Thursday, 29 October 2020

എങ്കിലും എന്റെ ഡീഗോ...!!

ടീവി കാണാൻ തുടങ്ങിയ കാലത്ത്  എന്റെ ആദ്യ ഫുട്ബോൾ ഹീറോ ഡീഗോ മറഡോണ തന്നെയായിരുന്നു. ആദ്യ കുട്ടിയോടുള്ള സ്നേഹം കൂടുതലായിരിക്കും എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. അങ്ങനെ ചെയ്യുന്നത് തെറ്റായിരിക്കാം. എങ്കിലും ഡീഗോ തന്നെ.

അദ്ദേഹത്തോടൊപ്പം പന്ത് കളിച്ച പ്ലാറ്റിനിയെയും, ഗാരി ലിനേക്കറെയും, റൂഡ് ഗല്ലിറ്റ്നെയും, മാർക്കോ വാൻ ബാസ്റ്റൻ തുടങ്ങിയവരുടെ കളിയും ഇഷ്ടപ്പെട്ടിരുന്നു.

റൊമാരിയോ,ക്ലിൻസ്മാൻ,റൊണാൾഡോ,ബാജിയോ,സിദാൻ,റൂണി,മെസ്സി,ക്രിസ്ത്യാനോ തുടങ്ങിയവർ വന്നെങ്കിലും അതിൽ തന്നെ മെസ്സിയും റൊണാൾഡോയും മറ്റുള്ളവരെക്കാൾ ഗോൾ സ്കോറിങ്ങിലും ഡ്രിബ്ബിളിങ്ങിലും മുന്നിലായെങ്കിലും ഡീഗോ ഒരു പ്രത്യേക വികാരം തന്നെയാണ്. പെലെയുടെ പഴയ കളികൾ പിന്നീട് ടീവിയിൽ കണ്ടപ്പോൾ അദ്ദേഹത്തിന്റെ വന്യമായ ഗോൾ സ്കോറിങ്ങും ഡ്രിബിളിംഗും കാണാഞ്ഞിട്ടല്ല. യോഹാൻ ക്രഫിനെ മറക്കുന്നില്ല.

ഒരു പക്ഷെ മേൽപ്പറഞ്ഞ എല്ലാ കളിക്കാരും മൈതാനത്തിന്റെ ഏത് ഭാഗത്തും പ്രതിഭകൊണ്ടും പരീശീലനത്തിന്റെ നൈരന്ത്യര്യം കൊണ്ടും  വിസ്ഫോടനം സൃഷ്ടിക്കാൻ കഴിവുള്ളവരാകാം. എല്ലാവരിൽ നിന്നും മറഡോണയെ വേറിട്ട് നിറുത്തുന്ന ഒരു പ്രത്യേകതയുണ്ട്. മൈതാനത്ത് പ്രവചിക്കാൻ സാധ്യമല്ലാത്ത കവിതകൾ  രചിക്കുന്നവൻ. മെസ്സിയുടെ ചലനങ്ങൾ എതിരാളികൾക്ക് മനസിലാക്കാം. അതുകൊണ്ട് പ്രയോജനമൊന്നുമില്ല. അറിഞ്ഞാലും പിടിച്ചു കെട്ടാൻ നാല് പേരെ നിയോഗിക്കേണ്ടിവരുന്നു. അതിനുള്ളിൽ നിന്നും കുതറിമാറി പിന്നെയും സ്കോർ ചെയ്യുന്നു. റൊണാൾഡോയും അങ്ങനെ തന്നെ.

അവിടെയാണ് മറഡോണയുടെ വ്യസ്തത. ഗോളുകളുടെ എണ്ണം കുറവാണെങ്കിലും; മറഡോണയുടെ നീക്കങ്ങൾ  പ്രവചിക്കാൻ നിങ്ങൾക്ക് സാധ്യമല്ല. ജന്മദിനത്തിൽ  അദ്ദേഹത്തെ കുറിച്ച് രണ്ടു വരികൾ എഴുതിയപ്പോൾ എന്റെ മനസിന് നല്ല സുഖം. 

Saturday, 13 June 2020

അവിഹിത രഹസ്യ ഗർഭം


കാലത്തിനോ സമയത്തിനോ പ്രാധാന്യമില്ല. ദിവസത്തിനും പ്രാധാന്യമില്ല. കൊല്ലത്തിനും മാസങ്ങൾക്കും പ്രാധാന്യമില്ല. എന്നാലും ലോന അതോർക്കുന്നു. അത് നടന്നത്, 95-ലെ ഫെബ്രുവരിയിലെ ഏതോ ദിവസമായിരുന്നു. കുരുമുളക് വള്ളികൾ വളഞ്ഞു പുളഞ്ഞു കയറിയ തിങ്ങിനിറഞ്ഞ കവുങ്ങ് തോട്ടത്തിൽ നടന്ന ഒരു വിചിത്രമായ കണ്ടുപിടിത്തം. ജോര്ജട്ടൻ വല്ലാത്ത ആകാംഷയോടെ അന്നത്തെ  നടത്തവും വെള്ള നനയും  അവസാനിപ്പിച്ചു. നടത്തത്തിനിടയിൽ അത് ശ്രദ്ധിച്ചു. പറമ്പിന്റെ ആരും ശ്രദ്ധിക്കാത്ത മൂലയിൽ കുറെ ചാരം കൂട്ടിയിട്ടിരിക്കുന്നു. വളരെയധികം ശ്രദ്ധയോടെ ജോർജ്ജ് ഒരു പിടി ചാരം കയ്യിൽ എടുത്തു. പുറത്തെ ടാപ്പിൽ നിന്നും കാലുകൾ കഴുകി ജോർജ്ജ് അടുക്കളയിലേക്ക് കയറി. "ടീച്ചറെ ഇത് കണ്ടോ... ഇവിടെ എന്തൊക്കൊയോ ക്രിമിനൽ പരിപാടികൾ നടക്കുന്നുണ്ടോ. ഇവിടെ ആരോ പേപ്പറുകൾ കത്തിച്ചിരിക്കുന്നു. കത്തിച്ചവർക്ക് ഇത് ആരും കാണരുതെന്ന് നിർബന്ധമുണ്ടെന്ന് തോന്നുന്നു. പിന്നിലെ ഗേറ്റുകൾ സ്ഥാനം മാറിയിരിക്കുന്നുണ്ട്.” ടീച്ചർ എന്നത് അമ്മയുടെ വിളിപ്പേരായിരുന്നു. പറമ്പിലെ പണിക്കാർ മാത്രം വിളിക്കുന്ന, അമ്മ സ്വയം അംഗീകരിച്ച വിളിപ്പേര്. ടീച്ചർ ചിരിച്ചു. "ആ ഗേറ്റ് അല്ലെങ്കിലും അത്ര നല്ലതല്ല...എപ്പോഴും ഇളകിയാടുന്നതാണ്." അതിൽ അത്ഭുതമില്ലെന്ന് ടീച്ചർ പറഞ്ഞു.



"പക്ഷേ, നോക്കൂ..ഈ വെള്ള കടലാസുകൾ കത്തിച്ചിരിക്കുന്നത്, എനിക്ക് ഉറപ്പാണ്. ഇത് പുതിയ പേപ്പറുകൾ ആണ്. ഇത് ഇന്നലെ കത്തിച്ചതാണ്. എന്തായിരിക്കും ഇതിന് കാരണം? മതിലുകളിൽ ഇലക്ടിക്ക് വയറിങ് നടത്തണോ ?"



"നിങ്ങൾ വെറുതെ അനാവശ്യ പ്രശ്നം ഉണ്ടാക്കേണ്ട. ഇതൊക്ക ചെറിയ കാര്യങ്ങൾ. കറന്റ് കടത്തിവിട്ട് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കേണ്ട.." വേലിയും മതിലും കെട്ടിയാലും പ്രശ്നം, കെട്ടിയില്ലെങ്കിലും പ്രശ്നം. നിസ്സംഗതയോടെ ജോർജേട്ടൻ പുറത്തേക്ക് നടന്നു.





