ഒരുമിച്ച് പാട്ടുപാടുന്നതല്ല. അവരെ കൊണ്ട്
പാടിപ്പിക്കുന്നതാണ്. പട്ടാളക്കാരുടെ ബ്യുഗിളുകൾ മാത്രമേ അത്ര കൃത്യമായി പാടുന്നത്
നാട്ടുകാർ കേട്ടിട്ടുള്ളു. രണ്ടു നാടൻ പട്ടികളും കാലത്ത് തന്നെ ഒരുമിച്ച് ഓരിയിടാറുണ്ട്.
എല്ലാ ദിവസും ഈ ചടങ്ങ് പതിവാണ്. അത് അവരുടെ ജോലിയാണ്. പിന്നിലെ ശ്‌മശാനത്തിലേക്ക് വരാൻ പോകുന്ന ശവങ്ങൾക്ക്
കൊടുക്കുന്ന സ്വീകരണഗാനമാണെന്ന് ചായക്കടക്കാരൻ ചോപ്പു കരുതുന്നു. ചോപ്പാവിന്റെ ചായക്കടയിൽ
വരുന്നവർക്കും ഈ ഓരിയിടൽ ശീലമായിരുന്നു. മരിക്കാൻ തയ്യാറായി നടക്കുന്ന ആത്മാക്കളെ കാണുമ്പോൾ
പട്ടികൾ പാടുമെത്രെ. എല്ലാവരും അത് വിശ്വസിക്കുന്നില്ല. ആത്മാക്കളെ കാണുമ്പോൾ ഓരിയിടുന്ന
ശബ്ദം പോലെയല്ല മൃതദേഹം കാണുമ്പോഴുള്ള ഓരിയിടൽ. ആദ്യ ഗാന രീതി സ്വാഗത ഗാനം പോലെയാണ്.
രണ്ടാമത്തെ ഓരിയിടൽ മൃതദേഹം കാണുമ്പോൾ ബഹുമാനത്തിന്റെ
സംഗീത ശബ്‍ദങ്ങൾ. പ്രായമായവർക്ക് കൃത്യമായി വ്യത്യാസങ്ങൾ തിരിച്ചറിയാം. അഞ്ച്
ദിവസമായി ഇവിടെ ശവങ്ങൾ അടക്കം ചെയ്യുന്നില്ല. ഗവണ്മെന്റ് നിർദ്ദേശമുണ്ട്. എല്ലായിടത്തും പോലീസ് ഓടി നടക്കുന്നു. നഗരം വൃത്തിയാക്കുന്ന
ജോലി പോലീസ് ഏറ്റെടുത്തു. ഒരു നല്ല മതിലും കെട്ടിയിരിക്കുന്നു. കുറച്ചു ദിവസത്തേയ്ക്ക്
അവിടുത്തുകാർ വേറെ ശ്മശാനത്തിലേക്ക് ശവങ്ങൾ കൊണ്ടുപോകണം. ജോപ്പു പറഞ്ഞു "കണ്ടോ,
പട്ടികൾ ഓരിയിടുന്നില്ല. ശവങ്ങൾ ഇവിടേക്ക് കൊണ്ടുവരാൻ പാടില്ലെന്നുള്ള നിർദ്ദേശമുള്ളതു
കൊണ്ട്, ആത്മാക്കൾ ഈ വഴി വരുന്നില്ല."
"നിങ്ങൾക്ക് വട്ടാണ് അവർ ഓരിയിടാത്തതിന്
പല കാര്യങ്ങൾ കാണും. അതിനു ശവങ്ങളും, ആത്മാക്കളുടെ സഞ്ചാരവുമായി ഒരു ബന്ധവുമില്ല. ആ
പട്ടികൾ തമ്മിൽ കാര്യമായി എന്തെങ്കിലും സംസാരിക്കുന്നതായിരിക്കും." ജോപ്പാവിന്റെ ഭാര്യ വിഷയം മാറ്റി. അത് പറഞ്ഞു ആശ്വസിക്കുമ്പോഴും
ഭാര്യയുടെ ഉള്ളിൽ പട്ടികളുടെ ഓരിയിടൽ ഒരു ചെറിയ ഭയം ജനിപ്പിച്ചു. ഭർത്താവ് പറഞ്ഞതിൽ
കാര്യമുണ്ടെന്ന് അവൾ ചിന്തിച്ചു. വലിയ പ്രസിഡന്റ് വരുന്നതുകൊണ്ടല്ല പട്ടികൾ കരച്ചിൽ
നിർത്തിയതെന്നു ഭാര്യക്കും ഉറപ്പുണ്ട്. ഉള്ളിലെ ഭയം മാറുന്നതിനു ഭർത്താവിനെ ഉപദേശിച്ചതാണ്.
ശ്മാശാനത്തിലേക്കു വന്ന ആത്മാക്കൾ ഇതുവരെ അവരെ ഉപദ്രവിച്ചിട്ടില്ല. മനുഷ്യരേക്കാൾ നല്ലവരാണ്
ആത്മാക്കളും ശവങ്ങളും. എങ്കിലും അവരെ ഭയത്തോടെ കാണുന്നത് നാട്ടുനടപ്പാണല്ലോ.
******
"എന്തിനാണ് മതിൽ കെട്ടുന്നത്.?"
"നമ്മൾ തെരുവ് പട്ടികൾ. നമുക്ക്
ഇത് ചോദിക്കാനുള്ള അർഹതയില്ലല്ലോ. നമ്മളെ കാണാൻ ഭംഗിയില്ല. ഏതോ വലിയ രാജ്യത്തിന്റെ
വലിയ നേതാവ് ഇവിടെ സന്ദർശിക്കുന്നുവെന്നാണ് കേട്ടത്. ആ മനുഷ്യൻ നമ്മളെ കാണാതിരിക്കാൻ
മതിൽ കെട്ടുന്നു. അത് വലിയ ആൾക്കാരുടെ സൽക്കാരത്തിന്റെ ഭാഗമാണ്. ഡോണി എന്തെങ്കിലും
നക്കിത്തിന്ന് ആ വശത്ത് എവിടെയെങ്കിലും കിടന്നുറങ്ങു.."
"അല്ലെങ്കിൽ പിന്നെ എന്നും ബിരിയാണിയാണല്ലോ
കഴിക്കുന്നത്. ഈ തെരുവിലെ പാവപ്പെട്ട മനുഷ്യരുടെ എച്ചിലും തിന്നു ജീവിക്കുക. മരണം വരെ…" പോണി
പട്ടി ഡോണിയെ ഉദാസീനമായൊന്ന് നോക്കി.
"നമ്മൾ നാടൻ തെരുവ് പട്ടികളാണ്. പേരറിയാത്ത ആരൊക്കെയോ ആർക്കോ പണി കൊടുത്ത് നമ്മൾ
പെറ്റു പെരുകി." ഡോണി ഉപദേശിച്ചു. അവൻ തുടർന്നു.
"ഇവിടെ വലിയ മതിൽ പണിതാൽ നമുക്ക്
ഗുണം ഉണ്ടാകാൻ സാധ്യതയുണ്ട്. അതുകൊണ്ട് ആ മനുഷ്യ ജീവികളെ എതിർക്കേണ്ട." ഡോണി പട്ടി
ബുദ്ധി പറഞ്ഞു.
"ഞാൻ ആരെയും എതിർത്തില്ല. മതിൽ പണിയുന്നുവെന്ന് കേട്ടപ്പോൾ ചെറിയ ശബ്‍ദത്തിൽ കുരച്ചു." പോണി
പട്ടി പിൻവാങ്ങി.
"അത് മതി. ഇനി കുരയ്ക്കേണ്ട. ഒരു
വലിയ സാധ്യത വരുന്നുണ്ട്. ഈ മതിൽ പണി കഴിഞ്ഞാൽ ഒരുപാട് വലിയ മനുഷ്യർ ആ വഴി പോകും. കൂടെ
അവരുടെ ലേബർഡോഗ്, അൾസേഷ്യൻ, ജർമ്മൻ ഷെപ്പേർഡ് തുടങ്ങിയ അവരുടെ സഹായി പട്ടികൾ ഉണ്ടാകും.
