ബാബുവിന്റെ വിവാഹാലോചന നടക്കുന്നു.
നല്ല കുടുംബത്തിൽ നിന്നുള്ള ആലോചനയാണ്. വധു ആറമ്പിള്ളിയിൽ നിന്നാണ്. ഇത് അമ്പതാമത്തെ
ആലോചനയാണ്. ഇത് നടന്നില്ലെങ്കിലിനി കല്യാണം വേണ്ട. ബാബു മനസ്സിൽ അങ്ങനെ ഒരു തീരുമാനമെടുത്തിരുന്നു.
അഞ്ചെണ്ണം കഴിഞ്ഞപ്പോഴും പത്തെണ്ണം കഴിഞ്ഞപ്പോഴും അങ്ങനെയുള്ള തീരുമാനങ്ങൾ എടുത്തിരുന്നു.
അതുകൊണ്ടു തന്നെ ഈ തീരുമാനവും മാറ്റാൻ ഇടയുണ്ടെന്നു ബാബുവിന് തന്നെ അറിയാം. പെണ്ണുകാണൽ
തനിക്ക് ലഹരിയായി മാറിയെന്ന് ചിലപ്പോൾ തോന്നും. കള്ളുകുടിയും സിഗരറ്റ് വലിയും നിർത്താൻ ഇത്രയും
ബുദ്ധിമുട്ടില്ല. ബാബുവിന്റെ അനിയന് ഇരുപത്തിയൊമ്പതു വയസായി. അയാൾ ഈ പോക്ക് വരവ് പരിപാടിക്ക്
നിൽക്കുന്നില്ല. പക്ഷെ സ്ഥിരമായി പോകുന്ന സ്ഥലമുണ്ട്. കാര്യങ്ങൾ അനുജൻ പരസ്യപ്പെടുത്തിയിട്ടില്ല.
ചേട്ടൻ ഇങ്ങനെ ഹാഫ് സെഞ്ച്വറി അടിച്ചു നടക്കുന്നതുകൊണ്ടു ചെറിയ വിഷമമുണ്ട്. ബാബു പറയുന്നത്
എല്ലാം ഒത്തു വന്നില്ലെന്നാണ്. എല്ലാം ഒത്തു വരുമ്പോൾ പെണ്ണിന് ഇഷ്ടമാകുന്നില്ല. ഒരു
പെണ്ണിന് തടി കൂടി. ഒരു പെണ്ണിന് ഉയരം കൂടി. ഒരു പെണ്ണിന് കട്ടപ്പല്ല്. ഒരു പെണ്ണിന്
ശബ്ദം ശരിയല്ല. ഒരു പെണ്ണിന് മുടി കുറവാണ്. ഇങ്ങനെ പത്തെണ്ണം കഴിഞ്ഞു. പിന്നീട് ബാബുവും
മറുവശങ്ങൾ കേൾക്കാൻ തുടങ്ങി. ബാബുവിന്റെ കണ്ണ് കുണ്ടിൽ പോയതാണ്. ബാബുവിന്റെ ചുണ്ട് ചുവന്നതാണ്. ബാബുവിന്റെ
മുടി ഭംഗിയില്ല. ബാബുവിന്റെ സർക്കാർ ജോലിയാണ് (വിദേശ യാത്രകൾ സാധ്യമല്ല
പോലും)അങ്ങനെ ഇരുപത് പെണ്ണ് കാണൽ അനുഭവങ്ങൾ കഴിഞ്ഞതിനു ശേഷം വീണ്ടും ഇരുപത്തിയൊമ്പതു
പെണ്ണുങ്ങളെ കണ്ടു. സഹികെട്ടു തന്റെ ആഗ്രഹവുമായി ഒരു ബന്ധമില്ലാത്ത ഒരു പെണ്ണിനെ വിവാഹം കഴിക്കാൻ കഴിഞ്ഞ
തവണ സമ്മതം മൂളിയതാണ്. പക്ഷേ അവൾക്കു പോലും ബാബുവിനെ വേണ്ട. അവളെ കുറിച്ച്
വിവരിക്കുന്നില്ല. അങ്ങനെ നാല്പത്തിയൊമ്പതും കഴിഞ്ഞു. പത്തു വർഷമായി നടക്കുന്നു.
ബാബുവിന് 37
വയസായി. ജാതക ദോഷമാണെന്ന് എല്ലാവരും പറയുന്നു.
ഈ പെണ്ണിന്റെ കാര്യത്തിൽ അങ്ങനെയുള്ള കുഴപ്പമില്ല. പെൺകുട്ടിയുടെ പേര് ലീല. പേര് കേട്ടപ്പോഴേ, അത് മതിയെന്ന് തീരുമാനിച്ചു. “ഹായ് എന്ത് മാച്ച് ബാബു-ലീല” ഏതായാലും ഈ കാര്യം നടക്കും. രണ്ടു
വീട്ടുകാർക്കും ഒരേ നിലവാരം. പെണ്ണ് എല്ലാ കാര്യത്തിലും ഒരു മീഡിയം. കാഴ്ചയിലും ഒരു മീഡിയം. തനിക്കും
പെണ്ണിനും കണ്ണേറ് പറ്റില്ല ഉറപ്പാണ്. ലീലയെ കുറിച്ച് അന്വേഷിച്ചു. കുറെ കാലമായി അവരും
തിരഞ്ഞ് തോറ്റതാണ്. ഇതിനിടയിൽ ലീലയുടെ വീട്ടുകാർ ബാബുവിന്റെ കാര്യങ്ങൾ അന്വേഷിച്ചു. അമ്മാവനെയാണ്
കാര്യങ്ങൾ ഏൽപ്പിച്ചിരിക്കുന്നത്. അമ്മാവന്റെ അവകാശവും ചുമതലയും നല്ല ഭംഗിയായി നിർവഹിച്ചു. ലീലയുടെ അമ്മാവൻ ബാബുവിന്റെ വീടിനടുത്തുള്ള കടയിൽ കാര്യങ്ങൾ
അന്വേഷിച്ചു. ജ്യോതിഷന്റെ ജ്യുസ് കടയാണ്. പണ്ട് ഗോലി സോഡാ കൊടുത്തു ജ്യുസിലേക്കു വലുതായ
കച്ചോടമാണ്. ജ്യോതിഷൻ കാര്യങ്ങൾ മനസിലാക്കി. കുറെ കാലമായി ഇത്തരം ചോദ്യങ്ങൾ അയാൾ കേൾക്കുന്നു.