ലോന  ആ സംഭവം ആലോചിച്ച് ചിരിച്ചുകൊണ്ടിരുന്നു. ആദ്യ സാഹിത്യ കുട്ടിയെ അബോർഷൻ നടത്തിയതാണെന്ന് അന്ന് ലോന പറഞ്ഞില്ല. പിന്നിലെ വിറകടുപ്പിൽ കത്തിച്ചാൽ 'അമ്മ ശകാരിക്കുമെന്ന് ലോനക്കറിയാമായിരുന്നു.' അതിന് രണ്ട് കാരണങ്ങളാണ്. ഒന്ന് തോന്നിവാസം എഴുതാൻ എത്രയോ റഫ് നോട്ട് പുസ്തങ്ങൾ ഉള്ളപ്പോൾ എന്തിനാണ് പുതിയ ഏ ഫോർ പേപ്പറുകൾ വാങ്ങിയതെന്ന് ബോധിപ്പിക്കേണ്ടിവരും. അത് അന്താരാഷ്ട്ര പ്രശ്നമാകും. രണ്ടാമതായി എഴുതിയത് ആർക്കെങ്കിലും വായിച്ചു കേൾപ്പിക്കേണ്ടിവരും. അത് അതിനേക്കാൾ വലിയ നാണക്കേടാകും. തനിക്ക് തന്നെ മനസിലാകുന്നില്ല. അതും കഴിഞ്ഞ്  ഇതൊരു ആഗോള സാമ്പത്തിക വിഷയമായി മാറിയേക്കാം. അവിടെ കട നടത്തുന്ന ഇട്ടൂപ്പേട്ടൻ ഭാവിയിൽ ഒരു നോവലിസ്റ്റിന് വിൽക്കാൻ സാധ്യതയുള്ള എല്ലാ എ4 പേപ്പറുകളുടെ കച്ചവടവും  ഇല്ലാതായേക്കാം.



ആനിയും മോശമായിരുന്നില്ല. ഒരിക്കൽ അവൾ എഴുതിയിരുന്നു. ഒരു കവിത. ഒരേയൊരു കവിത. അതോ കഥയാണോ? അറിയില്ല ലോന അവളോട് ചോദിച്ചപ്പോൾ ആ പേപ്പർ വെയിസ്റ് ബാസ്കറ്റിൽ കീറി എറിഞ്ഞു. പിന്നീട് അവൾ അതെടുത്ത് ഒരു ബക്കറ്റ് വെള്ളത്തിൽ മുക്കി. ലോന അതെടുത്ത് യോജിപ്പിക്കാൻ ഒരു ശ്രമം നടത്തി. ആനി കടലാസ്സ് കഷ്ണങ്ങൾ പിടിച്ചു വാങ്ങി വായിൽ തിരുകി വിഴുങ്ങി കളഞ്ഞു. അവളുടെ ആദ്യ വരികൾ ലോനയ്ക്കും വായിക്കാൻ കഴിഞ്ഞില്ല. പിന്നെ അവൾ എഴുതിയിട്ടില്ല. ആദ്യ കഥയോ കവിതയോ അവിഹിത രഹസ്യ ഗർഭം പോലെ ചിലർ അവസാനിപ്പിക്കും. ചിലർ രഹസ്യമായി ദൂരെ സ്ഥലങ്ങളിൽ വളർത്തും. മിക്കവാറും ആദ്യ കഥകളും കവിതകളും അങ്ങനെയാണോ?

Thursday, 23 April 2020

1960 - എഞ്ചിനീയർ സാർ പ്രസവിച്ചൂട്ടാ...


വറീതേട്ടൻ അഞ്ച് വയസുള്ള മകൻ ടോമിയെയും ഒമ്പത് വയസുള്ള മകൾ സോമിയെയും കൂട്ടി പുറത്തിറങ്ങി. കവലയിൽ എത്തിയപ്പോൾ ഒരു സിഗരറ്റിനു വേണ്ടി പോക്കറ്റ് തപ്പി. സിഗരറ്റ് വലിച്ചിട്ട് ഒരു പുക പോലും ഇത് വരെ അകത്തേക്ക് എടുത്തിട്ടില്ല. എന്നാലും അന്ന് മാറ്റത്തിന്റെ പതാക സിഗരറ്റിന്റെ പുക തന്നെയായിരുന്നു. കവലയിൽ സിഗരറ്റ് വലിച്ചു നിൽക്കുന്നത്  ഓരോ നാട്ടിലും ഏറ്റവും അറിവ് കൂടുതലുള്ളവരാണ്. അറിവിന്റെയും പത്രാസിന്റെയും  ചിന്ഹനമാണ് അക്കാലത്ത് സിഗരറ്റ്. നാട്ടിൽ ഉണ്ടാക്കുന്ന ബീഡിയെക്കാളും വിലയും കൂടുതലാണ്. കാര്യം ഉള്ളിൽ രണ്ടുമൊന്ന്  തന്നെയാണെങ്കിലും രണ്ടും ഒന്നല്ലല്ലോ. പനയ്ക്കൽ കടയിൽ എല്ലാ തരക്കാർക്കുമുള്ള ഗവെർന്മെന്റ് അംഗീകൃത  ചെറിയ ദുശീല സൗകര്യങ്ങൾ ലഭ്യമാണ്. കടയിലെത്തിയതും വറീതേട്ടൻ ഒരു പാക്കറ്റ് സിഗരറ്റ്, അവകാശ ഭക്ഷണം പോലെ ചോദിച്ചു.  "ടാഡേവി ഒരു പനാമ എടുത്തേ..."
മകൻ ടോമി അപ്പനോടൊപ്പം പറഞ്ഞു, "ഒരെണ്ണം എനിക്കും വേണം." സോമി അനുജൻ ടോമിയുടെ തലയിൽ തട്ടി. ടോമിയുടെ അനുകരണ ചോദ്യം ഡേവിയയെയും വറീതിനെയും ഒരേ പോലെ ചിരിപ്പിച്ചു.  "മോനെ ഇത് സിഗരറ്റ് ആണ്... വലുതായിട്ട് വലിക്കാം."
ടോമി വിട്ടുകൊടുത്തില്ല "എനിക്കെന്തെങ്കിലും വേണം." വറീത് ചിരിച്ചു. "നാരങ്ങാ മുട്ടായി മതിയോ ?"  ടോമി ഗൗരവത്തിലായി "വേണ്ട..."  വറീത് ഉറക്കെ പറഞ്ഞു  "ഡേവി, എന്ന പിന്നെ ആ പുതിയ പോപ്പിൻസ് എടുത്തോ വലുത് എടുത്തോ."  ഡേവി  ശരിവെച്ചു തുടർന്നു "ബോംബെയിൽ ഇറങ്ങിയിട്ടേ ഉള്ളു... സ്പെഷ്യലായി ഇവിടേക്ക് വരുത്തിയതാണ്... ശരിക്ക് മാർക്കെറ്റിൽ ഇറങ്ങിയിട്ടില്ല. രണ്ടെണ്ണം എടുക്കട്ടെ"
“യ്യോ വേണ്ട വേണ്ട സ്പെഷ്യൽ സാധനം... ഒരെണ്ണം മതി, ബാക്കിയുള്ളോർക്കും വേണ്ടേ. രണ്ട് പേർക്ക് കഴിക്കാൻ ഇതൊക്കെ മതി.”
“മ്മ്‌ടെ എഞ്ചിനീയർ സാർ പ്രസവിച്ചൂട്ടാ.” ഡേവി തുടർന്നു. സംസ്ഥാനത്തെ അഞ്ചാമത്തെ വനിത എൻജിനീയറായ തന്റെ കുഞ്ഞനുജത്തിയെ കുറിച്ച് ഡേവി അഭിമാനത്തോടെ പറഞ്ഞു. “രക്ഷപ്പെട്ടു,  പാന്റ്സ് ഇട്ടപ്പ അമ്മ പേടിച്ചതാണ്.”
മകൾ സോമി വറീതിനോട് സ്വകാര്യമായി ചോദിക്കാൻ ആംഗ്യം കാണിച്ചു."നീ ഉറക്കെ പറയ്." വറീത് കവലയിലെ മറ്റുള്ളവർ കേൾക്കെ പറഞ്ഞു. സോമി വളരെ പതുക്കെ പറയാൻ ശ്രമിച്ചപ്പോൾ വറീത് തല താഴ്ത്തി മകളുടെ അടുത്തേക്ക് ചെവി വട്ടം പിടിച്ചു. "എഞ്ചിനീയറുമാർ പ്രസവിക്കോ അപ്പാ ?"
പതുക്കെയാണെങ്കിലും ഡേവി അത് കേട്ടു. "അതെന്നെയാണ് മോളെ ന്റെ അമ്മേടെയും സംശയം..."

Monday, 30 March 2020

തുടർച്ച

ആഗോള താപനം, പ്രകൃതി, തൊഴിൽ പ്രശ്നങ്ങൾ, ആരോഗ്യ പ്രശ്ങ്ങൾ എന്നിവയിൽ ഒരു രാജ്യത്തെയോ ഒരു കമ്പനിയെയോ മാത്രം കുറ്റം  പറയുന്നത്  ശരിയാണെന്ന്  ഞാൻ കരുതുന്നില്ല. ഓരോ വിഷയത്തിലും അനുഭവങ്ങൾ നോക്കുമ്പോൾ ഒരു വശത്തു നിന്ന് മാത്രം വിലയിരുത്തൽ സാധ്യമല്ല.  പല തുടർച്ചകളും ചില തുടർച്ചകളുടെ തുടർച്ചകളായി തുടർന്നുകൊണ്ടിരിക്കുന്നു.