അവർ ബിരിയാണി കഴിക്കും. ബാക്കി വരുന്ന ബിരിയാണി ഈ തെരുവിലേക്ക് വലിച്ചെറിയും. മുഴുവൻ
കഴിക്കാൻ അവർക്ക് കഴിയില്ല. അങ്ങനെ നമ്മളും ബിരിയാണി കഴിക്കും. നമ്മളും വലുതാകും.
അവർ പുതിയ
രീതിയിലുള്ള ഓർഗാനിക് പാക്കറ്റ് ഭക്ഷണങ്ങൾ കഴിക്കാറുണ്ട്. മുതലാളിമാർ അവർക്ക് പ്രത്യേകമായി
വാങ്ങികൊടുക്കുന്നതാണ്. നമ്മുക്കും പാക്കറ്റ് ഭക്ഷണങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്.
ഡോബർ മാനെപോലെ
നമ്മുക്കും
മോഡേൺ ആകാമല്ലോ.."
"കൊള്ളാമല്ലോ ഡോണി നിന്റെ ബുദ്ധി."
"ബുദ്ധിയൊന്നുമല്ല, നമ്മുടെ നാട്ടിൽ
മാത്രമല്ല ലോകത്തെവിടെയും മതിലുകൾ ഉണ്ട്. തുറന്നു കിടക്കുന്ന സ്ഥലത്തേക്കാൾ കൂടുതൽ
ബിരിയാണിയും പാക്കറ്റ് ഡോഗ് ഫുഡും കിട്ടാനുള്ള സാധ്യത മതിലുകളുടെ വശങ്ങളിലാണ്."
ഇതിനിടയിൽ കൂട്ടുകാരായ മറ്റു പട്ടികൾ
ഏതോ ഭക്ഷണപ്പൊതിയിൽ പിടിവലി കൂടുന്നത് പോണി കണ്ടു. ‘ഡോണി തന്നെയാണ് ശരി. എത്രകാലം ഇങ്ങനെ
ചെറിയ ഭക്ഷണപ്പൊതിയിൽ തല്ലുകൂടി ജീവിക്കും? എത്രയും വേഗം അവർ മതിൽ കെട്ടി തീർക്കട്ടെ.
ഇടയ്ക്ക് മൂത്രമൊഴിക്കാൻ ഒരു മറയുമായി.’ പോണി ആത്മഗതം ചെയ്തു.
പോണി തുടർന്നു. "അത് ശരിയാണ് ഡോണി.
അവർ മതിൽ പണിയുമ്പോൾ നമ്മുടെ ആഗ്രഹം സഫലമാകും. തീറ്റ കൂടുമ്പോൾ ഒരു മതിലുണ്ടാവുന്നതുതന്നെയാണ്
നല്ലത്. നമ്മുടെ എല്ലാ കൂട്ടുകാർക്കും ഭക്ഷണം കിട്ടുമോ?"
"എല്ലാവർക്കും തിന്നാൻ ഇഷ്ടംപോലെ
ലഭിക്കും. പതുക്കെ തിന്നാൽ മതി. ഭയപ്പെടേണ്ട. നമ്മളെപ്പോലെയുള്ള നാടൻ പട്ടികൾ ഇവരുടെ ഭാഗ്യമാണ്."
"ഭാഗ്യമോ? അതെന്താ മുനവെച്ച് സംസാരിക്കുന്നത് ഡോണി?"
"എല്ലാ രാജ്യങ്ങളിലും വലിയ മനുഷ്യർ സഞ്ചരിക്കുമ്പോൾ, ബാക്കി വരുന്ന ഭക്ഷണം
വലിച്ചെറിയാൻ കണ്ടെത്തുന്ന സ്ഥലമാണ് മതിലുകൾ. അത് കൊണ്ട് നമ്മൾ ഇതിനെ എതിർക്കരുത്.
