Thursday 27 September 2018

ഒരു ജ്യുസ്


ഏട്ടൻ വലിയ സ്‌കൂളിലെ വിശേഷങ്ങൾ ദിവസവും നിരത്തി കൊണ്ടിരുന്നു. ഏട്ടന്റെ സ്‌കൂളിൽ ടൈ കെട്ടണം. ഒരു പ്രത്യേക തരത്തിലുള്ള ബെൽറ്റാണ്‌. എന്റെ ബെൽറ്റ് സാധാരണ ബെൽറ്റാണ്. ഏട്ടന്റെ കയർ പിരിച്ചപോലെയുള്ള ബെൽറ്റാണ്. എനിക്കും അടുത്ത വർഷം ആ സ്‌കൂളിൽ ചേരാം. എനിക്കും ടൈ കെട്ടാം. ഏട്ടൻ സ്‌കൂളിൽ നിന്ന്  ഒരുപാട് ദൂരെ വിനോദ യാത്ര പോയ വിശേഷം പറഞ്ഞു. ടൂർ ബസിൽ മിട്ടായിയും ഓറഞ്ചും ആപ്പിളും ഉണ്ടായിരുന്നുവെന്നാണ് പറഞ്ഞത്. ബസിൽ വീഡിയോ കാസറ്റിലൂടെ സിനിമ കണ്ടകാര്യം പറഞ്ഞു. എറണാകുളം നഗരത്തിലെ തീയറ്ററിൽ പോയി സിനിമ കണ്ട കാര്യവും പറഞ്ഞു തുള്ളി ചാടിക്കൊണ്ടിരുന്നു. 'എനിക്കും വരും ആ ദിവസം' ഞാൻ മനസ്സിൽ പറഞ്ഞു. ഒരു കൊല്ലം വളരെ പെട്ടന്ന് കടന്നു പോയി. ഞാനും ആ സ്‌കൂളിൽ ചേർന്നു. ആദ്യമായി ബസിൽ യാത്ര തുടങ്ങി. ഞാനും വലിയ കുട്ടിയായതിന്റെ ലക്ഷണം പ്രകടിപ്പിച്ചു. വലിയവരുടെ ഒപ്പം ഇടി കൂടി രാജൻ ബ്രദർസ് ബസിൽ സ്‌കൂൾ യാത്ര തുടങ്ങി. ബസ് ചില ദിവസങ്ങളിൽ സ്റ്റോപ്പിൽ നിർത്തുകയില്ല. ചിലപ്പോൾ സ്റ്റോപ്പിൽ നിന്നും കയറ്റി  നിർത്തും. ഇല്ലെങ്കിൽ ഇറക്കി നിറുത്തും. അതൊക്കെ മനസിലാക്കി ഓടിപിടിക്കണം. ഓടി കയറുന്നവർ വലിയ മിടുക്കന്മാരായി കണക്കാക്കപ്പെടും. ബസ്സിൽ ഇടികൊണ്ടു സ്‌കൂളിൽ പോകുന്ന വിദ്യ പഠിച്ചു. ദിവസങ്ങൾ കഴിഞ്ഞു. ആ ദിവസം വന്നെത്തി. സ്‌കൂളിൽ നിന്നും ഞങ്ങൾ അഞ്ചാം ക്ലാസ്സുകാർ വിനോദ് യാത്ര പോകുന്ന ദിവസം. ടീച്ചർ എല്ലാവരെയും വരി വരിയായി ബസിൽ കയറ്റി. സാധാരണ ബസ് പോലെയല്ല. വലിയ സീറ്റുകളാണ്. വീഡിയോയും പാട്ടുമൊക്കെ കേൾക്കാം. ഞങ്ങൾ എല്ലാവരും സീറ്റുകളിൽ ഇരുന്നു. ഇതിനിടയിൽ ടീച്ചർമാർ വലിയ ചില പ്ലാസ്റ്റിക് കവറുകളിൽ എന്തൊക്കൊയോ സാധനങ്ങൾ കൊണ്ടുവരുന്നുണ്ട്. നാലോ അഞ്ചോ പ്ലാസ്റ്റിക് ബക്കറ്റുകൾ കൊണ്ട് വരുന്നുണ്ട്. ബക്കറ്റുകൾ മൂടിയിട്ടുണ്ട്. ഓറഞ്ച് ജ്യൂസ്, ആപ്പിൾ, മിട്ടായികൾ,പൊതി കേക്ക്;  ഇങ്ങനെ പോകുന്നു സാധാരണ വിഭവങ്ങൾ. എല്ലാം ഏട്ടനിൽ നിന്നും കിട്ടിയ അറിവാണ്. ഞങ്ങൾ യാത്ര തുടങ്ങി. ടീച്ചർമാർ കുട്ടികളോട് പാട്ടുപാടാൻ ആവശ്യപ്പെടുന്നുണ്ട്. എന്റെ ശ്രദ്ധ ടീച്ചർമാർ കൊണ്ടുവന്ന പ്ലാസ്റ്റിക് ഉറകളിലേക്ക് തിരിഞ്ഞു. ആരോക്കെയോ പാടുന്നു. ഒരുപക്ഷേ പാടി കഴിഞ്ഞാൽ മിട്ടായി വിതരണം ചെയ്യുമായിരിക്കും. കുറെ ദൂരം സഞ്ചരിച്ചു. പിന്നെയും എന്തൊക്കൊയോ കളികളെ കുറിച്ച് അവർ പറഞ്ഞുകൊണ്ടിരിന്നു. കളികളിൽ ഞാനും കൂടെ ചേർന്നു. കളികൾ കഴിഞ്ഞാൽ ജ്യുസ് കിട്ടുമായിരിക്കും. കുറെ സമയം കഴിഞ്ഞിട്ടും അവർ പ്ലാസ്റ്റിക് ബാഗുകളോ ബക്കറ്റോ തുറന്നില്ല. എന്റെ ക്ഷമയെ അവർ പരീക്ഷിച്ചുകൊണ്ടിരുന്നു. എത്ര നേരമായി, മിട്ടായിയെങ്കിലും വിതരണം ചെയ്തൂടെ. ഞങ്ങൾ പാടിയും ആടിയും തളർന്നത് കണ്ടില്ലേ? ആര് കേൾക്കാൻ. അവസാനം നടക്കാൻ പാടില്ലാത്തത് സംഭവിച്ചു. എന്റെ പിന്നിൽ നിന്നും ഒരു കുട്ടി ശർദ്ധി തുടങ്ങി. ഇതിനിടയിൽ പിന്നിൽ നിന്നും ആരോ വിളിച്ചു പറഞ്ഞു, അവിടെയും ഏതോ ഒരുവൻ ശർദ്ധിക്കുന്നു. എനിക്ക് വിഷമമായി. ഉടനെ ടീച്ചർമാർ എഴുന്നറ്റ് പ്ലാസ്റ്റിക് ബക്കറ്റുകൾ തുറന്നു. അതിൽ നിന്നും മണൽ വാരി ശർദ്ധിച്ച സ്ഥലങ്ങളിൽ വിതറി. കുട്ടികളോട് അടങ്ങിയിരിക്കാൻ ആവശ്യപ്പെട്ടു. സ്ഥലം എത്താറായെന്നു പറഞ്ഞു. ചാടിക്കളി കൂടിയിട്ടാണെന്നു ഒരു ടീച്ചർ. ഞാൻ പ്രതീക്ഷ കൈവിട്ടില്ല. ഇനിയും മൂന്ന് ബക്കറ്റുകൾ തുറക്കാനുണ്ടല്ലോ. അതിൽ കാണുമായിരിക്കും; എന്റെ ജ്യാള്യതയെ, അടുത്ത ബക്കറ്റുകൾ തുറക്കുന്നവരെയെങ്കിലും പ്രതീക്ഷയിലേക്ക് മാറ്റിയെടുത്തു.

No comments:

Post a Comment

ഗോലി സോഡാ

നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ പലരും ഗോലി സോഡാ കഴിക്കുന്നത് കണ്ട് , ഗോലി സോഡാ കഴിക്കണമെന്ന് മോഹം തോന്നി തുടങ്ങിയിരുന്നു. പിന്നെ കാണുന്നത് സെവൻ...