സ്റ്റാൻഫോർഡിലെ, ഏറ്റവും ഉന്നതമായ ബിസിനസ്
പഠനം പൂർത്തിയാക്കിയ പ്രിയപ്പെട്ട കൂട്ടുകാരെ; നിങ്ങളോട് ഞാൻ എന്താണ് സംസാരിക്കേണ്ടത്?
ഇന്ത്യയിലെ ചിണ്ടൂർ എന്ന ഒരു ഗ്രാമത്തിൽ നിന്നും
വരുന്നെനിക്ക് ഇവിടെ നിങ്ങളുടെ മുന്നിൽ എന്ത് പറയണമെന്നറിയാതെ ചിന്തയിൽ മുഴുകിയപ്പോൾ
ഒരു കഥ ഓർമ്മ വന്നു. ഒരു പക്ഷെ ഏതൊരു ബിസിനസ് മാനേജറും എല്ലാ ദിവസും കടന്നുപോകുന്ന
വികാരങ്ങൾ അടങ്ങിയ ഒരു മലയാളം സിനിമയുടെ ഭാഗം നിങ്ങളുടെ മുന്നിൽ ഞാൻ അവതരിപ്പിക്കട്ടെ.
സ്‌ക്രീനിൽ കാണുന്നത് ഞങ്ങളുടെ പ്രിയപ്പെട്ട കുതിരവട്ടം പപ്പുവാണ്. ഒരു റോഡ് റോളർ ഓടിക്കുന്നതിന്
പപ്പുവിനെ കൊണ്ടുവരുമ്പോൾ, പപ്പു സംസാരിക്കുന്നത് നിങ്ങൾ കേൾക്കുക. പപ്പു സ്വന്തം കഴിവുകൾ
ഇടനിലയിൽ പ്രവർത്തിക്കുന്ന രാജുവിനെ ബോധ്യപ്പെടുത്തുന്നതും, അതിനായി പാടുപ്പെടുന്നതും നിങ്ങൾ ശ്രദ്ധയോടെ വീക്ഷിക്കുക.
അയാൾക്ക് കിട്ടിയിട്ടുള്ള അംഗീകാരങ്ങളും പ്രത്യേക
അനുഭവങ്ങളും ആ കുറഞ്ഞ സമയത്തിനുള്ളിൽ രാജുവിനെ
ബോധ്യപ്പെടുത്തുന്നു. 30 കിലോമീറ്റർ വേഗത്തിൽ വാഹനങ്ങൾ ഓടിക്കേണ്ട വളവും തിരിവുമുള്ള
താമരശ്ശേരി ചുരത്തിൽ 100 കിലോമീറ്റർ വേഗതയിൽ റോഡ് റോളർ ഓടിച്ചുവെന്ന് പറഞ്ഞ് രാജുവിന്റെ
പ്രശംസ പിടിച്ചു പറ്റുന്ന പപ്പുവായി നമ്മൾ തന്നെ മാറുന്ന സാഹചര്യങ്ങൾ ഉണ്ടാകാം.
ഒരേ സമയം
ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നതാണ് പപ്പുവിന്റെ വാക്കുകൾ. തൊഴിലെടുക്കാൻ വരുന്ന പപ്പുവിന്റെ,
കഴിവ് തെളിയിക്കാൻ നടത്തുന്ന ശ്രമത്തിന്റെ
സൂത്രവും നിസ്സഹായതയും ഭാവിയിൽ നമ്മൾ
ഓരോ മനുഷ്യരും ഓരോ രീതിയിൽ അനുഭവിച്ചേക്കാം. വിപണി സമ്മർദ്ദം എന്ന പേരിൽ അതിനെ വിളിക്കാം, അല്ലെങ്കിൽ മറ്റു സമ്മർദ്ദങ്ങൾ.
തൊഴിൽദാതാവായ മോഹൻലാൽ, ഇപ്പൊ ശരിയാക്കിതരാമെന്ന് പറയുന്ന ജോലിയെടുക്കുന്ന പപ്പു, ഇവരെ ബന്ധിപ്പിക്കുന്ന
രാജു. ഈ മൂന്ന് വേഷങ്ങളുടെ വകഭേദങ്ങൾ നിങ്ങൾ ജോലി സ്ഥലങ്ങളിൽ നാളെമുതൽ ആടാൻ തുടങ്ങുകയാണ്.