രണ്ടാമത്തെ
കാര്യം ഇത് വലിയ ഏതോ രാജ്യത്തിന്റെ നേതാവാണ്, അവരുടെ കയ്യിൽ ഒരുപാട് സമ്പത്ത് ഉണ്ടത്രേ.
അവർ നമ്മുടെ ചേരികളെ വൃത്തിയാക്കാൻ സഹായിക്കും. നമ്മുക്കും അങ്ങനെ അവരുടെ ഫൈവ് സ്റ്റാർ ഭക്ഷണം ലഭിക്കും."
"അതെനിക്ക് മനസിലായി. പക്ഷേ നമ്മുടെ
വർഗ്ഗമായ ഡോബർമാനും, പൂഡിലും, അൽഷെസ്യനും, തൊപ്പക്കാരൻ പോമറേനിയനും ഈ മനുഷ്യരുടെ കാറിൽ
സഞ്ചരിക്കുന്നത് കാണുബോൾ; സുന്ദരികളായ പെണ്ണുങ്ങൾ കൊണ്ടുനടക്കുന്നത് അവരെയാണ്. നമ്മുക്ക്
എന്താണ് കുറവ് ?”
"പോണി... നീ വെറുതെ അതുമിതും പറയല്ലേ.
നമ്മൾ നാടൻ നായ്ക്കൾ അനുഭവിക്കുന്ന ഒരു ഫ്രീഡം;
അതൊരിക്കലും അവർക്ക് ലഭിക്കുകയില്ല."
"അവർക്ക് ഒരു കുട്ടിയുണ്ടാകണമെങ്കിൽ
എന്തൊക്കെ കുത്തിവെച്ചു... കൂട്ടിൽ കിടത്തി എത്ര സൂക്ഷിച്ചാണ് കാര്യങ്ങൾ…"
"എന്നാലും അവരുടെ ജീവിതം തന്നെയാണ്
സുഖം. ഞാൻ കണ്ടിട്ടുണ്ടല്ലോ വലിയ കൊച്ചമ്മമാർ പൊമേറിയൻ പട്ടിയെ താലോലിച്ചു കാറിൽ നിന്നും
ഇറക്കുന്നതും കയറ്റുന്നതും… നമ്മൾ നാടൻ പട്ടികൾക്ക് എന്തായാലും ആ
സ്നേഹം ലഭിക്കുകയില്ല."
"നിനക്ക് ഭ്രാന്താണ്. അവർ മുഴുവൻ
സമയവും കൂട്ടിലാണ്. ഇടയ്ക്ക് നാട്ടുകാരെ കാണിക്കാൻ പുറത്തിറക്കുമ്പോളൊന്നു സ്നേഹിക്കും...
അത്രേയുള്ളു... അത് വെറും മുതലാളി ഷോ. " ഡോണി ഓർമ്മിപ്പിച്ചു.
"ഷോ ആണെങ്കിലും; പറയുമ്പോൾ പറയുകയാണ്...
എനിക്ക് പൊമേറിയൻ ആയി ജനിച്ചാൽ മതിയായിരുന്നുവെന്നാണ് തോന്നുന്നത്. ഒരു സിനിമ നടി
കൂട്ടിപ്പിടിച്ചു കൊണ്ട് നടക്കുന്നത് കാണുമ്പോൾ ഒരു ആഗ്രഹം.ചിലപ്പോൾ അവരുടെ കിടയ്ക്കയിൽ
കിടത്തുമെന്നാണ് ഞാൻ കേട്ടിട്ടുള്ളത്.”
ഡോണി പട്ടി പോണിയെ സംശയത്തോടെ നോക്കി. ‘അപ്പോൾ അതാണ് മോഹം.’
“ആ കാപ്പികടക്കാരൻ ജോമുവിന്റെ ടീവിയിൽ
ഞാൻ കണ്ടതാണ്.”
"അങ്ങനെയാണെങ്കിൽ എനിക്ക് ഡോബർമാൻ
ആവാൻ കൂടുതൽ ഇഷ്ടം. അവനാണ് അധികാരം കൂടുതൽ. അവന്റെ ശബ്ധത്തിൽ എല്ലാവരും ഭയക്കും
"
“എടാ വലിയ ഡോബർമാൻ ആയാൽ സ്നേഹം കിട്ടാൻ
ബുദ്ധിമുട്ടാണ്.”