സ്വർഗ്ഗം

മരണത്തിനു ശേഷം സ്വർഗ്ഗം അല്ലെങ്കിൽ നരകം എന്ന മതപരമായ ആശയത്തിൽ ഞാൻ വിശ്വസിക്കുന്നില്ല. എന്റെ ആദ്യ നോവലിൽ സ്വർഗ്ഗം എന്ന അധ്യായം ആദ്യം എഴുതിയത് 2008-ൽ ആണ്. അതിൽ  തിരുത്തലുകൾ  പിന്നീട് നടത്തിയിട്ടുണ്ട്. സ്വപ്നത്തിൽ തുടങ്ങി നോവലിന്റെ പകുതിയിൽ നിന്നുള്ള ഭാഗം ആദ്യ ഭാഗങ്ങളായി എഴുതി തുടങ്ങി. സ്വർഗ്ഗം ഇല്ല എന്ന് പറയാൻ സ്വർഗ്ഗം ഉണ്ടെന്ന് പറഞ്ഞു തുടങ്ങിയ രീതി ഇഷ്ടപ്പെട്ടവർ അഭിപ്രായം അറിയിച്ചിരുന്നു. എന്റെ കാഴ്ചപ്പാടിൽ മനസിനെ തന്നെ സ്വർഗ്ഗമെന്നും നരകമെന്നും  വിളിക്കാം.

Sunday, 29 March 2020

ആത്മാവ്

ആത്മാവ് എന്ന വാക്ക് ഉണ്ടെന്നത് സത്യം. എന്തിനെയാണ് ആത്മാവ് എന്ന് വിളിക്കുന്നത് ?ഉത്തരം എളുപ്പം കിട്ടാത്ത ചോദ്യം. മനുഷ്യന്റെ ശരീരത്തിലെ ഒരു അവയവത്തിനെയല്ല ആത്മാവെന്ന് വിശേഷിപ്പിക്കുന്നതെന്ന് എല്ലാവരും സമ്മതിക്കും. എന്റെ ചിന്തയിൽ, അത് ഏതൊരു ജീവിയുടെയും ചിന്തകളുടെയും, കഴിവുകളുടെയും, ആഗ്രഹങ്ങളുടെയും അതിൽനിന്നും ഉടലെക്കുന്ന പ്രവർത്തികളുടെയും ഒരു സംക്ഷിപ്ത നാമമാണ്. മതങ്ങൾ എന്തിനെയാണ് ആത്മാവ് എന്നതുകൊണ്ട് അർത്ഥമാക്കുന്നതെന്ന് എനിക്ക് പരിപൂർണ്ണമായി മനസിലായിട്ടില്ല.ആത്മാവ് നശിക്കും എന്നതുകൊണ്ട് അവർ എന്താണ് അർത്ഥമാക്കുന്നത്?. മരണത്തിനു ശേഷം ആത്മാവ് പക്ഷിയെപ്പോലെ (കഥകളിൽ പറയുന്ന പോലെ) പറന്ന് നടക്കുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ചിലർ പറയുന്നു ചിന്തയെ ആത്മാവെന്ന് വിളിക്കാൻ കഴിയില്ലെന്ന് ! ആത്മാവിനെ വിഭജിക്കാൻ കഴിയില്ല എന്ന് മറ്റു ചിലർ പറയുന്നു. എങ്കിൽ വ്യക്തിത്വം (individuality) എന്ന വാക്കിന്റെ അർത്ഥവുമായി യോജിച്ചുപോകും. (The one you can not divide.) ശാസ്ത്രീയമായി അടുത്ത് നിൽക്കുന്ന പദം ഡി.ൻ.എ  ആണെന്ന് പറയാം. വ്യക്തിത്വം എന്ന വാക്ക് സംക്ഷിപ്തമെങ്കിലും ഒരാളുടെ ചിന്തകളും പ്രവർത്തികളും അനുസരിച്ച് മാറ്റങ്ങൾ സംഭവിക്കുന്നതാണ്. ഡി.ൻ.എ യും മാറ്റം സംഭവിക്കുന്നതാണ്. വ്യക്തിത്വത്തെ പലതാക്കുക സാധ്യമാണോ? ഒരു വ്യക്തിക്ക് തന്നെ പല വ്യക്തികളുടെ ചിന്താരീതി എന്തെന്ന് മനസിലാക്കാൻ കഴിയുന്ന അവസ്ഥ തീർച്ചയായും ഉണ്ടെന്നു തന്നെയാണ് എന്റെ കാഴ്ചപ്പാട്. അതിന്റെ വ്യാപ്തി ഏറിയും കുറഞ്ഞും ഇരിക്കുമായിരിക്കും. ഒരു അളവുകോൽ എളുപ്പമല്ല.

Wednesday, 18 March 2020

Scottish Woman and I / സ്കോട്ടിഷ് സ്ത്രീയും ഞാനും


2009

“Are you a catholic?” A Scottish woman asked me. Since the subject of discussion and context was about religion, I was not annoyed by her question. But, I did not want to answer immediately. I smiled. She continued her conversation. “Your name does not sound a Hindu one.”

I was thinking about an appropriate answer for her question. She revealed her religion first. She said “I am a protestant…” Then after a naughty smile, I replied “I do protest…” I laughed, and my laughter multiplied multiple times. She joined my laughter after sensing either futility of the question or as a momentary reflex to the laughter.




ഒരു സ്കോട്ടിഷ്  സ്ത്രീ ചോദിച്ചു  "താങ്ങൾ കാത്തോലിക്ക് ആണോ?"
സംസാരത്തിന്റെ വിഷയവും  സന്ദർഭവും  ശരിയാണെന്നത് കൊണ്ട് എനിക്ക് അത് അരോചകമായി തോന്നിയില്ല. എങ്കിലും  ഞാൻ ഉടനെ  മറുപടി പറഞ്ഞില്ല. വെറുതെ പുഞ്ചിരിച്ചു.
അവർ സംസാരം തുടർന്നു "പേര്  കേട്ടപ്പോൾ ഹിന്ദുവല്ലെന്ന് മനസിലായി." എന്താണ് പറയേണ്ടതെന്ന് ആലോചിചിക്കുമ്പോൾ അവർ പറഞ്ഞു "ഞാൻ പ്രൊട്ടസ്റ്റന്റ് ആണ്."
അപ്പോൾ ഞാനും ഒരു മറുപടി കൊടുത്തു "ഐ ഡു പ്രോട്ടെസ്റ്റ്." ഞാൻ പൊട്ടിച്ചിരിച്ചു. അവരും പൊട്ടിച്ചിരിയിൽ കൂടി ചേർന്നു.

Thursday, 12 March 2020

എന്റെ കഷണ്ടിയുടെ കഥ (Story of My Bald Head)

"ഈ ജോലി നിങ്ങൾക്ക് തരുന്നതിൽ എനിക്ക് വിരോധമില്ല." മാനേജർ മനോ കൈ തുറന്നു സംസാരിച്ചു.
"പിന്നെ എന്താണ്  പ്രശ്നം..."
"പക്ഷേ ഗ്രീസിൽ നിന്നും നമ്മുടെ എക്സിക്യൂട്ടീവ് പറയുന്നത് , നരച്ച മുടിയുള്ളവരെ വേണമെന്നാണ്."
"ഈ ജോലി എനിക്ക് നന്നായി ചെയ്യാൻ കഴിയും "
"അത് സമ്മതിച്ചു... പക്ഷെ അവിടെ കൂടുതൽ പ്രായമുള്ളവരാണ് .അവരെ വിശ്വസിപ്പിക്കാൻ...ഞാൻ പറയണത് തനിക്ക് മനസിലായല്ലോ ?" മാനേജർ തന്റെ ബുദ്ധിമുട്ട് വ്യക്തമാക്കി.
"എന്നാൽ അത് ആദ്യം പറയാമായിരുന്നില്ലേ ?"
"എനിക്ക് നിങ്ങളോട് വിരോധമില്ല .. പക്ഷെ എക്സിക്യൂട്ടീവ് സമ്മതിക്കുന്നില്ല."
ഞാൻ ഉടനെ അവരുടെ മുന്നിൽ നിന്ന്  തന്നെ, ഏതാണ്ട് മൂന്ന് വർഷം ഉപയോഗിച്ച ഗൾഫ് വെപ്പ് മുടി വലിച്ചൂരി; പിന്നെ ചോദിച്ചു  "കഷണ്ടി തലയാണെങ്കിൽ ആ ജോലി ലഭിക്കുമോ?

“I don’t have any problem in assigning this job to you.” Manager Mano talked with open hands.
“Then… what is the problem?” I asked.
“But our executive from Greece has some reservation. He is looking for a grey-haired person.”
“But I can do this job.”
“I know man… you can do it. But there, you see lot of old people. To convince them, you need a bit grey hair, you know what I mean?” Recruitment manager expressed his dilemma.
“He could have said this before… no need to call me here.”
“I don’t have any problem with you. The issue is executive does not allow me to process…”

In front of the recruitment manager, I removed the Gulf hair wig that resembled original hair. Then I asked,  “If its bald head, will I get that job?”