ഇതിൽ തന്നെ പപ്പുവിന്റെ ഒരു വരി ഏറ്റവും പ്രാധാന്യം അർഹിക്കുന്നതാണ്. "മറ്റു ഡ്രൈവർമാർ പോലെയല്ല റോഡ് റോളർ ഡ്രൈവർ, എന്നെ കുറച്ചു കാത്തിരിക്കേണ്ടിവരും…" താൻ എടുക്കുന്ന
ജോലി അധികമാരും ചെയ്യാത്ത പ്രത്യേകതകൾ (unique skill) ഉള്ളതാണെന്ന് അഭിമാനത്തോടെ പറയുമ്പോൾ നമ്മൾ ചിരിക്കുന്നു. നാളെമുതൽ നിങ്ങളുടെ
ബിസിനസ് തൊപ്പികൾ പപ്പുവായും, രാജുവായും, മോഹൻലാലായും ആടിത്തിമിർക്കുമ്പോൾ പ്രകൃതിയെന്ന
നമ്മുടെ തീയറ്റർ മനോഹരമാക്കി നിലനിർത്താൻ എല്ലാവർക്കും കഴിയട്ടെ. വിവിധ വേഷങ്ങളിലൂടെ
നിങ്ങൾ എല്ലാവരും വിജയിക്കട്ടെ. നന്ദി.” ലോന.
I use this site to post my short spontaneous articles, short stories, views, my own drafts before publishing, Some articles could be comments on the books I have read. (English and Malayalam). In such notes, it will never be judgements on those books. Please consider these as my own introspections or simple expressions after reading few books. Some posts could be some subjects that may trigger my imagination (english or malayalam). This is not a paid activity from anyone..Thanks Lyons
Saturday, 29 February 2020
Friday, 28 February 2020
പാപ്പരാസികളുടെ കണ്ണ് വെട്ടിച്ച് 20 മിനിറ്റ്
അവളുടെ ഒരു ഫോട്ടോ സംഘടിപ്പിക്കാനുള്ള
ആദ്യ ശ്രമം പരാജയപ്പെട്ടു. അവളുടെ
ശബ്ദം ഒരു തവണ കേൾക്കാൻ അയാൾ നിരന്തര ശ്രമങ്ങൾ നടത്തിക്കൊണ്ടിരുന്നു. ലിഡിയ, എല്ലാ ദിവസവും അയാൾ ബൈക്കിൽ പോകുമ്പോൾ ബസ് സ്റ്റോപ്പിൽ കാണുന്ന ഒരു സുന്ദരിയുടെ മുഖം. കിളിപുരത്തെ ബസ് സ്റ്റോപ്പിൽ വെച്ചു സംസാരിച്ചാൽ, അവളുമായി സംസാരം തുടങ്ങുന്നതിനു മുമ്പേ അവരുടെ കിളിപോകും എന്നറിയാവുന്നതുകൊണ്ടും, നോക്കിയാൽ തന്നെ നാട്ടിൽ പ്രസവം തൊട്ട് അടിയന്തരം വരെ കിളിപുരം നാട്ടുകാർ 24 മണിക്കൂറിനുള്ളിൽ നടുത്തുമെന്ന ചിന്തയും ജോണിനെ ആ ഉദ്യമത്തിൽ നിന്നും പിന്തിരിപ്പിച്ചു. ബസ് പുന്നാഗം എത്തിയാൽ അവൾ ഇറങ്ങും. അവിടെ നിന്ന് ഇരുപതു മിനിറ്റ് നടന്ന് സോങ്കാൽ ജംക്ഷനിൽ കമ്പ്യൂട്ടർ സെന്ററിലെത്തും. കിളിപുരത്തെ ബസ് യാത്രക്കാർ പുന്നാഗം എത്തിയാൽ തിരിഞ്ഞു പടിഞ്ഞാറ് കോട്ടപ്പുറം വഴി യാത്ര തുടരും.
ജോണിന് നാട്ടുകാരുടെ കണ്ണുവെട്ടിച്ചു കിട്ടുന്നത് ആ 20 മിനിട്ടാണ്. അതിനുള്ളിൽ അവളുമായി സംസാരിക്കണം. പിന്നെയുമുണ്ട്
പ്രശ്നങ്ങൾ അയാൾ ആ വഴിയിൽ നടക്കേണ്ട കാര്യമെന്താണെന്ന് അവളെ സ്വാഭാവികമായി ബോധ്യപ്പെടുത്തണം.
