Saturday, 13 June 2020

അവിഹിത രഹസ്യ ഗർഭം


കാലത്തിനോ സമയത്തിനോ പ്രാധാന്യമില്ല. ദിവസത്തിനും പ്രാധാന്യമില്ല. കൊല്ലത്തിനും മാസങ്ങൾക്കും പ്രാധാന്യമില്ല. എന്നാലും ലോന അതോർക്കുന്നു. അത് നടന്നത്, 95-ലെ ഫെബ്രുവരിയിലെ ഏതോ ദിവസമായിരുന്നു. കുരുമുളക് വള്ളികൾ വളഞ്ഞു പുളഞ്ഞു കയറിയ തിങ്ങിനിറഞ്ഞ കവുങ്ങ് തോട്ടത്തിൽ നടന്ന ഒരു വിചിത്രമായ കണ്ടുപിടിത്തം. ജോര്ജട്ടൻ വല്ലാത്ത ആകാംഷയോടെ അന്നത്തെ  നടത്തവും വെള്ള നനയും  അവസാനിപ്പിച്ചു. നടത്തത്തിനിടയിൽ അത് ശ്രദ്ധിച്ചു. പറമ്പിന്റെ ആരും ശ്രദ്ധിക്കാത്ത മൂലയിൽ കുറെ ചാരം കൂട്ടിയിട്ടിരിക്കുന്നു. വളരെയധികം ശ്രദ്ധയോടെ ജോർജ്ജ് ഒരു പിടി ചാരം കയ്യിൽ എടുത്തു. പുറത്തെ ടാപ്പിൽ നിന്നും കാലുകൾ കഴുകി ജോർജ്ജ് അടുക്കളയിലേക്ക് കയറി. "ടീച്ചറെ ഇത് കണ്ടോ... ഇവിടെ എന്തൊക്കൊയോ ക്രിമിനൽ പരിപാടികൾ നടക്കുന്നുണ്ടോ. ഇവിടെ ആരോ പേപ്പറുകൾ കത്തിച്ചിരിക്കുന്നു. കത്തിച്ചവർക്ക് ഇത് ആരും കാണരുതെന്ന് നിർബന്ധമുണ്ടെന്ന് തോന്നുന്നു. പിന്നിലെ ഗേറ്റുകൾ സ്ഥാനം മാറിയിരിക്കുന്നുണ്ട്.” ടീച്ചർ എന്നത് അമ്മയുടെ വിളിപ്പേരായിരുന്നു. പറമ്പിലെ പണിക്കാർ മാത്രം വിളിക്കുന്ന, അമ്മ സ്വയം അംഗീകരിച്ച വിളിപ്പേര്. ടീച്ചർ ചിരിച്ചു. "ആ ഗേറ്റ് അല്ലെങ്കിലും അത്ര നല്ലതല്ല...എപ്പോഴും ഇളകിയാടുന്നതാണ്." അതിൽ അത്ഭുതമില്ലെന്ന് ടീച്ചർ പറഞ്ഞു.



"പക്ഷേ, നോക്കൂ..ഈ വെള്ള കടലാസുകൾ കത്തിച്ചിരിക്കുന്നത്, എനിക്ക് ഉറപ്പാണ്. ഇത് പുതിയ പേപ്പറുകൾ ആണ്. ഇത് ഇന്നലെ കത്തിച്ചതാണ്. എന്തായിരിക്കും ഇതിന് കാരണം? മതിലുകളിൽ ഇലക്ടിക്ക് വയറിങ് നടത്തണോ ?"



"നിങ്ങൾ വെറുതെ അനാവശ്യ പ്രശ്നം ഉണ്ടാക്കേണ്ട. ഇതൊക്ക ചെറിയ കാര്യങ്ങൾ. കറന്റ് കടത്തിവിട്ട് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കേണ്ട.." വേലിയും മതിലും കെട്ടിയാലും പ്രശ്നം, കെട്ടിയില്ലെങ്കിലും പ്രശ്നം. നിസ്സംഗതയോടെ ജോർജേട്ടൻ പുറത്തേക്ക് നടന്നു.





