Tuesday, 18 September 2018

സിനിമ സംവിധായകൻ

ഹമീദിനെ കുറിച്ച് ആർക്കും വലിയ അഭിപ്രായമില്ല. ഹമീദിന്റെ ഉമ്മ പോലും അഭിപ്രായം പറയാറില്ല പക്ഷേ, ഹമീദിന് എല്ലാവരെയും കുറിച്ച് വലുതും ചെറുതുമായ അഭിപ്രായങ്ങളുണ്ട്. കടപ്പുറത്ത് കപ്പലണ്ടി കച്ചവടം നടത്തുന്ന ജോയേട്ടനാണ് ഹമീദിന്റെ സ്ഥിരം കേൾവിക്കാരൻ.

"ഹ്മ്മ് ഓനിപ്പ ഏതു നേരോം ടീവിയിലല്ലേ... ഓന്റെ ഒരു കാലം." ഹമീദ് തുടങ്ങി വെച്ചു

"ഖമർ വലിയ ആളായി."  ജോയ് മാമൻ ശരി വെച്ചു

"ടീവിയിൽ വന്നോണ്ടല്ല... ഓന്റെ പിന്നിആളുണ്ട്. തട്ടിപ്പാണ് ജോയേട്ടാ തട്ടിപ്പ്...." ഹമീദ് തനിക്കറിയാവുന്ന രഹസ്യ ചുരുളഴിച്ചു.

"എന്ത് തട്ടിപ്പ്....? ഖമർ കേരളം അറിയുന്ന വലിയ സിനിമ സംവിധായകനാണ്." ജോയ് മാമൻ ഹമീദിനെ ഓർമ്മിപ്പിച്ചു.

അതെന്നെ പറഞ്ഞാ സിനിമയൊക്കെ തട്ടിപ്പാണ്.” 
മ്മ്‌ടെ ആള്ക്കാരുടെ കൈയ്യില് പൈസയുണ്ട്... അത് എറിഞ്ഞു കളിക്കുകയാണ് ജോയേട്ടാ.... അവനൊക്കെ എന്തൂട്ട് കഴിവാണെത്ര പറയാ. ഓന്റെ ഒപ്പം ഞാൻ പഠിച്ചതാണ്. ഓനെ യ്ക്ക് നല്ലോണം അറിയാം ... ഹമീദ് പറഞ്ഞു. അയാൾ തുടർന്നു
അവന്റെ പ്രധാന പണി പഴയ ഇരുമ്പും കമ്പിയും തൂക്കി വിൽക്കലായിരുന്നു. കുറെ കാലം പഴയ കാറുകൾ വെട്ടിപൊളിച്ചു നടന്നു. ഓൻ അങ്ങനെ കുറെ കാശ് ഇണ്ടാക്കി... ആ പണി നന്നായി അറിയാവുന്നതു കൊണ്ട് കുഴപ്പമില്ല.” 
അതൊക്ക ശരിയാണ്... അവനു ഭയങ്കര സ്വീകാര്യതയുണ്ട്... എന്താണെന്നറിയില്ല... എല്ലാവരും അവനോട് സ്നേഹത്തോടെ പെരുമാറുന്നെ...” 

ഓൻ പണ്ട് പഴയ സാധനങ്ങൾ വാങ്ങിച്ചു വിൽക്കല്ലേ ആയിരുന്നു പണി. ആ ഒരു സ്നേഹാണ്... അതൊക്കെ എത്ര കാലൊണ്ടാവും ഇപ്പൊ പിന്നെ സ്നേഹം കൂടീണ്ട്. ഇല്ല്യാന്നു പറയിണില്ല. അയിനിപ്പ രണ്ടു പടം ഹിറ്റായില്ലേ... അതാണ് ജോയേട്ടാ.... ഇങ്ങടെ ബൈബിളിൽ പറയിണില്ലേ... അതെന്നെ.. അതാണ് സിനിമ.”
 ഏതു..?”

ഹേ... സിനിമയാണ് ഇവിടെ യേശു. ഈ കഴുതപ്പുറത്തു യേശു പോകുമ്പോൾ എല്ലാവരും സ്തുതി പാടുമ്പോപറയണ സംഭവം. ഓശാന ഓശാന

ഹമീദ് എന്താന്നു തെളിച്ചു പറയ്. നീ ബൈബിളൊക്കെ വായിക്കോ?”  