ബൈക്ക് പുന്നാഗത്ത് മെഡിക്കൽ ഷോപ്പിന്റെ വശത്തു മാറ്റിവെച്ചു. അവൾ ബസ് ഇറങ്ങുന്ന അതെ
സമയത്ത് കുറച്ചു മുമ്പായി വളരെ വേഗത്തിൽ ജോൺ നടന്നു. ഏതാണ്ട് ഒരു മാസം പല ദിവസങ്ങളിലായി അവളുടെ കാഴ്ചയിൽപ്പെടുന്ന വിധത്തിൽ
ജോൺ വളരെ വേഗത്തിൽ നടന്ന് കൊണ്ടിരുന്നു. പിന്നെ കുറച്ചു ദിവസം അവളുടെ എതിരെ
നടന്നു വന്നു കൊണ്ടിരുന്നു. രണ്ടു മാസത്തെ തുടർച്ചയായ നടത്തം. 'റാൻഡം സിമുലേഷൻ വാക്കിങ്'
ഇതിനിടയിൽ സുഹൃത്ത് കേശുവിന്റെ കണ്ണ് ജോണിന്റെ ബൈക്കിൽ ഉടക്കി. ബസ്റ്റോപ്പിൽ നിന്നും 50 മീറ്റർ മാറി പാർക്ക് ചെയ്തിരിക്കുന്ന ജോണിന്റെ ബൈക്ക് ശ്രദ്ധയിൽപ്പെട്ടു. പല തവണ ബൈക്ക് മാറ്റി വെച്ച് ബസ്റ്റോപ്പിൽ നിൽക്കുന്ന ജോണിനെ കണ്ടപ്പോൾ കേശുവിന് എന്തോ സംശയം തോന്നി കാണണം. കോളേജിൽ വെച്ച് കേശു പോലീസ് ഡിറ്റക്ടിവിനെ പോലെ ചോദിച്ചു "നീ ബൈക്കിലല്ലേ കോളേജിൽ വന്നത്.?"
"അതെ.."
"പുന്നാഗം ബസ്റ്റോപ്പിൽ കണ്ടല്ലോ ?"
"പെട്രോൾ കഴിഞ്ഞതാണ്."
കേശു തലയാട്ടി. "ശരി ശരി..."
അവിടെ നിന്ന് മുന്നോട്ട് നടക്കുമ്പോഴേക്കും സെഫാനിയും കേശുവിന്റെ ചോദ്യം
ആവർത്തിച്ചു "ഇന്ന് ജോണിനെ പുന്നാഗത്ത് കണ്ടല്ലോ…"
"ഇല്ല, ഒരാളെ മീറ്റ് ചെയ്യാൻ പോയതാണ്."
"ഇന്നലെയും കണ്ടല്ലോ …"
"ഇന്നലെ ആളെ കാണാൻ പറ്റീല."
ഈ സംഭവത്തിന് ശേഷം ജോൺ ഉറച്ച തീരുമാനമെടുത്തു, ലിഡിയയുമായി ഉടനെ സംസാരിക്കുകതന്നെ. അതിനായി ഒരു ദിവസം തിരഞ്ഞെടുത്തു. പതിവുപോലെ വളരെ വേഗത്തിൽ നടക്കാൻ തുടങ്ങുന്നതിനിടയിൽ എത്രയോ
കാലം മുമ്പേ പരിചയമുള്ള വ്യക്തിയെപ്പോലെ, വളരെ
സ്വാഭാവികമെന്നോണം അവളോട് ചോദിച്ചു "ഇപ്പൊ ഇവിടെയാണോ ക്ലാസ് ?"
“കോളേജിലേക്ക് ഈ വഴിയാണോ പോകുന്നത്?” ലിഡിയ തിരിച്ച് ചോദ്യം എറിഞ്ഞു.
“അതെ ചില ദിവസങ്ങളിൽ. ബസ് അവിടെ നിന്ന് കിട്ടാൻ എളുപ്പമാണല്ലോ. റൌണ്ട് അടിക്കാതെ രക്ഷപ്പെടാൻ…”
പത്ത് മിനിട്ടു സംസാരം തുടർന്നു. ഇരുപത് മിനിറ്റ് സമയം അവളുടെ ഒപ്പം നടക്കാമെങ്കിലും മറ്റെന്തോ പറഞ്ഞു അവളുടെ ശ്രദ്ധ തിരിച്ച് അവളുടെ അടുത്ത് നിന്നും അന്ന് രക്ഷപ്പെട്ടു. പിന്നെ ബൈക്കും എടുത്ത് 5 കിലോമീറ്റർ റൌണ്ട് അടിച്ച് കോളേജിൽ എത്തി.
