Saturday 26 February 2022

കന്യാസ്ത്രീ മഠവും സിനിമയും

 

ഡിഗ്രിക്ക് ശേഷം, എന്റെ ആദ്യ സിനിമ ശ്രമത്തിൽ, സംവിധായകൻ അനിൽ അഞ്ച് വർഷം കഴിഞ്ഞു തിരിച്ചു വരാൻ പറഞ്ഞ കാര്യം ഞാൻ ജൂലി ചേച്ചിയോട് പറഞ്ഞിരുന്നു. ചേച്ചി പറഞ്ഞു: "ഈ കന്യാസ്ത്രി മഠത്തിൽ ചേരാൻ പോകുന്ന പെൺകുട്ടികളോട് ഇങ്ങനെ പറയാറുണ്ട്. അത്ര ശക്തമായ ദൈവവിളി ഉണ്ടെങ്കിലേ അവിടെ ചേരാൻ പോകാവൂ എന്നാണ്." ചിലപ്പോൾ അതുപോലെയായിരിക്കും സിനിമയും. എന്നാൽ അതിനും അഞ്ച് വർഷം മുമ്പ് അടൂരിനെ കുറിച്ച് മാത്രം സംസാരിച്ചു സെയിന്റ് തോമസ് കോളേജിലും തേക്കിൻ കാട് മൈതാനത്തും നടക്കാൻ എനിക്ക് പ്രമോദിനെ കൂട്ട്കിട്ടി. രണ്ടു പേരുടെയും ലക്‌ഷ്യം പൂനെ ഫിലിം ഇൻസ്റ്റിട്യൂട്ട്. ചെയ്യുമ്പോൾ മിനിമം അടൂർ ലെവലിൽ ചെയ്യണം;  അല്ലെങ്കിൽ ചെയ്യരുത്. താടി, സഞ്ചി, കാജാ ബീഡി തുടങ്ങിയ കാര്യങ്ങൾ ഉണ്ടായിരുന്നില്ല. ഇടയ്ക്ക് ഞാൻ തമാശയായി ചോദിക്കും അത് വേണ്ടി വരുമോ. രണ്ടുപേരും പൊട്ടിച്ചിരിക്കും. ആ ചർച്ചകൾ  കഴിഞ്ഞു ക്ലാസ് കട്ട് ചെയ്ത് ആദ്യം കണ്ട സിനിമ ഇഞ്ചക്കാടൻ മത്തായി ആൻഡ് സൺസ്. ഒരു പക്ഷെ പ്രീഡിഗ്രി രണ്ടാം വർഷമായിരിക്കും. ജീവിതത്തിൽ ആദ്യമായി ക്ലാസ് കട്ട് ചെയ്ത് കണ്ട സിനിമയായത്കൊണ്ട് പേര് മറന്നിട്ടില്ല. അവനു എന്നേക്കാൾ കൂടുതൽ സിനിമകൾ കണ്ടു പരിചയമുണ്ട്. നഗരവുമായി അടുത്ത് കഴിയുന്നവർക്ക് അറിവ് കൂടുതലാണല്ലോ. നമ്മൾ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്ന സിനിമകൾ എല്ലാം തട്ടിപ്പാണ്. എങ്കിലും കാണാം, അടൂരിനെ പഠിക്കാൻ ശ്രമിച്ചതുകൊണ്ട് ഇഞ്ചക്കാടൻ മത്തായി സിനിമ കാണാതിരുന്നില്ല.