കഴുതയുടെ വിചാരം അവനെയാണ് ആൾക്കാര് സ്തുതിക്കണേന്നാ ... ന്നാ ആള്ക്കാര് സ്തുതിച്ചത് യേശുനെയല്ലേ. ആൾക്കാര് സിനിമ സിനിമാന്ന്  പറഞ്ഞു നടക്കേണ്... അത് സിനിമേടെ പത്രാസാണ് അല്ലാതെ ഓനെ ഇഷ്ടണ്ടായിട്ടല്ല

അവനോട് അസൂയ ഇത്തിരി കൂടുതലാണല്ലേ....? ഒന്നുമില്ലെങ്കിലും നിങ്ങടെ ജാതിയല്ലേ... ഇങ്ങനെ കുത്തണോ. അതും ഇസ്ലാമായ നീ, ബൈബിൾ ഉപയോഗിച്ചു; ഖിയാമർ നല്ല രസായിട്ട്  ടീവിയിൽ സംസാരിക്കുന്നു. അവന് കഴിവില്ലാണ്ട് ഇങ്ങനെയൊക്കെ സംസാരിക്കോ?” ജോയ് മാമൻ കാര്യം പറഞ്ഞു.


ഖിയാമറല്ല... ഖമർ.” 

എന്തായാലും അവൻ മിടുക്കനാ; അതവന്റെ സംസാരത്തിലും കാണാം പ്രവർത്തിയിലും കാണാം; എന്തായാലും നിന്നെപ്പോലെയല്ല.” ജോയ് മാമൻ ഹമീദിനെ നന്നായൊന്ന് കളിയാക്കി. “നീയും മിടുക്കനാടഞാൻ അവനെ കുറിച്ച് പറഞ്ഞുവെന്നേയുള്ളൂ.” ജോയ് മാമന്റെ വക തലോടലും ഒപ്പം തന്നെ കഴിഞ്ഞു. 

സിനിമയൊക്കെ കുറെ പേര് കൂടീട്ടുള്ള തട്ടിപ്പാണ്... ഓന്റെ പേര് വെറുതെ വെച്ചിരിക്കുന്നതാണ്.” ഹമീദ് വീണ്ടും പുലമ്പി. 

ഹ്മ്മ് നിന്നേക്കാൾ നല്ലതു കരിമൂർഖൻ തന്നെയാ. കരിമൂർഖൻ കരിമൂർഖൻജോയ് മാമൻ ഉള്ളിൽ ചില വാക്കുകൾ ഉരുവിട്ടു.


ജോയേട്ടൻ വല്ലതും പറഞ്ഞോ?”


ഇല്ലില്ല ഞാനൊന്നും പറഞ്ഞില്ല.”  ജോയ് മാമൻ ഹമീദിനെ മുഖഭാഷകൊണ്ട് സന്തോഷത്തോടെ യാത്രയാക്കി. കപ്പലണ്ടി ചട്ടിയിലേക്ക് തന്റെ ചട്ടുകം എറിഞ്ഞു. അതിനിടയിൽ അയാൾ പറഞ്ഞു, 

 "എനിക്കറിയാവുന്ന പണി ഇതാണ്."  

ജോയ് മാമൻ കുറച്ച് മുമ്പ് മനസ്സിൽ ഉരുവിട്ടത് കേട്ട് മറുപടി പറയുകാണെന്ന് തോന്നിക്കും വിധം ഹമീദ് പറഞ്ഞു, “ഇതാ കുഴപ്പം... കാര്യം പറഞ്ഞാ അസൂയ.... ഇനി ജോയേട്ടന്റെ കടേന്നു ഞാൻ കപ്പലണ്ടി വാങ്ങിക്കല് നിർത്തി.” അത്രയും പറഞ്ഞ്, പോകുന്ന പോക്കിൽ ഹമീദ് ഒരു പിടി വറുത്ത കപ്പലണ്ടി ചട്ടിയിൽ നിന്നും വാരി. അതും കൊറിച്ചുകൊണ്ടു  ഹമീദ് നടന്നകന്നു. 

 

No comments:

Post a Comment

ഗോലി സോഡാ

നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ പലരും ഗോലി സോഡാ കഴിക്കുന്നത് കണ്ട് , ഗോലി സോഡാ കഴിക്കണമെന്ന് മോഹം തോന്നി തുടങ്ങിയിരുന്നു. പിന്നെ കാണുന്നത് സെവൻ...