കാം. ചോദ്യങ്ങൾ ചോദിക്കുന്നത് തെറ്റല്ല. അവസാനം അവന് ഒരു വിവരവുമില്ല എന്ന് ഇന്റർവ്യൂ ചെയ്ത
ആൾ അവിടെ ഇരുന്ന് പറഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി. ആ ജോലി ചെയ്യാൻ വേണ്ടതിൽ കൂടുതൽ ബുദ്ധിയും
അറിവും ആ വ്യക്തിക്ക് ഉണ്ടെന്ന് എനിക്ക് ബോധ്യപ്പെട്ടു.
ഒരു പക്ഷെ, ആ വിഷയത്തിൽ, ഇന്റർവ്യൂ ചെയ്യുന്ന വ്യക്തിയേക്കാൾ കൂടുതൽ അറിവുണ്ടെന്ന് പറഞ്ഞാലും തെറ്റില്ല. ഉത്തരങ്ങൾ പറഞ്ഞ സമീപനത്തിൽ ഒരു തെറ്റും എനിക്ക് കണ്ടു പിടിക്കാനായില്ല. ശബ്ദം, ഭാഷ, ശൈലി എല്ലാം കിറു കൃത്യം. ആകെയുള്ള തെറ്റ്, ഉത്തരം പറഞ്ഞയാൾ ചോദിച്ചയാളെക്കാൾ കുറച്ചുകൂടി കാര്യക്ഷമതയുള്ളവനാണെന്നത് മാത്രമായിരുന്നു.
കുടിയന്റെ സ്റ്റേജ് തമാശ എനിക്ക് ഓർമ്മ വന്നു. "എന്റെ സുഹൃത്തുക്കളെ തനിക്ക് അറിയില്ല...അതുകൊണ്ട് "
എൻ്റെ കൂടെയുള്ള ഒരുവൻ പറഞ്ഞു "അത് വലിയ തെറ്റാണു,
ചിലർക്ക്. യു ഡോണ്ട് ഗെറ്റ് ഇറ്റ് "
"എന്തെങ്കിലുമാകട്ടെ എന്റെ കാര്യമല്ല. അയാളുടെ ടീം അയാളുടെ ജോലി."
ഞാനും മറുപടി പറഞ്ഞു.
"കഴിവുള്ളവരെ എടുത്താൽ തലവേദനയാണ്."
കൂട്ടുകാരൻ മറുപടി പറഞ്ഞു.
"പിന്നെ മറ്റേ വർത്തമാനം പറയരുത്..."
"ഏത് ?"
"ടാലന്റ് കിട്ടാനില്ലെന്ന ഉടായിപ്പ്..."
"അതൊക്ക അങ്ങനെ നടക്കും. പൊതുജനം
ബഹുവിധം."