അയാൾ പറഞ്ഞു. "അനിയൻ ഗോകുലിനെ അറിയാം. അവൻ മിടുക്കനാണ്. ബാബു...അവനെ കുറിച്ച്..."
കുറച്ചു നേരം ജ്യോതിഷൻ ആലോചിച്ചു. "എന്തായാലും അനിയൻ മിടുക്കനാണ്. ബാബു ഇപ്പോഴെന്താണ്
ചെയ്യണെന്നാണ്. ബാബു കുറെ
കാലായി വെളിവില്ലാതെ നടക്കാൻ തുടങ്ങിയിട്ട്. പക്ഷേ സർക്കാറിൽ എന്തോ പണിയൊക്ക ഉണ്ടെന്നു തോന്നുന്നു." ജ്യുസ് കടക്കാരൻ ജ്യോതിഷ് കുഴഞ്ഞു കുഴഞ്ഞു കാര്യം പറഞ്ഞില്ല. ലീലയുടെ അമ്മാവൻ
സഹികെട്ട് അവിടെ നിന്നും ഇറങ്ങി പോയി.
അങ്ങനെ ലീലയുടെ റിസൾട്ട് വന്നു."അനിയൻ മിടുക്കനാണ്" ബാബു അമ്പത് പൂർത്തിയാക്കി.
കഠിനമായ തീരുമാനമെടുത്തു. ഇനി വേണ്ട.
I use this site to post my short spontaneous articles, short stories, views, my own drafts before publishing, Some articles could be comments on the books I have read. (English and Malayalam). In such notes, it will never be judgements on those books. Please consider these as my own introspections or simple expressions after reading few books. Some posts could be some subjects that may trigger my imagination (english or malayalam). This is not a paid activity from anyone..Thanks Lyons
Friday, 28 September 2018
Thursday, 27 September 2018
ഒരു ജ്യുസ്
ഏട്ടൻ വലിയ സ്‌കൂളിലെ വിശേഷങ്ങൾ ദിവസവും നിരത്തി കൊണ്ടിരുന്നു. ഏട്ടന്റെ സ്‌കൂളിൽ ടൈ കെട്ടണം. ഒരു പ്രത്യേക തരത്തിലുള്ള ബെൽറ്റാണ്. എന്റെ ബെൽറ്റ് സാധാരണ ബെൽറ്റാണ്. ഏട്ടന്റെ കയർ പിരിച്ചപോലെയുള്ള ബെൽറ്റാണ്. എനിക്കും അടുത്ത വർഷം ആ സ്‌കൂളിൽ ചേരാം. എനിക്കും ടൈ കെട്ടാം. ഏട്ടൻ സ്‌കൂളിൽ നിന്ന് ഒരുപാട് ദൂരെ വിനോദ യാത്ര പോയ വിശേഷം പറഞ്ഞു. ടൂർ ബസിൽ മിട്ടായിയും ഓറഞ്ചും ആപ്പിളും ഉണ്ടായിരുന്നുവെന്നാണ് പറഞ്ഞത്. ബസിൽ വീഡിയോ കാസറ്റിലൂടെ സിനിമ കണ്ടകാര്യം പറഞ്ഞു. എറണാകുളം നഗരത്തിലെ തീയറ്ററിൽ പോയി സിനിമ കണ്ട കാര്യവും പറഞ്ഞു തുള്ളി ചാടിക്കൊണ്ടിരുന്നു. 'എനിക്കും വരും ആ ദിവസം' ഞാൻ മനസ്സിൽ പറഞ്ഞു. ഒരു കൊല്ലം വളരെ പെട്ടന്ന് കടന്നു പോയി. ഞാനും ആ സ്‌കൂളിൽ ചേർന്നു. ആദ്യമായി ബസിൽ യാത്ര തുടങ്ങി. ഞാനും വലിയ കുട്ടിയായതിന്റെ ലക്ഷണം പ്രകടിപ്പിച്ചു. വലിയവരുടെ ഒപ്പം ഇടി കൂടി രാജൻ ബ്രദർസ് ബസിൽ സ്‌കൂൾ യാത്ര തുടങ്ങി. ബസ് ചില ദിവസങ്ങളിൽ സ്റ്റോപ്പിൽ നിർത്തുകയില്ല. ചിലപ്പോൾ സ്റ്റോപ്പിൽ നിന്നും കയറ്റി നിർത്തും. ഇല്ലെങ്കിൽ ഇറക്കി നിറുത്തും. അതൊക്കെ മനസിലാക്കി ഓടിപിടിക്കണം. ഓടി കയറുന്നവർ വലിയ മിടുക്കന്മാരായി കണക്കാക്കപ്പെടും. ബസ്സിൽ ഇടികൊണ്ടു സ്‌കൂളിൽ പോകുന്ന വിദ്യ പഠിച്ചു. ദിവസങ്ങൾ കഴിഞ്ഞു. ആ ദിവസം വന്നെത്തി. സ്‌കൂളിൽ നിന്നും ഞങ്ങൾ അഞ്ചാം ക്ലാസ്സുകാർ വിനോദ് യാത്ര പോകുന്ന ദിവസം. ടീച്ചർ എല്ലാവരെയും വരി വരിയായി ബസിൽ കയറ്റി. സാധാരണ ബസ് പോലെയല്ല. വലിയ സീറ്റുകളാണ്. വീഡിയോയും പാട്ടുമൊക്കെ കേൾക്കാം. ഞങ്ങൾ എല്ലാവരും സീറ്റുകളിൽ ഇരുന്നു. ഇതിനിടയിൽ ടീച്ചർമാർ വലിയ ചില പ്ലാസ്റ്റിക് കവറുകളിൽ എന്തൊക്കൊയോ സാധനങ്ങൾ കൊണ്ടുവരുന്നുണ്ട്. നാലോ അഞ്ചോ പ്ലാസ്റ്റിക് ബക്കറ്റുകൾ കൊണ്ട് വരുന്നുണ്ട്. ബക്കറ്റുകൾ മൂടിയിട്ടുണ്ട്. ഓറഞ്ച് ജ്യൂസ്, ആപ്പിൾ, മിട്ടായികൾ,പൊതി കേക്ക്; ഇങ്ങനെ പോകുന്നു സാധാരണ വിഭവങ്ങൾ. എല്ലാം ഏട്ടനിൽ നിന്നും കിട്ടിയ അറിവാണ്. ഞങ്ങൾ യാത്ര തുടങ്ങി. ടീച്ചർമാർ കുട്ടികളോട് പാട്ടുപാടാൻ ആവശ്യപ്പെടുന്നുണ്ട്. എന്റെ ശ്രദ്ധ ടീച്ചർമാർ കൊണ്ടുവന്ന പ്ലാസ്റ്റിക് ഉറകളിലേക്ക് തിരിഞ്ഞു. ആരോക്കെയോ പാടുന്നു. ഒരുപക്ഷേ പാടി കഴിഞ്ഞാൽ മിട്ടായി വിതരണം ചെയ്യുമായിരിക്കും. കുറെ ദൂരം സഞ്ചരിച്ചു. പിന്നെയും എന്തൊക്കൊയോ കളികളെ കുറിച്ച് അവർ പറഞ്ഞുകൊണ്ടിരിന്നു. കളികളിൽ ഞാനും കൂടെ ചേർന്നു. കളികൾ കഴിഞ്ഞാൽ ജ്യുസ് കിട്ടുമായിരിക്കും. കുറെ സമയം കഴിഞ്ഞിട്ടും അവർ പ്ലാസ്റ്റിക് ബാഗുകളോ ബക്കറ്റോ തുറന്നില്ല. എന്റെ ക്ഷമയെ അവർ പരീക്ഷിച്ചുകൊണ്ടിരുന്നു. എത്ര നേരമായി, മിട്ടായിയെങ്കിലും വിതരണം ചെയ്തൂടെ. ഞങ്ങൾ പാടിയും ആടിയും തളർന്നത് കണ്ടില്ലേ? ആര് കേൾക്കാൻ. അവസാനം നടക്കാൻ പാടില്ലാത്തത് സംഭവിച്ചു. എന്റെ പിന്നിൽ നിന്നും ഒരു കുട്ടി ശർദ്ധി തുടങ്ങി. ഇതിനിടയിൽ പിന്നിൽ നിന്നും ആരോ വിളിച്ചു പറഞ്ഞു, അവിടെയും ഏതോ ഒരുവൻ ശർദ്ധിക്കുന്നു. എനിക്ക് വിഷമമായി. ഉടനെ ടീച്ചർമാർ എഴുന്നറ്റ് പ്ലാസ്റ്റിക് ബക്കറ്റുകൾ തുറന്നു. അതിൽ നിന്നും മണൽ വാരി ശർദ്ധിച്ച സ്ഥലങ്ങളിൽ വിതറി. കുട്ടികളോട് അടങ്ങിയിരിക്കാൻ ആവശ്യപ്പെട്ടു. സ്ഥലം എത്താറായെന്നു പറഞ്ഞു. ചാടിക്കളി കൂടിയിട്ടാണെന്നു ഒരു ടീച്ചർ. ഞാൻ പ്രതീക്ഷ കൈവിട്ടില്ല. ഇനിയും മൂന്ന് ബക്കറ്റുകൾ തുറക്കാനുണ്ടല്ലോ. അതിൽ കാണുമായിരിക്കും; എന്റെ ജ്യാള്യതയെ, അടുത്ത ബക്കറ്റുകൾ തുറക്കുന്നവരെയെങ്കിലും പ്രതീക്ഷയിലേക്ക് മാറ്റിയെടുത്തു.
Wednesday, 26 September 2018
അമ്മക്ക് വേണ്ടി - പഠിക്കാത്തവരുടെ ബാച്ച്
മകന്റെ
മൂന്നാം ക്ലാസ് റിസൾട്ട് വന്നു. റിസൾട്ട് കാണാൻ അത്ര ഭംഗിയില്ല. 'ഞാനൊക്കെ പഠിക്കാതെ തന്നെ കണക്കിൽ നൂറിൽ നൂറ് മാർക്ക് വാങ്ങിച്ചിരിന്നു.'
റോസി ചിന്തിച്ചു. ‘മകൻ നന്നായി പഠിക്കുന്നില്ലെന്നു റിസൾട്ട് കണ്ടാൽ അറിയാം. ഭർത്താവ് നാട്ടിലെ തന്നെ എഞ്ചിനീയർ. ഞാൻ ഒരു ലേബർ ഓഫീസർ. ഇത്രയും മോശമാണോ ഞങ്ങടെ ഈ വിത്ത്. ക്‌ളാസിൽ ഇരുപതാം സ്ഥാനം. വീട്ടിൽ പണിക്ക് വരുന്നവരുടെ മക്കൾക്ക് ഇതിനേക്കാൾ മാർക്കുണ്ടെന്ന് പറഞ്ഞു കേൾക്കുന്നു. എന്തായാലും അറിഞ്ഞിട്ടു തന്നെ കാര്യം’ റോസിയമ്മ സിസ്റ്റർ സീലിയയെ കണ്ടു പരാതി പറഞ്ഞു. “ഏതായാലും മൂന്നാം ക്ലാസ് കഴിഞ്ഞു. ഇനി പറഞ്ഞിട്ട് കാര്യമില്ല.
അടുത്ത ക്ലാസ്സിൽ ആദ്യമേ പിടിക്കണം.” സിസ്റ്റർ സീലിയ
ഉപദേശിച്ചു. മാരത്തോൺ ഓട്ടത്തിൽ ഒന്നാം സ്ഥാനം നേടുന്നവർ
എപ്പോഴും ആദ്യ അഞ്ചിൽ നിൽക്കാൻ ശ്രമിക്കും. അവസാന ലാപ്പിൽ ഓടികയറാം എന്നതാണ്
തന്ത്രം. അത് പോലെയാണ് സിസ്റ്റർ സീലിയയുടെ ഉപദേശം. “ഒരുപാട്
പിന്നിലേക്ക് പോയാൽ പിന്നെ ഓടി കയറാൻ ബുദ്ധിമുട്ടാ. അടുത്ത
വർഷവും ആദ്യം തന്നെ പിടിച്ചോ..” ടീച്ചർമാരുടെ സ്ഥിരമാ പദമാണ് 'പിടിക്കണം' എന്നത്. റോസി
തൃപ്തിയാവാതെ മൂളി.
പുതിയ
വർഷം ആരംഭിച്ചു. റോസിയമ്മയും ഭർത്താവും ജോലി തിരക്കിലായി. ജീവിതം തള്ളി
നീക്കാനുള്ള ഓട്ടമാണ്. സത്യസന്ധമായി ജോലി ചെയ്ത കാരണത്തിന് ഭർത്താവിന്
കാട്ടിലേക്ക് പണിഷ്മെന്റ് ട്രാൻസ്ഫർ കിട്ടി. ഇതിനിടയിൽ മകന്റെ നാലാം ക്ലാസിലെ ആദ്യ പരീക്ഷയുടെ റിസൾട്ട് വന്നു. മകന്
ഒന്നാം റാങ്ക്. ചുവപ്പു ബാഡ്ജ് കിട്ടുമെന്ന സന്തോഷം മകൻ അമ്മയെ അറിയിച്ചു. റോസിയമ്മ മകൾ ഡീനയോട് പറഞ്ഞു; "കണ്ടോ കഴിഞ്ഞ വർഷം പരാതി പറഞ്ഞതിന് ഫലം ഉണ്ടായി. അവനു ഒന്നാം റാങ്ക്..."