ലോന  ആ സംഭവം ആലോചിച്ച് ചിരിച്ചുകൊണ്ടിരുന്നു. ആദ്യ സാഹിത്യ കുട്ടിയെ അബോർഷൻ നടത്തിയതാണെന്ന് അന്ന് ലോന പറഞ്ഞില്ല. പിന്നിലെ വിറകടുപ്പിൽ കത്തിച്ചാൽ 'അമ്മ ശകാരിക്കുമെന്ന് ലോനക്കറിയാമായിരുന്നു.' അതിന് രണ്ട് കാരണങ്ങളാണ്. ഒന്ന് തോന്നിവാസം എഴുതാൻ എത്രയോ റഫ് നോട്ട് പുസ്തങ്ങൾ ഉള്ളപ്പോൾ എന്തിനാണ് പുതിയ ഏ ഫോർ പേപ്പറുകൾ വാങ്ങിയതെന്ന് ബോധിപ്പിക്കേണ്ടിവരും. അത് അന്താരാഷ്ട്ര പ്രശ്നമാകും. രണ്ടാമതായി എഴുതിയത് ആർക്കെങ്കിലും വായിച്ചു കേൾപ്പിക്കേണ്ടിവരും. അത് അതിനേക്കാൾ വലിയ നാണക്കേടാകും. തനിക്ക് തന്നെ മനസിലാകുന്നില്ല. അതും കഴിഞ്ഞ്  ഇതൊരു ആഗോള സാമ്പത്തിക വിഷയമായി മാറിയേക്കാം. അവിടെ കട നടത്തുന്ന ഇട്ടൂപ്പേട്ടൻ ഭാവിയിൽ ഒരു നോവലിസ്റ്റിന് വിൽക്കാൻ സാധ്യതയുള്ള എല്ലാ എ4 പേപ്പറുകളുടെ കച്ചവടവും  ഇല്ലാതായേക്കാം.



ആനിയും മോശമായിരുന്നില്ല. ഒരിക്കൽ അവൾ എഴുതിയിരുന്നു. ഒരു കവിത. ഒരേയൊരു കവിത. അതോ കഥയാണോ? അറിയില്ല ലോന അവളോട് ചോദിച്ചപ്പോൾ ആ പേപ്പർ വെയിസ്റ് ബാസ്കറ്റിൽ കീറി എറിഞ്ഞു. പിന്നീട് അവൾ അതെടുത്ത് ഒരു ബക്കറ്റ് വെള്ളത്തിൽ മുക്കി. ലോന അതെടുത്ത് യോജിപ്പിക്കാൻ ഒരു ശ്രമം നടത്തി. ആനി കടലാസ്സ് കഷ്ണങ്ങൾ പിടിച്ചു വാങ്ങി വായിൽ തിരുകി വിഴുങ്ങി കളഞ്ഞു. അവളുടെ ആദ്യ വരികൾ ലോനയ്ക്കും വായിക്കാൻ കഴിഞ്ഞില്ല. പിന്നെ അവൾ എഴുതിയിട്ടില്ല. ആദ്യ കഥയോ കവിതയോ അവിഹിത രഹസ്യ ഗർഭം പോലെ ചിലർ അവസാനിപ്പിക്കും. ചിലർ രഹസ്യമായി ദൂരെ സ്ഥലങ്ങളിൽ വളർത്തും. മിക്കവാറും ആദ്യ കഥകളും കവിതകളും അങ്ങനെയാണോ?

No comments:

Post a Comment

ഗോലി സോഡാ

നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ പലരും ഗോലി സോഡാ കഴിക്കുന്നത് കണ്ട് , ഗോലി സോഡാ കഴിക്കണമെന്ന് മോഹം തോന്നി തുടങ്ങിയിരുന്നു. പിന്നെ കാണുന്നത് സെവൻ...