Friday, 28 September 2018

കുശുമ്പ് കുസൃതി


ബാബുവിന്റെ വിവാഹാലോചന നടക്കുന്നു. നല്ല കുടുംബത്തിൽ നിന്നുള്ള ആലോചനയാണ്. വധു ആറമ്പിള്ളിയിൽ നിന്നാണ്. ഇത് അമ്പതാമത്തെ ആലോചനയാണ്. ഇത് നടന്നില്ലെങ്കിലിനി കല്യാണം വേണ്ട. ബാബു മനസ്സിൽ അങ്ങനെ ഒരു തീരുമാനമെടുത്തിരുന്നു. അഞ്ചെണ്ണം കഴിഞ്ഞപ്പോഴും പത്തെണ്ണം കഴിഞ്ഞപ്പോഴും അങ്ങനെയുള്ള തീരുമാനങ്ങൾ എടുത്തിരുന്നു. അതുകൊണ്ടു തന്നെ ഈ തീരുമാനവും മാറ്റാൻ ഇടയുണ്ടെന്നു ബാബുവിന് തന്നെ അറിയാം. പെണ്ണുകാണൽ തനിക്ക് ലഹരിയായി മാറിയെന്ന് ചിലപ്പോൾ തോന്നും. കള്ളുകുടിയും സിഗരറ്റ് വലിയും നിർത്താൻ ഇത്രയും ബുദ്ധിമുട്ടില്ല. ബാബുവിന്റെ അനിയന് ഇരുപത്തിയൊമ്പതു വയസായി. അയാൾ ഈ പോക്ക് വരവ് പരിപാടിക്ക് നിൽക്കുന്നില്ല. പക്ഷെ സ്ഥിരമായി പോകുന്ന സ്ഥലമുണ്ട്. കാര്യങ്ങൾ അനുജൻ പരസ്യപ്പെടുത്തിയിട്ടില്ല. ചേട്ടൻ ഇങ്ങനെ ഹാഫ് സെഞ്ച്വറി അടിച്ചു നടക്കുന്നതുകൊണ്ടു ചെറിയ വിഷമമുണ്ട്. ബാബു പറയുന്നത് എല്ലാം ഒത്തു വന്നില്ലെന്നാണ്. എല്ലാം ഒത്തു വരുമ്പോൾ പെണ്ണിന് ഇഷ്ടമാകുന്നില്ല. ഒരു പെണ്ണിന് തടി കൂടി. ഒരു പെണ്ണിന് ഉയരം കൂടി. ഒരു പെണ്ണിന് കട്ടപ്പല്ല്. ഒരു പെണ്ണിന് ശബ്ദം ശരിയല്ല. ഒരു പെണ്ണിന് മുടി കുറവാണ്. ഇങ്ങനെ പത്തെണ്ണം കഴിഞ്ഞു. പിന്നീട് ബാബുവും മറുവശങ്ങൾ കേൾക്കാൻ തുടങ്ങി. ബാബുവിന്റെ കണ്ണ് കുണ്ടിൽ പോയതാണ്. ബാബുവിന്റെ ചുണ്ട് ചുവന്നതാണ്. ബാബുവിന്റെ മുടി ഭംഗിയില്ല. ബാബുവിന്റെ സർക്കാർ ജോലിയാണ് (വിദേശ യാത്രകൾ സാധ്യമല്ല പോലും)അങ്ങനെ ഇരുപത് പെണ്ണ് കാണൽ അനുഭവങ്ങൾ കഴിഞ്ഞതിനു ശേഷം വീണ്ടും ഇരുപത്തിയൊമ്പതു പെണ്ണുങ്ങളെ കണ്ടു. സഹികെട്ടു തന്റെ ആഗ്രഹവുമായി ഒരു  ബന്ധമില്ലാത്ത ഒരു പെണ്ണിനെ വിവാഹം കഴിക്കാൻ കഴിഞ്ഞ തവണ സമ്മതം മൂളിയതാണ്. പക്ഷേ അവൾക്കു പോലും ബാബുവിനെ വേണ്ട. അവളെ കുറിച്ച് വിവരിക്കുന്നില്ല. അങ്ങനെ നാല്പത്തിയൊമ്പതും കഴിഞ്ഞു. പത്തു വർഷമായി നടക്കുന്നു. ബാബുവിന് 