"മമ്മിക്ക് എന്താണ്? അവനെ നാലാം ക്‌ളാസ് എ ബാച്ചിലേക്ക് മാറ്റിയതാണ്. അത് പഠിക്കാത്തവരുടെ ബാച്ച് ആണ്. അവിടെയാണ് അവനു ഒന്നാം റാങ്ക് കിട്ടിയത്. മാർക്കൊന്നും അതികം കിട്ടിയിട്ടില്ല."
"മമ്മിക്ക് എന്താണ്? അവനെ നാലാം ക്‌ളാസ് എ ബാച്ചിലേക്ക് മാറ്റിയതാണ്. അത് പഠിക്കാത്തവരുടെ ബാച്ച് ആണ്. അവിടെയാണ് അവനു ഒന്നാം റാങ്ക് കിട്ടിയത്. മാർക്കൊന്നും അതികം കിട്ടിയിട്ടില്ല."
വർഷങ്ങളായി സ്‌കൂൾ നടത്തുന്ന സിസ്റ്റേഴ്സിന് അറിയാമായിരുന്നു ഇത്തരം ചെറിയ അമ്മ പരാതികൾ തീർക്കാനുള്ള വിദ്യകൾ. അങ്ങനെ സ്ഥിരമായി നാല്-എ ക്ലാസ്സിൽ ഒന്നാം റാങ്ക് കിട്ടി തുടങ്ങിയതോടെ പകുതി പരാതി അവസാനിച്ചു. ഏതോ ഒരു പരീക്ഷയിൽ മകൻ രണ്ടാമതായി.
"പഠിക്കാത്തവരുടെ കൂട്ടത്തിലും നീ രണ്ടാമതായോ ?" റോസിയമ്മ ചോദിച്ചു.
"അവിടെ നല്ല സുഖമാണെന്ന് മനസിലായിട്ടുണ്ടാവും. അവൻ പഠിത്തം കുറച്ചിട്ടുണ്ടാവും..." മൂത്ത മകൾ ഡീന ഉത്തരം കൊടുത്തു.
വലിയ പരീക്ഷ അടുക്കാറായി. സിസ്റ്റർ ടെറൻസിനെ റോസിയമ്മ കണ്ടു. "ഇപ്പോഴും മാർക്ക് നല്ല പോലെ കിട്ടുന്നില്ലാലോ സിസ്റ്ററെ? എന്താ ഇവന് പറ്റുന്നത്?"
"അവൻ കെയർ ലെസ്സ് ആയിട്ടാണ്. ഒന്ന് പിടിച്ചാൽ മതി..." സിസ്റ്റർ ടെറൻസും കുട്ടിയെ ഒന്ന് പിടിച്ചാൽ മതിയെന്ന് പറഞ്ഞു രക്ഷപ്പെട്ടു.
“എന്നാലും ...”
"മാഡം ഇത് കണ്ടോ… ഒക്കെ സ്വന്തമായി എഴുതുന്നതാണ്. ഒന്നും മുഴുവനായി മനഃപാഠം
പഠിക്കുന്നില്ല. കുറേ സ്പെല്ലിങ് മിസ്റ്റേക്ക്സ്
ഉണ്ട്. ഇവൻ വലിയ ക്ലാസ്സിൽ എത്തുമ്പോൾ നന്നായിക്കോളും."
അങ്ങനെ
റോസി മാഡത്തിനെ സമാധാനിപ്പിച്ചു സിസ്റ്റർ ടെറൻസ് അടുത്ത ചീട്ടിറക്കി. റോസി മനസ്സിൽ പറഞ്ഞു "നന്നാവുമായിരിക്കും; എന്നാലും ഇങ്ങനെയുണ്ടോ?"
Wednesday, 19 September 2018
പെണ്ണും ആണും
മുന്നിലെ പുസ്തകങ്ങൾ കാണുമ്പോൾ
ഭാര്യ പറയുന്ന വാക്കുകൾ ഓർമ്മ വരും. ഓർമ്മ വരുന്നുവെന്ന് അവൾക്കും
മനസ്സിലായെന്നു തോന്നുന്നു. അവൾ തുടങ്ങി കഴിഞ്ഞു. എല്ലാ ദിവസത്തെയും കഥയാണ്. "ഈ
പുസ്തകങ്ങൾ ഇങ്ങനെ വാരി വലിച്ചിടാതെ ഒതുക്കി വെച്ചൂടെ? ഇപ്പോൾ വായിക്കുന്ന പുസ്തകങ്ങൾ മാത്രം മുന്നിൽ വെച്ചാൽ പോരെ?"
അതിനുള്ള ഉത്തരം എപ്പോഴും
ഞാൻ കൃത്യമായി കൊടുക്കാറുണ്ട്. ഇന്നും അതിൽ
മാറ്റമില്ല.
"ഞങ്ങൾ എഴുത്തുകാരിങ്ങനെയാണ്. വാരി വലിച്ചു പുസ്തകങ്ങൾ
മുന്നിൽ കാണണം. അതിൽ നിന്നും ഒരെണ്ണം തോന്നുമ്പോൾ എടുക്കും. അങ്ങനെയാണ്. ഏതാണ് എടുക്കുകയെന്ന്
പറയാൻ കഴിയില്ല. നീയത് ഇപ്പൊ ഒതുക്കി വെക്കേണ്ട; എന്റെ ഒരു ഒഴുക്ക് പോകും."
“അച്ചടക്കം ഇല്ല്യാത്തതിനുള്ള ന്യായം പറയുന്നു. അത്ര തന്നെ. ഈ അടുത്തുള്ള അൽമാരില്
വെച്ചാ എഴുതാനുള്ള കഴിവ് ഒരു സ്ഥലത്തേക്കും പോകില്ല. കുഴി മടിയൻ. എന്നും ചോറ് താഴെ കളയുന്നത് എഴുത്തുകാരനായത് കൊണ്ടാണോ?”
“ചോറ് എന്ന് പറയരുത്. രണ്ടു ചോറും
വറ്റുകൾ. അത് താഴെ പോകാറുണ്ട്. ഞാൻ സമ്മതിച്ചു.”