കോളജ് ഗേറ്റിൽ വെച്ച് കേശു ജോണിന്റെ ബൈക്ക് തടഞ്ഞു. "നീ ആ ബന്ധം തുടങ്ങുന്നത് പോലും മാറ്റിവെക്കേണ്ടിവരും...അത് വേണ്ടടാ ."
“അവൾ നല്ല ഫാമിലിയിലെ ഒരു കുട്ടിയല്ലേ. നിന്നെപ്പോലെ കള്ളുകുടിച്ചു കഞ്ചവടിച്ചു നടക്കുന്ന… എന്തിനാണ് ആ കുട്ടിയുടെ ഭാവി ഇല്ലാതാക്കുന്നത് ?”
“ഐ നോ ഷീ ഈസ് വെരി ഗുഡ് , ഐ വിൽ നോട്ട് സ്പോയിൽ..”
Tuesday, 25 February 2020
നാടൻ തെരുവ് പട്ടികൾ
ഒരുമിച്ച് പാട്ടുപാടുന്നതല്ല. അവരെ കൊണ്ട്
പാടിപ്പിക്കുന്നതാണ്. പട്ടാളക്കാരുടെ ബ്യുഗിളുകൾ മാത്രമേ അത്ര കൃത്യമായി പാടുന്നത്
നാട്ടുകാർ കേട്ടിട്ടുള്ളു. രണ്ടു നാടൻ പട്ടികളും കാലത്ത് തന്നെ ഒരുമിച്ച് ഓരിയിടാറുണ്ട്.
എല്ലാ ദിവസും ഈ ചടങ്ങ് പതിവാണ്. അത് അവരുടെ ജോലിയാണ്. പിന്നിലെ ശ്‌മശാനത്തിലേക്ക് വരാൻ പോകുന്ന ശവങ്ങൾക്ക്
കൊടുക്കുന്ന സ്വീകരണഗാനമാണെന്ന് ചായക്കടക്കാരൻ ചോപ്പു കരുതുന്നു. ചോപ്പാവിന്റെ ചായക്കടയിൽ
വരുന്നവർക്കും ഈ ഓരിയിടൽ ശീലമായിരുന്നു. മരിക്കാൻ തയ്യാറായി നടക്കുന്ന ആത്മാക്കളെ കാണുമ്പോൾ
പട്ടികൾ പാടുമെത്രെ. എല്ലാവരും അത് വിശ്വസിക്കുന്നില്ല. ആത്മാക്കളെ കാണുമ്പോൾ ഓരിയിടുന്ന
ശബ്ദം പോലെയല്ല മൃതദേഹം കാണുമ്പോഴുള്ള ഓരിയിടൽ. ആദ്യ ഗാന രീതി സ്വാഗത ഗാനം പോലെയാണ്.
രണ്ടാമത്തെ ഓരിയിടൽ മൃതദേഹം കാണുമ്പോൾ ബഹുമാനത്തിന്റെ
സംഗീത ശബ്‍ദങ്ങൾ. പ്രായമായവർക്ക് കൃത്യമായി വ്യത്യാസങ്ങൾ തിരിച്ചറിയാം. അഞ്ച്
ദിവസമായി ഇവിടെ ശവങ്ങൾ അടക്കം ചെയ്യുന്നില്ല. ഗവണ്മെന്റ് നിർദ്ദേശമുണ്ട്. എല്ലായിടത്തും പോലീസ് ഓടി നടക്കുന്നു. നഗരം വൃത്തിയാക്കുന്ന
ജോലി പോലീസ് ഏറ്റെടുത്തു. ഒരു നല്ല മതിലും കെട്ടിയിരിക്കുന്നു. കുറച്ചു ദിവസത്തേയ്ക്ക്
അവിടുത്തുകാർ വേറെ ശ്മശാനത്തിലേക്ക് ശവങ്ങൾ കൊണ്ടുപോകണം. ജോപ്പു പറഞ്ഞു "കണ്ടോ,
പട്ടികൾ ഓരിയിടുന്നില്ല. ശവങ്ങൾ ഇവിടേക്ക് കൊണ്ടുവരാൻ പാടില്ലെന്നുള്ള നിർദ്ദേശമുള്ളതു
കൊണ്ട്, ആത്മാക്കൾ ഈ വഴി വരുന്നില്ല."