ഫുട്ബോൾ/Football

എന്റെ പേര് ഗോൾ കീപ്പർ. എതിരാളിയുടെ പന്തടി വലയിലെത്താതെ ഞാൻ സൂക്ഷിക്കും. ബാങ്കിന്റെ ലോക്കർ കുത്തി തുറക്കാൻ അനുവദിക്കാത്ത സെക്യൂരിറ്റി ഓഫീസറെ പോലെ. പക്ഷേ നിങ്ങൾ ഓർത്തിരിക്കുന്ന പേരുകൾ എനിക്കറിയാം. പെലെ, മറഡോണ, മെസ്സി, റൊണാൾഡോ. ഞങ്ങളുടെ ജോലിക്ക് നിങ്ങൾ വേണ്ടത്ര ബഹുമാനം തരുന്നില്ല. ഒരു യുദ്ധത്തിൽ മറുരാജ്യത്തെ ആക്രമിക്കുന്ന ഭടന്മാരുടെ അതേ ബഹുമാനം കൊട്ടാരത്തെ കാക്കുന്നവർക്ക് ഇല്ലെന്നാണോ? നിങ്ങൾ ഏതെങ്കിലും ഗോൾ കീപ്പറുടെ പേരുകൾ ഓർത്തിരിക്കുന്നുണ്ടോ? ഇനി അഥവാ ഉണ്ടെങ്കിൽ തന്നെ നൂറ് ഫോർവേഡുകളെ ഓർക്കുമ്പോമാത്രമാണ് ഒരു ഗോൾ കീപ്പറെ നിങ്ങൾ ഓർമ്മിക്കുന്നത്. ഞങ്ങൾ അവഗണിക്കപ്പെടുന്നതായി തോന്നുന്നെങ്കിൽ അതിൽ നിങ്ങൾക്ക് തെറ്റ് പറയാനാകുമോ. സിനിമയിൽ അഭിനയിക്കുന്നവരെ നിങ്ങൾ ഓർക്കുന്നു. എഴുതിയവരെയും ക്യാമറ പിടിച്ചവരെയും നിങ്ങൾ ഓർക്കുന്നില്ല. ചിരിച്ചുകൊണ്ട് നിങ്ങളുടെ അടുത്ത് വരുന്ന ബാങ്കിന്റെ സെയിൽസ് മാനേജരെ നിങ്ങൾ ഓർക്കുന്നു. കഷ്ടപ്പെട്ടു നിങ്ങളുടെ അക്കൗണ്ട് സൂക്ഷിക്കുന്ന അക്കൗണ്ടന്റ് ഓർമ്മിക്കപ്പെടുന്നില്ല. എല്ലാ ജോലിയിലുമുണ്ട് ഞങ്ങളെ പോലെയുള്ള ശ്രദ്ധിക്കപ്പെടാത്ത ഗോൾ കീപ്പർമാർ. സിനിമ നടന്മാരോടുള്ള അസൂയകൊണ്ടു പറയുന്നതല്ല. ഗോൾ കീപ്പർ ജോലിയുടെ പ്രശ്നങ്ങൾ ധരിപ്പിച്ചതാണ്. പറയുമ്പോൾ പറയുന്നതാണ്.

ഞങ്ങൾ ഫുട്ബോൾ ബാക്കികളുടെ അവസ്ഥയും അത് തന്നെയല്ലേ. ഞങ്ങളെ ആരെങ്കിലും ഓർക്കുന്നുണ്ടോ? എത്ര ബുദ്ധിമുട്ടിയാണ് എതിർ കളിക്കാരെ ഞങ്ങൾ ബ്ലോക്ക് ചെയ്യുന്നത്. ഞങ്ങൾക്ക് തെറ്റിയാൽ പരാജയം ഉറപ്പാണ്. പരാജയത്തിന്റെ മിക്കവാറും ഉത്തരവാദിത്വം ഞങ്ങളുടെ തലയിൽ കെട്ടിവെക്കുന്നതിനു എല്ലാ പത്രങ്ങളും മത്സരിക്കുന്നു. വിജയങ്ങൾ ഫോർവേഡുകളുടെ തലയിൽ കിരീടമായി അണിയിക്കുന്നു. സ്ഥിരമായി ഇത് കാണുന്ന ഞങ്ങൾ ബാക്കികൾക്ക് അസൂയ തോന്നിയാൽ കുറ്റമൊന്നും പറയേണ്ട. അസൂയയില്ല. പറയുമ്പോൾ പറയുന്നതാണ്.

നിങ്ങൾക്ക് മാത്രമല്ല മിഡ്‌ഫീൽഡർസ് ആയ ഞങ്ങൾക്കും ആരും വലിയ ബഹുമാനമൊന്നും തരുന്നില്ല. എല്ലാം ഗോൾ അടിക്കുന്നവർക്ക്. എത്ര മനോഹരമായ ത്രൂ പാസുകൾ ഞങ്ങൾ ഫോർവേഡുകൾക്ക് എത്തിച്ചു കൊടുക്കുന്നു. ഗോൾ അടിച്ചാൽ അവർ ഞങ്ങളെ കെട്ടിപ്പിടിക്കുന്നുണ്ട്. ഇല്ലെന്ന് പറയുന്നില്ല. പക്ഷേ ശമ്പളത്തിന്റെ കാര്യം വരുമ്പോൾ ഈ ഫലം അത്ര കാണുന്നില്ല. ചിലപ്പോൾ ഞങ്ങളുടെ തോന്നലാവാം. ചില ഫോർവേഡുകൾ അറ്റാക്കിങ് മിഡ്ഫീൽഡർ പൊസിഷനിൽ കളിക്കുമ്പോൾ അവർക്ക് ബഹുമാനം കിട്ടുന്നത് ഞങ്ങൾ കണ്ടിട്ടുണ്ട്. അറ്റാക്കിങ് മാത്രമാണോ ബഹുമാനിക്കപ്പെടുന്നത്. അറ്റാക്കിങ് ചെയ്യുന്നവരോടുള്ള അസൂയകൊണ്ടു പറയുന്നതല്ല. പറയുമ്പോൾ പറയുന്നതാണ്.

ഏറ്റവും റിസ്കുള്ള ജോലിയാണ് ഞങ്ങളുടേത്. ഫോർവേഡുകൾ എല്ലാ സമയവും എതിർ പക്ഷത്തിന്റെ ചവിട്ട് കൊള്ളാൻ വിധിക്കപ്പെട്ടവരാണ്. അതിന്റെ ഇടയിൽ നിന്നും വീണു കിട്ടുന്ന ഏറ്റവും അപൂർവമായ അവസരങ്ങളാണ് ഞങ്ങൾ ഗോൾ അടിക്കുന്നത്. ചിലപ്പോൾ ഒരു ചവിട്ട് മതി, രണ്ടു കൊല്ലമോ അതോ ജീവിതകാലമോ കളി അവസാനിപ്പിക്കാൻ. നിങ്ങൾക്ക് ചവിട്ട് കൊള്ളില്ലെന്നല്ല. എങ്കിലും മറ്റുള്ളവരെ താരതമ്യം ചെയ്യുമ്പോൾ ഫോർവേഡുകൾ സ്ഥിരമായി ചവിട്ട് കൊള്ളാൻ വിധിക്കപ്പെട്ടവരാണ്. ഏറ്റവും അപകടകരമായ കർമ്മം ചെയ്യുന്നതിന് കൂടുതൽ ശ്രദ്ധയും ശമ്പളവും ലഭിക്കുന്നുണ്ട്. നിങ്ങൾ ബുദ്ധിമുട്ടുമ്പോൾ ഞങ്ങൾ ഇറങ്ങി വന്നു സഹായിക്കാറുണ്ട്‌. ശരിയാണ് ഗോൾ അടിക്കുകയെന്നത് ഏറ്റവും സുന്ദരമായ മുഹൂർത്തമാണ്.   അതിന്റെ സൗന്ദര്യത്തിലും ലഹരിയിലും ഞങ്ങൾ മതിമറന്ന് പ്രവർത്തിക്കാറില്ല. പക്ഷേ, ജനങ്ങളെ ലഹരി പിടിപ്പിക്കുന്ന അത്തരം മുഹൂർത്തത്തിന് ശമ്പളം കൂടുതൽ ലഭിക്കുന്നുണ്ട്.  അതിന് ഞങ്ങളെയിങ്ങനെ പഴി പറയരുത്. ഫുട്ബാൾ ടീം ഗെയിമാണ്. ഞങ്ങൾ മറക്കുന്നില്ല. ഫുട്ബാൾ വിജയിക്കട്ടെ.