“പയറു നുറുക്കുമ്പോൾ പയർ താഴെ പോകുന്നതോ?” ഭാര്യയുടെ വിസ്താരം തുടർന്നു.
“അത് വേഗത്തിൽ നുറുക്കി തരുന്നത്കൊണ്ടല്ലേ? അപ്പോൾ കുഴി മടിയൻ എന്ന പ്രയോഗം ചേരില്ല. ഒരു പണിയും ചെയ്യാത്തവരാണ് മടിയന്മാർ.”
“വെള്ളം കുടിക്കുമ്പോൾ വെള്ളം താഴെ പോകുന്നതോ?”
“അതെന്റെ വായ ചെറുതായതുകൊണ്ടാണ്.” ഞാൻ അതിനു
ശരിയുത്തരം പറഞ്ഞു.
“ശ്രദ്ധയില്ല അത്രതന്നെ. അത് എഴുത്തുകാരുടെ
സൂക്കേടായി അവതരിപ്പിച്ച് എന്റെ അടുത്ത് അതുമിതും പറയേണ്ട.”
“മനുഷ്യനായാൽ തെറ്റ് പറ്റില്ലേ?”
“ചോറ് വറ്റുകൾ പുറത്തു പോകാതെ ഞാൻ എന്നും എത്ര
വർഷായി വിളമ്പുന്നു. എന്റെ കയ്യിൽ നിന്നും താഴെ
പോകുന്നില്ലല്ലോ?” ഭാര്യ പറഞ്ഞു.
“ഇന്ന് നീ നോക്കിക്കോ. ഞാൻ ധ്യാനത്തിൽ ശ്രദ്ധിക്കുന്ന പോലെ; വളരെ പതുക്കെ ശ്രദ്ധിച്ചു ചോറ് പാത്രത്തിൽ നിറയ്ക്കും. ഒരു വറ്റും
പുറത്തു പോകാതെ;. ഇന്ന് ഞാൻ വിജയിക്കും ഉറപ്പാണ്.”
വിളമ്പു പാത്രത്തിൽ നിന്നും
വളരെ സാവധാനത്തിൽ പ്ലേറ്റിലേക്കു ചോറ് വിളമ്പി. ഒരു വറ്റും പുറത്തു പോയില്ല. ഞാൻ സമാധാനിച്ചു.
"കണ്ടോ...
കണ്ടോ ...." ചോറ് വറ്റുകൾ പുറത്തുപോകാതെ വിളമ്പുന്ന കാര്യത്തിൽ ഞാൻ വിജയിക്കുന്നതു
ഭാര്യയെയും മക്കളെയും കാണിച്ചു കൊടുത്തു.
ഇതിനിടയിൽ മകൾ വന്ന് കയ്യിൽ
ഒരു തട്ട് തന്നു. അങ്ങനെ ഇത്തവണയും ചോറ് വറ്റുകൾ പുറത്തു പോയി. ഭാര്യയും കുസൃതികാരി
മകളും ചിരി തുടങ്ങി.
"ഇതും ശ്രദ്ധയില്ലാത്തതുകൊണ്ടാണോ?" ഞാൻ ദേഷ്യത്തോടെ ചോദിച്ചു.
"അതെ."
ഇത്രയും പറഞ്ഞു ഭാര്യ അടുക്കളയിലേക്ക്
പോയി. ഊണ് മേശയിലിരുന്ന് തന്റെ കഴിവ് കേടിനെ സ്വയം ശപിച്ചു. പെട്ടന്ന് അടുക്കളയിൽ നിന്നും
വലിയ ശബ്ദം കേട്ടു. നോക്കിയപ്പോൾ
ഭാര്യ ഒരു കിണ്ണം ചോറ് താഴെ നിന്നും കോരുന്നത് ഞാൻ കണ്ടു. ഇടക്ക് ഞാൻ കാണുന്നുണ്ടോയെന്നു
അവൾ ഇടക്കണ്ണിട്ടു നോക്കി. കണ്ണുകൾ കൂട്ടിമുട്ടിയപ്പോൾ ഇത് വരെ കാണാത്ത ഒരു ചിരി അവളുടെ
മുഖത്ത് കണ്ടു. ഞാൻ നന്നായൊന്നു ചിരിച്ച് തലയാട്ടി. “ഞാൻ കണ്ടില്ല. ഞാൻ ഒന്നും കണ്ടില്ല.” --- The end
Tuesday, 18 September 2018
പാൽ തിയറി ക്ലാസ്
“രേവതി പാലിൽ വെള്ളം ചേർക്കുന്നുണ്ടോ... എന്താണാവോ പാൽ ഈയിടെയായി
പിരിയുന്നുണ്ട്.” ബാബു ചേട്ടൻ സംശയം ഉയർത്തി.
“അത് ചിലപ്പോ കാലാവസ്ഥയുടെയാവാം... കഴിഞ്ഞ ആഴ്ച എന്റെ വീട്ടിൽ വെച്ച പാലും
പിരിഞ്ഞു.” ഗോപൻ മറുപടി പറഞ്ഞു.
“എന്നാലും എനിക്കൊരു സംശയം... പാല് ശുദ്ധി നോക്കുന്ന കുന്ത്രാണ്ടം വാങ്ങിച്ചു
വെക്കുന്നത് ബുദ്ധി.”
“രേവതി അത് ചെയ്യില്ല... കാലം
കുറെയായില്ലേ അവള് വെക്കാൻ തുടങ്ങിയിട്ട്.” ബാബുവിന്റെ സംശയം ഗോപന് തോന്നിയില്ല.
“ഒന്നും പറയാൻ പറ്റില്ല, എപ്പഴാ
മനസ് മാറി തോന്നിവാസം ചെയ്യുക എന്ന് പറയാൻ കഴിയില്ലല്ലോ..” ബാബു താടിയിൽ ചൊറിഞ്ഞു.
“വഴിയൊക്കെ എനിക്കറിയാം. പാൽ തുള്ളികൾ നല്ല
പോളീഷ് ചെയ്ത കുത്തനെയുള്ള പ്രതലത്തിൽ ഒഴിക്കുക.
നല്ല പാലാണെങ്കിൽ ഒഴുകാതെ അവിടെ നിൽക്കും. ഒഴുകിയാലും വളരെ പതുക്കെ ഒഴുകും.
ഒഴുകുമ്പോൾ പാലിന്റെ അംശങ്ങൾ വരിയായി ഒഴുകുന്ന വഴിയിൽ കാണപ്പെടും. അതാണ് ശുദ്ധമായ പാൽ.
