Thursday 12 March 2020

ഫുട്ബോൾ/Football

എന്റെ പേര് ഗോൾ കീപ്പർ. എതിരാളിയുടെ പന്തടി വലയിലെത്താതെ ഞാൻ സൂക്ഷിക്കും. ബാങ്കിന്റെ ലോക്കർ കുത്തി തുറക്കാൻ അനുവദിക്കാത്ത സെക്യൂരിറ്റി ഓഫീസറെ പോലെ. പക്ഷേ നിങ്ങൾ ഓർത്തിരിക്കുന്ന പേരുകൾ എനിക്കറിയാം. പെലെ, മറഡോണ, മെസ്സി, റൊണാൾഡോ. ഞങ്ങളുടെ ജോലിക്ക് നിങ്ങൾ വേണ്ടത്ര ബഹുമാനം തരുന്നില്ല. ഒരു യുദ്ധത്തിൽ മറുരാജ്യത്തെ ആക്രമിക്കുന്ന ഭടന്മാരുടെ അതേ ബഹുമാനം കൊട്ടാരത്തെ കാക്കുന്നവർക്ക് ഇല്ലെന്നാണോ? നിങ്ങൾ ഏതെങ്കിലും ഗോൾ കീപ്പറുടെ പേരുകൾ ഓർത്തിരിക്കുന്നുണ്ടോ? ഇനി അഥവാ ഉണ്ടെങ്കിൽ തന്നെ നൂറ് ഫോർവേഡുകളെ ഓർക്കുമ്പോമാത്രമാണ് ഒരു ഗോൾ കീപ്പറെ നിങ്ങൾ ഓർമ്മിക്കുന്നത്. ഞങ്ങൾ അവഗണിക്കപ്പെടുന്നതായി തോന്നുന്നെങ്കിൽ അതിൽ നിങ്ങൾക്ക് തെറ്റ് പറയാനാകുമോ. സിനിമയിൽ അഭിനയിക്കുന്നവരെ നിങ്ങൾ ഓർക്കുന്നു. എഴുതിയവരെയും ക്യാമറ പിടിച്ചവരെയും നിങ്ങൾ ഓർക്കുന്നില്ല. ചിരിച്ചുകൊണ്ട് നിങ്ങളുടെ അടുത്ത് വരുന്ന ബാങ്കിന്റെ സെയിൽസ് മാനേജരെ നിങ്ങൾ ഓർക്കുന്നു. കഷ്ടപ്പെട്ടു നിങ്ങളുടെ അക്കൗണ്ട് സൂക്ഷിക്കുന്ന അക്കൗണ്ടന്റ് ഓർമ്മിക്കപ്പെടുന്നില്ല. എല്ലാ ജോലിയിലുമുണ്ട് ഞങ്ങളെ പോലെയുള്ള ശ്രദ്ധിക്കപ്പെടാത്ത ഗോൾ കീപ്പർമാർ. സിനിമ നടന്മാരോടുള്ള അസൂയകൊണ്ടു പറയുന്നതല്ല. ഗോൾ കീപ്പർ ജോലിയുടെ പ്രശ്നങ്ങൾ ധരിപ്പിച്ചതാണ്. പറയുമ്പോൾ പറയുന്നതാണ്.

ഞങ്ങൾ ഫുട്ബോൾ ബാക്കികളുടെ അവസ്ഥയും അത് തന്നെയല്ലേ. ഞങ്ങളെ ആരെങ്കിലും ഓർക്കുന്നുണ്ടോ? എത്ര ബുദ്ധിമുട്ടിയാണ് എതിർ കളിക്കാരെ ഞങ്ങൾ ബ്ലോക്ക് ചെയ്യുന്നത്. ഞങ്ങൾക്ക് തെറ്റിയാൽ പരാജയം ഉറപ്പാണ്. പരാജയത്തിന്റെ മിക്കവാറും ഉത്തരവാദിത്വം ഞങ്ങളുടെ തലയിൽ കെട്ടിവെക്കുന്നതിനു എല്ലാ പത്രങ്ങളും മത്സരിക്കുന്നു. വിജയങ്ങൾ ഫോർവേഡുകളുടെ തലയിൽ കിരീടമായി അണിയിക്കുന്നു. സ്ഥിരമായി ഇത് കാണുന്ന ഞങ്ങൾ ബാക്കികൾക്ക് അസൂയ തോന്നിയാൽ കുറ്റമൊന്നും പറയേണ്ട. അസൂയയില്ല. പറയുമ്പോൾ പറയുന്നതാണ്.