"നിങ്ങൾക്ക് വട്ടാണ് അവർ ഓരിയിടാത്തതിന്
പല കാര്യങ്ങൾ കാണും. അതിനു ശവങ്ങളും, ആത്മാക്കളുടെ സഞ്ചാരവുമായി ഒരു ബന്ധവുമില്ല. ആ
പട്ടികൾ തമ്മിൽ കാര്യമായി എന്തെങ്കിലും സംസാരിക്കുന്നതായിരിക്കും." ജോപ്പാവിന്റെ ഭാര്യ വിഷയം മാറ്റി. അത് പറഞ്ഞു ആശ്വസിക്കുമ്പോഴും
ഭാര്യയുടെ ഉള്ളിൽ പട്ടികളുടെ ഓരിയിടൽ ഒരു ചെറിയ ഭയം ജനിപ്പിച്ചു. ഭർത്താവ് പറഞ്ഞതിൽ
കാര്യമുണ്ടെന്ന് അവൾ ചിന്തിച്ചു. വലിയ പ്രസിഡന്റ് വരുന്നതുകൊണ്ടല്ല പട്ടികൾ കരച്ചിൽ
നിർത്തിയതെന്നു ഭാര്യക്കും ഉറപ്പുണ്ട്. ഉള്ളിലെ ഭയം മാറുന്നതിനു ഭർത്താവിനെ ഉപദേശിച്ചതാണ്.
ശ്മാശാനത്തിലേക്കു വന്ന ആത്മാക്കൾ ഇതുവരെ അവരെ ഉപദ്രവിച്ചിട്ടില്ല. മനുഷ്യരേക്കാൾ നല്ലവരാണ്
ആത്മാക്കളും ശവങ്ങളും. എങ്കിലും അവരെ ഭയത്തോടെ കാണുന്നത് നാട്ടുനടപ്പാണല്ലോ.
******
"എന്തിനാണ് മതിൽ കെട്ടുന്നത്.?"
"നമ്മൾ തെരുവ് പട്ടികൾ. നമുക്ക്
ഇത് ചോദിക്കാനുള്ള അർഹതയില്ലല്ലോ. നമ്മളെ കാണാൻ ഭംഗിയില്ല. ഏതോ വലിയ രാജ്യത്തിന്റെ
വലിയ നേതാവ് ഇവിടെ സന്ദർശിക്കുന്നുവെന്നാണ് കേട്ടത്. ആ മനുഷ്യൻ നമ്മളെ കാണാതിരിക്കാൻ
മതിൽ കെട്ടുന്നു. അത് വലിയ ആൾക്കാരുടെ സൽക്കാരത്തിന്റെ ഭാഗമാണ്. ഡോണി എന്തെങ്കിലും
നക്കിത്തിന്ന് ആ വശത്ത് എവിടെയെങ്കിലും കിടന്നുറങ്ങു.."
"അല്ലെങ്കിൽ പിന്നെ എന്നും ബിരിയാണിയാണല്ലോ
കഴിക്കുന്നത്. ഈ തെരുവിലെ പാവപ്പെട്ട മനുഷ്യരുടെ എച്ചിലും തിന്നു ജീവിക്കുക. മരണം വരെ…" പോണി
പട്ടി ഡോണിയെ ഉദാസീനമായൊന്ന് നോക്കി.
"നമ്മൾ നാടൻ തെരുവ് പട്ടികളാണ്. പേരറിയാത്ത ആരൊക്കെയോ ആർക്കോ പണി കൊടുത്ത് നമ്മൾ
പെറ്റു പെരുകി." ഡോണി ഉപദേശിച്ചു. അവൻ തുടർന്നു.
"ഇവിടെ വലിയ മതിൽ പണിതാൽ നമുക്ക്
ഗുണം ഉണ്ടാകാൻ സാധ്യതയുണ്ട്. അതുകൊണ്ട് ആ മനുഷ്യ ജീവികളെ എതിർക്കേണ്ട." ഡോണി പട്ടി
ബുദ്ധി പറഞ്ഞു.
"ഞാൻ ആരെയും എതിർത്തില്ല. മതിൽ പണിയുന്നുവെന്ന് കേട്ടപ്പോൾ ചെറിയ ശബ്‍ദത്തിൽ കുരച്ചു." പോണി
പട്ടി പിൻവാങ്ങി.
"അത് മതി. ഇനി കുരയ്ക്കേണ്ട. ഒരു
വലിയ സാധ്യത വരുന്നുണ്ട്. ഈ മതിൽ പണി കഴിഞ്ഞാൽ ഒരുപാട് വലിയ മനുഷ്യർ ആ വഴി പോകും. കൂടെ
അവരുടെ ലേബർഡോഗ്, അൾസേഷ്യൻ, ജർമ്മൻ ഷെപ്പേർഡ് തുടങ്ങിയ അവരുടെ സഹായി പട്ടികൾ ഉണ്ടാകും.