“അതും ശരിയാണ്. സ്കൂൾ പ്രിൻസിപ്പലിനെ
കാണുമ്പോൾ കുട്ടികൾ ഭയക്കുന്ന പോലെ.”
“നമ്മൾ വല്ല പെയിന്റ് അടിച്ചു അവരായി
മാറാൻ കഴിയില്ലേ ഡോണി ?"
“നമ്മളെ കൊണ്ട് അവർക്ക് ഉപയോഗം ഉണ്ടാകണം.
അവർ കൂടെ കൂട്ടുന്ന പട്ടികളെല്ലാം അവർക്ക് ഉപയോഗമുള്ള, ജോലി ചെയ്യാൻ കഴിവുള്ളവരാണ്.
എന്തെങ്കിലും ചെയ്തു കഴിവ് തെളിയിക്കണം. വെറുതെ ആരും കാറിൽ കയറ്റില്ല.”
“അങ്ങനെ പറയരുത് ഡോണി.. അവരും കുരയ്ക്കുന്നു.
നമ്മളും കുരയ്ക്കുന്നു. അവർ കൂട്ടിനുള്ളിൽ കിടന്നു കുരയ്ക്കുന്നു. നമ്മൾ പുറത്തു നിന്ന്
കുരയ്ക്കുന്നു. അവരുടെ കുരയ്ക്ക് മാത്രം പ്രാധാന്യം എന്ന് പറയുന്നതിനോട്
എനിക്ക് യോജിപ്പില്ല.”
“കൂട്ടിനുള്ളിൽ കിടന്നു കുരയ്ക്കുന്ന
പട്ടികളുടെ വേദന നിനക്ക് മനസിലാവില്ല.”
“കേട്ടാൽ തോന്നും തനിക്ക് നല്ല പരിചയമുണ്ടെന്ന്.”
“നമ്മുടെ പട്ടി വർഗ്ഗത്തെ കുറിച്ച് ആ
ജോപ്പുവിന്റെ ടീവിയിൽ ഡോക്യുമെന്ററി വന്നിരുന്നു. ഞാൻ കേട്ടതാണ്. കൂട്ടിൽ കിടക്കുന്നവർക്ക്
ഒരുപാട് ഉത്തരവാദിത്വം ഉണ്ടെന്നാണ് പറയുന്നത്. നമ്മളെപോലെയുള്ള തെരുവ് പട്ടികൾക്ക്
ആ ഉത്തരവാദിത്വം മനസിലാവില്ലത്രേ”
“അതൊക്ക ഞാനും എടുക്കാം... എന്നെ അടുത്ത
ജന്മത്തിലെങ്കിലും പൊമേറിയൻ ആക്കി ജനിപ്പിച്ചാൽ മതിയായിരുന്നു.”
“കുറച്ചു ദിവസമായി ആരെയും ഈ വഴി കാണുന്നില്ലല്ലോ.
ഏതായാലും നമ്മൾ പാട്ടുപാടി ഒരുപാട്‌പേരെ ഉറക്കി. കുറച്ചു ദിവസത്തേക്ക് ഓരിയിടലിനു വിശ്രമം
തന്നതിന് നേതാവിനോട് നന്ദി പറയണം. പ്രസിഡന്റ് പോയി കഴിഞ്ഞാൽ വീണ്ടും ശവങ്ങൾ
ഈ വഴി സെമിത്തേരിയിലേക്ക് വരും; ഈ മതിലും പൊളിക്കും. നമ്മൾ ഓരിയിടൽ ബഹുമാനം തുടർന്നുകൊണ്ടേയിരിക്കും…
അത്രതന്നെ
നമ്മൾ പട്ടികളുടെ ഗതി അത്ര തന്നെ.”
ലിയോൺ!
ReplyDeleteഓരിയിടുകയല്ലാതെ നമ്മളെന്തു ചെയ്യും?