37 വയസായി. ജാതക ദോഷമാണെന്ന് എല്ലാവരും പറയുന്നു. ഈ പെണ്ണിന്റെ കാര്യത്തിൽ അങ്ങനെയുള്ള കുഴപ്പമില്ല. പെൺകുട്ടിയുടെ പേര് ലീല. പേര് കേട്ടപ്പോഴേ, അത് മതിയെന്ന് തീരുമാനിച്ചു. ഹായ് എന്ത് മാച്ച് ബാബു-ലീലഏതായാലും ഈ കാര്യം നടക്കും. രണ്ടു വീട്ടുകാർക്കും ഒരേ നിലവാരം. പെണ്ണ് എല്ലാ കാര്യത്തിലും ഒരു മീഡിയം. കാഴ്ചയിലും ഒരു മീഡിയം. തനിക്കും പെണ്ണിനും കണ്ണേറ് പറ്റില്ല ഉറപ്പാണ്. ലീലയെ കുറിച്ച് അന്വേഷിച്ചു. കുറെ കാലമായി അവരും തിരഞ്ഞ് തോറ്റതാണ്. ഇതിനിടയിൽ ലീലയുടെ വീട്ടുകാർ ബാബുവിന്റെ കാര്യങ്ങൾ അന്വേഷിച്ചു. അമ്മാവനെയാണ് കാര്യങ്ങൾ ഏൽപ്പിച്ചിരിക്കുന്നത്. അമ്മാവന്റെ അവകാശവും ചുമതലയും നല്ല ഭംഗിയായി നിർവഹിച്ചു. ലീലയുടെ അമ്മാവൻ ബാബുവിന്റെ വീടിനടുത്തുള്ള കടയിൽ കാര്യങ്ങൾ അന്വേഷിച്ചു. ജ്യോതിഷന്റെ ജ്യുസ് കടയാണ്. പണ്ട് ഗോലി സോഡാ കൊടുത്തു ജ്യുസിലേക്കു വലുതായ കച്ചോടമാണ്. ജ്യോതിഷൻ കാര്യങ്ങൾ മനസിലാക്കി. കുറെ കാലമായി ഇത്തരം ചോദ്യങ്ങൾ അയാൾ കേൾക്കുന്നു. അയാൾ പറഞ്ഞു. "അനിയൻ ഗോകുലിനെ അറിയാം. അവൻ മിടുക്കനാണ്. ബാബു...അവനെ കുറിച്ച്..." കുറച്ചു നേരം ജ്യോതിഷൻ ആലോചിച്ചു. "എന്തായാലും അനിയൻ മിടുക്കനാണ്. ബാബു ഇപ്പോഴെന്താണ് ചെയ്യണെന്നാണ്. ബാബു കുറെ കാലായി വെളിവില്ലാതെ നടക്കാൻ തുടങ്ങിയിട്ട്. പക്ഷേ സർക്കാറിൽ എന്തോ പണിയൊക്ക ഉണ്ടെന്നു തോന്നുന്നു." ജ്യുസ് കടക്കാരൻ ജ്യോതിഷ് കുഴഞ്ഞു കുഴഞ്ഞു കാര്യം പറഞ്ഞില്ല. ലീലയുടെ  അമ്മാവൻ  സഹികെട്ട്  അവിടെ നിന്നും ഇറങ്ങി പോയി. അങ്ങനെ ലീലയുടെ റിസൾട്ട് വന്നു."അനിയൻ മിടുക്കനാണ്" ബാബു അമ്പത് പൂർത്തിയാക്കി. കഠിനമായ തീരുമാനമെടുത്തു. ഇനി വേണ്ട.

No comments:

Post a Comment

ഗോലി സോഡാ

നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ പലരും ഗോലി സോഡാ കഴിക്കുന്നത് കണ്ട് , ഗോലി സോഡാ കഴിക്കണമെന്ന് മോഹം തോന്നി തുടങ്ങിയിരുന്നു. പിന്നെ കാണുന്നത് സെവൻ...