അവർ ബിരിയാണി കഴിക്കും. ബാക്കി വരുന്ന ബിരിയാണി ഈ തെരുവിലേക്ക് വലിച്ചെറിയും. മുഴുവൻ
കഴിക്കാൻ അവർക്ക് കഴിയില്ല. അങ്ങനെ നമ്മളും ബിരിയാണി കഴിക്കും. നമ്മളും വലുതാകും.
അവർ പുതിയ
രീതിയിലുള്ള ഓർഗാനിക് പാക്കറ്റ് ഭക്ഷണങ്ങൾ കഴിക്കാറുണ്ട്. മുതലാളിമാർ അവർക്ക് പ്രത്യേകമായി
വാങ്ങികൊടുക്കുന്നതാണ്. നമ്മുക്കും പാക്കറ്റ് ഭക്ഷണങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്.
ഡോബർ മാനെപോലെ
നമ്മുക്കും
മോഡേൺ ആകാമല്ലോ.."
"കൊള്ളാമല്ലോ ഡോണി നിന്റെ ബുദ്ധി."
"ബുദ്ധിയൊന്നുമല്ല, നമ്മുടെ നാട്ടിൽ
മാത്രമല്ല ലോകത്തെവിടെയും മതിലുകൾ ഉണ്ട്. തുറന്നു കിടക്കുന്ന സ്ഥലത്തേക്കാൾ കൂടുതൽ
ബിരിയാണിയും പാക്കറ്റ് ഡോഗ് ഫുഡും കിട്ടാനുള്ള സാധ്യത മതിലുകളുടെ വശങ്ങളിലാണ്."
ഇതിനിടയിൽ കൂട്ടുകാരായ മറ്റു പട്ടികൾ
ഏതോ ഭക്ഷണപ്പൊതിയിൽ പിടിവലി കൂടുന്നത് പോണി കണ്ടു. ‘ഡോണി തന്നെയാണ് ശരി. എത്രകാലം ഇങ്ങനെ
ചെറിയ ഭക്ഷണപ്പൊതിയിൽ തല്ലുകൂടി ജീവിക്കും? എത്രയും വേഗം അവർ മതിൽ കെട്ടി തീർക്കട്ടെ.
ഇടയ്ക്ക് മൂത്രമൊഴിക്കാൻ ഒരു മറയുമായി.’ പോണി ആത്മഗതം ചെയ്തു.
പോണി തുടർന്നു. "അത് ശരിയാണ് ഡോണി.
അവർ മതിൽ പണിയുമ്പോൾ നമ്മുടെ ആഗ്രഹം സഫലമാകും. തീറ്റ കൂടുമ്പോൾ ഒരു മതിലുണ്ടാവുന്നതുതന്നെയാണ്
നല്ലത്. നമ്മുടെ എല്ലാ കൂട്ടുകാർക്കും ഭക്ഷണം കിട്ടുമോ?"
"എല്ലാവർക്കും തിന്നാൻ ഇഷ്ടംപോലെ
ലഭിക്കും. പതുക്കെ തിന്നാൽ മതി. ഭയപ്പെടേണ്ട. നമ്മളെപ്പോലെയുള്ള നാടൻ പട്ടികൾ ഇവരുടെ ഭാഗ്യമാണ്."
"ഭാഗ്യമോ? അതെന്താ മുനവെച്ച് സംസാരിക്കുന്നത് ഡോണി?"
"എല്ലാ രാജ്യങ്ങളിലും വലിയ മനുഷ്യർ സഞ്ചരിക്കുമ്പോൾ, ബാക്കി വരുന്ന ഭക്ഷണം
വലിച്ചെറിയാൻ കണ്ടെത്തുന്ന സ്ഥലമാണ് മതിലുകൾ. അത് കൊണ്ട് നമ്മൾ ഇതിനെ എതിർക്കരുത്.
രണ്ടാമത്തെ
കാര്യം ഇത് വലിയ ഏതോ രാജ്യത്തിന്റെ നേതാവാണ്, അവരുടെ കയ്യിൽ ഒരുപാട് സമ്പത്ത് ഉണ്ടത്രേ.
അവർ നമ്മുടെ ചേരികളെ വൃത്തിയാക്കാൻ സഹായിക്കും. നമ്മുക്കും അങ്ങനെ അവരുടെ ഫൈവ് സ്റ്റാർ ഭക്ഷണം ലഭിക്കും."