Wednesday, 11 March 2020

1998 - ഏപ്രിൽ ഫൂൾസ് ഡേ (Mystery Girl)


അന്ന് കാലത്ത് വീട്ടിലേക്ക് ഒരു പെൺകുട്ടി ഫോൺ ചെയ്തു. "ലിയോണിന് ഒരു ബൈക്ക് ആക്സിഡന്റ്, തൃശൂർ മിഷൻ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യാൻ കൊണ്ടുപോകുന്നു." കേട്ട പാതി ഫോൺ വലിച്ചെറിഞ്ഞ  അമ്മ ബൈക്ക് സ്റ്റാർട്ട് ചെയ്യുന്ന ശബ്ദം ഓർത്തു. എന്റെ പേര് ഉറക്കെ വിളിക്കുന്നത് കേട്ട് മുകളിലെ മുറിയിൽ നിന്നും വായിച്ചുകൊണ്ടിരുന്ന പുസ്തകം തിരികെ വെച്ച് താഴേക്ക് ഇറങ്ങി വരുമ്പോൾ ഞാൻ കണ്ടത് 'മോനെ'എന്ന് വിളിച്ച് എന്റെ കൈകളിലേക്ക് തളർന്ന വീണ അമ്മയെയാണ്. എന്നെ കണ്ടതും ആശ്വാസമായി. "കുരുത്തം കെട്ട പെണ്ണ്" എന്ന് പറഞ്ഞ അമ്മ തിരികെ പോയി. ആ പെൺകുട്ടി ആരാണെന്ന് കണ്ടുപിടിക്കാൻ ചെറിയ ശ്രമം ഞാൻ നടത്തിയെങ്കിലും പിന്നീട് ഉപേക്ഷിച്ചു. ഒരു പക്ഷേ പെൺ ശബ്‌ദത്തിൽ ഏതെങ്കിലും മിമിക്രിക്കാർ വിളിച്ചതായിരിക്കുമെന്നും ചിന്തിച്ചു. എന്നാലും കുറച്ചു ദിവസങ്ങൾക്ക് ശേഷം ഏപ്രിൽ ഫൂൾ ഫോൺ കാൾ  ചെയ്ത വ്യക്തി മുന്നിൽ വരുമെന്ന് ഞാൻ കരുതിയിരുന്നു. 22 വർഷം കഴിഞ്ഞുവെങ്കിലും  ഞാൻ ചോദിക്കട്ടെ അത് ആരായിരുന്നു?

Sunday, 8 March 2020

Swami Vivekananda(വിവേകാനന്ദൻ) - Kerala a lunatic asylum


വിവേകാനന്ദൻ പറഞ്ഞത്രേ കേരളം ഭ്രാന്താലയമെന്ന്. അദ്ദേഹം പറഞ്ഞ കാഴ്ചപ്പാട്  നമ്മൾ ശരിവെയ്ക്കുന്നെങ്കിൽ  ഞാൻ ചോദിക്കട്ടെ ഭ്രാന്താലയം അല്ലാത്ത ഏതെങ്കിലും സംസ്ഥാനങ്ങളോ രാജ്യങ്ങളോ ഈ ഭൂമിയിൽ ഉണ്ടാകുമോ?

It seems Swami Vivekananda once called Kerala a 'lunatic asylum'. If we agree on his broader view, let me ask you my friends, is there a state or a country that is not a lunatic asylum in the parallel contexts…

1960-ലെ - കേട്ട കഥ - മുണ്ടുപൊക്കി നോക്കി


1960 - ചാണ്ടികുര്യൻ വറീത് മകനെയും കൂട്ടി കരിക്കോട് പെണ്ണ് കാണാൻ പോയി. സ്ഥിരം കലാപരിപാടികൾ തുടങ്ങി. ചായസൽക്കാരം, വെടിവട്ടം, കുടുംബ മഹിമ, പൊങ്ങച്ചം. പെണ്ണിനെ ചെക്കന്റെ  മുന്നിലേക്ക് കൊണ്ടുവരുന്ന പരിപാടി അവിടെ പതിവില്ലത്രേ. പെണ്ണിനെ കാണണമെങ്കിൽ വീടിന്റെ പിന്നിൽ പോകണം. കെട്ടാൻ പോകുന്ന ചെക്കൻ പെണ്ണിനെ കാണണമെന്ന ഉറച്ച നിയമങ്ങളൊന്നും അവിടെ അക്കാലത്ത് ഇല്ലെന്നു തോന്നുന്നു. വറീത് പെണ്ണിനെ കാണണമെന്ന മോഹത്തോടെ വീടിന്റെ പിന്നിലേക്ക് നടക്കാൻ തുടങ്ങിയപ്പോൾ അപ്പൻ ചാണ്ടി അവനെ തടഞ്ഞു. "വേണ്ട ഞാൻ പോയി നോക്കിയിട്ട് വരാം." ചാണ്ടിയപ്പനെ  വറീത് എതിർത്തില്ല. പെണ്ണിനെ കണ്ട അപ്പൻ തിരിച്ചു വന്ന്  മകൻ വറീതിനോട് പറഞ്ഞു. "ഞാൻ സംസാരിച്ചു. ആദ്യം അവളോട് നേരെ നില്ക്കാൻ പറഞ്ഞു. പേര് ചോദിച്ചു. സംസാരിക്കുന്നുണ്ട്." പിന്നെ "ഞാൻ അവളുടെ മുണ്ടുപൊക്കി നോക്കി. നിന്റെ അമ്മയുടെ പോലെ ചെണ്ണ കാലില്ല . ഇനിയൊന്നും  ചിന്തിക്കാനില്ല. ഇത് ഉറപ്പിക്ക... അത്രന്നെ” 

ചെറുകഥ തീർന്നു****

Thursday, 5 March 2020

ഡൽഹിയിൽ നിന്നും അവൾക്കായി ഒരു റോസാപ്പൂ


വൈറ്റ്‌ഫീൽഡ് ടെക്നോപാർക്ക് വർഷം, 2002. പതിവില്ലാതെ ഡൽഹിയിൽ നിന്നും ഒരു ഫോൺകാൾ. ഡൽഹിയിൽ നിന്നാകുമ്പോൾ അതിന്റെ പ്രാധ്യാനം ഞാൻ നിങ്ങളോട് പറയേണ്ടതില്ലല്ലോ. എനിക്ക് അവന്റെ ചില നിർദ്ദേശങ്ങൾ ലഭിച്ചു. "താഴെ ഒരു പൂക്കടയുണ്ട്.  അവിടെ നിന്ന് ഒരു റോസാപൂവ് വാങ്ങിക്കണം. അത് നീ അവളുടെ ഡെസ്കിൽ ആരും കാണാതെ കൊണ്ട് വെക്കണം." അവളിരിക്കുന്ന വഴിയിലൂടെ സ്ഥിരമായി നടക്കുന്നതുകൊണ്ട് ഒരു റോസാപ്പൂ കൊണ്ടുവെക്കുക അത്ര ബുദ്ധിമുട്ടില്ലെന്ന് എനിക്കറിയാം. എന്നാലും ഡൽഹിയോട് ഞാൻ ചോദിച്ചു "അത് വേണോ" ഡൽഹി പറഞ്ഞു "നീ അല്ലാതെ ആര് പൂ കൊണ്ടുവെച്ചാലും എന്റെ പദ്ധതി പാളും." ഡെസ്കിൽ പൂ വെച്ചിട്ട് ഞാൻ അവളുടെ പ്രേമത്തിൽ കുടുങ്ങുമോ എന്ന സംശയം ഡൽഹിയോട് അവതരിപ്പിച്ചു. ഡൽഹി ഉറപ്പു തന്നു. "നിന്നെ അവൾ ഒരിക്കലും സംശയിക്കില്ല." കാലത്ത് പത്തരയ്ക്ക് അവൾ ജോലിക്കെത്തി. ഡെസ്കിൽ റോസാപ്പൂ കണ്ട അവൾ അത്ഭുതപ്പെട്ടു. ശരീരം ശ്രദ്ധിക്കാതെ ഒരു വർഷമായി 16 മണിക്കൂർ ദിവസം ജോലി ചെയ്യുന്ന കുറെ ചെറുപ്പക്കാർ ചുറ്റുമുള്ള ഓഫീസ്. പ്രേമത്തിന്റെ ഒരു കണികപോലും ആരുടേയും മുഖത്ത് കാണാൻ സാധ്യമല്ല.  അവിടെ ഒരു റോസാപ്പൂ വെക്കാൻ സാധ്യതയുള്ള ആരെയും പെൺകുട്ടിക്ക് ആലോചിക്കാൻ കഴിഞ്ഞില്ല. അത്രയധികം ടെൻഷൻ എല്ലാവരുടെയും മുഖത്ത് പ്രകടമാണ്. ആ കുട്ടി ആലോചിച്ച് ഉത്തരത്തിൽ എത്തി. നേരെ എന്റെ അടുത്ത് വന്നു. റോസാപ്പുവിനെ കുറിച്ച് എന്നോട് ചോദിച്ചു. ഞാൻ അവളുടെ നേരെ കയർത്തു. "കുട്ടിയോട് എനിക്കെന്തങ്കിലും പറയാനുണ്ടെങ്കിൽ അത് നേരെ പറയാൻ എനിക്കറിയാം. അല്ലാതെ ഈ വക റോസാ തട്ടിപ്പിന് എന്നെ കിട്ടില്ല." ഇത് കേട്ട അവൾ നിരാശയോടെ തിരിച്ചു പോയി. പക്ഷെ അവൾ വിട്ടില്ല. 10 മിനിറ്റ് കഴിഞ്ഞു അവൾ വീണ്ടും എന്റെ അരികിൽ വന്നു "താൻ പൂവെച്ചു എന്നല്ല ഞാൻ പറഞ്ഞത്" മുഖത്തെ ഗൗരവ ഭാവം വിടാതെ ഞാൻ ചോദിച്ചു  "പിന്നെ"  അവൾ തുടർന്നു "ഇതാരാവാം ഇവിടെ വെച്ചത്."  ഞാൻ ചിന്തയിൽ മുഴുകി "ഇത്രയും ജോലി തിരക്കിനിടയിൽ റോസാപ്പൂ വെക്കാൻ മാത്രം വട്ടുള്ള.."