ജയറാം മാസ്റ്റർ കൃത്യമായി ഞങ്ങൾ രണ്ടുപേരെയും കയ്യോടെ പിടിച്ചു. അച്ഛനെ വിളിക്കാതെ ക്ലാസ്സിൽ കയറേണ്ടന്ന് ആദ്യം പറഞ്ഞു. മാഷിന്റെ മുമ്പിൽ നിന്ന് പരുങ്ങുമ്പോൾ എങ്ങനെയോ വിൻസെന്റ് മാഷിന്റെയും ജോൺ മാഷിൻെറയും ബന്ധുവെന്ന കാര്യം അറിഞ്ഞു, അതോടെ മാഷിന് കൂടുതൽ ആവേശമായി. മുഖം കണ്ടപ്പോൾ പാവമെന്ന് തോന്നിയതുകൊണ്ടാവും അച്ഛനെ വിളിക്കുന്നതിൽ നിന്നും പെട്ടന്ന് അദ്ദേഹം പിന്മാറി, ഇനി ആവർത്തിക്കരുതെന്ന് താക്കീത് തന്നു. അല്ലെങ്കിലും ക്ലാസ് കട്ട് ചെയ്യാതെ തന്നെ സിനിമ കാണാൻ അവസരമുള്ളതുകൊണ്ട് അതൊരു പ്രശ്‌നമായി അന്നേരം തോന്നിയില്ല. അച്ഛനെ (പപ്പയെ ) വിളിച്ചാലും ക്ലാസ് കട്ട് ചെയ്യാതെ സിനിമ കണ്ടാൽ പോരെ എന്നല്ലാതെ മറ്റൊന്നും സംഭവിക്കില്ലെന്ന് എനിക്കറിയാമായിരുന്നു.

അടൂരും പൂനെയും എന്റെ ചിന്തകളിൽ വല്ലാതെ മാറ്റം വരുത്തി. അത് പ്രമോദിനോട് അന്ന് അത്ര കാര്യമായി പറയാൻ പോയില്ല. സിനിമ അവിടെ നിൽക്കട്ടെ, നോവൽ നടക്കട്ടെ. പ്രീഡിഗ്രി കഴിഞ്ഞതും രണ്ടുമാസം കൊണ്ട് മരണ വേഗതയിൽ നോവൽ എഴുതി തീർത്തു. പക്ഷെ എന്നിലെ അടൂരും ശ്രീനിയും ഉണർന്നു. രണ്ടു ധർമ്മമാണ് സിനിമയ്ക്ക് ഉള്ളത്, സിനിമയ്ക്ക് മാത്രമല്ല ഏത് കലയ്ക്കും. ആദ്യ ധർമ്മം  ആൾക്കാരെ രസിപ്പിക്കണം. പിന്നെ അത് മനുഷ്യരെ ചിന്തിപ്പിക്കണം. എന്റെ നോവൽ പൂർത്തിയായി. സാജനെ വായിച്ചു കേൾപ്പിക്കാൻ ഒരു ശ്രമം നടത്തി.  പിന്നീടുള്ള വായനയിൽ അത് എന്നെ  തന്നെ രസിപ്പിച്ചില്ല. അത് മാത്രമല്ല, എനിക്ക് തന്നെ മനസിലാവുന്നില്ലെന്നവസ്ഥയും. സ്വയം ഇഷ്ടപെടാത്ത ഒരു കാര്യം മറ്റൊരാൾക്ക് എങ്ങനെ ഇഷ്ടപ്പെടും. ആ നോവൽ അങ്ങനെ ചാരമായി. ഡിഗ്രി കഴിഞ്ഞു പൂനെയിൽ ചേരാതിരുന്നതിൽ (അല്ലെങ്കിൽ അങ്ങനെയൊരു വഴി )എന്നെ വഞ്ചകനെന്ന് പ്രമോദ് വിളിച്ചു കൊണ്ടിരുന്നു. അയാളും മറ്റൊരു വഴിയിലൂടെ യാത്ര തുടർന്നു. 

No comments:

Post a Comment

ഗോലി സോഡാ

നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ പലരും ഗോലി സോഡാ കഴിക്കുന്നത് കണ്ട് , ഗോലി സോഡാ കഴിക്കണമെന്ന് മോഹം തോന്നി തുടങ്ങിയിരുന്നു. പിന്നെ കാണുന്നത് സെവൻ...