"അതെനിക്ക് മനസിലായി. പക്ഷേ നമ്മുടെ
വർഗ്ഗമായ ഡോബർമാനും, പൂഡിലും, അൽഷെസ്യനും, തൊപ്പക്കാരൻ പോമറേനിയനും ഈ മനുഷ്യരുടെ കാറിൽ
സഞ്ചരിക്കുന്നത് കാണുബോൾ; സുന്ദരികളായ പെണ്ണുങ്ങൾ കൊണ്ടുനടക്കുന്നത് അവരെയാണ്. നമ്മുക്ക്
എന്താണ് കുറവ് ?”
"പോണി... നീ വെറുതെ അതുമിതും പറയല്ലേ.
നമ്മൾ നാടൻ നായ്ക്കൾ അനുഭവിക്കുന്ന ഒരു ഫ്രീഡം;
അതൊരിക്കലും അവർക്ക് ലഭിക്കുകയില്ല."
"അവർക്ക് ഒരു കുട്ടിയുണ്ടാകണമെങ്കിൽ
എന്തൊക്കെ കുത്തിവെച്ചു... കൂട്ടിൽ കിടത്തി എത്ര സൂക്ഷിച്ചാണ് കാര്യങ്ങൾ…"
"എന്നാലും അവരുടെ ജീവിതം തന്നെയാണ്
സുഖം. ഞാൻ കണ്ടിട്ടുണ്ടല്ലോ വലിയ കൊച്ചമ്മമാർ പൊമേറിയൻ പട്ടിയെ താലോലിച്ചു കാറിൽ നിന്നും
ഇറക്കുന്നതും കയറ്റുന്നതും… നമ്മൾ നാടൻ പട്ടികൾക്ക് എന്തായാലും ആ
സ്നേഹം ലഭിക്കുകയില്ല."
"നിനക്ക് ഭ്രാന്താണ്. അവർ മുഴുവൻ
സമയവും കൂട്ടിലാണ്. ഇടയ്ക്ക് നാട്ടുകാരെ കാണിക്കാൻ പുറത്തിറക്കുമ്പോളൊന്നു സ്നേഹിക്കും...
അത്രേയുള്ളു... അത് വെറും മുതലാളി ഷോ. " ഡോണി ഓർമ്മിപ്പിച്ചു.
"ഷോ ആണെങ്കിലും; പറയുമ്പോൾ പറയുകയാണ്...
എനിക്ക് പൊമേറിയൻ ആയി ജനിച്ചാൽ മതിയായിരുന്നുവെന്നാണ് തോന്നുന്നത്. ഒരു സിനിമ നടി
കൂട്ടിപ്പിടിച്ചു കൊണ്ട് നടക്കുന്നത് കാണുമ്പോൾ ഒരു ആഗ്രഹം.ചിലപ്പോൾ അവരുടെ കിടയ്ക്കയിൽ
കിടത്തുമെന്നാണ് ഞാൻ കേട്ടിട്ടുള്ളത്.”
ഡോണി പട്ടി പോണിയെ സംശയത്തോടെ നോക്കി. ‘അപ്പോൾ അതാണ് മോഹം.’
“ആ കാപ്പികടക്കാരൻ ജോമുവിന്റെ ടീവിയിൽ
ഞാൻ കണ്ടതാണ്.”
"അങ്ങനെയാണെങ്കിൽ എനിക്ക് ഡോബർമാൻ
ആവാൻ കൂടുതൽ ഇഷ്ടം. അവനാണ് അധികാരം കൂടുതൽ. അവന്റെ ശബ്ധത്തിൽ എല്ലാവരും ഭയക്കും
"
“എടാ വലിയ ഡോബർമാൻ ആയാൽ സ്നേഹം കിട്ടാൻ
ബുദ്ധിമുട്ടാണ്.”
“അതും ശരിയാണ്. സ്കൂൾ പ്രിൻസിപ്പലിനെ
കാണുമ്പോൾ കുട്ടികൾ ഭയക്കുന്ന പോലെ.”
“നമ്മൾ വല്ല പെയിന്റ് അടിച്ചു അവരായി
മാറാൻ കഴിയില്ലേ ഡോണി ?"
“നമ്മളെ കൊണ്ട് അവർക്ക് ഉപയോഗം ഉണ്ടാകണം.
അവർ കൂടെ കൂട്ടുന്ന പട്ടികളെല്ലാം അവർക്ക് ഉപയോഗമുള്ള, ജോലി ചെയ്യാൻ കഴിവുള്ളവരാണ്.