റിബൽ ഭർത്താവ് ഭാര്യയുടെ മുന്നിൽ


ഭാര്യ : ഒരു സവാളയൊന്ന് അരിയോ ?

ഭർത്താവ് : ഇല്ലെങ്കിൽ നീ എന്ത് ചെയ്യും.

ഭാര്യ ഭർത്താവിന്റെ മുഖത്തേക്ക് നോക്കി. ഉടനെ ഭർത്താവ് മജീഷ്യൻ ഗോപിനാഥ് മുതുകാടിനെപ്പോലെ പിന്നിൽ നിന്നും ഒരു ബൗൾ ഭാര്യയുടെ മുന്നിലേക്ക് നീട്ടി.

ഭർത്താവ് : ഇതാ ഒന്നല്ല രണ്ട് സവാള അരിഞ്ഞത്.

ചെറുകഥ കഴിഞ്ഞു ***

Monday, 2 March 2020

Beautiful Lady – Honda Client Experience

“How much time does it take to complete this work?” Honda asked the question politely.

“approximately 7 or 8 months.”

“how much?”

“I mean 7 or 8 months…”

she frowned. “7 OR 8”

“Yes, Yes, 7 OR 8.”

She raised her voice intensely. “I am asking you; if it is exactly 7 or exactly 8?”

He thought for a moment. “that way….” biting the nail he continued “It should be 8 months.”

“Why?”

He flipped “We can do it in 7 months also”

“Why?”

“May I take some time to study this one and tell you later…?”

“Oh man, you could have said this first instance…”



 The end.***

അതിസുന്ദരിയായ ഹോണ്ട മുതലാളി


"പണി തീരാൻ എത്ര സമയം എടുക്കും?" 

"ഏഴോ എട്ടോ മാസം വേണ്ടി വരും."

"കൃത്യമായി എത്രയാണ്?"

"ഏഴ് എട്ട് മാസം മതി"

"അതാണോ കൃത്യം"

"അതെ ഉറപ്പാണ് സാർ. ഏഴെട്ട് മാസം."

" 7 ഓർ 8 ?"

"അതെ 7 ഓർ  8."

സുന്ദരൻ ഹോണ്ട മുതലാളി ശബ്ദം ഉയർത്തി. "ഞാൻ ചോദിച്ചത് ഏഴാണോ അതോ എട്ടാണോ എന്നാണ്?"

"എന്ന് പറഞ്ഞാൽ  അതിപ്പോ " അയാൾ നഖം കടിച്ചു. എന്തോ ആലോചിച്ചു പെട്ടന്ന് പറഞ്ഞു “എട്ട്” 

“വൈ?”

“ഏഴിലും ചെയ്യാം.”

“വൈ?”

“ഞാൻ പഠിച്ചിട്ട് പറഞ്ഞാൽ മതിയോ?”

“മനുഷ്യ, അത് ആദ്യമേ പറയാമായിരുന്നില്ലേ? എന്നെ വെറുതെ ഭ്രാന്ത് പിടിപ്പിക്കാനാണോ?” 


ഹോണ്ടയെ കണ്ടപ്പോൾ ആവേശം മൂത്ത് പറയേണ്ട കാര്യം പഠിക്കാൻ മറന്നതാണെന്നു അയാൾ മറുപടി പറഞ്ഞില്ല.

ചെറുകഥ തീർന്നു***

അധികാരി


അധികാരി -1
സഹായി : പുതിയ  ആശയം അവതരിപ്പിച്ചത് നമ്മുടെ ശത്രുക്കളാണ്.

അധികാരി: അത് നമ്മൾ പുറത്ത് പറയേണ്ട. നമ്മളായി കണ്ടുപിടിച്ച് കാര്യങ്ങൾ നടത്തുന്നതായി അവതരിപ്പിച്ചാൽ മതി.

സഹായി : അത് സത്യമല്ലല്ലോ  

അധികാരി : അവർക്ക് ഈ കണ്ടുപിടിത്തത്തിന്റെ ക്രെഡിറ്റ് പോകാൻ ഞാൻ അനുവദിക്കില്ല. ഇതൊക്കെ ഇവിടെയുള്ള പൊതുവായ കാര്യങ്ങൾ. എത്രയോ കാലമായി ഇവിടെ ഇത്തരം ആശയങ്ങളുണ്ട്  



അധികാരി - 2

അധികാരി : ഇത് നമ്മൾ കണ്ടുപിടിച്ച ആശയമാണെന്ന് പറഞ്ഞാൽ അവർ ഈ പ്രൊജക്റ്റ് എതിർക്കും  

സഹായി : നല്ല ആശയങ്ങൾ , അവരെക്കൊണ്ട് തന്നെ ചെയ്യിക്കാം, ക്രെഡിറ്റ് നമുക്ക് തന്നെ ലഭിക്കും

അധികാരി : സൂക്ഷിക്കണം ക്രെഡിറ്റ് അവർ അടിച്ചു മാറ്റാതിരിക്കാൻ വളരെയധികം ശ്രദ്ധിക്കണം. ക്രെഡിറ്റ് അടിച്ചുമാറ്റുന്ന കാര്യത്തിൽ അവർ മിടുക്കന്മാരാണ്.

അടിമ മനുഷ്യൻ


"നീ പോടാ.."

"ഞാൻ എന്ത് വേണമെങ്കിലും ചെയ്യാം സാർ."

"നീ വാടാ.."

"ഞാൻ എന്ത് വേണമെങ്കിലും ചെയ്യാം സാർ."

"എന്ന നീ ഇവിടെ ഇരിക്ക്..."

"ഞാൻ എന്ത് വേണമെങ്കിലും ചെയ്യാം സാർ."

അടിമയുടെ മനസ്സിൽ 'നിന്നെ ഒരു ദിവസം എന്റെ കയ്യിൽ കിട്ടും'


ചെറുകഥ  കഴിഞ്ഞു. ****

റിബൽ മനുഷ്യൻ



"നീ പോടാ"

"ഇല്ലെങ്കിൽ നീ എന്ത് ചെയ്യും ?"

"എന്നാൽ നീ വാടാ"

"ഇല്ലെങ്കിൽ നീ എന്ത് ചെയ്യും ?"

"എന്നാ നീ ഇവിടെ തന്നെ ഇരിക്ക് .."

"ഇരുന്നില്ലെങ്കിൽ നീ എന്ത് ചെയ്യും?"