നിങ്ങൾക്ക് മാത്രമല്ല മിഡ്‌ഫീൽഡർസ് ആയ ഞങ്ങൾക്കും ആരും വലിയ ബഹുമാനമൊന്നും തരുന്നില്ല. എല്ലാം ഗോൾ അടിക്കുന്നവർക്ക്. എത്ര മനോഹരമായ ത്രൂ പാസുകൾ ഞങ്ങൾ ഫോർവേഡുകൾക്ക് എത്തിച്ചു കൊടുക്കുന്നു. ഗോൾ അടിച്ചാൽ അവർ ഞങ്ങളെ കെട്ടിപ്പിടിക്കുന്നുണ്ട്. ഇല്ലെന്ന് പറയുന്നില്ല. പക്ഷേ ശമ്പളത്തിന്റെ കാര്യം വരുമ്പോൾ ഈ ഫലം അത്ര കാണുന്നില്ല. ചിലപ്പോൾ ഞങ്ങളുടെ തോന്നലാവാം. ചില ഫോർവേഡുകൾ അറ്റാക്കിങ് മിഡ്ഫീൽഡർ പൊസിഷനിൽ കളിക്കുമ്പോൾ അവർക്ക് ബഹുമാനം കിട്ടുന്നത് ഞങ്ങൾ കണ്ടിട്ടുണ്ട്. അറ്റാക്കിങ് മാത്രമാണോ ബഹുമാനിക്കപ്പെടുന്നത്. അറ്റാക്കിങ് ചെയ്യുന്നവരോടുള്ള അസൂയകൊണ്ടു പറയുന്നതല്ല. പറയുമ്പോൾ പറയുന്നതാണ്.

ഏറ്റവും റിസ്കുള്ള ജോലിയാണ് ഞങ്ങളുടേത്. ഫോർവേഡുകൾ എല്ലാ സമയവും എതിർ പക്ഷത്തിന്റെ ചവിട്ട് കൊള്ളാൻ വിധിക്കപ്പെട്ടവരാണ്. അതിന്റെ ഇടയിൽ നിന്നും വീണു കിട്ടുന്ന ഏറ്റവും അപൂർവമായ അവസരങ്ങളാണ് ഞങ്ങൾ ഗോൾ അടിക്കുന്നത്. ചിലപ്പോൾ ഒരു ചവിട്ട് മതി, രണ്ടു കൊല്ലമോ അതോ ജീവിതകാലമോ കളി അവസാനിപ്പിക്കാൻ. നിങ്ങൾക്ക് ചവിട്ട് കൊള്ളില്ലെന്നല്ല. എങ്കിലും മറ്റുള്ളവരെ താരതമ്യം ചെയ്യുമ്പോൾ ഫോർവേഡുകൾ സ്ഥിരമായി ചവിട്ട് കൊള്ളാൻ വിധിക്കപ്പെട്ടവരാണ്. ഏറ്റവും അപകടകരമായ കർമ്മം ചെയ്യുന്നതിന് കൂടുതൽ ശ്രദ്ധയും ശമ്പളവും ലഭിക്കുന്നുണ്ട്. നിങ്ങൾ ബുദ്ധിമുട്ടുമ്പോൾ ഞങ്ങൾ ഇറങ്ങി വന്നു സഹായിക്കാറുണ്ട്‌. ശരിയാണ് ഗോൾ അടിക്കുകയെന്നത് ഏറ്റവും സുന്ദരമായ മുഹൂർത്തമാണ്.   അതിന്റെ സൗന്ദര്യത്തിലും ലഹരിയിലും ഞങ്ങൾ മതിമറന്ന് പ്രവർത്തിക്കാറില്ല. പക്ഷേ, ജനങ്ങളെ ലഹരി പിടിപ്പിക്കുന്ന അത്തരം മുഹൂർത്തത്തിന് ശമ്പളം കൂടുതൽ ലഭിക്കുന്നുണ്ട്.  അതിന് ഞങ്ങളെയിങ്ങനെ പഴി പറയരുത്. ഫുട്ബാൾ ടീം ഗെയിമാണ്. ഞങ്ങൾ മറക്കുന്നില്ല. ഫുട്ബാൾ വിജയിക്കട്ടെ.

No comments:

Post a Comment

ഗോലി സോഡാ

നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ പലരും ഗോലി സോഡാ കഴിക്കുന്നത് കണ്ട് , ഗോലി സോഡാ കഴിക്കണമെന്ന് മോഹം തോന്നി തുടങ്ങിയിരുന്നു. പിന്നെ കാണുന്നത് സെവൻ...