എന്തെങ്കിലും ചെയ്തു കഴിവ് തെളിയിക്കണം. വെറുതെ ആരും കാറിൽ കയറ്റില്ല.”
“അങ്ങനെ പറയരുത് ഡോണി.. അവരും കുരയ്ക്കുന്നു.
നമ്മളും കുരയ്ക്കുന്നു. അവർ കൂട്ടിനുള്ളിൽ കിടന്നു കുരയ്ക്കുന്നു. നമ്മൾ പുറത്തു നിന്ന്
കുരയ്ക്കുന്നു. അവരുടെ കുരയ്ക്ക് മാത്രം പ്രാധാന്യം എന്ന് പറയുന്നതിനോട്
എനിക്ക് യോജിപ്പില്ല.”
“കൂട്ടിനുള്ളിൽ കിടന്നു കുരയ്ക്കുന്ന
പട്ടികളുടെ വേദന നിനക്ക് മനസിലാവില്ല.”
“കേട്ടാൽ തോന്നും തനിക്ക് നല്ല പരിചയമുണ്ടെന്ന്.”
“നമ്മുടെ പട്ടി വർഗ്ഗത്തെ കുറിച്ച് ആ
ജോപ്പുവിന്റെ ടീവിയിൽ ഡോക്യുമെന്ററി വന്നിരുന്നു. ഞാൻ കേട്ടതാണ്. കൂട്ടിൽ കിടക്കുന്നവർക്ക്
ഒരുപാട് ഉത്തരവാദിത്വം ഉണ്ടെന്നാണ് പറയുന്നത്. നമ്മളെപോലെയുള്ള തെരുവ് പട്ടികൾക്ക്
ആ ഉത്തരവാദിത്വം മനസിലാവില്ലത്രേ”
“അതൊക്ക ഞാനും എടുക്കാം... എന്നെ അടുത്ത
ജന്മത്തിലെങ്കിലും പൊമേറിയൻ ആക്കി ജനിപ്പിച്ചാൽ മതിയായിരുന്നു.”
“കുറച്ചു ദിവസമായി ആരെയും ഈ വഴി കാണുന്നില്ലല്ലോ.
ഏതായാലും നമ്മൾ പാട്ടുപാടി ഒരുപാട്‌പേരെ ഉറക്കി. കുറച്ചു ദിവസത്തേക്ക് ഓരിയിടലിനു വിശ്രമം
തന്നതിന് നേതാവിനോട് നന്ദി പറയണം. പ്രസിഡന്റ് പോയി കഴിഞ്ഞാൽ വീണ്ടും ശവങ്ങൾ
ഈ വഴി സെമിത്തേരിയിലേക്ക് വരും; ഈ മതിലും പൊളിക്കും. നമ്മൾ ഓരിയിടൽ ബഹുമാനം തുടർന്നുകൊണ്ടേയിരിക്കും…
അത്രതന്നെ
നമ്മൾ പട്ടികളുടെ ഗതി അത്ര തന്നെ.”
Subscribe to:
Posts (Atom)
ഗോലി സോഡാ
നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ പലരും ഗോലി സോഡാ കഴിക്കുന്നത് കണ്ട് , ഗോലി സോഡാ കഴിക്കണമെന്ന് മോഹം തോന്നി തുടങ്ങിയിരുന്നു. പിന്നെ കാണുന്നത് സെവൻ...
-
1960 - ചാണ്ടികുര്യൻ വറീത് മകനെയും കൂട്ടി കരിക്കോട് പെണ്ണ് കാണാൻ പോയി. സ്ഥിരം കലാപരിപാടികൾ തുടങ്ങി. ചായസൽക്കാരം, വെടിവട്ടം, കുടുംബ മഹിമ, പ...
-
പത്ത് രൂപയുടെ വില പത്ത് രൂപ തന്നെയാണ്. എന്നാൽ ചില സമയങ്ങളിൽ അതിന്റെ മൂല്യങ്ങളിൽ മാറ്റം വരാറുണ്ട്. പത്ത് രൂപയ്ക്ക് നിങ്ങൾക്ക് മിട്ടായി വാങ്ങി...
-
എന്റെ പേര് റിമസെൻ. വലിയ ഒരു കുടുംബത്തിലെ കൊച്ചുമകൾ. എന്റെ അമ്മയുടെ കുടുംബത്തിൽ അവർ ആറ് മക്കൾ. നാല് ആണ്മക്കളും രണ്ട് പെൺമക്കളും. അച്ചായ...