വെള്ളം ചേർത്ത പാലാണെങ്കിൽ ഒരംശം പോലും കാണാതെ പെട്ടന്ന് ഒഴുകിപ്പോകും. നമ്മൾ പറയാറില്ലേ എല്ലാത്തിനും ഒരു അടിസ്ഥാനം
വേണമെന്ന്... അതെന്നെ വിഷയം... അടിസ്ഥാനമില്ലങ്കിൽ വേഗം ഒഴുകും. വേഗത്തിൽ ഒഴുകുന്നതിനേക്കാൾ ഗുണത്തിൽ ഒഴുകണം.” സുഹൃത്ത് ഗോപൻ പാൽ തത്വം അവസാനിപ്പിച്ചു.
കൺസൾട്ടൻറ്
ആന്റണി: "നീ കുറെ കാലായീലോ കൺസൾട്ടൻറ്
എന്ന് പറയാൻ തുടങ്ങീട്ട്. ഞങ്ങൾ പ്രായമായവർക്കു ഈ ഐ.റ്റി വാക്കുകൾ ഒന്നും
മനസിലാവില്ല."
വെങ്കി: "ചേട്ടാ
ഇത് ഐ.റ്റി വരുന്നതിനു മുമ്പുള്ള വാക്കാണ്. ചേട്ടന് ഐ.റ്റിക്കാരോട് വല്ല
വിരോധമുണ്ടോ?"
ആന്റണി: "എന്നാലും
പച്ച മലയാളത്തിൽ നിനക്ക് പറഞ്ഞു തന്നുകൂടെ .."
വെങ്കി: "ചേട്ടന്
മനസിലാവണ ഭാഷ എന്ന് പറയുമ്പോൾ ?"
ആന്റണി: "മലയാളം."
വെങ്കി:“പിടികിട്ടി. ചേട്ടാ, ചേട്ടൻ പള്ളിയിൽ
കുമ്പസാരിക്കുമ്പോൾ പള്ളിയിലെ അച്ചൻ എന്താണ് ചെയ്യാ?”
ആന്റണി: “കേട്ടിരിക്കും...”
വെങ്കി: “അതെ അത് തന്നെ.
ഞങ്ങളുടെ അടുത്ത് പ്രശ്നമായി വരുന്നവരെ ഞങ്ങൾ കേട്ടിരിക്കും.”
ആന്റണി: “അതിനോ ഇത്ര ശമ്പളം?”
വെങ്കി: “ചേട്ടോ കുറ്റങ്ങൾ
കേട്ടാൽ പിന്നെ പള്ളിയിലെ അച്ചൻ എന്ത് ചെയ്യും?”
ആന്റണി: “മനുഷ്യരായാൽ
തെറ്റ് പറ്റും... രണ്ടു പ്രാർത്ഥന ചൊല്ലി ഞങ്ങളോട് പരിഹാരം ചെയ്യാൻ
പറയും.”
വെങ്കി: “ഞങ്ങളും അത് ചെയ്യും. എന്റെ അന്തോണി ചേട്ടാ, തെറ്റുകൾ കൂടിയാൽ
ചിലവുകളും കൂടും പ്രാർത്ഥനയും കൂട്ടേണ്ട വരും.”
ആന്റണി: “എന്നാലും നിങ്ങൾ
എല്ലാവരോടും ഒരേ കാര്യം തന്നെയല്ലേ പറയുന്നത്.”
വെങ്കി: “അല്ല. അത്
ഞങ്ങളുടെ ട്രേഡ് സീക്രട്ട് ആണ്. പുറത്തു പറയില്ല. രോഗിക്കനുസരിച്ചു മാറ്റങ്ങൾ ഉണ്ടാകും.”
ആന്റണി: “അപ്പൊ നിന്റെ ജോലി, പള്ളിയിലെ
അച്ചന്റെ കുമ്പസാരം കേൾക്കുന്ന പോലെയാണ്. അങ്ങനെ മനുഷ്യന് മനസിലാവണ ഭാഷയിൽ പറയ്…”
വെങ്കി: “ജ്യോതിഷിയുടെ അടുത്ത്
പോകുന്ന പോലെയും.”
ആന്റണി : “നീ ഏതെങ്കിലും ഒന്ന് പറയൂ;ജ്യോതിഷിയോ,പാതിരിയോ?”
വെങ്കി: “പ്രശ്നങ്ങൾ കേൾക്കുക പ്രശ്ന പരിഹാരം നൽകുക.”
ആന്റണി: “പ്രശ്നങ്ങൾ ഒന്നും
ഇല്ലെങ്കിലോ?”
വെങ്കി: “രണ്ടു വർഷത്തിനുള്ളിൽ
എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകും എന്ന് പറയുക.”
ആന്റണി:
“നല്ലതൊന്നും
പറഞ്ഞൂടെ?”
വെങ്കി: “ഞങ്ങൾ പറയുന്നതെല്ലാം നല്ലതിനാണ്.”
ആന്റണി: “നിങ്ങൾക്ക് ഉദ്യോഗ കയറ്റം ഉണ്ടാകുമ്പോൾ എന്ത് പേരാണ് വിളിക്കുക? അപ്പോഴും ഇതേ പേര് തന്നെയാണോ?”
വെങ്കി: “അല്ല. ജൂനിയർ കൺസൾട്ടന്റ്, കൺസൾട്ടന്റ്,സീനിയർ കൺസൾട്ടന്റ്.... പിന്നെ പേരില്ല.”
ആന്റണി: “ഹ്മ്മ്… മനസിലായി.. വികാരി , ബിഷപ്പ്
,കർദിനാൾ പിന്നെ പോപ്പ്... അങ്ങനെയല്ലേ?”
വെങ്കി: “ഒരു ചെറിയ വ്യതാസം; ഞങ്ങൾ കൺസൾറ്റൻസിനു
പോപ്പ് പദവിയില്ല... മണിക്കൂറിനാണ് ശമ്പളം. എത്ര മണിക്കൂർ കുമ്പാസാരിപ്പിച്ചു എന്നത്
ഒരു മാനദണ്ഡം. പിന്നെ ബിഷപ്പ് കൺസൾട്ടന്റിന് വികാരി കൺസൾട്ടന്റിനേക്കാൾ ശമ്പളം കൂടുതലാണ്...”
ആന്റണി: “അത് ശരിയാ; വലിയ വലിയ
പാപങ്ങൾ കേൾക്കുന്നവർക്കും പ്രശ്ന പരിഹാരങ്ങൾ നല്കുന്നവർക്കും കൂടുതൽ ശമ്പളം... മനസിലായി, മനസിലായി. ഇപ്പൊ
നിന്റെ ജോലി ശരിക്കും മനസിലായി…”
വെങ്കി: “പാപങ്ങളല്ല... ജോലികൾ... ഒരു ഉദാഹരണം
പറഞ്ഞതാണ് ആന്റേട്ടൻ മറക്കരുത്.”