ചെറുകഥ  കഴിഞ്ഞു.***

Palmistry - കൈനോട്ടക്കാരൻ പ്രൊഫസ്സർ കുട്ടിയും മമ്മുട്ടിയും


ജോൺ 16  പരീക്ഷകൾ എഴുതി. മൂന്ന് ഇന്റർവ്യൂ പരാജയപ്പെട്ടു. ബാക്കിയൊന്നും പരീക്ഷകൾ കടന്നില്ല. അവസാനം എഴുതിയതിൽ  ഒരു പ്രതീക്ഷയുമില്ല എല്ലാ കോളേജുകളിലെയും  കുട്ടികളെ വിളിച്ചിട്ടുണ്ട്. അതിനേക്കാൾ പ്രശ്‌നം എല്ലാവരും ശരിയാക്കുന്ന എളുപ്പമുള്ള 10 ചോദ്യങ്ങൾക്ക് ശ്രദ്ധയില്ലാതെ തല തിരിഞ്ഞ ഉത്തരം എഴുതി. അങ്ങനെ ആ ജോലിയും  വഴി മുട്ടി നിൽക്കുമ്പോൾ പ്രൊഫസർ കുട്ടിയുടെ കൈനോട്ട പരസ്യം തൃശൂർ സ്വരാജ് റൗണ്ടിൽ . സിനിമകളിൽ മാത്രം ജോൺ കൈനോട്ടക്കാരെ കണ്ടിട്ടുള്ളു. അത്ര ബഹുമാനം അവരോട് ആ കാലത്ത്  ഇല്ലായിരുന്നു. എങ്കിലും ഒരു ആകാംഷ. എന്തായാലും ജോലി അന്വേഷിച്ചു പുറത്തു പോകണമെന്നു ഉറപ്പായി എങ്കിലും ഒരു രസം, പ്രൊഫ്. കുട്ടി ജോണിനെ ഞെട്ടിച്ചു. കുറച്ചു ദിവസത്തിനുള്ളിൽ ജോണിന് നല്ലൊരു ജോലി ലഭിക്കുമെന്നാണ് ആ പ്രവചനം. മറ്റു ചിലകാര്യങ്ങളും കുട്ടി ജോണിനോട് പറഞ്ഞു. 10 എളുപ്പമുള്ള ചോദ്യങ്ങൾ തെറ്റിച്ച ജോണിന്  ആ ടെസ്റ്റ് പാസാകില്ല എന്ന് ഉറപ്പുണ്ടായിരുന്നു. പക്ഷെ ജോണിന്റെ ഊഹം തെറ്റി. ടെസ്റ്റ് പാസായി. ടെസ്റ്റ് നടത്തിയവർ ചോദ്യപേപ്പറിലെ കണക്ക് മാത്രം തിരഞ്ഞു പിടിച്ചു മാർക്കിട്ടു. ഇംഗ്ലീഷ് ഭാഗം ഇന്റർവ്യൂവിൽ നോക്കാമെന്ന് അവർ കരുതികാണണം. ഗ്രൂപ്പ് ഡിസ്കഷൻ ഇന്റർവ്യൂ ബുദ്ധിമുട്ടില്ലാതെ കടന്നു കയറി. എന്തായാലും കൈനോട്ടക്കാരൻ കുട്ടി പറഞ്ഞത് വിജയിച്ചു. ജോലി ലഭിച്ച സന്തോഷത്തിൽ അബാദ് ഹോട്ടലിൽ നിന്ന് ഇറങ്ങി വരുമ്പോൾ നേരെ മുന്നിൽ സൂപ്പർ താരം മമ്മുട്ടി.  വായ പൊളിച്ചു നിന്ന് അടുത്ത നിമിഷം മമ്മുക്കയ്ക്ക് കൈകൊടുത്തു. രാത്രി 12 മണിക്ക് വീട്ടിൽ എത്തിയപ്പോൾ ആദ്യം പറഞ്ഞത് കിട്ടിയ ജോലിയെ കുറിച്ചല്ല. മമ്മുട്ടിക്ക് കൈകൊടുത്ത വിശേഷമാണ്. ഇതാ ഈ കയ്യിൽ തൊട്ടോളു എന്ന് പറഞ്ഞു ജോൺ ആഘോഷിച്ചു. അടുത്ത ദിവസം തന്നെ ഒരു കൈനോട്ട പുസ്തകം വായിച്ചു പഠിക്കാൻ തുടങ്ങി. കാര്യം കുട്ടി അങ്ങനെ പറഞ്ഞാൽ എങ്ങനെ ശരിയാകും...!!! 

Saturday, 29 February 2020

Lona's Stanford Speech About Kuthiravattam Pappu.



സ്റ്റാൻഫോർഡിലെ, ഏറ്റവും ഉന്നതമായ ബിസിനസ് പഠനം പൂർത്തിയാക്കിയ പ്രിയപ്പെട്ട കൂട്ടുകാരെ; നിങ്ങളോട് ഞാൻ എന്താണ് സംസാരിക്കേണ്ടത്? ഇന്ത്യയിലെ ചിണ്ടൂർ എന്ന ഒരു  ഗ്രാമത്തിൽ നിന്നും വരുന്നെനിക്ക് ഇവിടെ നിങ്ങളുടെ മുന്നിൽ എന്ത് പറയണമെന്നറിയാതെ ചിന്തയിൽ മുഴുകിയപ്പോൾ ഒരു കഥ ഓർമ്മ വന്നു. ഒരു പക്ഷെ ഏതൊരു ബിസിനസ് മാനേജറും എല്ലാ ദിവസും കടന്നുപോകുന്ന വികാരങ്ങൾ അടങ്ങിയ ഒരു മലയാളം സിനിമയുടെ ഭാഗം നിങ്ങളുടെ മുന്നിൽ ഞാൻ അവതരിപ്പിക്കട്ടെ. സ്‌ക്രീനിൽ കാണുന്നത് ഞങ്ങളുടെ പ്രിയപ്പെട്ട കുതിരവട്ടം പപ്പുവാണ്. ഒരു റോഡ് റോളർ ഓടിക്കുന്നതിന് പപ്പുവിനെ കൊണ്ടുവരുമ്പോൾ, പപ്പു സംസാരിക്കുന്നത് നിങ്ങൾ കേൾക്കുക. പപ്പു സ്വന്തം കഴിവുകൾ ഇടനിലയിൽ പ്രവർത്തിക്കുന്ന രാജുവിനെ ബോധ്യപ്പെടുത്തുന്നതും, അതിനായി  പാടുപ്പെടുന്നതും നിങ്ങൾ ശ്രദ്ധയോടെ വീക്ഷിക്കുക. അയാൾക്ക് കിട്ടിയിട്ടുള്ള അംഗീകാരങ്ങളും  പ്രത്യേക അനുഭവങ്ങളും  ആ കുറഞ്ഞ സമയത്തിനുള്ളിൽ രാജുവിനെ ബോധ്യപ്പെടുത്തുന്നു. 30 കിലോമീറ്റർ വേഗത്തിൽ വാഹനങ്ങൾ ഓടിക്കേണ്ട വളവും തിരിവുമുള്ള താമരശ്ശേരി ചുരത്തിൽ 100 കിലോമീറ്റർ വേഗതയിൽ റോഡ് റോളർ ഓടിച്ചുവെന്ന് പറഞ്ഞ് രാജുവിന്റെ പ്രശംസ പിടിച്ചു പറ്റുന്ന പപ്പുവായി നമ്മൾ തന്നെ മാറുന്ന സാഹചര്യങ്ങൾ ഉണ്ടാകാം. ഒരേ സമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നതാണ്  പപ്പുവിന്റെ വാക്കുകൾ. തൊഴിലെടുക്കാൻ വരുന്ന പപ്പുവിന്റെ, കഴിവ് തെളിയിക്കാൻ നടത്തുന്ന ശ്രമത്തിന്റെ  സൂത്രവും നിസ്സഹായതയും  ഭാവിയിൽ നമ്മൾ ഓരോ മനുഷ്യരും ഓരോ രീതിയിൽ അനുഭവിച്ചേക്കാം. വിപണി സമ്മർദ്ദം എന്ന  പേരിൽ അതിനെ വിളിക്കാം, അല്ലെങ്കിൽ മറ്റു സമ്മർദ്ദങ്ങൾ.  തൊഴിൽദാതാവായ മോഹൻലാൽ, ഇപ്പൊ ശരിയാക്കിതരാമെന്ന്  പറയുന്ന ജോലിയെടുക്കുന്ന പപ്പു, ഇവരെ ബന്ധിപ്പിക്കുന്ന രാജു. ഈ മൂന്ന് വേഷങ്ങളുടെ വകഭേദങ്ങൾ നിങ്ങൾ ജോലി സ്ഥലങ്ങളിൽ നാളെമുതൽ ആടാൻ തുടങ്ങുകയാണ്. ഇതിൽ തന്നെ പപ്പുവിന്റെ ഒരു വരി ഏറ്റവും പ്രാധാന്യം അർഹിക്കുന്നതാണ്. "മറ്റു ഡ്രൈവർമാർ  പോലെയല്ല റോഡ് റോളർ ഡ്രൈവർ, എന്നെ കുറച്ചു കാത്തിരിക്കേണ്ടിവരും" താൻ എടുക്കുന്ന ജോലി അധികമാരും ചെയ്യാത്ത പ്രത്യേകതകൾ (unique skill) ഉള്ളതാണെന്ന് അഭിമാനത്തോടെ പറയുമ്പോൾ നമ്മൾ ചിരിക്കുന്നു.  നാളെമുതൽ നിങ്ങളുടെ ബിസിനസ് തൊപ്പികൾ പപ്പുവായും, രാജുവായും, മോഹൻലാലായും ആടിത്തിമിർക്കുമ്പോൾ പ്രകൃതിയെന്ന നമ്മുടെ തീയറ്റർ മനോഹരമാക്കി നിലനിർത്താൻ എല്ലാവർക്കും കഴിയട്ടെ. വിവിധ വേഷങ്ങളിലൂടെ നിങ്ങൾ എല്ലാവരും വിജയിക്കട്ടെ. നന്ദി.” ലോന.