സിനിമ സംവിധായകൻ
ഹമീദിനെ കുറിച്ച് ആർക്കും
വലിയ അഭിപ്രായമില്ല. ഹമീദിന്റെ ഉമ്മ പോലും അഭിപ്രായം പറയാറില്ല പക്ഷേ, ഹമീദിന് എല്ലാവരെയും കുറിച്ച് വലുതും ചെറുതുമായ അഭിപ്രായങ്ങളുണ്ട്. കടപ്പുറത്ത്
കപ്പലണ്ടി കച്ചവടം നടത്തുന്ന ജോയേട്ടനാണ് ഹമീദിന്റെ സ്ഥിരം കേൾവിക്കാരൻ.
"ഹ്മ്മ്… ഓനിപ്പ ഏതു നേരോം ടീവിയിലല്ലേ... ഓന്റെ ഒരു കാലം." ഹമീദ് തുടങ്ങി വെച്ചു.
"ഹ്മ്മ്… ഓനിപ്പ ഏതു നേരോം ടീവിയിലല്ലേ... ഓന്റെ ഒരു കാലം." ഹമീദ് തുടങ്ങി വെച്ചു.
"ഖമർ
വലിയ ആളായി." ജോയ് മാമൻ ശരി വെച്ചു.
"ടീവിയിൽ വന്നോണ്ടല്ല... ഓന്റെ പിന്നിൽ ആളുണ്ട്. തട്ടിപ്പാണ് ജോയേട്ടാ തട്ടിപ്പ്...." ഹമീദ് തനിക്കറിയാവുന്ന രഹസ്യ ചുരുളഴിച്ചു.
"ടീവിയിൽ വന്നോണ്ടല്ല... ഓന്റെ പിന്നിൽ ആളുണ്ട്. തട്ടിപ്പാണ് ജോയേട്ടാ തട്ടിപ്പ്...." ഹമീദ് തനിക്കറിയാവുന്ന രഹസ്യ ചുരുളഴിച്ചു.
"എന്ത്
തട്ടിപ്പ്....?
ഖമർ കേരളം അറിയുന്ന വലിയ സിനിമ സംവിധായകനാണ്." ജോയ് മാമൻ ഹമീദിനെ
ഓർമ്മിപ്പിച്ചു.
“അതെന്നെ പറഞ്ഞാ… സിനിമയൊക്കെ തട്ടിപ്പാണ്.”
“മ്മ്‌ടെ ആള്ക്കാരുടെ കൈയ്യില് പൈസയുണ്ട്... അത് എറിഞ്ഞു കളിക്കുകയാണ് ജോയേട്ടാ.... അവനൊക്കെ എന്തൂട്ട് കഴിവാണെത്ര പറയാൻ. ഓന്റെ ഒപ്പം ഞാൻ പഠിച്ചതാണ്. ഓനെ യ്ക്ക് നല്ലോണം അറിയാം ...” ഹമീദ് പറഞ്ഞു. അയാൾ തുടർന്നു
“അവന്റെ പ്രധാന പണി പഴയ ഇരുമ്പും കമ്പിയും തൂക്കി വിൽക്കലായിരുന്നു. കുറെ കാലം പഴയ കാറുകൾ വെട്ടിപൊളിച്ചു നടന്നു. ഓൻ അങ്ങനെ കുറെ കാശ് ഇണ്ടാക്കി... ആ പണി നന്നായി അറിയാവുന്നതു കൊണ്ട് കുഴപ്പമില്ല.”
“അതൊക്ക ശരിയാണ്... അവനു ഭയങ്കര സ്വീകാര്യതയുണ്ട്... എന്താണെന്നറിയില്ല... എല്ലാവരും അവനോട് സ്നേഹത്തോടെ പെരുമാറുന്നെ...”
“ഓൻ പണ്ട് പഴയ സാധനങ്ങൾ വാങ്ങിച്ചു വിൽക്കല്ലേ ആയിരുന്നു പണി. ആ ഒരു സ്നേഹാണ്... അതൊക്കെ എത്ര കാലൊണ്ടാവും… ഇപ്പൊ പിന്നെ സ്നേഹം കൂടീണ്ട്. ഇല്ല്യാന്നു പറയിണില്ല. അയിനിപ്പ രണ്ടു പടം ഹിറ്റായില്ലേ... അതാണ് ജോയേട്ടാ.... ഇങ്ങടെ ബൈബിളിൽ പറയിണില്ലേ... അതെന്നെ.. അതാണ് സിനിമ.”
“ഏതു..?”
“അതെന്നെ പറഞ്ഞാ… സിനിമയൊക്കെ തട്ടിപ്പാണ്.”
“മ്മ്‌ടെ ആള്ക്കാരുടെ കൈയ്യില് പൈസയുണ്ട്... അത് എറിഞ്ഞു കളിക്കുകയാണ് ജോയേട്ടാ.... അവനൊക്കെ എന്തൂട്ട് കഴിവാണെത്ര പറയാൻ. ഓന്റെ ഒപ്പം ഞാൻ പഠിച്ചതാണ്. ഓനെ യ്ക്ക് നല്ലോണം അറിയാം ...” ഹമീദ് പറഞ്ഞു. അയാൾ തുടർന്നു
“അവന്റെ പ്രധാന പണി പഴയ ഇരുമ്പും കമ്പിയും തൂക്കി വിൽക്കലായിരുന്നു. കുറെ കാലം പഴയ കാറുകൾ വെട്ടിപൊളിച്ചു നടന്നു. ഓൻ അങ്ങനെ കുറെ കാശ് ഇണ്ടാക്കി... ആ പണി നന്നായി അറിയാവുന്നതു കൊണ്ട് കുഴപ്പമില്ല.”
“അതൊക്ക ശരിയാണ്... അവനു ഭയങ്കര സ്വീകാര്യതയുണ്ട്... എന്താണെന്നറിയില്ല... എല്ലാവരും അവനോട് സ്നേഹത്തോടെ പെരുമാറുന്നെ...”