Friday, 28 February 2020

പാപ്പരാസികളുടെ കണ്ണ് വെട്ടിച്ച് 20 മിനിറ്റ്


അവളുടെ ഒരു ഫോട്ടോ സംഘടിപ്പിക്കാനുള്ള ആദ്യ ശ്രമം പരാജയപ്പെട്ടു. അവളുടെ ശബ്ദം ഒരു തവണ കേൾക്കാൻ അയാൾ നിരന്തര ശ്രമങ്ങൾ നടത്തിക്കൊണ്ടിരുന്നു. ലിഡിയ, എല്ലാ ദിവസവും അയാൾ ബൈക്കിൽ പോകുമ്പോൾ ബസ് സ്റ്റോപ്പിൽ കാണുന്ന ഒരു സുന്ദരിയുടെ  മുഖം. കിളിപുരത്തെ ബസ് സ്റ്റോപ്പിൽ വെച്ചു സംസാരിച്ചാൽ, അവളുമായി സംസാരം തുടങ്ങുന്നതിനു മുമ്പേ അവരുടെ കിളിപോകും എന്നറിയാവുന്നതുകൊണ്ടും,  നോക്കിയാൽ തന്നെ നാട്ടിൽ പ്രസവം തൊട്ട് അടിയന്തരം വരെ കിളിപുരം നാട്ടുകാർ 24 മണിക്കൂറിനുള്ളിൽ നടുത്തുമെന്ന ചിന്തയും ജോണിനെ ഉദ്യമത്തിൽ നിന്നും പിന്തിരിപ്പിച്ചു. ബസ് പുന്നാഗം എത്തിയാൽ അവൾ ഇറങ്ങും. അവിടെ നിന്ന് ഇരുപതു മിനിറ്റ് നടന്ന് സോങ്കാൽ ജംക്ഷനിൽ കമ്പ്യൂട്ടർ സെന്ററിലെത്തും. കിളിപുരത്തെ ബസ് യാത്രക്കാർ പുന്നാഗം എത്തിയാൽ തിരിഞ്ഞു പടിഞ്ഞാറ് കോട്ടപ്പുറം വഴി യാത്ര  തുടരും. ജോണിന് നാട്ടുകാരുടെ കണ്ണുവെട്ടിച്ചു കിട്ടുന്നത് 20 മിനിട്ടാണ്. അതിനുള്ളിൽ അവളുമായി സംസാരിക്കണം. പിന്നെയുമുണ്ട് പ്രശ്നങ്ങൾ അയാൾ ആ വഴിയിൽ നടക്കേണ്ട കാര്യമെന്താണെന്ന് അവളെ സ്വാഭാവികമായി ബോധ്യപ്പെടുത്തണം. ബൈക്ക് പുന്നാഗത്ത് മെഡിക്കൽ ഷോപ്പിന്റെ വശത്തു മാറ്റിവെച്ചു. അവൾ ബസ് ഇറങ്ങുന്ന അതെ സമയത്ത് കുറച്ചു മുമ്പായി വളരെ വേഗത്തിൽ ജോൺ നടന്നു. ഏതാണ്ട് ഒരു മാസം  പല ദിവസങ്ങളിലായി അവളുടെ കാഴ്ചയിൽപ്പെടുന്ന  വിധത്തിൽ  ജോൺ വളരെ വേഗത്തിൽ നടന്ന് കൊണ്ടിരുന്നു. പിന്നെ കുറച്ചു ദിവസം അവളുടെ എതിരെ നടന്നു വന്നു കൊണ്ടിരുന്നു. രണ്ടു മാസത്തെ തുടർച്ചയായ നടത്തം. 'റാൻഡം സിമുലേഷൻ വാക്കിങ്'  

ഇതിനിടയിൽ സുഹൃത്ത്  കേശുവിന്റെ കണ്ണ് ജോണിന്റെ ബൈക്കിൽ ഉടക്കി. ബസ്റ്റോപ്പിൽ നിന്നും 50 മീറ്റർ മാറി പാർക്ക് ചെയ്തിരിക്കുന്ന ജോണിന്റെ ബൈക്ക് ശ്രദ്ധയിൽപ്പെട്ടു.  പല തവണ ബൈക്ക് മാറ്റി വെച്ച്   ബസ്റ്റോപ്പിൽ നിൽക്കുന്ന ജോണിനെ കണ്ടപ്പോൾ കേശുവിന് എന്തോ സംശയം തോന്നി കാണണം. കോളേജിൽ വെച്ച് കേശു പോലീസ് ഡിറ്റക്ടിവിനെ പോലെ ചോദിച്ചു "നീ ബൈക്കിലല്ലേ കോളേജിൽ വന്നത്.?"

"അതെ.."

"പുന്നാഗം ബസ്റ്റോപ്പിൽ കണ്ടല്ലോ ?"

"പെട്രോൾ കഴിഞ്ഞതാണ്."

കേശു തലയാട്ടി. "ശരി ശരി..." 

അവിടെ നിന്ന് മുന്നോട്ട് നടക്കുമ്പോഴേക്കും സെഫാനിയും കേശുവിന്റെ ചോദ്യം ആവർത്തിച്ചു "ഇന്ന് ജോണിനെ പുന്നാഗത്ത് കണ്ടല്ലോ"

"ഇല്ല, ഒരാളെ മീറ്റ് ചെയ്യാൻ പോയതാണ്."

"ഇന്നലെയും കണ്ടല്ലോ …"

"ഇന്നലെ ആളെ കാണാൻ പറ്റീല."

സംഭവത്തിന് ശേഷം ജോൺ ഉറച്ച തീരുമാനമെടുത്തു, ലിഡിയയുമായി ഉടനെ സംസാരിക്കുകതന്നെ. അതിനായി ഒരു ദിവസം തിരഞ്ഞെടുത്തു. പതിവുപോലെ വളരെ വേഗത്തിൽ നടക്കാൻ തുടങ്ങുന്നതിനിടയിൽ എത്രയോ കാലം മുമ്പേ പരിചയമുള്ള വ്യക്തിയെപ്പോലെ, വളരെ  സ്വാഭാവികമെന്നോണം അവളോട് ചോദിച്ചു "ഇപ്പൊ  ഇവിടെയാണോ ക്ലാസ് ?"  

“കോളേജിലേക്ക് വഴിയാണോ പോകുന്നത്?” ലിഡിയ തിരിച്ച് ചോദ്യം എറിഞ്ഞു. 

“അതെ ചില ദിവസങ്ങളിൽ. ബസ് അവിടെ നിന്ന് കിട്ടാൻ എളുപ്പമാണല്ലോ. റൌണ്ട് അടിക്കാതെ രക്ഷപ്പെടാൻ…”  

പത്ത് മിനിട്ടു സംസാരം തുടർന്നു. ഇരുപത് മിനിറ്റ് സമയം അവളുടെ ഒപ്പം നടക്കാമെങ്കിലും മറ്റെന്തോ പറഞ്ഞു അവളുടെ ശ്രദ്ധ തിരിച്ച് അവളുടെ അടുത്ത് നിന്നും അന്ന് രക്ഷപ്പെട്ടു. പിന്നെ ബൈക്കും എടുത്ത് 5 കിലോമീറ്റർ റൌണ്ട് അടിച്ച് കോളേജിൽ എത്തി 

കോളജ് ഗേറ്റിൽ വെച്ച് കേശു ജോണിന്റെ ബൈക്ക് തടഞ്ഞു. "നീ ബന്ധം തുടങ്ങുന്നത് പോലും മാറ്റിവെക്കേണ്ടിവരും...അത് വേണ്ടടാ ."  

“അവൾ നല്ല ഫാമിലിയിലെ ഒരു കുട്ടിയല്ലേ. നിന്നെപ്പോലെ കള്ളുകുടിച്ചു കഞ്ചവടിച്ചു നടക്കുന്നഎന്തിനാണ് കുട്ടിയുടെ ഭാവി ഇല്ലാതാക്കുന്നത് ?”  

“ഐ നോ  ഷീ ഈസ് വെരി ഗുഡ് , വിൽ നോട്ട് സ്പോയിൽ..”

ഗോലി സോഡാ

നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ പലരും ഗോലി സോഡാ കഴിക്കുന്നത് കണ്ട് , ഗോലി സോഡാ കഴിക്കണമെന്ന് മോഹം തോന്നി തുടങ്ങിയിരുന്നു. പിന്നെ കാണുന്നത് സെവൻ...