“ഓൻ പണ്ട് പഴയ സാധനങ്ങൾ വാങ്ങിച്ചു വിൽക്കല്ലേ ആയിരുന്നു പണി. ആ ഒരു സ്നേഹാണ്... അതൊക്കെ എത്ര കാലൊണ്ടാവും… ഇപ്പൊ പിന്നെ സ്നേഹം കൂടീണ്ട്. ഇല്ല്യാന്നു പറയിണില്ല. അയിനിപ്പ രണ്ടു പടം ഹിറ്റായില്ലേ... അതാണ് ജോയേട്ടാ.... ഇങ്ങടെ ബൈബിളിൽ പറയിണില്ലേ... അതെന്നെ.. അതാണ് സിനിമ.”
“ഏതു..?”
“ഹേ... സിനിമയാണ് ഇവിടെ യേശു. ഈ
കഴുതപ്പുറത്തു യേശു പോകുമ്പോൾ എല്ലാവരും സ്തുതി പാടുമ്പോൾ പറയണ സംഭവം. ഓശാന ഓശാന…”
“ഹമീദ് എന്താന്നു തെളിച്ചു പറയ്…. നീ ബൈബിളൊക്കെ വായിക്കോ?”
“ഹമീദ് എന്താന്നു തെളിച്ചു പറയ്…. നീ ബൈബിളൊക്കെ വായിക്കോ?”
“കഴുതയുടെ വിചാരം അവനെയാണ് ആൾക്കാര് സ്തുതിക്കണേന്നാ ... ന്നാ
ആള്ക്കാര് സ്തുതിച്ചത് യേശുനെയല്ലേ. ആൾക്കാര് സിനിമ സിനിമാന്ന് പറഞ്ഞു നടക്കേണ്... അത് സിനിമേടെ പത്രാസാണ്
അല്ലാതെ ഓനെ ഇഷ്ടണ്ടായിട്ടല്ല…”
“അവനോട് അസൂയ ഇത്തിരി കൂടുതലാണല്ലേ....? ഒന്നുമില്ലെങ്കിലും
നിങ്ങടെ ജാതിയല്ലേ... ഇങ്ങനെ കുത്തണോ. അതും ഇസ്ലാമായ നീ, ബൈബിൾ ഉപയോഗിച്ചു; ഖിയാമർ നല്ല രസായിട്ട്
ടീവിയിൽ സംസാരിക്കുന്നു. അവന് കഴിവില്ലാണ്ട് ഇങ്ങനെയൊക്കെ സംസാരിക്കോ?” ജോയ് മാമൻ കാര്യം പറഞ്ഞു.
“ഖിയാമറല്ല... ഖമർ.”
“എന്തായാലും അവൻ മിടുക്കനാ; അതവന്റെ
സംസാരത്തിലും കാണാം പ്രവർത്തിയിലും കാണാം; എന്തായാലും നിന്നെപ്പോലെയല്ല.” ജോയ് മാമൻ
ഹമീദിനെ നന്നായൊന്ന് കളിയാക്കി. “നീയും മിടുക്കനാട…ഞാൻ അവനെ കുറിച്ച് പറഞ്ഞുവെന്നേയുള്ളൂ.” ജോയ് മാമന്റെ വക തലോടലും ഒപ്പം തന്നെ കഴിഞ്ഞു.
“സിനിമയൊക്കെ കുറെ പേര് കൂടീട്ടുള്ള തട്ടിപ്പാണ്... ഓന്റെ പേര് വെറുതെ
വെച്ചിരിക്കുന്നതാണ്.” ഹമീദ് വീണ്ടും പുലമ്പി.
‘ഹ്മ്മ് … നിന്നേക്കാൾ നല്ലതു കരിമൂർഖൻ
തന്നെയാ. കരിമൂർഖൻ കരിമൂർഖൻ…’ ജോയ്
മാമൻ ഉള്ളിൽ ചില വാക്കുകൾ ഉരുവിട്ടു.
“ജോയേട്ടൻ വല്ലതും പറഞ്ഞോ?”
“ഇല്ലില്ല ഞാനൊന്നും പറഞ്ഞില്ല.” ജോയ് മാമൻ ഹമീദിനെ മുഖഭാഷകൊണ്ട് സന്തോഷത്തോടെ
യാത്രയാക്കി. കപ്പലണ്ടി ചട്ടിയിലേക്ക് തന്റെ ചട്ടുകം
എറിഞ്ഞു. അതിനിടയിൽ അയാൾ പറഞ്ഞു,
"എനിക്കറിയാവുന്ന പണി ഇതാണ്."
ജോയ് മാമൻ കുറച്ച് മുമ്പ്
മനസ്സിൽ ഉരുവിട്ടത് കേട്ട് മറുപടി പറയുകാണെന്ന് തോന്നിക്കും വിധം ഹമീദ് പറഞ്ഞു, “ഇതാ കുഴപ്പം... കാര്യം പറഞ്ഞാ അസൂയ.... ഇനി ജോയേട്ടന്റെ
കടേന്നു ഞാൻ കപ്പലണ്ടി വാങ്ങിക്കല് നിർത്തി.” അത്രയും പറഞ്ഞ്, പോകുന്ന പോക്കിൽ ഹമീദ് ഒരു
പിടി വറുത്ത കപ്പലണ്ടി ചട്ടിയിൽ നിന്നും വാരി. അതും കൊറിച്ചുകൊണ്ടു ഹമീദ് നടന്നകന്നു.
Subscribe to:
Posts (Atom)
ഗോലി സോഡാ
നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ പലരും ഗോലി സോഡാ കഴിക്കുന്നത് കണ്ട് , ഗോലി സോഡാ കഴിക്കണമെന്ന് മോഹം തോന്നി തുടങ്ങിയിരുന്നു. പിന്നെ കാണുന്നത് സെവൻ...
-
1960 - ചാണ്ടികുര്യൻ വറീത് മകനെയും കൂട്ടി കരിക്കോട് പെണ്ണ് കാണാൻ പോയി. സ്ഥിരം കലാപരിപാടികൾ തുടങ്ങി. ചായസൽക്കാരം, വെടിവട്ടം, കുടുംബ മഹിമ, പ...
-
പത്ത് രൂപയുടെ വില പത്ത് രൂപ തന്നെയാണ്. എന്നാൽ ചില സമയങ്ങളിൽ അതിന്റെ മൂല്യങ്ങളിൽ മാറ്റം വരാറുണ്ട്. പത്ത് രൂപയ്ക്ക് നിങ്ങൾക്ക് മിട്ടായി വാങ്ങി...
-
എന്റെ പേര് റിമസെൻ. വലിയ ഒരു കുടുംബത്തിലെ കൊച്ചുമകൾ. എന്റെ അമ്മയുടെ കുടുംബത്തിൽ അവർ ആറ് മക്കൾ. നാല് ആണ്മക്കളും രണ്ട് പെൺമക്കളും. അച്ചായ...